കെഎസ്ഇബിക്കു കുതിപ്പ്, നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും സപ്ലൈകോയും

കെഎസ്ഇബിക്കു കുതിപ്പ്, നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും സപ്ലൈകോയും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തില്‍ പോയ വര്‍ഷം ഏറ്റവും മുന്നില്‍ കെഎസ്ഇബി. കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പ്രകാരം 736 കോടിയുടെ ലാഭമാണ് കെഎസ്ഇബിക്കുള്ളത്. തൊട്ടു മുന്‍വര്‍ഷം 1822 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1368 കോടി രൂപയാണ്. ഇതിന്റെ 53.79 ശതമാനവും കെഎസ്ബിയില്‍നിന്നാണ്. നൂറു കോടിക്കു മുകളില്‍ ലാഭമുണ്ടാക്കിയത് രണ്ടു സ്ഥാപനങ്ങളാണ്, കെഎസ്ഇബിയും കെഎസ്എഫ്ഇയും. 105 കോടിയാണ് കെഎസ്എഫ്ഇയുടെ ലാഭം.

കെഎസ്ഇബിക്കു പുറമേ വന വികസന കോര്‍പ്പറേഷനും ഓയില്‍ പാമും നഷ്ടത്തില്‍നിന്നു ലാഭത്തിലെത്തി. 58 പൊതു മേഖലാ സ്ഥാപനങ്ങളാണ് പോയ വര്‍ഷം ലാഭമുണ്ടാക്കിയത്. ഇവയുടെ ആകെ ലാഭം മുന്‍വര്‍ഷത്തേതില്‍നിന്ന് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 654 കോടി ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 1368 കോടിയായി.

കെഎസ്ആര്‍ടിസിയും സപ്ലൈകോയുമാണ് ഏറ്റവും നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങള്‍. 1327 കോടിയാണ് ഇവയുണ്ടാക്കിയ നഷ്ടം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2022ലെ 4065 കോടിയില്‍നിന്ന് ഇത്തവണ 1873 കോടിയായി കുറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ലാഭം കൂടിയെങ്കിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച ജിഎസ്ഡിപിക്കു വളര്‍ച്ചയ്‌ക്കൊത്തല്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന രഹിതമായ പൊതുമേഖലാ സ്ഥാപങ്ങള്‍ അടച്ചുപൂട്ടാനും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വില്‍ക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

‘ഭാര്യ കറുത്തവൾ, ഭർത്താവിന് വെളുപ്പ്’; കമന്റിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി, ‘

‘ഭാര്യ കറുത്തവൾ, ഭർത്താവിന് വെളുപ്പ്’; കമന്റിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി, ‘

തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.

തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ സൂചിപ്പിച്ചതിനാലാണ് വിശദമായ പോസ്റ്റ് ഇടുന്നതെന്നും ശാരദ മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തന കാലഘട്ടം കറുപ്പും ഭര്‍ത്താവ് വേണുവിന്റെ പ്രവര്‍ത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമര്‍ശം. കറുപ്പ് എന്ന നിറത്തെ എന്തിനാണ് ഇത്ര മോശമായി കാണുന്നത്?. കറുപ്പ് മനോഹരമായ നിറമാണ്. കറുപ്പ് എന്നത് എന്തും ആഗിരണം ചെയ്യാൻ കഴിയുന്ന ഒന്നാണ്. കറുപ്പിനെ എന്തിനാണ് നിന്ദിക്കുന്നതെന്നും, പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കാമോ എന്ന്. നല്ലതെന്ന സല്‍പ്പേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയില്‍ അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നു. ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിട്ടുണ്ട്.

കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ്’. ശാരദ മുരളീധരന്‍ കുറിച്ചു.

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദര്‍ശനം; അനുമതി നിഷേധിച്ച് കേന്ദ്രം

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദര്‍ശനം; അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. എന്നാല്‍ മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം.

അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തില്‍ വാഷിങ്ടൺ ഡിസിയിൽ 28 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിയടക്കം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടിയത്. നിലവിൽ യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി അവിടെനിന്ന് അമേരിക്കയിലേക്കു പോവാനായിരുന്നു തീരുമാനിച്ചിരുന്നത്.

ജി. മുരളി (66 വയസ്സ്) നിര്യാതനായി

ജി. മുരളി (66 വയസ്സ്) നിര്യാതനായി

ATRA 76 ൽ ബി ടി എസ് റോഡ് ശ്രീപാദം ലൈനിൽ ചൈത്രത്തിൽ ജി. മുരളി (66 വയസ്സ്) നിര്യാതനായി.

ഭാര്യ: അനിത പി
അച്ഛൻ: ഗംഗാധരൻ (late)
അമ്മ: സാവിത്രി (late)
സഹോദരങ്ങൾ: യശോധരൻ, അമ്പിളി (ലണ്ടൻ), റോയി (ലണ്ടൻ), റോബി (ലണ്ടൻ), റീജ (ലണ്ടൻ)

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്കൂള്‍ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്കൂള്‍ പരിസരത്ത് കര്‍ശന പൊലീസ് സുരക്ഷ

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുയിരിക്കുന്നത്.

പരീക്ഷ തീരുന്ന ദിവസമോ സ്കൂള്‍പൂട്ടുന്ന ദിവസമോ സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നല്‍കി. ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം.

പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. സംസ്ഥാനത്ത് എല്ലാ സ്‌കൂള്‍ പരിസരവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും.

ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂധനൻ. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദം ഉണ്ടായിരുന്നു. ട്രെയിനിങ് സമയത്തെ അടുപ്പമായിരുന്നു. ഇത് സംബന്ധിച്ച് വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു.

ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല. റെയിൽവേ പാത ഉള്ള സ്ഥലത്തേക്ക് എന്തിനു പോയി എന്ന് സംശയിക്കുകയാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. മേഘ അവസാനമായി ആരോട് സംസാരിച്ചിരുന്നു എന്നത് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ജോലി കിട്ടിയിട്ട് 13 മാസമേ ആയൊള്ളൂവെന്നും പിതാവ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘയെ ഇന്നലെ രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ റെയിൽവേ പാളത്തിൽ കാണുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപിക്കുകയാണ് കുടുംബം. മേഘയുടെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐബിയിൽ തന്നെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പമുണ്ടായിരുന്നു.

യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കുടുംബം പരാതി നൽകിയ സാഹചര്യത്തിൽ ഐബിയും പൊലീസും വിശദമായ അന്വേഷണം നടത്തും. മേഘയുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. അച്ഛൻ ഐടിഐയിൽ മുൻ അധ്യാപകനായിരുന്നു. അമ്മ റവന്യൂ വകുപ്പിലാണ് ജോലി ചെയ്യുന്നത്.