രാജന്‍, ചേകനൂര്‍, ഷാബാ ഷെരീഫ്: മൃതദേഹം കിട്ടാതെ അന്വേഷിച്ച കേസുകള്‍; കേരള പൊലീസിനു പൊന്‍തൂവല്‍

രാജന്‍, ചേകനൂര്‍, ഷാബാ ഷെരീഫ്: മൃതദേഹം കിട്ടാതെ അന്വേഷിച്ച കേസുകള്‍; കേരള പൊലീസിനു പൊന്‍തൂവല്‍

തിരുവനന്തപുരം: കൊല്ലപ്പെട്ടയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും തന്നെ ലഭിക്കാതെ കേരള പൊലീസ് അന്വേഷിച്ച, കോളിളക്കം സൃഷ്ടിച്ച മൂന്നാമത്തെ കൊലക്കേസാണ് നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം. കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ രാജന്‍ കേസും ചേകനൂര്‍ മൗലവി തിരോധാനക്കേസുമാണ് മരിച്ചെന്ന് കരുതപ്പെടുന്നയാളുടെ ശരീരാവശിഷ്ടങ്ങളൊന്നും ലഭിക്കാതെ പൊലീസ് അന്വേഷിച്ചത്. അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയുടെ പ്രതീകമായാണ് രാജന്‍ കേസ് അറിയപ്പെടുന്നത്.

കോഴിക്കോട് റീജിയണല്‍ എഞ്ചിനീറിങ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് കേസിനാധാരമായ സംഭവം. നക്‌സലുകളെ നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവന്ന കക്കയം പൊലീസ് ക്യാമ്പില്‍ വെച്ച് രാജന്‍ കൊല്ലപ്പെട്ടുവന്ന് പൊലീസ് പിന്നീട് സമ്മതിച്ചു. എന്നാല്‍ രാജന്റെ ശരീരഭാഗങ്ങളൊന്നും കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്തും ആരോപണവിധേയര്‍ സംസ്ഥാന പൊലീസിലെ ഉന്നതരാണെന്നതും കണക്കിലെടുത്ത് കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റിയിരുന്നു.

അടിയന്തരാവസ്ഥയ്ക്കു ശേഷം രാജന്‍ കേസില്‍ കോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും ചരിത്രം. ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായിരുന്ന ചേകനൂര്‍ പി കെ മുഹമ്മദ് അബുല്‍ ഹസന്‍ മൗലവി എന്ന ചേകനൂര്‍ മൗലവിയെ 1993 ജൂലൈ 29 നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. മതപ്രഭാഷണത്തിനെന്ന പേരില്‍ ചിലര്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോകുകയും, പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് ആരോപണം. ചേകനൂര്‍ മൗലവി തിരോധനക്കേസ് ഒടുവില്‍ സിബിഐ അന്വേഷിച്ചെങ്കിലും, ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനോ പ്രതികളെ പിടികൂടാനോ സാധിച്ചില്ല.

ഈ രണ്ടു കേസുകളില്‍ നിന്നും ഷാബാ ഷെരീഫ് വധക്കേസ് വ്യത്യസ്തമാകുന്നത്, ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ലെങ്കിലും, ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു എന്നതിലാണ്. നിലമ്പൂര്‍ മുക്കട്ട സ്വദേശിയും വ്യവസായിയുമായ ഷൈബിന്‍ അഷ്‌റഫ് ആണ് കേസിലെ മുഖ്യപ്രതി. ഇയാളടക്കം 15 പേരാണ് അറസ്റ്റിലായത്. ഇതില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. കുറ്റവാളികള്‍ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഇരയുടെ മൃതദേഹം ഹാജരാക്കാതെ കേരള പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു.

