by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: തന്റെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സ് പറയുന്ന വീഡിയോ ക്ലിപ്പുമായി മകള്‍ സുജാത. ‘എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം. മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം. അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന്’ മകള്‍ സുജാത പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ലോറന്‍സ് പറയുന്നു.
2022 ഫെബ്രുവരി 25-നാണ് എം എം ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നാണ് മകള്‍ പറയുന്നത്. ഹൈക്കോടതിയ്ക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും തങ്ങളോട് ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതെന്നും പെണ്‍മക്കള്‍ ആരോപിക്കുന്നു.
വീഡിയോ തെളിവായി കണക്കാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ നടന്ന ഹിയറിങ്ങിലും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ തെളിവില്ലാത്തതിനാൽ അവർ സ്വീകരിച്ചില്ലെന്നും സുജാത പറഞ്ഞു. നേരത്തെ മെഡിക്കൽ കോളജിന് ലോറൻസിന്റെ മൃതദേഹം വിട്ടുകൊടുക്കരുതെന്ന പെൺമക്കളായ ആശയും സുജാതയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
പേരൂർക്കടയിൽ മൂന്നിടങ്ങളിലായി രണ്ട് ഓട്ടോറിക്ഷയ്ക്കും ഒരു തട്ടുകടയ്ക്കും ലൈറ്റർ ഉപയോഗിച്ച് തീയിട്ട അക്രമി പിടിയിൽ. കല്ലയം ചെട്ടിമുക്ക് സ്വദേശി രമേശിനെ (40) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട ജയ്നഗർ എച്ച് നമ്പർ–60 സരിതാഭവനിൽ സുധാകരൻ, കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇആർഎ 2എ കൃഷ്ണരാഗത്തിൽ ചന്ദ്രബാബു എന്നിവരുടെ ഓട്ടോറിക്ഷകൾക്കും കോൺകോർഡിയ ലൂഥറൻ എച്ച്എസ്എസിന് മുന്നിൽ കൃഷ്ണമ്മ നടത്തുന്ന പച്ചക്കറികടയ്ക്കുമാണ് തീയിട്ടത്. റോഡിലൂടെ രണ്ടര കിലോമീറ്ററോളം നടന്നാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
തടിപ്പലക കൊണ്ടും പ്ലാസ്റ്റിക് പെട്ടികൾ കൊണ്ടും തട്ടുണ്ടാക്കി, ടാർപോളിൻ മേൽക്കൂരയായി കെട്ടിയാണ് കൃഷ്ണമ്മ കട നടത്തിയിരുന്നത്. പുലർച്ചെ 3ന് ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ കെടുത്തി. സാധനങ്ങൾ കത്തിനശിച്ചതോടെ കൃഷ്ണമ്മയുടെ ഉപജീവനം മുട്ടി. സംഭവം അറിഞ്ഞ് ഒട്ടേറെപ്പേർ പ്രതിഷേധവുമായി എത്തി.ഇരപ്പുകുഴിയിൽ ചന്ദ്രബാബുവിന്റെ റോഡരികിലെ വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കാണ് തീയിട്ടത്. പുലർച്ചെ 3.45ഓടെയായിരുന്നു സംഭവം. ഇതുവഴി പോയ പൊലീസ് സംഘമാണ് സംഭവം കണ്ടത്. ഇവർ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ കെടുത്തി.
by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
ബാറിൽ ഒരുമിച്ചിരുന്നു മദ്യപിച്ചവർ തമ്മിൽ വാക്കേറ്റത്തുടർന്നുണ്ടായ സംഘട്ടനത്തിൽ 2 പേർക്ക് വെട്ടേറ്റു. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ പോത്തൻകോട് ഗാന്ധിനഗർ ‘കൈലാസ’ത്തിൽ ആർ.സജീവ്‌രാജ് (27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജിനും (26) വെട്ടേറ്റു. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ വിഷ്ണു, ശ്യാം എന്നിവരടക്കം 4 പേർക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പ്രതികളിൽ ഒരാളുടെ കയ്യിൽ സജീവ് രാജ് മദ്യക്കുപ്പി പൊട്ടിച്ചു കുത്തിയതായാണു പൊലീസിനു ലഭിച്ച വിവരം. ബാറിൽ നിന്ന് ഇറങ്ങിപ്പോയവർ രാത്രി 11ന് വെട്ടുകത്തിയുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. സജീവ് രാജിന്റെ തലയോട്ടിക്കു പൊട്ടലുണ്ട്. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ആംബുലൻസ് വരുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.
by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
നിറഞ്ഞ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ ഭംഗി കൊണ്ട് ആരെയും ആകർഷിക്കും വിധമാണ് പള്ളിക്കൽ പുഴ. പുഴയുടെ വിവിധ ഭാഗങ്ങൾ വിനോദ സഞ്ചാരത്തിന് പ്രയോജനം ആകും വിധത്തിൽ ധാരാളം സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്താനും സംരക്ഷിക്കാനും നടപടിയില്ല. കുളത്തൂപ്പുഴയിൽ നിന്നാണ് തുടക്കം. ഇത്തിക്കര ആറിന്റെ ഭാഗമായ പള്ളിക്കൽ പുഴ രണ്ട് ജില്ലകളുടെ അതിർത്തികൾ പങ്കുവയ്ക്കുന്നു. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന പുഴയുടെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ കുറച്ച് സമയം ചെലവിടാറുണ്ട്.
