by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി കൊറിയർ സർവീസ് നേരത്തെ വലിയ കൈയടി നേടിയ പദ്ധതിയായിരുന്നു.
എന്നാൽ പിന്നീട് സാധനങ്ങൾ സുരക്ഷിതമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. കൗണ്ടറുകളുടെ സ്ഥല പരിമിതികളും ജീവനക്കാരുടെ അഭാവവും മികച്ച സേവനം നൽകുന്നതിനു തടസമായി. ഇതോടെ കെഎസ്ആർടിസി വഴി സാധനങ്ങൾ അയക്കാനുള്ള ആളുകളുടെ താത്പര്യവും കുറഞ്ഞു.
നിലവിലെ അസൗകര്യങ്ങൾ പരിഹരിച്ച് ഇപ്പോഴുള്ള സേവനം കൂടുതൽ മികവോടെ ചെയ്യാനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. ഒരു പ്രൊഫഷണൽ സ്ഥാപനത്തെ ഏൽപ്പിച്ചാണ് മാറ്റം കൊണ്ടു വരുന്നതെന്നും വിതരണത്തിലെ നിലവിലെ പോരായ്മകൾ അതോടെ ഇല്ലാതാകുമെന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ വാർഷിക വരുമാനത്തിൽ 40 ശതമാനത്തിന്റെ വർധനവുണ്ട്. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നോക്കുന്നത്. മനുഷ്യ ശക്തിക്കൊപ്പം സാങ്കേതികതയും ചേരുമ്പോൾ കൂടുതൽ മികവ് വരും. ഞായാറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം വർഷം മുഴുവൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതടക്കമുള്ള മാറ്റം പ്രൊഫഷണൽ സംഘം വരുന്നതോടെ ഉറപ്പാക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
2023ലാണ് കൊറിയർ സർവീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ 3.73 കോടി വരുമാനമാണ് കോർപറേഷനു ഇതിലൂടെ ലഭിച്ചത്. പ്രതിമാസം വരുമാനം 50 ലക്ഷം വരെ ഉയർന്നു. വൈറ്റിലെ ഹബ്ബിലെ പാഴ്സൽ കൗണ്ടർ മാത്രം പ്രതിമാസം 30 ലക്ഷം വരെ നേടിയിട്ടുണ്ട്. കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലും സംസ്ഥാനത്ത് ഒട്ടാകെ 46 പാഴ്സൽ കൗണ്ടറുകളും ഉണ്ട്.
നിലവിലെ സോഫ്റ്റ്‍വെയർ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് നിർവഹിക്കുന്നത്. സോഫ്റ്റ്‍വെയറും പരിഷ്കരിക്കും. വേഗത്തിലുള്ള രജിസ്ട്രേഷനും ക്ലിയറൻസും സാധനങ്ങളുടെ വേഗത്തിലുള്ള ഡെലിവറിയും ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ പുതുമയോടെ സേവനം ആരംഭിക്കും. പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം കമ്പ്യൂട്ടറൈസ്ഡ് കൊറിയർ, ലോജിസ്റ്റിക്സ് സേവന കൗണ്ടറുകൾ സ്ഥാപിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോർപറേഷൻ നൽകിയിട്ടുണ്ട്. കൗണ്ടറുകളിൽ സിസിടിവി നിരീക്ഷണവും ഉറപ്പാക്കും.
16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ സംസ്ഥാനത്ത് എവിടെയും എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പാഴ്സലുകൾ ബസുകളിൽ കയറ്റുന്നുണ്ടെന്നു കരാറുകാരൻ ഉറപ്പാക്കണം. പാഴ്സൽ തെറ്റായി എത്തിച്ചാൽ 50 രൂപ പിഴ ഈടാക്കും. പാഴ്സലുകൾക്കു കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ 500 രൂപ പിഴ ഈടാക്കും.
by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുമ്പോൾ തീരുമാനങ്ങളിൽ നിർണായക സ്വാധീനം കേരളത്തിലെ പാർട്ടി പ്രതിനിധികൾക്കായിരിക്കും. കോൺഗ്രസിൽ ആകെ 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതിൽ 175 പേർ കേരളത്തിൽ നിന്നുള്ള പ്രതിനിധികളാണ്.