ഒരാളും അറിയാതിരുന്ന കേസ് വളരെ നാടകീയമായാണ് പുറംലോകം അറിയുന്നത്. 2022 ഏപ്രില്‍ 23 ന് ഒരു സംഘം ആളുകള്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് ഷൈബിന്‍ അഷറഫ് ലോക്കല്‍ പൊലീസിനെ സമീപിച്ചതോടെയാണ് വഴിത്തിരിവായത്. ഇതിന് പിന്നാലെ ഷൈബിനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ച് പ്രതികളില്‍ അഞ്ച് പേര്‍ 2022 ഏപ്രില്‍ 29 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ശ്രമമാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷാബ ഷെരീഫ് വധക്കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് വെല്ലുവിളി നിറഞ്ഞ ഈ കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എസ്‌ഐ നവീന്‍ ഷാജ്, എം അസൈനാര്‍, എഎസ്‌ഐ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ് കുമാര്‍, വി കെ പ്രദീപ്, എ ജാഫര്‍, എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആസിഫ് അലി, ടി നിബിന്‍ദാസ്, അന്‍വര്‍ സാദത്ത്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സില്‍വര്‍ ലൈന്‍: ഭൂമി വില്‍ക്കാനും ഈടു വയ്ക്കാനും തടസ്സമില്ല; പ്രശ്‌നമുള്ളവര്‍ക്കു കലക്ടറെ സമീപിക്കാമെന്ന് മന്ത്രി

സില്‍വര്‍ ലൈന്‍: ഭൂമി വില്‍ക്കാനും ഈടു വയ്ക്കാനും തടസ്സമില്ല; പ്രശ്‌നമുള്ളവര്‍ക്കു കലക്ടറെ സമീപിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം: നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോവുന്ന സ്ഥലങ്ങളില്‍ ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ഒരു നിയന്ത്രണവും ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി സര്‍വേയ്‌സ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് സെക്ഷന്‍ ആറു പ്രകാരമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പദ്ധതി കടന്നു പോവുന്ന സ്ഥലങ്ങളില്‍ ഭൂമി വാങ്ങാനോ വില്‍ക്കാനോ പണയം വയ്ക്കാനോ ഒരു നിയന്ത്രണവുമില്ല. ഇതില്‍ എന്തെങ്കിലും തടസ്സം നേരിടുന്നവര്‍ക്കു ജില്ലാ കലക്ടറെ സമീപിക്കാവുന്നതാണ്- മന്ത്രി പറഞ്ഞു. ഔദ്യോഗിക വിജ്ഞാപനം ഇല്ലാതിരുന്നിട്ടും പദ്ധതി പ്രദേശങ്ങളില്‍ ഭൂമി വില്‍പ്പന നടക്കുന്നില്ലെന്ന്, വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കല്ലിട്ട ഭൂമി പണയം വയ്ക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്. ആരും ഭൂമി വാങ്ങാന്‍ മുന്നോട്ടു വരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

ആറ്റിങ്ങലിൽ മെഗാ തൊഴിൽ മേള മാർച്ച്‌ 22ന്

ആറ്റിങ്ങലിൽ മെഗാ തൊഴിൽ മേള മാർച്ച്‌ 22ന്

ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ, ആറ്റിങ്ങൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹകരണത്തോടെ 22/03/2025 ന് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐ ടി ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് മറ്റു ഉയർന്ന യോഗ്യത ഉള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാണ്.

ഒഴിവുകൾ

ഐടി, ഹെൽത്ത് കെയർ, ടെക്നികൽ, സർവീസ് മേഖല, ഓട്ടോമൊബൈൽ, അക്കൗണ്ടന്റ്, ഓഫീസ് – ഫെസിലിറ്റി മാനേജ്മെന്റ്, എഡ്യൂക്കേഷൻ, പ്രൊഡക്ഷൻ, മെക്കാനിക്, എഞ്ചിനീയർ, ടെക്നിഷ്യൻ, എക്‌സിക്യൂട്ടീവ്, ഐടി സ്പെഷ്യലിസ്റ്റ്, മാനേജർ, റീസെപ്റ്റിണിസ്‌റ്, ഫ്രന്റ് ഓഫീസ്, ബിസിനസ്സ് ഡെവലെപ്മെന്റ് എക്സിക്യൂട്ടീവ്, ടെലി കോളർ, ഐടിഐ ട്രെയ്‌ഡുകൾ

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും (Freshers) തൊഴിൽ മേളയിൽ പങ്കെടുക്കാം.

