by Midhun HP News | Mar 25, 2025 | Latest News, ജില്ലാ വാർത്ത
ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. വിതുര മേമല സ്വദേശിയും കെട്ടിടനിർമാണത്തൊഴിലാളിയുമായ അനൂപ് (23), പത്തനംതിട്ട സ്വദേശിയായ സംഗീതാദാസ്(19) എന്നിവരാണ് പിടിയിലായത്.
അനൂപിന്റെ അമ്മ മേഴ്സി(57)ക്കാണ് മർദനമേറ്റത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്രമികള്‍ മേഴ്സിയെ വീട്ടില്‍നിന്നു വലിച്ചിഴച്ച് റോഡിലിട്ടശേഷം മർദിച്ചെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നുമാണ് കേസ്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.
by Midhun HP News | Mar 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേടായ ആഭരണം നന്നാക്കി നൽകാത്ത ജ്വല്ലറി ഉടമ യുവതിക്ക് സ്വർണത്തിന്റെ നിലവിലെ വിപണി വില തിരികെ നൽകണമെന്നു സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ജ്വല്ലറി ഉടമയ്ക്കെതിരെ ആലപ്പുഴ സ്വദേശിയായ വനിതാ നഴ്സാണ് പരാതി നൽകിയത്. 53,880 രൂപയും ഒപ്പം നഷ്ടപരിഹാരമായി 20,000 രൂപയും അവർക്കു നൽകാനാണ് ഉത്തരവിട്ടത്.
15.820 ഗ്രാം തൂക്കമുള്ള സ്വർണ പാദസരങ്ങൾ ഇവർ ജ്വല്ലറിയിൽ നിന്നു വാങ്ങിയിരുന്നു. ആറ് മാസത്തിനുള്ളിൽ പാദസരത്തിന്റെ ചെറിയ കണ്ണികൾ പൊട്ടി. പകരം മറ്റൊന്നു വേണമെന്ന ആവശ്യവുമായി അവർ ജ്വല്ലറിയെ സമീപിച്ചെങ്കിലും ഉടമ മാറ്റി നൽകാൻ തയ്യാറായില്ല. പകരം പാദസരത്തിന്റെ കണ്ണി നന്നാക്കി നൽകി. പ്രശ്നം ആവർത്തിച്ചാൽ മാറ്റി നൽകാമെന്നും ഉറപ്പു നൽകി.
വീണ്ടും കേടുപാടുകൾ സംഭവിച്ചതോടെ നഴ്സ് ജ്വല്ലറിയെ സമീപിച്ചെങ്കിലും വാക്കു പാലിക്കാൻ ഉടമ തയ്യാറായില്ല. പിന്നാലെയാണ് അവർ പരാതി നൽകിയത്. പരാതിക്കാരി നഴ്സായതിനാൽ രാസ വസ്തുക്കളും മരുന്നുമൊക്കെ ഉപയോഗിക്കുന്നതിനാൽ അങ്ങനെ ആഭരണത്തിനു കേടുപാടുകൾ സംഭവിച്ചതാകാം എന്നാണ് ഉടമ വാദിച്ചത്. തേയ്മാനം സംഭവിച്ചതാകാമെന്ന വാദയും ഉടമ ഉയർത്തി.
ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വനിതാ നഴ്സിനു അനുകൂലമായാണ് വിധി പറഞ്ഞത്. എന്നാൽ ഉത്തരവിൽ പറഞ്ഞ പണം നൽകാൻ ഉടമ തയ്യാറാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന ഉപഭോക്തൃ സമിതിയെ പിന്നീട് സമീപിച്ചു.
എസ്‌സിഡിആർസി പ്രസിഡന്റ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാർ, ജുഡീഷ്യൽ അംഗം ഡി അജിത് കുമാർ, അംഗം രാധാകൃഷ്ണൻ കെആർ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിക്ക് നിലവിലെ വിപണി വില തിരികെ കിട്ടാൻ അർഹതയുണ്ടെന്നു ഉത്തരവിൽ പറയുന്നു.
ആഭരണം തിരികെ നൽകുന്നതിന് പകരമായി 15.820 ഗ്രാം സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യം നൽകാൻ ജ്വല്ലറിയോട് നിർദ്ദേശിച്ചു. കൂടാതെ, നഷ്ടപരിഹാരമായി 15,000 രൂപയും ചെലവായി 5,000 രൂപയും നൽകണമെന്നും സംസ്ഥാന കമ്മീഷൻ ഉത്തരവിട്ടു.
by Midhun HP News | Mar 25, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലമ്പുഴ തോട്ടവാരം കുറുവറത്തുകാവ് അനന്തനാഗക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം ഇന്നും നാളെയും (മാർച്ച് 25, 26) നടക്കും. മാർച്ച് 26ന് രാവിലെ 9. 15നുമേൽ 12. 26നകം ദേവപ്രതിഷ്ഠ. തുടർന്ന് ദേവന് നൂറും പാലും. ഉച്ചയ്ക്ക് 12. 30ന് അന്നദാനം. വൈകുന്നേരം 6 നു സർപ്പബലിയും നടക്കും.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത, മരണം
അബുദാബിയിൽ വാഹനാപകടത്തിൽ ശരത്ത് (36) മരണപ്പെട്ടു. അബുദാബി എൻ എം ഡി സിയിൽ സേഫ്റ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു. സംസ്ക്കാര ചടങ്ങ് നാളെ രാവിലെ 9:30ന് വർക്കല തച്ചോട് പൈപ്പിൻ മൂട്ടിലുള്ള “തണൽ” വീട്ട് വളപ്പിൽ നടത്തും.
