by Midhun HP News | Jan 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച നടത്താനാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ക്ഷണിച്ചിട്ടുള്ളത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പണിമുടക്കുന്ന റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇ പോസ് മെഷീനുകള്‍ പിടിച്ചെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ എട്ടു മുതല്‍ 256 റേഷന്‍ കടകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടച്ചിടുന്ന റേഷന്‍ കടകള്‍ ഏറ്റെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം ഇതിനുള്ള നടപടികള്‍ തുടങ്ങാനാണ് തീരുമാനം. എല്ലാ ജില്ലകളിലും കണ്‍ട്രോല്‍ റൂമുകള്‍ തുറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്നും ഭക്ഷ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. നാല്‍പ്പതിലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാനാണ് തീരുമാനം. വേതന പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഭക്ഷ്യ-ധന മന്ത്രിമാര്‍ റേഷന്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
by Midhun HP News | Jan 27, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ തെരുവ് ജംഗ്ഷനിൽ മുള്ളൻ പന്നിയെ കാർ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം
by Midhun HP News | Jan 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ആദിത്യ സര്‍വാട്ടെയുടെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം മത്സരത്തില്‍ നിന്ന് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി.
ഒരു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 47 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്.
സ്‌കോര്‍ 121ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത ജലജ് സക്‌സേന പുറത്തായി. തുടര്‍ന്നെത്തിയ ആദിത്യ സര്‍വാടെയും അസറുദ്ദീനും ചേര്‍ന്നുള്ള 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. മുഹമ്മദ് അസറുദ്ദീന്‍ 68 റണ്‍സെടുത്ത് പുറത്തായി. മത്സരം അവസാന ഘട്ടത്തോട് അടുക്കെ 80 റണ്‍സെടുത്ത ആദിത്യ സര്‍വാട്ടെയും പുറത്തായത് കേരള ക്യാമ്പില്‍ ആശങ്ക പടര്‍ത്തി.
എന്നാല്‍ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ബാബ അപരാജിത് എഴുപത് പന്തുകളില്‍ നിന്ന് 26 റണ്‍സും നിധീഷ് 35 പന്തുകള്‍ നേരിട്ട് നാല് റണ്‍സുമായും പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി കുമാര്‍ കാര്‍ത്തികേയ സിങ്ങും കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദിത്യ സര്‍വാട്ടെയാണ് മാന്‍ ഓഫ് ദി മാച്ച്. സമനില നേടാനായതോടെ സി ഗ്രൂപ്പില്‍ കര്‍ണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
by Midhun HP News | Jan 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുണ്‍ മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവച്ച സ്‌കൂളിനെതിരേയും പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.
by Midhun HP News | Jan 26, 2025 | Latest News, ജില്ലാ വാർത്ത
രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ദേശീയ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. രാജ്യവും, നമ്മുടെ ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഒരുമിച്ച് നിന്ന് രാജ്യത്തിൻ്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് ദൃഢപ്രതിഞ്ജയെടുത്തു.
മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺഗ്രസ് നേതാക്കളായ ബി.മനോഹരൻ, കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്.ജി അനിൽകുമാർ, പ്രവീണ കുമാരി, രാജൻ കൃഷ്ണപുരം, കെ. ചന്ദ്രബാബു, എസ്. സുരേന്ദൻ, വി. ജനകലത, പ്രശോഭനൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വാർഡ് കേന്ദ്രങ്ങളിൽ ദേശീയ പതാകയുയർത്തി.
by Midhun HP News | Jan 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി പെരുമാതുറ മുതലപ്പൊഴി ഹാർബർ യൂണിറ്റ് സ്വന്തമായി നിർമിച്ച യൂണിയൻ ഓഫീസായ ഐ.എൻ.ടി.യു.സി ഭവന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ നിർവഹിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ.ഇക്കണോമിക്സിൽ ഒന്നാം റാങ്ക് നേടിയ എസ്.അൽഫിന, എം.എ.അറബിക്കിൽ രണ്ടാം റാങ്ക് നേടിയ ഷിഹാമ ഫാത്തിമ, പത്താം ക്ലാസ്സ് ഫുൾ എ പ്ലസ് കരസ്തമാക്കിയ അഹ്സന അൻസാർ എന്നിവരെ അടൂർ പ്രകാശ് എം.പി മെമന്റോ നൽകി അനുമോദിച്ചു.
73 പേരുടെ മരണത്തിനിടയാക്കിയ മുതലപ്പൊഴിലെ ആശാസ്ത്രീയ നിർമാണത്തിനെതിരെ കോൺഗ്രസ്സ് പാർട്ടി നടത്തിയ നിരാഹാര സമരത്തിൽ നിരാഹാരമിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി.എസ്.അനൂപ്, കോൺഗ്രസ്സ് ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര, ഐ.എൻ.ടി.യു.സി ഹാർബർ യൂണിയൻ ട്രഷറർ മുനീർ തോപ്പിൽ, വർഗീസ് എന്നിവരെ ചടങ്ങിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം, ജില്ലാ ജനറൽ സെക്രട്ടറി വി.ലാലു, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.ആർ.അഭയൻ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ, ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.ഓമന, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടപ്പലം, ചിറയിൻകീഴ് അസംബ്ലി പ്രസിഡന്റ് മഹിൻ.എം.കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ഷഹീൻഷാ, അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം അൻസിൽ അൻസാരി, ഐ.എൻ.ടി.യു.സി കൺവീനർ സുനീർ ജലാൽ, നോർത്ത് യൂണിറ്റ് കൺവീനർ നാസ്ഖാൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് നൗഫൽ ബഷീർ സ്വാഗതവും, സൈദ ഇക്ബാൽ നന്ദിയും പറഞ്ഞു.
Recent Comments