ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചർച്ച നടക്കുന്നത്. ഫോണിലൂടെ വിളിച്ചാണ് സമര നേതാക്കൾ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് സമയമെടുത്തത്. ഫോണിൽ പോലും തന്നെ സമരക്കാർ ബന്ധപ്പെട്ടിട്ടില്ലെന്ന് ഇന്നലെ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമരക്കാരുടെ നീക്കം. ആരോഗ്യമന്ത്രി വീണാ ജോർജുമായി മൂന്നുതവണ സമരക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തൊഴിൽ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചർച്ച നടക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം ഇന്ന് 57 ആം ദിവസത്തിലാണ്. നിരാഹാര സമരം 19 ആം ദിവസത്തിലേക്ക് കടന്നു.

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷുക്കണി

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 14 വെളുപ്പിന് 3. 30ന്.

രാവിലെ 5. 15ന് ശ്രീമദ് നാരായണീയ പാരായണം, 7.30നു പുല്ലാങ്കുഴൽ കച്ചേരി, 11 മണിക്ക് അന്നദാനം, വൈകുന്നേരം 5. 30ന് നൃത്തനൃത്യങ്ങൾ, 6.45ന് നൃത്ത സന്ധ്യ, അത്താഴ പൂജയ്ക്ക് ശേഷം മാടൻ നടയിൽ ചിറപ്പും വിളക്കും തുടർന്ന് ആകാശക്കാഴ്ച, 8.15ന് ലഘു ഭക്ഷണവും ഉണ്ടായിരിക്കും. അന്നേ ദിവസം പ്രത്യേക പുഷ്പാലങ്കാരം ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഏപ്രിൽ 30 മുതൽ മെയ് 9 വരെയാണ് സംഘടിപ്പിക്കുന്നത്.

വീണക്കെതിരായ കേസിൽ നിലപാട് പറഞ്ഞ് എംഎ ബേബി

വീണക്കെതിരായ കേസിൽ നിലപാട് പറഞ്ഞ് എംഎ ബേബി

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി.
പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണ്. അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായാണ് വീണ വിജയൻ്റെ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.

വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി പറഞ്ഞു. കേരളത്തിലെ സർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടത്തുകയാണ്. പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണ്. ആശമാരുടെ സമരവും സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സർക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് ദു:ഖകരമാണ്. ബിഷപ്പുമാർ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കണം.

പൃഥിരാജിനും മോഹൻലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താൻ വേണ്ടിയാണ്. എകെജിക്കും ഇഎംഎസിനും ശേഷം സംഘടനയിലെ ഏറ്റവും കരുത്തനായ നേതാവാണ് പിണറായി. ഇത്രയും ജനപ്രീതിയുള്ള നേതാവ് ഇന്ന് കേരളത്തിലില്ല. അടുത്ത തെരഞ്ഞെടുപ്പിൽ പിണറായി തന്നെയാണ് എൽഡിഎഫിനെ നയിക്കേണ്ടത്. വേറൊരു നേതാവിനെ ഇപ്പോൾ കാണിക്കാനുണ്ടോ. പിബിയിൽ ഭിന്നതയില്ല, അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമെന്നും ബേബി പറഞ്ഞു.

സ്പര്‍ധയുണ്ടാക്കുന്ന വാര്‍ത്ത; കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു അറസ്റ്റില്‍

സ്പര്‍ധയുണ്ടാക്കുന്ന വാര്‍ത്ത; കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു അറസ്റ്റില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലാണ് നടപടി.

2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്ന തരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ പേരില്‍ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം വിന്‍സ് മാത്യുവിനെ കോടതിയില്‍ ഹാജരാക്കും.

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഗനിര്‍ദേശങ്ങള്‍:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

എട്ടാംക്ലാസ് ഫലം: പുനഃപരീക്ഷ കൂടുതല്‍ വേണ്ടത് ഹിന്ദിക്ക്, 42,810 പേര്‍ക്ക് ഇ ഗ്രേഡ്

എട്ടാംക്ലാസ് ഫലം: പുനഃപരീക്ഷ കൂടുതല്‍ വേണ്ടത് ഹിന്ദിക്ക്, 42,810 പേര്‍ക്ക് ഇ ഗ്രേഡ്

തിരുവനന്തപുരം: മിനിമംമാര്‍ക്ക് അടിസ്ഥാനമാക്കി എട്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ മിനിമം മാര്‍ക്ക് കിട്ടാത്തതിനാല്‍ പ്രത്യേക ക്ലാസ് നല്‍കി പുനഃപരീക്ഷ കൂടുതല്‍ നടത്തേണ്ടി വരുന്നത് ഹിന്ദി വിഷയത്തിന്. 3.87 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേര്‍ക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയില്‍ 30% ആണ് മിനിമം മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്.

എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയവര്‍ 10 ശതമാനമാണ്. 3136 സ്‌കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. സംസ്ഥാനത്ത് 3136 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ എട്ടാം ക്ലാസ് പരീക്ഷ നടന്നതില്‍ 2541 സ്‌കൂളുകളിലെ ഫലം ലഭ്യമായെന്നും 595 സ്‌കൂളുകളിലേതു ലഭിക്കാനുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിക്കാതിരുന്നത് ഹിന്ദിക്കാണ് (12.69 ശതമാനം), ഏറ്റവും കുറവ് ഇംഗ്ലീഷിനും (7.6 ശതമാനം). ഒമ്പതാംക്ലാസ് പ്രവേശനത്തിന് അധികപിന്തുണ വേണ്ടവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ.

കൂടുതല്‍ ഇ ഗ്രേഡുകാര്‍ വയനാട് ജില്ലയിലാണ്, 6.3 ശതമാനം. കുറവ് കൊല്ലം ജില്ലയിലും. 4.2 ശതമാനം. 30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്ക് 8 മുതല്‍ 24 വരെ അധിക പിന്തുണ ക്ലാസ്സുകള്‍ നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാസ്സുകളെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 25 മുതല്‍ 28 വരെ പുനഃപരീക്ഷ നടത്തും. 30നു ഫലം പ്രഖ്യാപിക്കും.