ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അന്താരാഷ്ട്ര സംഘടനയുടെ പിന്തുണ; മുഖ്യമന്ത്രിക്ക് കത്ത്

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അന്താരാഷ്ട്ര സംഘടനയുടെ പിന്തുണ; മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര യൂണിയന്‍ ഫെഡറേഷനായ പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണലിന്റെ (പിഎസ്‌ഐ) പിന്തുണ. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് പിഎസ്‌ഐ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 22 രാജ്യങ്ങളിലെ മൂന്ന് കോടി തൊഴിലാളികള്‍ അംഗമായിട്ടുള്ള 122 യൂണിയനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.

ആശ വര്‍ക്കര്‍മാര്‍ക്ക് ന്യായവും മാന്യവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കത്തക്കവണ്ണം കേരളം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പിഎസ്‌ഐയുടെ റീജിയണല്‍ സെക്രട്ടറി കേറ്റ് ലാപ്പിന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ഇന്ത്യയില്‍ പത്ത് ലക്ഷത്തിലധികം ആശ വര്‍ക്കര്‍മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പൊതുജനാരോഗ്യത്തിനും സുസ്ഥിര വികസനത്തിനും കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ സേവനം അത്യന്താപേക്ഷിതമാണ്, ഇവരുടേത് ഒരു ജോലിയായി കണക്കാക്കണം, ജീവിക്കാനുള്ള വേതനം, ബഹുമാനം, അംഗീകാരം എന്നിവ ഇവര്‍ അര്‍ഹിക്കുന്നു.’ സംഘടന കത്തില്‍ ചൂണ്ടിക്കാട്ടി.

‘ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ വഹിക്കുന്ന ജോലി, സാമ്പത്തിക പാക്കേജിന്റെ വ്യവസ്ഥകള്‍, ധനസഹായം നല്‍കുന്നതിലെ ഉത്തരവാദിത്തങ്ങള്‍, ജോലി സാഹചര്യങ്ങള്‍, വേതനം, തൊഴിലാളി അവകാശങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന നയങ്ങള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.’ പിഎസ്‌ഐ കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനും അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം: കേന്ദ്രത്തിന് വഴങ്ങി സര്‍ക്കാര്‍; വിജിഎഫ് വായ്പയായി വാങ്ങാന്‍ തീരുമാനം

വിഴിഞ്ഞം തുറമുഖം: കേന്ദ്രത്തിന് വഴങ്ങി സര്‍ക്കാര്‍; വിജിഎഫ് വായ്പയായി വാങ്ങാന്‍ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായി വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭാ തീരുമാനം. വിജിഎഫ് ആയി 818 കോടി രൂപയാണ് ലഭിക്കുക. കേന്ദ്രം അനുവദിക്കുന്ന വിജിഎഫ് തുക ലാഭവിഹിതമായി തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ വെച്ചിട്ടുള്ളത്.

എന്നാല്‍ ഈ വ്യവസ്ഥയോട് കേരളം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വായ്പാ വ്യവസ്ഥ ഒഴിവാക്കണമെന്ന് കേരളസര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് തള്ളിയിരുന്നു. കേരളം സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ സാധ്യതകളും സര്‍ക്കാര്‍ തേടിയിരുന്നു. നബാര്‍ഡ് അടക്കമുള്ളവയില്‍ നിന്നും പകരം വായ്പ എടുക്കല്‍ എളുപ്പമാകില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കേന്ദ്ര വായ്പ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

വായ്പ ആയിട്ട് മാത്രമേ തുക അനുവദിക്കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രാന്റ് ആയി നല്‍കണണെന്നാണ് കേരളം ആവശ്യപ്പെട്ടതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. നിലവില്‍ വിജിഎഫ് തുക വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഗ്രാന്റായി പണം നല്‍കണമെന്ന കാര്യത്തില്‍ തുടര്‍ന്നും കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും തുറമുഖമന്ത്രി വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി എന്‍ വാസവന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും. തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ

സഹകരണ എക്‌സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ

സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാർന്ന 400-ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250-ലധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള 12000 ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടും പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയും, വിവിധ ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുളള സഹകരണ വകുപ്പിന്റെ പവിലിയനും എക്‌സ്‌പോയിലുണ്ട്. ദേശീയതലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ട്.

ഇന്റർനാഷണൽ കോ-ഓപറേറ്റീവ് അലയൻസിന്റെ അന്താരാഷ്ട്ര സഹകരണ വർഷം 2025- ന്റെ പ്രമേയമായ ‘സഹകരണ സംഘങ്ങൾ ഒരു മികച്ച ലോകം അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ 30 വരെയാണ് എക്‌സ്‌പോ. എക്സ്പോയുടെ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ  തുല്യതാ കോഴ്‌സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ നഗരസഭസാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു

ഹയർസെക്കണ്ടറി തുല്യത (10-ാം ബാച്ച്)

22 വയസ്സ് പൂർത്തിയായ പത്താം ക്ലാസ്സ്/പത്താംതരം തുല്യത കോഴ്സ് വിജയിച്ചവർക്കും +1,+2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും കോഴ്സിൽ ചേരാവുന്നതാണ്. ഹയർ സെക്കണ്ടറി കോഴ്‌സ് ഫീസ് 2600+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എസ്.സി.വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും

പത്താംതരം തുല്യത (19-ാം ബാച്ച്)