എന്നാൽ അതിനു വേണ്ട സൗകര്യം ഒരുക്കിയിട്ടില്ല. അതിനാൽ സഞ്ചാരികൾ വരാൻ മടിക്കുന്നു. തീരങ്ങളിലെ അസൗകര്യങ്ങളും അപകട ഭീഷണിയും കാരണം വരുന്നവർ അധിക സമയം ചെലവിടാൻ തയാറാകുന്നില്ല. മുൻ വർഷങ്ങളിൽ നടന്ന അനധികൃത മണ്ണെടുപ്പ് മൂലം തീരങ്ങൾ ഇടിഞ്ഞ നിലയിലാണ്. വൻ കയങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. പകൽക്കുറി ക്ഷേത്രത്തിന് സമീപം പുഴയിൽ വിശാലമായ കുളിക്കടവ് നിർമിച്ചിട്ടുണ്ട്. ഇത് ധാരാളം പേർ പ്രയോജനപ്പെടുത്തുന്നു. എന്നാൽ ആഴക്കയങ്ങൾ ഭീഷണിയാണ്. പുഴയുടെ കുറുകെ കടക്കുന്നതിന് പകൽക്കുറി ക്ഷേത്രത്തിന് അടുത്തായി ഒരു തൂക്കുപാലം നിർമിച്ചിട്ടുണ്ട്.
by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാകും. വി എസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടിയിലെ ഏറ്റവും സമുന്നത നേതാവായ വി എസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കഴിഞ്ഞ ശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍ വി എസ് ആണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകും. എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിഞ്ഞവരില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്. 75 വയസ് പിന്നിട്ട അവര്‍ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഒഴിവാകുന്നവരെ കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ അതത് പാര്‍ട്ടി സെന്ററുകളില്‍ പ്രവര്‍ത്തിപ്പിക്കാനാകും. അവരുടെ കഴിവും സേവനവും പരമാവധി പാര്‍ട്ടിക്കായി ഉപയോഗിക്കും. അവരെ പൂര്‍ണമായും ഒഴിവാക്കുക എന്നതല്ല പാര്‍ട്ടിയുടെ നിലപാട് എന്നും ഗോവിന്ദന്‍ പറഞ്ഞു.
by Midhun HP News | Mar 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത് ജോലി ചെയ്യുന്നവരും ചർമ, നേത്ര രോഗങ്ങൾ ഉള്ളവരും കാൻസർ പോലെ ഗുരുതര രോഗങ്ങളോ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരും പ്രത്യേക ജാഗ്രത പുലർത്തണം.
മാർച്ച് പകുതിക്കു ശേഷം സൂര്യൻ ഉത്തരാർധഗോളത്തിലേക്കു പ്രവേശിക്കുന്നതോടെ അൾട്രാ വയലറ്റ് രശ്മികൾ മനുഷ്യ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നതു കൂടും. ചർമ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു ഇതു വഴി വയ്ക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ഉയർന്ന തോതിൽ അൾട്രാ വയലറ്റ് രശ്മികൾ ശരീരത്തിലേൽക്കുന്നത് സ്യൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും സാരമായ പൊള്ളലിനും കാരണമാകും. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങളാണ് ഉചിതം. യാത്രാ ഇടവേളകളിൽ തണലിൽ വിശ്രമിക്കണം.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. തൊഴിൽദായകർ ജോലി സമയം ക്രമീകരിക്കണമെന്നു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ സജ്ജീകരിക്കും.
വേനൽ മഴ
ഈയാഴ്ച സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശമിക്കുന്നതോടെ ചൂട് വീണ്ടും കൂടും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പെട്ടെന്നു കൂടുന്നത് ചൂട് കൂടുതൽ അനുഭവവേദ്യമാകുന്ന താപസൂചിക വർധിപ്പിക്കും.
സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ കൂടുതൽ മേഘാവൃതമാകുന്നതിനാൽ ചൂട് കുറയും. വടക്കൻ ജില്ലകളിൽ താപനില ഉയർന്നു നിൽക്കും. വടക്കൻ ജില്ലകളിൽ മഴയെത്താൻ അൽപ്പം താമസം നേരിടുന്നതിനാലാണിത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.
Recent Comments