by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ചികിത്സയ്ക്കിടെ കാൻസർ രോഗിയായ ഒൻപതു വയസുള്ള കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു.
രക്താർബുദത്തിന് ചികിത്സയിലിരിക്കെ 2018 ൽ മരിച്ച ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയുടെ അച്ഛനാണ് നഷ്ടപരിഹാരം തേടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം വഴി ഹർജി നൽകിയത്. ചികിത്സയുടെ ഭാഗമായി നൽകിയ രക്തത്തിൽ നിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്.
ആർസിസിയിൽ രക്തപരിശോധനയ്ക്കായി ഉപയോഗിക്കുന്ന സംവിധാനം എന്താണെന്നും വിശദാംശം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സിച്ചത്. തുടർന്ന് ആർസിസിയിലേക്ക് മാറ്റി. ചികിത്സയുടെ ഭാഗമായി 49 തവണ കുട്ടിക്ക് രക്തം നൽകി. രക്തം നൽകിയ ഒരാൾ എച്ച്ഐവി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 100 ദിവസത്തെ ക്ഷയരോഗ (ടിബി) പ്രതിരോധ പരിപാടിയിൽ 53 ലക്ഷം പേരെ പരിശോധിച്ചതായും ഇതിൽ 5000 ക്ഷയ രോഗികളെ തിരിച്ചറിഞ്ഞതായും ആരോഗ്യ വകുപ്പ് അധികൃതർ. ഡിസംബർ ഏഴിനാണ് കാമ്പയിൻ ആരംഭിച്ചത്. രോഗ സാധ്യത, ലക്ഷണങ്ങൾ ഇവയൊക്കെ തിരിച്ചറിയുക ലക്ഷ്യമിട്ടാണ് പരിശോധന.
68,180 പേർക്ക് സാധ്യത, ലക്ഷണങ്ങൾ ഉള്ളതായി തിരിച്ചറിഞ്ഞു. 4,924 പേർക്കാണ് ക്ഷയരോഗം കണ്ടെത്തിയത്. 35 ശതമാനം ടിബി രോഗികളും പ്രമേഹ രോഗികൾ കൂടിയാണ്. ഈ മാസം 17നു കാമ്പയിൻ അവസാനിക്കും. അരോഗ്യ സേവന ഡയറക്ടർ ഡോ. കെജെ റീനയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
80 ശതമാനം സ്ക്രീനിങും മോളിക്യുലാർ ടെസ്റ്റിങ് ഉപയോഗിച്ചാണ് നടത്തിയതെന്നു സംസ്ഥാന ടിബി ഓഫീസർ കെകെ രാജാറാം വ്യക്തമാക്കി. പോഷകാഹാരക്കുറവ് ചികിത്സാ ഫലത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായതിനാൽ രോഗികൾക്ക് ഭക്ഷണ കിറ്റുകൾ നൽകാൻ സർക്കാർ തുടക്കമിട്ടു. ഓരോ രോഗിക്കും പ്രതിമാസ പോഷകാഹാര കിറ്റുകൾ നൽകുന്ന നിക്ഷയ് മിത്രയിൽ അംഗങ്ങളാകാൻ നിരവധി കമ്പനികൾ, ഏജൻസികൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ മുന്നോട്ടു വന്നിട്ടുണ്ടെന്നു ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. അപർണ മോഹൻ പറഞ്ഞു.
2023ൽ സംസ്ഥാനം 5.44 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. 21,582 പുതിയ ടിബി രോഗികളെയാണ് അന്നു കണ്ടെത്തിയത്. ഓരോ വർഷവും 2000 പേർ ടിബി അസുഖത്തെ തുടർന്നു മരിക്കുന്നു.
സ്വകാര്യ മേഖലയിൽ ടിബി നിർമാർജന സംവിധാനങ്ങൾ (STEP) സംസ്ഥാനത്ത് 355 കേന്ദ്രങ്ങളുണ്ട്. പൊതു ആരോഗ്യ സംവിധാനമുപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ ടിബി ചികിത്സ വേണ്ടവർക്ക് അതു ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. ക്ഷയ രോഗികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾക്ക് പ്രതിരോധ ചികിത്സ നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അണുബാധ പടരുന്നത് തടയുക എന്നതാണ് പരിശോധന, ചികിത്സ നയം ലക്ഷ്യമിടുന്നത്.
by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്തുടനീളം തിരിച്ചറിഞ്ഞ 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ സദസ് നടത്തി ഗതാഗത സൗകര്യമില്ലാത്ത നിരവധി റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നാണ് 503 പുതിയ ബസ് റൂട്ടുകൾ അന്തിമമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഈ റൂട്ടുകളിൽ ലൈസൻസ് നൽകും. പെർമിറ്റ് നൽകുന്നത് ഒഴിവാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസ് എന്ന രീതിയിലായിരിക്കും ലൈസൻസ് നൽകുക. കെഎസ്ആർടിസിയും പ്രൈവറ്റ് ബസും സർവീസുകൾ നടത്തും. ലൈസന്‍സ് സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള ബസുകള്‍ക്ക് മാത്രമായിരിക്കും ഈ റൂട്ടുകളില്‍ ഓടാന്‍ അനുമതി. കളക്ഷന്‍ ഉള്ള റൂട്ടുകളില്‍ മത്സരം ഒഴിവാക്കാനാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.
പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ നൽകുന്നതിന് ഈ നീക്കം സഹായകമാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഏപ്രിൽ മുതൽ കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു. 36 ആഡംബര സ്ലീപ്പർ എസി ബസുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ വിന്യസിക്കും. മിനി ബസുകളും ഇതിൽ ഉൾപ്പെടും.
ഈ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ എസി ബസുകൾ പുറത്തിറക്കി യാത്രക്കാർക്ക് സുഖകരമായ യാത്ര നൽകുന്നതിൽ കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. ലോക്കൽ ബസുകളിൽ പോലും മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ ഉടൻ കൊണ്ടുവരും.
കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പാലക്കാട്-കോട്ടയം-തിരുവനന്തപുരം റൂട്ടിൽ അടുത്തിടെ കൊണ്ടുവന്ന പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ വിജയകരമായിരുന്നു. മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡക്കർ ബസും വിജയമാണ്. പത്ത് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ പ്രതിദിനം ശരാശരി 10,000 രൂപ ലാഭം നേടുമ്പോൾ, മൂന്നാറിലെ ഡബിൾ ഡക്കർ സർവീസ് ഒരു മാസം കൊണ്ട് 13.3 ലക്ഷം രൂപ വരുമാനം നേടി. അതായത് ഒരു ദിവസത്തെ ലാഭം 40,000 രൂപയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
by Midhun HP News | Mar 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കടുത്ത വേനലിലേക്ക് നീങ്ങുന്ന കേരളത്തിന്റെ ആശങ്ക വര്‍ധിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു.
യുവി സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇന്‍ഡക്‌സ്.
കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് 7 രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് 6 ആണ്. കാസര്‍കോടാണ് ഏറ്റവും കുറവ് യുവി തോത്. യുവി ഇന്‍ഡക്‌സ് 5 രേഖപ്പെടുത്തിയ കാസര്‍കോട് അലര്‍ട്ടുകളൊന്നുമില്ല.
യുവി ഇന്‍ഡക്‌സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്. യുവി സൂചിക 7നു മുകളിലെത്തിയാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.
‘വേനല്‍ക്കാലത്ത്, സൂര്യന്‍ വടക്കന്‍ അര്‍ദ്ധഗോളത്തിലേക്ക് നീങ്ങുന്നതാണ് ചൂടിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണം. വികിരണ തീവ്രതയിലെ വ്യതിയാനങ്ങള്‍ കാരണം മാര്‍ച്ച് 20 മുതല്‍ രണ്ടാഴ്ചത്തേക്ക് യുവി ലെവല്‍ ഉയര്‍ന്നതായിരിക്കും. പീക്ക് സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാതപത്തിന് കാരണമാകും,’- കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ എസ് അഭിലാഷ് പറഞ്ഞു.
സുരക്ഷാ നടപടികള്‍
ഉയര്‍ന്ന യുവി വികിരണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ തൊപ്പികളോ കുടകളോ ഉപയോഗിക്കണം.
പുറത്തുപോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കണം.
എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ശരീരം മൂടുന്ന ലൈറ്റ് കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
കുന്നിന്‍ പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍, തുറസ്സായ ഭൂപ്രകൃതികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്
കാരണം ഈ സ്ഥലങ്ങളില്‍ സാധാരണയായി ഉയര്‍ന്ന അളവിലുള്ള UV വികിരണം അനുഭവപ്പെടാറുണ്ട്.
by Midhun HP News | Mar 13, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: ഉപയോക്തക്കളുടെ സുരക്ഷയ്ക്കായി വിഡിയോ കോളുകളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് കാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ വാട്‌സ്ആപ്പില്‍ വിഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് കാമറകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നു. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. പുതിയ അപ്‌ഡേറ്റ് പ്രകാരം വിഡിയോ കോളുകള്‍ വരുമ്പോള്‍ കാമറ അല്ലെങ്കില്‍ വിഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വിഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും ലഭ്യമാകും.
ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുന്ന ഫീച്ചര്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ തടയുമെന്നാണ് വിലയിരുത്തല്‍. തട്ടിപ്പുകാര്‍ വിഡിയോ കോളുകള്‍ വഴി അനുവാദമില്ലാതെ ഉപയോക്താക്കളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് വഴി പകര്‍ത്തുന്നത് തടയും.
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.7.3 ല്‍ ആന്‍ഡ്രോയിഡ് അതോറിറ്റി ഈ ഫിച്ചര്‍ കണ്ടെത്തി. പുറത്തുവന്ന സ്‌ക്രീന്‍ഷോട്ടുകളില്‍ കോളുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് കാമറ കണ്‍ട്രോള്‍ ഓപ്ഷനുകള്‍ നല്‍കുന്ന പുതിയ ഇന്റര്‍ഫേസ് ഘടകങ്ങള്‍ കാണിക്കുന്നുണ്ട്.
by Midhun HP News | Mar 13, 2025 | Latest News, ജില്ലാ വാർത്ത
മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകും. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെടും.
വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജിഎസ്ടി അടയ്ക്കണമെന്ന അറിയിപ്പ് ലഭിക്കും. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. തുടർന്ന്, കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുന്നു.
സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെയും പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കും. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ പണം തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.
Recent Comments