17 വയസ്സ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്കും 8, 9 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും പത്താം ക്ലാസ്സ് പാസ്സാവാത്തവർക്കും കോഴ്സിന് ചേരാവുന്നതാണ്. പത്താം തരം കോഴ്‌സ്‌ ഫീസ് 1950+20 രൂപ. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന എസ്.സി.വിഭാഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും

പച്ചമലയാളം അടിസ്ഥാനകോഴ്‌സ് (6 മാസം)

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്ന വരുമായ 17 വയസ്സു കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാംഭാഗം അടിസ്ഥാന കോഴ്സ‌സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ആറ് മാസമാണ് അടിസ്ഥാന കോഴ്സിൻ്റെ കാലാവധി. 4000/- രൂപയാണ് പച്ച മലയാളം അടിസ്ഥാന കോഴ്‌സ് ഫീസ്.

നാലാംതരം ഏഴാംതരം തുല്യതാ കോഴ്‌സുകളിലേയ്ക്കും അഡ്‌മിഷൻ ആരംഭിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക:

മൊബൈൽ നമ്പർ: 9446272192

എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിന്റെ കാര്യത്തിൽ മലയാളികളെ ഞെട്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാൻ. ഹോളിവുഡിൽ നിന്നുൾപ്പെടെ വൻ താരനിരയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇതിന് പുറമെ ചിത്രത്തിലെ കാമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർ താരങ്ങളുടെയും പേര് സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടേതാണ്. ഇപ്പോഴിതാ എംപുരാനിൽ മമ്മൂട്ടിയുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരൻ ഇക്കാര്യം പങ്കുവച്ചത്.

“എംപുരാന്റെ കാര്യമെടുക്കുമ്പോൾ, മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു വാർത്തയാണ്. അത് പൃഥിരാജ് സംവിധാനം ചെയ്യുന്നു. പൃഥ്വിരാജിന് നന്നായിട്ട് അത്യാവശ്യം പടം ചെയ്യാനൊക്കെ അറിയാം, അല്ലെങ്കിൽ കഴിവുണ്ടെന്ന് രണ്ട് പടം കഴിഞ്ഞതോടെ ഏറെക്കുറേ കുറച്ചു പേർക്കെങ്കിലും അറിയാമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മമ്മൂട്ടി പിന്നെ എപ്പോഴും പൃഥ്വിയെ കുറിച്ച് നല്ലത് മാത്രമാണ് പറയുക.

മോനെ പറ്റിയും, മോന്റെ കഴിവുകളെ പറ്റിയുമൊക്കെ. ഒരു പടം മമ്മൂട്ടിയുടെ വരുന്നുണ്ട്, വരുന്നുണ്ട് എന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഒരു സബ്ജക്ട് കൂടി വരട്ടെ അമ്മേ ശരിയായിട്ട് എന്നൊക്കെ പറയുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ രണ്ട് പേരെയും വെച്ച് എന്റെ മകന്‍ ഒരു പടം സംവിധാനം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമൊക്കെയാണ്,” മല്ലിക പറഞ്ഞു.

എംപുരാനില്‍ മമ്മൂട്ടിയുടെ കാമിയോ റോള്‍ ഉണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകരൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം മമ്മൂട്ടിയുടെ അതിഥി വേഷത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാലും സംസാരിച്ചിരുന്നു. ‘അദ്ദേഹമാണെങ്കിൽ മുഖം ഞങ്ങൾ കാണിക്കുമായിരുന്നു. ഞങ്ങൾ എന്തിന് അത് മറച്ചുവെക്കണം. അദ്ദേഹമല്ല, അത് മറ്റൊരു നടനാണ്,’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; ശാരദ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’; ശാരദ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു. വി ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘കേരളത്തിന്റെ ചീഫ് സെക്രട്ടറി പവർഫുൾ ആയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇട്ടിട്ടുള്ളത്. അതിൽ അഭിമാനം തോന്നി.സാധാരണ ആരും ആ ധൈര്യം കാണിക്കാറില്ല. എന്നാൽ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയിലിരിക്കുന്ന കേരളത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായ സീനിയർ ഐഎഎസ് ഉദ്യോ​ഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നുവെന്നത് നാം കാണണം. പുരോ​ഗമനമായ കേരളം എന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ഒരുപാട് പേരുടെ മനസ്സിൽ യാഥാസ്ഥിതികമായ ചിന്തയുണ്ട്.’

‘എന്റെ അമ്മയുടെ നിറം കറുപ്പായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ നിറം കിട്ടിയില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം. കറുപ്പിന് എന്താണ് കുഴപ്പം?’. കറുപ്പിന് എന്താണ് കുറവെന്നും വി ഡി സതീശൻ ചോദിച്ചു. ‘അത് തിരിച്ചു ചോദിച്ചു എന്നതാണ് ആ പോസ്റ്റിന്റെ പ്രസക്തി. അതിലൊന്നും ഒരു കാര്യമില്ലാത്ത കാലമാണ്. അങ്ങനെ ചിന്തിക്കുന്നത് പോലും പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്. കേരളം ഇപ്പോഴും ഒരുപാട് യാഥാസ്ഥിതികമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ചീഫ് സെക്രട്ടറിയുടെ ഈ പോസ്റ്റ്’ എന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പ് മനോഹരമാണെന്നും ശാരദ മുരളീധരൻ കുറിപ്പിൽ പറഞ്ഞിരുന്നു.