by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ കാട്ടാക്കട അമ്പലത്തുക്കാല്‍ അശോകന്‍ വധക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷ ഈ മാസം 15 ന് പുറപ്പെടുവിക്കും.
കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
2013 മെയ് അഞ്ചിനാണ് സിപിഐ എം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. അമ്പലത്തുക്കാല്‍ ജങ്ഷനില്‍ വെച്ചായിരുന്നു കൊലപാതകം. മുഖ്യപ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.
by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക തസ്‌തികയിൽ ലീവ് വേക്കൻസിയിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കൾ (13/01/2025) രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് അറിയിച്ചു.
by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
ജയിൽ ജീവിതം എങ്ങനെയുണ്ടെന്ന് അറിയാനുള്ള ആഗ്രഹവുമായി പതിനഞ്ച് വർഷം മുമ്പ് വ്യവസായി ബോബി ചെമ്മണ്ണൂർ കേരള പൊലീസിനെ സമീപിച്ചിരുന്നു. കുറ്റം ചെയ്യാത്തവർക്ക് ജയിലിൽ കഴിയാനാകില്ലെന്ന് പറഞ്ഞ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ തിരിച്ചയച്ചു.
എന്നാൽ തെലങ്കാനയിൽ ജയിൽ ടൂറിസത്തിന്റെ ‘ഫീൽ ദ ജയിൽ’ എന്ന പദ്ധതിയിലൂടെ ബോബി ചെമ്മണ്ണൂർ ആ അഗ്രഹം സഫലമാക്കി. 500 രൂപ ഫീസടച്ച് 24 മണിക്കൂറാണ് അന്ന് ജയിലിൽ കഴിഞ്ഞത്. തടവുകാരുടേതുപോലത്തെ വസ്ത്രം ധരിച്ച്, അവിടത്തെ ജോലികൾ ചെയ്ത്, അവർക്ക് നൽകുന്ന ഭക്ഷണം കഴിച്ചായിരുന്നു 24 മണിക്കൂർ ബോബി ചെമ്മണ്ണൂർ ജീവിച്ചത്. ഫോൺ ഉപയോഗിക്കാൻ പറ്റില്ലായിരുന്നു.സിനിമാതാരം ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇന്നലെ ‘യഥാർത്ഥ തടവുപുള്ളിയായി’ ബോബി ചെമ്മണ്ണൂർ കാക്കനാട്ടെ ജില്ലാ ജയിലിൽ എത്തി. ജാമ്യം നിഷേധിച്ച ഉത്തരവ് കേട്ടയുടൻ ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ബോബിയുടെ ആരോഗ്യനില ഭദ്രമാണെന്ന് ജനറൽ ആശുപത്രിയിൽ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കാക്കനാട്ടെ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചത്.അന്ന് അകത്ത് കിടക്കാൻ ആഗ്രഹിച്ച ബോബി ചെമ്മണ്ണൂർ, ഇന്ന് പുറത്തിറങ്ങാനുള്ള ശ്രമത്തിലാണ്. ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് അഭിഭാഷകരുടെ നീക്കം. ഇന്ന് തന്നെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. താൻ തെറ്റ് ചെയ്‌തിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂർ ഇന്നലെ പ്രതികരിച്ചിരുന്നു.
by Midhun HP News | Jan 9, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി…. ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
2008 ല്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , ശരദിന്ദു മലർദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവലമർത്യഭാഷ, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങൾ.
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ, സ്മൃതിതൻ ചിറകിലേറി ഞാനെൻ തുടങ്ങിയ ലളിതഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആൽബം ഗാനവും ശ്രദ്ധിക്കപ്പെട്ടു.
by Midhun HP News | Jan 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഭക്തര്‍ക്കും ജീവനക്കാര്‍ക്കും പുറമെ ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്കായി പ്രത്യേകഅപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദേവസ്വം ജീവനക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കും. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തര്‍ ഈ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.
വിശുദ്ധി സേനാംഗങ്ങള്‍ക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്കും താല്‍പര്യമുള്ള ഡോളി തൊഴിലാളികള്‍ക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേനയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 9, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്രകലയായ പളിയനൃത്തത്തിൽ സംസ്ഥാനതല മത്സരത്തിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിനികൾ.
യൂട്യൂബിലെ വീഡിയോ നോക്കി സ്വന്തമായാണ് കുട്ടികൾ നൃത്തം പരിശീലിച്ചത്. ഇടുക്കിയിലെ പളിയ സമുദായക്കാരുടെ തനത് നൃത്തരൂപമാണിത്. ഈഞ്ചയും മുളയും ശേഖരിച്ച് നൃത്തത്തിനാവശ്യമായ വേഷവും ആഭരണങ്ങളും കുട്ടികൾ തന്നെയാണ് നിർമിച്ചത്.
പ്ലസ് ടു വിദ്യാർഥിനികളായ ആദിത്യ, അക്ഷയ, ബീമ, പ്ലസ് വൺ വിദ്യാർഥിനികളായ ആർച്ച, അർഷദ ഫിർസാന, ഫാത്തിമ നസ്രിൻ, വൈഷ്ണവി, ആതിര, ശിവാനി, കൃഷ്ണ, ആസിയ, ദുർഗ എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി സംസ്ഥാനതലത്തിൽ മത്സരിച്ചത്.
Recent Comments