തീയതി: 22-03-2025 ശനിയാഴ്ച

സ്ഥലം: സൺ ഓഡിറ്റോറിയം, മൂന്നുമുക്ക്, ആറ്റിങ്ങൽ

റിപ്പോർട്ട് ചെയ്യേണ്ട സമയം: രാവിലെ 08.30

പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് നിർബന്ധമായും ഫിൽ ചെയ്തു സബ്‌മിറ്റ് ചെയ്യേണ്ടതാണ്.

https://forms.gle/KrAC3nj9g58bpmxj9
(ലിങ്ക് നേരിട്ട് ഓപ്പൺ ആകുന്നില്ലെങ്കിൽ കോപ്പി ചെയ്തു ഗൂഗിൾ സെർച്ചിൽ പേസ്റ്റ് ചെയ്തു ഓപ്പൺ ചെയ്യാൻ ശ്രമിക്കുക)

കൂടുതൽ വിവരങ്ങൾക്ക് -വിളിക്കുക:
വാട്‌സ്‌ആപ്പ്: 9946138176,8921941498

പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി പോലീസ്

പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി പോലീസ്

കടയ്ക്കാവൂർ: മണമ്പൂർ സ്വദേശിയായ 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തി പോലീസ്. ഇക്കഴിഞ്ഞ 17 ന് തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വീടിൻറെ ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

സ്കൂളിൽ സ്പോർട്സ് ഇനങ്ങളിലും മറ്റ് എക്സ്ട്രാ ആക്ടിവിറ്റികളിലും പങ്കെടുക്കുന്ന ചുണക്കുട്ടിയായിരുന്നുവെന്നും, പരീക്ഷ പേടിയോ, സഭാകമ്പമോ ഒന്നുമുള്ള കുട്ടി ആയിരുന്നില്ലയെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. എന്നാൽ കുട്ടി പഠനത്തിൽ അല്പം പിന്നോക്കമാണെങ്കിലും നാടെങ്ങും പ്രചരിക്കുന്ന പരീക്ഷ പേടി കൂട്ടിക്കുണ്ടാവാനുള്ള സാധ്യത പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും, കൂടുതൽ ചോദ്യംചെയ്യലിലും മാത്രമേ കുട്ടി മരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നും അതിനായി വരും ദിവസങ്ങളിൽ അന്വേഷണം ശക്തിപ്പെടുത്തുമെന്നും കേസ് രജിസ്റ്റർ ചെയ്ത കടയ്ക്കാവൂർ പോലീസ് അറിയിച്ചു.

കേരളത്തിന്റെ സ്വന്തം വൈന്‍ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്

കേരളത്തിന്റെ സ്വന്തം വൈന്‍ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍ ബ്രാന്‍ഡ് ‘നിള’ അടുത്ത മാസത്തോടെ വിപണിയിലെത്തും. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകള്‍ക്ക് എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. പ്രീമിയം ഗുണനിലവാരത്തിലുള്ള വൈന്‍ കശുമാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം എന്നിവയില്‍ നിന്നുള്ളതാണ്.

കശുമാങ്ങ വൈനില്‍ ആല്‍ക്കഹോളിന്റെ അളവ് 14.5 ശതമാനമാണ്. പാളയം കോടന്‍ പഴത്തില്‍ നിന്നാണ് ബനാന വൈന്‍ ഉണ്ടാക്കുന്നത്. മൗറീഷ്യസ് ഇനത്തില്‍പ്പെട്ട പൈനാപ്പിളില്‍ നിന്നാണ് പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. ഇതില്‍ രണ്ടിലും 12.5 ശതമാനമാണ് ആല്‍ക്കഹോള്‍.

ആല്‍ക്കഹോളിന്റെ അളവനുസരിച്ച് ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമേ വൈന്‍ വില്‍പന നടത്താന്‍ കഴിയുകയുള്ളു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വൈന്‍ ലഭ്യമാകും. 750 മില്ലി ലിറ്റര്‍ കുപ്പിയുടെ വില ആയിരത്തില്‍ താഴെയായിരിക്കും.

പ്രൊഡക്ഷന്‍ യൂണിറ്റ് ക്യാംപസിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴ് തരം വൈനുകള്‍ ഇറക്കാനാണ് പദ്ധതിയെന്ന് വകുപ്പ് മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ചക്ക, തേങ്ങാവെള്ളം, ഞാവല്‍, ജാതിക്ക തൊണ്ട് എന്നിവയാല്‍ നിര്‍മിക്കുന്ന വൈന്‍ തുടര്‍ഘട്ടങ്ങളില്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഴപ്പഴവും പൈനാപ്പിളും പ്രാദേശിക കര്‍ഷകരില്‍ നിന്നും പാലക്കാട് മണ്ണാര്‍ക്കാടുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ നിന്നാണ് കശുമാങ്ങ വാങ്ങിയതെന്നും സജി ഗോമസ് പറഞ്ഞു.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികള്‍

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; മന്ത്രിസഭയുടെ നാലാം വാര്‍ഷിക പരിപാടികള്‍

തിരുവനന്തപുരം: മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട്് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും.

