പിഡബ്ല്യുഡി ഓട നിർമ്മാണം ആരംഭിച്ചു

പിഡബ്ല്യുഡി ഓട നിർമ്മാണം ആരംഭിച്ചു

ചിറയിൻകീഴ് കണിയാപുരം റോഡിൽ മുരുക്കുംപുഴ തോപ്പ് മുക്ക് മുതൽ വരിക്കുമുക്ക് വരെയുള്ള പിഡബ്ല്യുഡി റോഡിൽ വർഷങ്ങളായി മഴക്കാലത്ത് വെള്ളം കെട്ടുകയും യാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ എംഎൽഎ രമ്യ ഹരിദാസിനെ നേരിൽ കാണുകയും നിവേദനങ്ങൾ കൊടുത്തതി ന്റെ ഫലമായി പിഡബ്ല്യുഡി ഓട നിർമ്മാണം ആരംഭിച്ചു.

എംഎൽഎ രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മിനിജയചന്ദ്രൻ, പഞ്ചായത്ത്പ്രസിഡൻറ് ശ്രീചന്ദ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത, വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡൻറ് കവിത, കാരമൂട് വാർഡ് മെമ്പർ മൻസൂർ, ‘ജനകീയ കൂട്ടായ്മ’പ്രവർത്തകർ എന്നിവർ സന്നിഹിതർ ആയിരുന്നു.

ഇതിനോടനുബന്ധിച്ച് നിർമ്മിക്കേണ്ട ബാക്കി ഓടയുടെനിർമ്മാണ പ്രവർത്തനങ്ങൾ, ദേശായി ഫ്ലാറ്റിലെ മലിനജലം പുറത്തേയ്ക്ക് ഒഴുക്കുന്ന പ്രശ്നം, മംഗലപുരം പഴയ NH 47ലെ നാട്ടുകാരുടെയും കോർപ്പറേറ്റുകളുടേയും കൈയ്യേറ്റം, അങ്കണവാടികളിലെ നിയമനങ്ങളിലെ അപാകതകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീരുമാനം ആക്കി നടപ്പിലാക്കണമെന്ന് സ്ഥലം എംഎൽഎയോട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, ജനകീയകൂട്ടായ്മഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. അതിനെ തുടർന്ന് എംഎൽഎ അനുഭവപൂർവ്വം കാര്യങ്ങൾ നടപ്പിലാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

​കിളിമാനൂർ: പേരൂർ മുളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ്.

​ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ സ്വവസതിയിൽ എത്തിക്കും. ബിനോയിയുടെ വിയോഗത്തെത്തുടർന്ന് കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
ബിജു – സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
​
ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. 13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 11,090 രൂപയായി. പവന്‍ വില 88,720 രൂപയും. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ തുടരുകയാണ്.

ജൂണ്‍ ഒന്നിന് 1,14,560 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് പോകുകയായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള നീക്കവും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമമായതും സ്വര്‍ണത്തെ താഴേക്ക് എത്തിച്ചു. നിലവിലെ അവസ്ഥയില്‍ സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ വിഷയം ഏതുരീതിയില്‍ തിരിയുന്നോ അതിനനുസരിച്ച് വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള അനിശ്ചിത്ത്വങ്ങള്‍ക്കിടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍തോതില്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതാണ് വില ഉയര്‍ന്നിതിന്റെ പ്രധാന കാരണം. എന്നാല്‍ ഡോളര്‍ ശക്തി പ്രാപിച്ചതോടെ സ്വര്‍ണവില വന്‍തോതില്‍ ഇടിയുന്നതിനും കഴിഞ്ഞ ആറുമാസത്തിനിടെ വിപണി സാക്ഷ്യം വഹിച്ചു.

ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

വർക്കല..ശിവഗിരി: കൃഷിമന്ത്രി ടി. സിദ്ദിഖ് ശനിയാഴ്ച ശിവഗിരി മഠം സന്ദർശിച്ചു. മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ശിവഗിരി സന്ദർശനമായിരുന്നു ഇത്. സന്ദർശനത്തിനിടെ മഹാസമാധിയിൽ പ്രാർഥനകളിൽ പങ്കെടുത്ത മന്ത്രി, അതിഥി മന്ദിരത്തിൽ മഠത്തിലെ മുതിർന്ന സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി, ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെയും കേരളത്തിന്റെ സാമൂഹിക നവോത്ഥാന പാരമ്പര്യത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

“നമ്മുടെ നാട് അനേകം മഹത്‌വ്യക്തികളുടെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അവരിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീനാരായണ ഗുരുവാണ്. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം ലോകചരിത്രത്തിലെ ഒരു വിസ്മയമാണ്. ലോകമെമ്പാടുമുള്ള മനുഷ്യരോട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അതുല്യ കൃതിയാണ് ദൈവദശകം. വീണ്ടും ഇവിടെ എത്തി ഗുരുദേവന്റെ അനുഗ്രഹം നേടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു,” മന്ത്രി പറഞ്ഞു.

മന്ത്രിയെ സ്വാഗതം ചെയ്ത ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ടി. സിദ്ദിഖിന്റെ ശിവഗിരിയുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ചു.
“ടി. സിദ്ദിഖ് ശിവഗിരിയിലെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിൽ മഠം അദ്ദേഹത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. കൂടാതെ സംസ്ഥാന ബജറ്റിൽ ശ്രീനാരായണ കൺവെൻഷൻ സെന്ററിനായി 5 കോടി രൂപയും ഡൽഹിയിലെ ശ്രീനാരായണ സ്മാരകത്തിനും പട്ടത്തെ ആർ. ശങ്കർ സ്മാരകത്തിനുമായി ഒരു കോടി രൂപ വീതവും അനുവദിച്ചതിന് സർക്കാരിനോട് പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു,” സ്വാമി പറഞ്ഞു.

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ : ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച യോഗാപരിശീലന ക്യാമ്പ് ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
നഗരസഭ സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ 5 വർഷത്തോളമായി സ്ത്രീകൾക്ക് യോഗ പരിശീലനം നടത്തി വരുന്നു.

പരിശീലന അധ്യാപികയായ രമ്യയും സംഘവും അവതരിപ്പിച്ച യോഗാ നൃത്തത്തോടു കൂടി പരിശീനക്യാമ്പ് ആരംഭിച്ചു.
നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ, നാട്ടുകർ തുടങ്ങി നൂറോളം പേർ ക്ലാസിൽ പങ്കെടുത്തു.
ജീവിത ശൈലി രോഗങ്ങൾക്കും തിരക്കുപിടിച്ച ജീവിത സാഹചര്യം കാരണമുണ്ടാകുന്ന മാനസിക പിരിമുറക്കത്തിനും ആശ്വാസം ലഭിക്കാൻ ഇത്തരം ക്യാമ്പുകൾ ഗുണം ചെയ്യും.

കൂടാതെ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ വാർഡ് അടിസ്ഥാനത്തിൽ യോഗ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും എം. പ്രദീപ് അറിയിച്ചു.