പശ്ചിമ ബംഗാളിലും ത്രിപുരയിലും പെട്ടെന്നു തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട നിലയാണ് നിലവിൽ സിപിഎം. അതിനാൽ തന്നെ രാജ്യത്ത് പാർട്ടി കരുത്തോടെ അവശേഷിക്കുന്ന ഏക പ്രദേശമെന്ന നിലയിൽ കേരളമായിരിക്കും ശ്രദ്ധാ കേന്ദ്രം. കേരളം ഉൾപ്പെടെ ബിജെപി- ആർഎസ്എസിനു മുന്നിൽ സിപിഎമ്മിന്റെ അടിത്തറ നഷ്ടപ്പെടുന്നുണ്ടെന്ന പാർട്ടി വിലയിരുത്തൽ കണക്കിലെടുക്കുമ്പോൾ ഇതിനു പ്രാധാന്യം ഏറും. എൽഡിഎഫിന് മൂന്നാം തവണയും അനുയോജ്യമായ ഒരു രാഷ്ട്രീയ കാലാവസ്ഥ കേരളത്തിൽ ഉറപ്പാക്കുക, സംസ്ഥാനത്ത് വീണ്ടും ഭരണത്തുടർച്ച ഉറപ്പാക്കുക എന്നതെല്ലാം പ്രധാന ചർച്ചാ വിഷയമാകും.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടത്തിൽ ബിജെപി- ആർഎസ്എസ് കൈകടത്തുന്നതിനാൽ അതിനനുസരിച്ച് സമീപനം പരിഷ്കരിക്കേണ്ടതുണ്ടെന്ന് ഒരു കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിന്റെ വോട്ട് അടിത്തറയിൽ വിള്ളൽ തീർത്തു മുന്നേറുന്നുണ്ട്. ഈ വിഷയത്തിലും പാർട്ടി ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇടതുപക്ഷ വോട്ടർമാർ പോലും ബംഗാളിൽ ടിഎംസിയെയാണ് ഇഷ്ടപ്പെടുന്നതെന്നു ബംഗാളിൽ നിന്നുള്ള പ്രതിനിധി പറയുന്നു.
നിലവിൽ പശ്ചിമ ബംഗാളിലോ ത്രിപുരയിലോ സിപിഎമ്മിന് തിരിച്ചുവരവ് നടത്താൻ കഴിയില്ല. അത്തരമൊരു ഘട്ടത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് മൂന്നാം തവണയും അധികാരം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റ് രണ്ട് തന്ത്ര പ്രധാന സംസ്ഥാനങ്ങളിലെ മാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ പാർട്ടിയെ അത് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയും ബംഗാളിൽ നിന്നുള്ള പ്രതിനിധി പങ്കിടുന്നു.
ബംഗാളിൽ ടിഎംസിയാണ് ബിജെപിക്കു ബദലായി പലരും കാണുന്നത്. പാർട്ടി കേഡർമാർ പോലും തൃണമൂലിന് വോട്ട് ചെയ്യുന്നു. ടിഎംസിയോടുള്ള സമീപനം പുനഃപരിശോധിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പശ്ചിമ ബംഗാൾ സിപിഎമ്മിന് അത്ര താത്പര്യമില്ല. ഒരു സിസി അംഗം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രമേയത്തിലും സംഘടനാ റിപ്പോർട്ടിലും നടക്കുന്ന ചർച്ചകൾ ഈ രണ്ട് സംസ്ഥാനങ്ങളിലും ബഹുജന അടിത്തറ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ചായിരിക്കും. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്ന കാലത്തോളം ത്രിപുരയിൽ പാർട്ടിക്കു ഒരു പുരോഗതിയും കൈവരിക്കാൻ കഴിയില്ല. പാർട്ടി കേഡർമാർ വ്യാപകമായ ആക്രമങ്ങൾക്കാണ് അവിടങ്ങളിൽ വിധേയരാകുന്നത്. അതിനാൽ അവർ വോട്ട് ചെയ്യാൻ പോലും എത്തുന്നില്ല.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള നിരവധി പുതിയ സംരംഭങ്ങൾ നിർദ്ദേശിക്കുന്ന കേരള സർക്കാരിന്റെ അഭിലാഷമായ നവ കേരള പദ്ധതിക്ക് പാർട്ടി അംഗീകാരം നൽകിയിട്ടുണ്ട്. ഈ നയമാറ്റം വലിയ ചർച്ചയാകും. പുതിയ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ സഖ്യത്തോടുള്ള രാഷ്ട്രീയ സമീപനം പുനഃസ്ഥാപിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക എന്നതാണ് ചർച്ചയ്ക്കു വരുന്ന മറ്റൊരു സുപ്രധാന വിഷയം.
പ്രതിപക്ഷ സഖ്യത്തിന് വ്യക്തതയില്ലെന്നു പൊളിറ്റ്ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിൽ പാർട്ടിയുടെ രാഷ്ട്രീയ ഇടം നഷ്ടപ്പെടുമെന്ന ആശങ്കയും രാഷ്ട്രീയ പ്രമേയത്തിന്റെ പ്രാരംഭ കരടിൽ പങ്കിടുന്നുണ്ട്. കേരളത്തിലും പശ്ചിമ ബംഗാളിലും ഇന്ത്യാ ബ്ലോക്ക് പാർട്ടികളായ കോൺഗ്രസിനും ടിഎംസിക്കും എതിരെ സിപിഎം പോരാടുന്നുണ്ടെന്നതും ചർച്ചകളിൽ പരിഗണിക്കും.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ ഫലപ്രദമായി എങ്ങനെ നേരിടാം, സാമ്പത്തിക പരിമിതികൾ കണക്കിലെടുത്ത് ഫെഡറലിസത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ എന്നിവയും ചർച്ചകളിൽ പ്രധാന വിഷയമാകും. ബഹുജന, വർഗ സമരങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതടക്കമുള്ള മുൻകാല തീരുമാനങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് പരിമിതമായ രാഷ്ട്രീയ ഇടം മാത്രമുള്ളതിനാൽ, ദേശീയ ബദലായി കേരള മാതൃക എന്നതും പാർട്ടി കോൺഗ്രസിൽ പ്രധാന ചർച്ചയാകും.
ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ കോൺഗ്രസ് നടന്നപ്പോൾ സിപിഎം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയിൽ മറ്റൊരു കോൺഗ്രസ് നടക്കുമ്പോൾ ഇവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ഭാവി വളർച്ചയിലും പ്രസക്തിയിലും നിർണായക പങ്കുണ്ടാകും.
by Midhun HP News | Apr 1, 2025 | Latest News, ജില്ലാ വാർത്ത
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ പ്രഖ്യാപന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് ബിപി മുരളിയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു ഐഎഎസ് ഏപ്രിൽ 2, 3 മണിക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളിൽ വച്ച് നിർവഹിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 86 വിദ്യാലയങ്ങളും 7 കലാലയങ്ങളും 18 ടൗണുകളും 13 പൊതു സ്ഥലങ്ങളും 2051 അയൽക്കൂട്ടങ്ങളും 225 അംഗനവാടികളും ആണ് ഹരിത പ്രഖ്യാപനങ്ങൾക്ക് സജ്ജം ആയിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് വേണ്ട മാധ്യമ പ്രാധാന്യം നൽകണമെന്ന് അറിയിക്കുന്നു.
by Midhun HP News | Apr 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് മിന്നൽ പരിശോധന നടത്തിയത്.
70ലധികം മുറികളുള്ള കോളേജ് ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഈ മുറിയിൽ ആളുണ്ടായിരുന്നില്ല. ഹോസ്റ്റലിലെ കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.
by Midhun HP News | Apr 1, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പരവൂർക്കോണം സാരഥിയിൽ സുബി കാവേരി ദമ്പതികളുടെ മകൾ കാവ്യ(19) യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ടിടിസി വിദ്യാർത്ഥിനിയാണ് കാവ്യ. പെൺകുട്ടിയുടെ മാതാവ് ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപികയാണ്. വിദേശത്ത് ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പിതാവ് ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. സിദ്ധാർത്ഥ് ആണ് സഹോദരൻ. മരണകാരണം വ്യക്തമല്ല. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ.
by Midhun HP News | Apr 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വലിയശാല ഗ്രാമസമുച്ചയത്തിലെ ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പങ്കുനി ഉത്ര മഹോത്സവം നൂറിന്റെ നിറവില്‍. ധര്‍മ്മശാസ്താവിന്റെ ജന്മദിനമായ മീന മാസത്തിലെ ഉത്ര നക്ഷത്രത്തില്‍ നടക്കുന്ന ഉത്സവം ആധ്യാത്മിക, കലാ, സാംസ്‌കാരിക പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയാണ് പങ്കുനി ഉത്ര ശതാബ്ദി മഹോത്സവം. ഏപ്രില്‍ മൂന്നിന് രാവിലെ മഹാഗണപതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചു മണിക്ക് ഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന വേദ ഘോഷയാത്ര പ്രയാണം 5.30ന് ഭജനമഠത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പങ്കുനി ഉത്ര ശതാബ്ദി മഹോത്സവത്തിന്റെ സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍ കേരള ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തുടക്കം കുറിക്കും. ഉദ്ഘാടന ചടങ്ങില്‍ രാമവര്‍മ്മ ( തിരുവിതാംകൂര്‍ കൊട്ടാരം), എം സംഗീത് കുമാര്‍ (എന്‍എസ്എസ്), തന്ത്രിമാര്‍, എച്ച് ഗണേഷ് (കെബിഎസ്), നാരായണ മൂര്‍ത്തി വാധ്യാര്‍( വൈദിക സഭ), പി കൃഷ്ണന്‍ (ഗുരുസ്വാമി) തുടങ്ങിയവര്‍ പങ്കെടുക്കും.
സംഗീതജ്ഞന്‍ ടി എസ് രാധാകൃഷ്ണന്‍ജിയുടെ ഭക്തി ഗാന തരംഗിണി ഏപ്രില്‍ 5ന് വൈകീട്ട് ഏഴുമണിക്ക് നടക്കും. ഏപ്രില്‍ ഏഴിന് വൈകീട്ട് ഏഴുമണിക്ക് കലൈമാമണി വീരമണി രാജു, അഭിഷേക് രാജു എന്നിവരുടെ ഭക്തി ഗാന സുധ അടക്കം ഉത്സവ ദിവസങ്ങളില്‍ നിരവധി പരിപാടികള്‍ അരങ്ങേറും. വിവിധ കലാസംഘടനകളുടെ ഭജനകള്‍, നൃത്യം, കോലാട്ടം, ശാസ്താ പാട്ട്, ദേവീ മാഹാത്മ്യ പാരായണം, തുടങ്ങി മറ്റു പരിപാടികളും ഭജന മഠത്തിലും പ്രത്യേക പന്തലിലുമായി നടക്കും.
Recent Comments