ജില്ലാതല യോഗങ്ങള്‍

ഏപ്രില്‍ 21 – കാസര്‍കോട്

ഏപ്രില്‍ 22 – വയനാട്

ഏപ്രില്‍ 24 – പത്തനംതിട്ട

ഏപ്രില്‍ 28 – ഇടുക്കി

ഏപ്രില്‍ 29 – കോട്ടയം

മെയ് 5 – പാലക്കാട്

മെയ് 6 – കൊല്ലം

മെയ് 7 – എറണാകുളം

മെയ് 12 – മലപ്പുറം

മെയ് 13 – കോഴിക്കോട്

മെയ് 14 – കണ്ണൂര്‍

മെയ് 19 – ആലപ്പുഴ

മെയ് 20 – തൃശ്ശൂര്‍

മെയ് 21 – തിരുവനന്തപുരം

ഇതിനുപുറമെ സംസ്ഥാന തലത്തില്‍ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുമായും എസ്‌സി/എസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായും സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണലുകളുമായും ചര്‍ച്ച നടത്തും.

സംസ്ഥാനതല യോഗങ്ങള്‍

മെയ് 3 – യുവജനക്ഷേമം – കോഴിക്കോട്

മെയ് 4 – വനിതാവികസനം – എറണാകുളം

മെയ് 10 – സാംസ്‌കാരികം – തൃശൂര്‍

മെയ് 11 – ഉന്നതവിദ്യാഭ്യാസരംഗം – കോട്ടയം

മെയ് 17 – പ്രൊഫഷണലുകളുമായി ചര്‍ച്ച – തിരുവനന്തപുരം

മെയ് 18 – പട്ടികജാതി – പട്ടികവര്‍ഗ്ഗം – പാലക്കാട്

പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ചര്‍ച്ചകള്‍, കായിക മത്സരങ്ങള്‍ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികള്‍ക്ക് ജില്ലാതല സംഘാടക സമിതികള്‍ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍.

മേഖലാ അവലോകന യോഗങ്ങള്‍

ഭരണ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. മെയ് മാസത്തില്‍ നാല് മേഖലകളിലാണ് യോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷന്‍മാരും ചേര്‍ന്ന് ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങള്‍ നേരിടുന്നുണ്ടങ്കില്‍ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂര്‍ ജില്ലയിലും, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.

2023 ലെ അവലോകന യോഗത്തില്‍ പരിഗണിച്ചവയില്‍ ഇനിയും പൂര്‍ണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എംഎല്‍എമാരുമായി നടത്തിയ യോഗത്തില്‍ എംഎല്‍എമാര്‍ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തില്‍പ്പെടുന്ന വിഷയങ്ങള്‍ മേഖലാ അവലോകന യോഗങ്ങളില്‍ പരിഗണിക്കും.

സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, നവകേരള മിഷന്‍ (ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷന്‍), മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.

മേഖലാ അവലോകന യോഗങ്ങള്‍

08/05/2025 പാലക്കാട് ( പാലക്കാട്, മലപ്പുറം തൃശ്ശൂര്‍ ജില്ലകള്‍)

15/05/2025 തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട)

26/05/2025 കണ്ണൂര്‍ (കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്)

29/05/2025 കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം)

മേഖലാ അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കി. മേഖലാ അവലോകന യോഗങ്ങള്‍ നടക്കുന്ന ജില്ലയിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകള്‍ നല്‍കും. യോഗത്തിനായുള്ള സോഫ്‌റ്റ്വെയര്‍ തയ്യാറാക്കുന്നതിന് ഇലക്ട്രോണിക്‌സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം

വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കല്‍പ്പറ്റ വില്ലേജില്‍ ബ്ലോക്ക് 19 ല്‍ റീസര്‍വ്വെ നമ്പര്‍ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയില്‍പ്പെട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിന് വിശദവില വിവര റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 26,56,10,769/രൂപ (ഇരുപത്തി ആറ് കോടി അന്‍പത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്‍പത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഏഴു കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ തസ്തികള്‍

വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് & അക്കൗണ്ട്‌സ് ഓഫീസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫീസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും.

സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുമതി നല്‍കും. പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തും.

തൃശ്ശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കും. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അലീന, ഐറിന്‍, ആന്‍ഗ്രേസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കും.