200 രൂപയില്‍ താഴെ വില കണ്ട് വീഴല്ലേ?; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍, മുന്നറിയിപ്പ്

200 രൂപയില്‍ താഴെ വില കണ്ട് വീഴല്ലേ?; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍, മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെന്ന് മുന്നറിയിപ്പ്. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ, ലിക്വിഡ് പാരഫിന്‍ റിഫൈന്‍ഡ് ഓയില്‍, പാം കെര്‍ണല്‍ എന്നിവ കലര്‍ത്തിയ വെളിച്ചെണ്ണ വന്‍തോതില്‍ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കോക്കനട്ട് ഓയില്‍ മില്ലേഴ്‌സ് ആണ് മുന്നറിയിപ്പ് നല്‍കിയത്.

നാളികേരത്തിന്റെ വിലക്കയറ്റം മൂലം കൊപ്ര കിട്ടാനില്ല. ഇപ്പോഴത്തെ വിലപ്രകാരം കൊപ്രയ്ക്ക് 180 രൂപ വില വരും. നികുതി ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ വെളിച്ചെണ്ണ വില 300 രൂപ വരും. എന്നാല്‍ 200 രൂപയില്‍ താഴെ വിലയ്ക്ക് വെളിച്ചെണ്ണ എന്ന പേരിലാണ് വ്യാജ വെളിച്ചെണ്ണയുടെ വില്‍പ്പന നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന വ്യാജ വെളിച്ചെണ്ണയ്‌ക്കെതിരെ ജാഗ്രത വേണമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ഐബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; മൃതദേഹം റെയില്‍വെ ട്രാക്കില്‍

ഐബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; മൃതദേഹം റെയില്‍വെ ട്രാക്കില്‍

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ( 24) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ.

ചാക്ക റെയില്‍വെ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാ വനിത സബ് കമ്മിറ്റി കൺവെൻഷന്റെ ഉദ്ഘാടനം നടന്നു

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാ വനിത സബ് കമ്മിറ്റി കൺവെൻഷന്റെ ഉദ്ഘാടനം നടന്നു

കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാ വനിത സബ് കമ്മിറ്റി കൺവെൻഷൻ ചിറയിൻകീഴ് കരാമ ആഡിറ്റോറിയത്തിൽ കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗം ബി പ്രശോഭന അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഷെർളി കുമാർ, സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ്, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി ആർ രാജു, പ്രസിഡന്റ് സി.എസ് അജയകുമാർ, വനിത സബ് കമ്മിറ്റി ആറ്റിങ്ങൽ ഏരിയാ കൺവീനർ ബീനാ രാജീവ്, ദരുണ ആർ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ ഏര്യാ വനിത സബ് കമ്മിറ്റി കൺവീനറായി ബി പ്രശോഭനെയെയും ജോയിന്റ് കൺവീനർമാരായി ദരുണ ആർ, ബീന രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.

‘സമരപ്പന്തല്‍ ചിലര്‍ക്ക് സെല്‍ഫി പോയിന്റ്’; ആശ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐഎന്‍ടിയുസി

‘സമരപ്പന്തല്‍ ചിലര്‍ക്ക് സെല്‍ഫി പോയിന്റ്’; ആശ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐഎന്‍ടിയുസി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശ വര്‍ക്കമാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി. കോണ്‍ഗ്രസ് നേതാക്കാള്‍ പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തുന്നതിനിടെയാണ് ഐഎന്‍ടിയുസി സമരത്തില്‍ നിലപാട് വ്യക്തമാക്കിയത്. ആശമാര്‍ക്ക് ഓണറേറിയമല്ല, ശമ്പളമാണ് നല്‍കേണ്ടതാണെന്നാണ് ഐഎന്‍ടിയുസി പറയുന്നത്. സംഘടനയുടെ മുഖമാസികയായ ‘ഇന്ത്യന്‍ തൊഴിലാളി’യിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി നയരൂപീകരണ ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയത്. ‘ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വര്‍ക്കമാര്‍ക്ക് വേണ്ടത് സ്ഥിരം വേതനം’ എന്ന തലക്കെട്ടിലാണ് ലേഖനം. പതിനൊന്നാമത് സംസ്ഥാന ശമ്പളകമ്മീഷന്‍ പ്രകാരം ആശ തൊഴിലാളികള്‍ക്ക് സ്ഥിരം വേതനമെന്ന ഭരണഘടനാപരമായ ഉറപ്പും അവകാശവുമാണ് വേണ്ടതെന്ന ബോധ്യം കേരളത്തിലെ ഐഎന്‍ടിയുസി പ്രസ്ഥാനത്തിനുണ്ടെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യുസിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നടത്തുന്ന സമരത്തോട് അനുഭാവപൂര്‍ണമായ നിലപാടാണ് ഐഎന്‍ടിയുസിക്കുള്ളത്. എന്നാല്‍ ഐഎന്‍ടിയുസി ഈ സമരത്തെ പിന്തണയ്ക്കുന്നില്ല. കാരണം ആശ തൊഴിലാളികള്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കാനാണ് സമരം നടത്തുന്നത്. ഓണറേറിയം എന്ന വാക്കിന്റെ അര്‍ഥം സമ്മാനപ്പൊതി എന്നാണ്. സമൂഹത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ആശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ തോന്നുംപടി കൊടുക്കുന്ന ഓണറേറിയം എന്ന ഔദാര്യമല്ല വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

സമരവേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ചിട്ടുണ്ട്. സമരം ചിലര്‍ക്ക് ഒരു സെല്‍ഫി പോയിന്റാണെന്നും കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം, ഇനി ഒരു ദിവസം കൂടി

ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം, ഇനി ഒരു ദിവസം കൂടി

ആറ്റിങ്ങൽ ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോയിൻ ചെയ്യാൻ അവസരം.

നാളെ (25/03/2025) ആറ്റിങ്ങൽ സൂര്യ ഹോട്ടലിൽ വെച്ച് ഇന്റർവ്യൂ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നു.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ ഇൻറർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കൂ. ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ പറയുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക.
8594071916
8594072916
8594072916

ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന് നടക്കും. രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തില്‍, മന്ത്രിമാരും ഉന്നത പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും. വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന അടക്കമുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ലഹരി വ്യാപനം തടയുന്നതിനായി ഈ മാസം 30 ന് വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

ലഹരിക്കെതിരെ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, ലേബര്‍ ക്യാമ്പുകള്‍, പാര്‍സല്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തും. അന്തര്‍ സംസ്ഥാന ബസുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.