എന്‍ പ്രശാന്ത് ഐഎഎസ് രാജിക്ക് ?; ആകാംക്ഷ വര്‍ധിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്‍ പ്രശാന്ത് ഐഎഎസ് രാജിക്ക് ?; ആകാംക്ഷ വര്‍ധിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ പ്രശാന്ത് സിവില്‍ സര്‍വീസില്‍ നിന്നും രാജി സമര്‍പ്പിച്ചേക്കുമോയെന്ന അഭ്യൂഹം പടരുകയാണ്.

സിവില്‍ സര്‍വീസിലെ ഏറ്റവും അടുപ്പക്കാരായ ആളുകള്‍ വിളിച്ചിട്ടും പ്രശാന്ത് ഫോണടെുക്കുകയോ, പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. ഏപ്രില്‍ ഒന്നായ ഇന്ന് അദ്ദേഹം ഏപ്രില്‍ ഫൂളാക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ എന്നും വാദമുഖങ്ങള്‍ ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത്. അതിനാല്‍ തന്നെ പുതിയ പോസ്റ്റിലും ചര്‍ച്ചകള്‍ നിരവധിയാണ്.

ഐഎഎസ് പോരില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരുമായി എന്‍ പ്രശാന്ത് അടുത്ത കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്. അച്ചടക്ക നടപടിക്ക് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തില്‍ രൂക്ഷവിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുകയും ചെയ്തിരുന്നു.

കത്തുന്ന ചൂടിനാശ്വാസം; വരുന്നു വേനല്‍ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കത്തുന്ന ചൂടിനാശ്വാസം; വരുന്നു വേനല്‍ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്.

പാലക്കാട് ജില്ലയിലാകും ഉയര്‍ന്ന ചൂട്. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘മമ്മൂട്ടിയുടെ മെസേജ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു പോയി, മറ്റാര്‍ക്കും തോന്നിയില്ല’

‘മമ്മൂട്ടിയുടെ മെസേജ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു പോയി, മറ്റാര്‍ക്കും തോന്നിയില്ല’

എമ്പുരാൻ വിവാദത്തില്‍ എന്തിനാണ് പൃഥിരാജിനെ കല്ലെറിയുന്നതെന്ന് മാതാവ് മല്ലിക സുകുമാരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവന്‍ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാന്‍. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലല്ലോ.

ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പക്കാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കുക.

തിരക്കഥ എല്ലാവരും കണ്ടതാണെന്നും സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ ഡ്രാഫ്റ്റ് പൃഥിരാജിനും ഇന്ദ്രജിത്തിനും അയച്ചിരുന്നു. കുറിപ്പിടാന്‍ പോകുന്നുവെന്ന് ഇരുവരോടും പറഞ്ഞു. അവര്‍ എതിര്‍പ്പ് പറഞ്ഞില്ല. പൃഥിരാജ് ചതിയനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോയെന്നും മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു’; വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍

‘പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു’; വീണ്ടും വിമര്‍ശനവുമായി ഓര്‍ഗനൈസര്‍

ഡല്‍ഹി: എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജ്. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിക്കുന്നു.

കേന്ദ്രസര്‍ക്കാരിനെതിരെ പൃഥ്വിരാജ് എതിര്‍പ്പുമായി രംഗത്തു വരുന്നു. സേവ് ലക്ഷദ്വീപ് ക്യാംപെയ്‌നിന് പിന്നിലെ പ്രമുഖരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. സിഎഎ പ്രക്ഷോഭത്തില്‍ ഡല്‍ഹി പൊലീസിനെ നേരിട്ട അയേഷ റെന്നയെ പിന്തുണച്ച് പൃഥ്വിരാജിന്റെയും സഹോദരന്‍ ഇന്ദ്രജിത്തും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് സിഎഎ പ്രതിഷേധങ്ങള്‍ നടത്തിയത് എന്നും ലേഖനത്തില്‍ പറയുന്നു.

ഹിന്ദുക്കളുടെ കാര്യത്തില്‍ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ലെന്നും ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ ദുഷ്ട പദ്ധതിയും ദുരുദ്ദേശ്യവും എംപുരാന്‍ സിനിമയില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലന്, ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരായ ബജരംഗ്ബലി എന്നാണ് നല്‍കിയിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നു വെന്നും ലേഖനത്തില്‍ പറയുന്നു.

പൃഥ്വിരാജിന്റെ സിനിമകള്‍ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്നും സിനിമയുടെ പിന്നില്‍ അദൃശ്യമായ പിന്തുണകളുണ്ടെന്നും സംഘപരിവാര്‍ ആരോപണം ഉന്നയിച്ചിരുന്നു. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസര്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിച്ചിരുന്നു. വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ആശ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കമാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്.

‘സ്ത്രീയെ സംബന്ധിച്ച് മുടി മുറിക്കുക എന്നാല്‍ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്.ആ പ്രതിഷേധം തന്നെയാണ് നടത്തിയിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ലോകത്തിന്റെ മനഃസാക്ഷിക്ക് മുന്നിലേക്ക് ഞങ്ങളുടെ സമരം വെയ്ക്കുകയാണ്. ഈ സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കിലും ലോക മനഃസാക്ഷി ഞങ്ങളുടെ മുന്നില്‍ കണ്ണുതുറക്കുമെന്ന് വിശ്വസിക്കുന്നു. അമ്മമ്മാരുടെ കണ്ണുനീരാണ് അത്രയും. ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും.’- ആശ വര്‍ക്കർമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കാണ് കടന്നത്. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചത്. നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളിയായത്.

രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ ഒത്തുകൂടിയാണ് പ്രതിഷേധം അറിയിച്ചത്. പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്. 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

കനത്ത ചൂട് ഇന്നും തുടരും, താപനില മൂന്ന് ഡി​ഗ്രി വരെ ഉയർന്നേക്കാം; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ചൂട് കൂടിയേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്.

പാലക്കാട് ജില്ലയിലാകും ഉയർന്ന ചൂട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

കൊടും ചൂടിനിടെ ആശ്വാസമായി, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 2, 3 തീയതികളിൽ 3 ജില്ലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.