എംബിഎ പ്രവേശനം: കെമാറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ‍് ചെയ്യാം

എംബിഎ പ്രവേശനം: കെമാറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ‍് ചെയ്യാം

തിരുവനന്തപുരം: ഫെബ്രുവരി 23 ന് നടത്തുന്ന എംബിഎ കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ വൺ 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്.

അത്തരം അപേക്ഷകർക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഫെബ്രുവരി 21 ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2525300.

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട; ചട്ടങ്ങള്‍ മാറ്റി സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണ ചട്ടത്തിലുള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കാലോചിതമായ പരിഷ്‌കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സര്‍ക്കാര്‍ നല്‍കിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 47 പരിഷ്‌കരണ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഈ ഇടപെടല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സേവന ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞു. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസില്‍ 60%വരെ കുറവ് വരുത്തുകയും ചെയ്തു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെ സ്മാര്‍ട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. നിലവില്‍ വീടുകളില്‍ പ്രവര്‍ത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല. ചെറുകിട സംരംഭങ്ങള്‍ക്ക് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാണ് അനുവാദമുള്ളത്. ഇത് സംരംഭങ്ങള്‍ക്ക് ബാങ്ക് ലോണ്‍, ജിഎസ്ടി രജിസ്‌ട്രേഷന്‍ കിട്ടാനുള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇത് പരിഹരിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല. ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അനുമതി നല്‍കണം. ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ട്രാക്ക് ആയി ലൈസന്‍സ് റിന്യൂവല്‍ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകി

കടയ്ക്കാവൂർ: എസ് എസ് പി ബി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ” തിരികെ 2002″ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. അധ്യാപകരെ ആദരിക്കൽ, നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായ ഫണ്ട് നൽകൽ എന്നിവയും നടന്നു.

തൊപ്പിച്ചന്ത ഇന്ദിര റിജൻസി ആഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ
എ അനസ്ഖാൻ അധ്യക്ഷത വഹിച്ചു. റിട്ട. മുൻ ഹെഡ്മിസ്ട്രസ് സുധർമ്മിണി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സജിത എസ് നായർ, സുരേഷ് കുമാർ, വിജയകുമാർ, ശോഭ എസ് കെ, റസൂൽ ഷാൻ, ഗോപാലൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകുന്നതിന് 25,000 രൂപ ഹെഡ്മിസ്ട്രസ് സജിത എസ് നായർക്ക് കൈമാറി, സുമിതാ ഷാജിസ്വാഗതവും, നിതിൻ നന്ദിയും പറഞ്ഞു.

ഭിന്നശേഷി കുട്ടികളും സ്പെഷൽ സ്കൂൾ അധികൃതരും ദുരിതത്തിൽ

ഭിന്നശേഷി കുട്ടികളും സ്പെഷൽ സ്കൂൾ അധികൃതരും ദുരിതത്തിൽ

അവകാശങ്ങൾ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണു സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികളും മാതാപിതാക്കളും സ്പെഷൽ സ്കൂൾ അധ്യാപകരും. ബജറ്റിലെ വമ്പൻ തുകകൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമ്പോഴും ധനസഹായത്തിനുള്ള നിയമങ്ങൾ കർശനമാക്കുമ്പോഴും സങ്കടം ആരോടു പറയണം എന്നറിയാതെ വിഷമിക്കുകയാണിവർ.

18 വയസ്സു കഴിഞ്ഞ കുട്ടികളെ വീട്ടിലാക്കിയാൽ ആരു സംരക്ഷിക്കും എന്ന ചോദ്യമുയരുന്നു. ഒന്നിലധികം ഭിന്നശേഷി കുട്ടികളുള്ള വീടുകളുടെ സ്ഥിതിയും ക്ലേശത്തിലാണ്. കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്ന സ്കൂളുകളിൽ 23 വയസ്സുവരെയുള്ളവരെ പരിഗണിക്കുന്നുണ്ട്.

യുണിക്ക് ഡിസബിലിറ്റി (യുഡിഐഡി) കാർഡ് ലഭിക്കുന്നതിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണു നൽകേണ്ടത്. പലപ്പോഴും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസൗകര്യം നിമിത്തം ഇതു ലഭിക്കാറില്ല.

കേരള സർക്കാർ ഗ്രാൻഡ് നൽകുന്ന സ്‌പെഷൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി 23 വയസ്സായി പുനർനിശ്ചയിക്കുക, 2018 നു ശേഷമുള്ള അപേക്ഷകൾ കൂടി പരിഗണിച്ച് ആശ്വാസ കിരണം കുടിശികയില്ലാതെ നൽകുക, ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും യുഡിഐഡി കാർഡും സമയബന്ധിതമായി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂൾ, അധ്യാപക, രക്ഷാകർതൃ സംഘടനകളുടെ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ മോൻസ് ജോസഫ്, മാത്യു കുഴൽനാടൻ, സമരസമിതി ചെയർമാൻ ഫാ.റോയ് മാത്യു വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.

ആറ്റുകാൽ പൊങ്കാല: മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ആറ്റുകാൽ പൊങ്കാല: മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പ്രവർത്തനങ്ങൾ മാർച്ച് ആദ്യം തന്നെ പൂർണമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണം, വെള്ളം വിതരണം ചെയ്യൽ എന്നിവയിൽ അതീവ ശ്രദ്ധ വേണം. അന്നദാനം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. കോർപറേഷൻ പരിധിയിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും പൊങ്കാലയുടെ തലേദിവസം വൈകിട്ട് 6 മുതൽ പൊങ്കാല ദിവസം വൈകിട്ട് 6 വരെ മദ്യനിരോധനം ഏർപ്പെടുത്തും. രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്.

കൂടുതൽ നിരീക്ഷണ ക്യാമറകളും വുമൻ കൺട്രോൾ റൂമും സ്ഥാപിക്കും. പാർക്കിങ് ഏരിയകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ ദുരന്തനിവാരണ വിഭാഗം പൂർണ സജ്ജമാണ്. 5 ജില്ലകളിൽ നിന്നുള്ള 63 വാഹനങ്ങളും നാനൂറിലധികം ഉദ്യോഗസ്ഥരും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടാകും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളുമുണ്ടാകും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ദിവസം മുതൽ ശിശുരോഗ വിദഗ്ധരുടെ സേവനമുണ്ടാകും.

വിളിച്ചത് വ്യാജനാണോ എന്ന് സംശയമുണ്ടോ?, എളുപ്പം തീര്‍ക്കാം; ഇതാ സംവിധാനം

വിളിച്ചത് വ്യാജനാണോ എന്ന് സംശയമുണ്ടോ?, എളുപ്പം തീര്‍ക്കാം; ഇതാ സംവിധാനം

തിരുവനന്തപുരം: സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്.

ഇതിനായി www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍,UPI ID, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ ഇതുവഴി പരിശോധിക്കാമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കില്‍ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കും. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്‌സ്ആപ്പ നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, സാമൂഹികമാധ്യമ വിലാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി നല്‍കാനുള്ള സൗകര്യവുമുണ്ട്.