ഭാര്യ: ജിഷ,
മക്കൾ: വേദ ശരത്ത്, ദക്ഷ ശരത്ത്
അച്ഛൻ: ബി.ശശിധരൻ
അമ്മ:കെ. ലീല,
സഹോദരി: ശാലി
സഹോദരി ഭർത്താവ് സനൽ.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം കൂടണം, നമ്മുടെ യുവാക്കള്‍ക്ക് മികച്ച അവസരം നല്‍കണം. അതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ നില്‍ക്കില്ല. വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ വിഭാഗം ജനങ്ങളുടേയും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തില്‍ വികസനം വരണമെങ്കില്‍ എന്‍ഡിഎ അധികാരത്തിലെത്തണം. വോട്ടുശതമാനം ഉയര്‍ത്തുക എന്നതാണ് ആദ്യ ലക്ഷ്യം. വികസനം വന്നില്ലെങ്കില്‍ യുവാക്കള്‍ക്ക് അവസരമില്ലെന്ന് തിരിച്ചറിയണം. നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് നമുക്ക് വേണ്ടത്. പുതിയ സ്ഥാനലബ്ധിയില്‍ അഭിമാനവും സന്തോഷമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് കേരളം പിന്നോട്ടു പോകുന്നത്. എന്തുകൊണ്ടാണ് കടം വാങ്ങി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതി വന്നു. എന്തുകൊണ്ട് സംസ്ഥാനത്തെ കുട്ടികള്‍ ഇവിടെ അവസരം ലഭിക്കാത്തതുകൊണ്ട് പുറത്തു പോയി ജോലി നോക്കുന്നു. എന്തുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ജോലിയും മികച്ച ഭാവിയും സൃഷ്ടിക്കണം. ഇതാണ് ബിജെപി കേരളയുടെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബലിദാനികളുടെ സ്മരണയിലായിരിക്കും തന്റെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ മുന്‍ അധ്യക്ഷന്മാരടക്കം മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചുകൊണ്ട്, പുതിയ ഉത്തരവാദിത്തം ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുക്കുന്നു. എന്‍ഡിഎയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് കേന്ദ്രനേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. എന്‍ഡിഎയെ അധികാരത്തിലെത്തിച്ചശേഷമേ സംസ്ഥാനത്തു നിന്നും മടങ്ങിപ്പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്‍രെയും വികസന കാഴ്ചപ്പാട് മാറ്റിമറിക്കുന്ന തരത്തിലുള്ള ചിന്ത കൊണ്ടു വരണം. അത് എല്ലാ വീടുകളിലും എത്തിച്ച് എല്ലാ ആളുകളേയും ബിജെപിയുടെ വികസന സങ്കല്‍പ്പം അറിയിക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വരും കാലത്ത് ഇന്ത്യ വികസിത ഭാരതമാകും. അതില്‍ സംശയമില്ല. അതുപോലെ നമ്മുടെ കേരളവും വികസിത കേരളമാകണം. എല്ലാവര്‍ക്കും പുരോഗതിയുണ്ടാകണം. എല്ലാ സമുദായങ്ങള്‍ക്കും നേട്ടം ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ദൗത്യം. യുവാക്കള്‍ തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോയാല്‍ ഇവിടെ നിക്ഷേപം നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ കേരളത്തില്‍ അധികാരത്തിലെത്തേണ്ടതുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ പൂര്‍ണസമയം വികസിത കേരളത്തിനായി സമര്‍പ്പിക്കുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക, പ്രയത്‌നം കൊണ്ട് സമ്പന്നരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും പ്രസംഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
by Midhun HP News | Mar 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രില്‍ മുതല്‍ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കും. എല്‍പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കുട്ടികളെ കായിക രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. പരിശോധന കര്‍ശനമാക്കണം. പൊലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം. ലഹരിവില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. സ്നിഫര്‍ ഡോഗ് സാന്നിധ്യം വര്‍ദ്ധിപ്പിക്കണം. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് നീങ്ങണം. ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണം. അതിര്‍ത്തികളിലെ പൊലീസ് പരിശോധന ശക്തമാക്കണം.കൊറിയറുകള്‍, പാഴ്സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികള്‍ മന്ത്രിമാര്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, എം ബി രാജേഷ്, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ ജയതിലക്, കെ ആര്‍ ജ്യോതിലാല്‍, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, പി വിജയന്‍, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Recent Comments