റോഡ് അപകടം കുറയ്ക്കാന്‍ കര്‍മ്മപദ്ധതി: എഡിജിപി വിളിച്ച യോഗം ഉച്ചയ്ക്ക്;

റോഡ് അപകടം കുറയ്ക്കാന്‍ കര്‍മ്മപദ്ധതി: എഡിജിപി വിളിച്ച യോഗം ഉച്ചയ്ക്ക്;

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം വിളിച്ച യോഗം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജിമാര്‍, ഐജിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിക്കുന്നതും തടയാന്‍ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. റോഡപകടങ്ങളും മരണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും നാളെ ഉന്നതലയോഗം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് നാലിന് നടക്കുന്ന യോഗത്തില്‍ പൊലീസ്, മോട്ടോര്‍വാഹന, പൊതുമരാമത്ത് വകുപ്പുകള്‍, ദേശീയപാത അതോറിട്ടി, കെഎസ്ഇബി, റോഡ് സുരക്ഷാ വിഭാഗം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

അപകട മേഖല കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാന്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടും. അതേസമയം, പാലക്കാട് പനയമ്പാടത്തെ അപകടത്തില്‍ സംയുക്ത സുരക്ഷ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. പനയമ്പാടത്ത് സ്ഥിരം മീഡിയന്‍, ചുവന്ന സിഗ്‌നല്‍ ഫ്‌ളാഷ് ലൈറ്റുകള്‍, വേഗത കുറയ്ക്കാന്‍ ബാരിയര്‍ റിമ്പിള്‍ സ്ട്രിപ്പ്, റോഡ് സ്റ്റഡ്, റോഡില്‍ മിനുസം മാറ്റി പരുക്കനാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശം. ഗതാഗത മന്ത്രി സ്ഥലം സന്ദര്‍ശിച്ചശേഷം നല്‍കിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന്; പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു

ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന്; പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ച ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം യോ​ഗം വിലയിരുത്തും. പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടിയും യോഗത്തിലുണ്ടായേക്കും. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതിനിടെ, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എം എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. എം എസ് സൊല്യൂഷൻസ് യു ട്യൂബ് ചാനലിന്‍റെ വീഡിയോ പരിശോധിച്ചശേഷമായിരിക്കും സ്ഥാപനത്തിലേ അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴി എടുക്കുക. വിദ്യാഭ്യാസ വകുപ്പ് ഡി ജി പി ക്കു കൈമാറിയ പരാതിയിൽ പൊലീസ് ഇന്ന് തുടർനടപടികളിലേക്ക് കടക്കും. എം എസ് സൊല്യൂഷന്‍സിന്‍റെ ഓൺലൈൻ ക്ലാസ്സുകളിലെ അശ്ലീല പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ കൊടുവള്ളി പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.

ചലഞ്ചേഴ്സ് കപ്പ് 2024: ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം വർക്കല എംഎൽഎ നിർവഹിച്ചു

ചലഞ്ചേഴ്സ് കപ്പ് 2024: ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം വർക്കല എംഎൽഎ നിർവഹിച്ചു

ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ മൂന്നു ദിവസമായി നടന്നുവരുന്ന ചലഞ്ചേഴ്സ് കപ്പ് 2024 ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് സമാപനമായി. വാശിയോടെ മത്സരിച്ച എട്ട് ടീമുകൾ നിന്ന്
ന്യൂ ലെവി സിസി ട്രിവാൻഡ്രം, അനുഗ്രഹ സിസി തോന്നയ്ക്കൽ, ഡസ് സ്പാരോസ് ഹാട്രിക്, ന്യൂമെൻ വക്കം തുടങ്ങിയ ടീമുകൾ സെമി ഫൈനലിൽ എത്തി.
ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയ് നിർവഹിച്ചു.

വിദ്യാർത്ഥികളെയും ആട്ടോ തൊഴിലാളികളെയും  കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം നടത്തി വരുന്ന പ്രതി പിടിയിൽ

വിദ്യാർത്ഥികളെയും ആട്ടോ തൊഴിലാളികളെയും കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം നടത്തി വരുന്ന പ്രതി പിടിയിൽ

ആറ്റിങ്ങൽ: കൊല്ലമ്പുഴ മുതൽ കോരാണി വരെയുള്ള വിവിധ സ്ഥലങ്ങളിലെ ആട്ടോ റിക്ഷ സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും, കോളേജ്, ഐ ടീ ഐ വിദ്യാർത്ഥികൾക്കും ഫോണിലൂടെ
ഓർഡർ സ്വീകരിച്ച് മയക്ക് മരുന്ന് കച്ചവടം നടത്തി വരുന്ന പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി. കീഴാറ്റിങ്ങൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവൻ വീട്ടിൽ
മനോജ്(45) ആണ് പിടിയിലായത്.

പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ
അന്വേഷണത്തിലാണ് പ്രതിയിൽ നിന്നും മാരക മയക്ക് മരുന്നായി 2.5 ഗ്രാം എംഡി എം എ, 70 ഗ്രാം ഗഞ്ചാവ് എന്നിവ കൈരളി ജംഗ്ഷനിൽ വച്ച് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്, എ എസ് ഐ രാധാകൃഷ്ണൻ, എസ് സി പി ഓ മാരായ അനിൽകുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം ശരാശരി 25,000/- രൂപയുടെ മയക്ക് മരുന്ന് പ്രതി ചില്ലറ
വ്യാപാരം നടത്തി വരുന്നു. പ്രതിയിൽ നിന്നും മയക്ക് മരുന്ന് തൂക്കി നൽകാനുപയാഗിക്കുന്ന ത്രാസും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ചലഞ്ചേഴ്സ് കപ്പ് ത്രിദിന ക്രിക്കറ്റ് മാമാങ്കത്തിനു ഇന്ന് സമാപനമാകും

ചലഞ്ചേഴ്സ് കപ്പ് ത്രിദിന ക്രിക്കറ്റ് മാമാങ്കത്തിനു ഇന്ന് സമാപനമാകും

ആറ്റിങ്ങൽ: കഴിഞ്ഞ രണ്ടു ദിവസമായി ആറ്റിങ്ങൽ ഗവ.കോളേജ് ഗ്രൗണ്ടിൽ നടന്നു വരുന്ന ചലഞ്ചേഴ്സ് കപ്പ് ത്രിദിന ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഇന്ന് സമാപനമാകും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. വി ജോയ് എം എൽ എ നിർവഹിക്കും. വൻജനാവലി തന്നെ യായിരുന്നു ക്രിക്കറ്റ്‌ മാമാങ്കത്തിന്. ലൈവ് സ്ക്രീമിങ്ങും ഒരുക്കിയിട്ടുണ്ട്.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ടൂർണമെൻ്റ് ഓർഡിനേറ്റർ സി.ജി.വിഷ്ണു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ സി.ജെ.രാജേഷ് കുമാർ, ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.എം.മുഹമ്മദ് ആരിഫ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, എസ്.ഗിരിജ, കൗൺസിലർമാരായ വി.എസ്.നിതിൻ, ജി.ശങ്കർ, വി.ഷാജി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്‍ എംഎംആര്‍ വാക്‌സീന്‍ ഉടന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.

മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്‍ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.മീസില്‍സും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആര്‍ വാക്‌സീന്‍ ഇപ്പോള്‍ കുട്ടികള്‍ക്കു സൗജന്യമായി നല്‍കുന്നുണ്ട്. മംപ്‌സ് പ്രതിരോധമരുന്നുകൂടി ഉള്‍പ്പെടുന്ന എംഎംആര്‍ വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്.