ആശുപത്രിയിൽ വച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ

ആശുപത്രിയിൽ വച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വർക്കല താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിൽ പത്തനംതിട്ട സ്വദേശി ലിജു ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. നഗരൂർ സ്വദേശി അക്ബർ ഷായാണ് ആയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്.കഴി‌ഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഗർഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെയും കൊണ്ടാണ് അക്ബർ ഷാ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെ കയ്യിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിയ ലിജു ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെ അക്ബർ ഷായുടെ ഭാര്യയേയും ചീത്ത വിളിച്ചു. അക്ബർ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു.

അപ്പോൾ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യിൽ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബർഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു. ആക്രമണത്തിൽ അക്ബർ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിർത്തി പൊലീസിന് കൈമാറുകയായിരുന്നു. വർക്കലക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ചങ്ങനാശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു

ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ചിറയിൻകീഴ് പുളിമൂട്ട് കടവിന് സമീപം വച്ചായിരുന്നു കുത്തേറ്റത്. വൈകുന്നേരം 7 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇഷാൻ എം രാജിന് സ്വീകരണമൊരുക്കി

16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇഷാൻ എം രാജിന് സ്വീകരണമൊരുക്കി

ആറ്റിങ്ങൽ: 16 വയസ്സിന് താഴെയുള്ളവരുടെ കേരള ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഇഷാൻ എം രാജിന് ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം സ്വീകരണം നൽകി. സഹകരണ സംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ ഇഷാൻ എം. രാജിനെ പൊന്നാട അണിയിച്ചു. സംഘം സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, അരുൺ ജിത്, പ്രണവ്, മനാസ് എന്നിവർ പങ്കെടുത്തു.

‘ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട’; സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഎം

‘ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട’; സജി ചെറിയാന്‍ രാജിവെക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല. ധാര്‍മ്മികത മുന്‍നിര്‍ത്തി ഒരു തവണ രാജിവെച്ചതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. കേസില്‍ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം.

കേസും തുടരന്വേഷണവും സംബന്ധിച്ച് നിയമോപദേശം തേടും. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. കേസില്‍ അന്വേഷണം നടക്കട്ടെ. അന്വേഷണം പൂര്‍ത്തിയായി അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രാജി വെക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുമ്പ് ഈ വിഷയത്തില്‍ പൊതു സമ്മര്‍ദ്ദം കണക്കിലെടുത്ത് ഒരു തവണ രാജിവെച്ചതാണ്. ഈ വിഷയത്തില്‍ വീണ്ടും രാജിവെക്കേണ്ടതില്ലെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ തന്റെ വാദം കൂടി കേള്‍ക്കേണ്ടതാണെന്ന സജി ചെറിയാന്റെ വാദം ശരിയാണെന്ന് തോന്നുന്നുവെന്ന് മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പുനരന്വേഷണം വേണ്ട, സിബിഐ അന്വേഷണവും വേണ്ട. ഈ രണ്ട് ആവശ്യവും കോടതി തള്ളി. തുടരന്വേഷണമാകാമെന്നാണ് കോടതി ഉത്തരവിട്ടത്. തുടരന്വേഷണമാകുമ്പോള്‍ മന്ത്രിയായി ആള്‍ ഇരുന്നുകൊണ്ടു തന്നെ അന്വേഷണം നടത്താമെന്നതാണല്ലോ വിധിയുടെ വ്യാഖ്യാനമെന്ന് മന്ത്രി രാജീവ് പറഞ്ഞു. സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അവരുടെ ഉത്തരവാദിത്തവും ജോലിയും അതാണല്ലോയെന്ന് മന്ത്രി രാജീവ് പറഞ്ഞു. നിയമപരമായ കാര്യമാണ് താന്‍ പറഞ്ഞത്. കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്, സംസ്ഥാനത്തെ പൊലീസ് സേനയില്‍ കോടതി വിശ്വാസം അര്‍പ്പിച്ചതിന് തെളിവാണ്. കേരളത്തിലെ പൊലീസ് സംവിധാനത്തിലുള്ള ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് അതില്‍ പ്രകടമാകുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ‘കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം. പ്രസം​ഗം വലിയ വിവാദമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; നാലുദിവസത്തിനിടെ കൂടിയത് 2320 രൂപ

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. പിന്നീട് കഴിഞ്ഞയാഴ്ച ഒറ്റക്കുതിപ്പായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു

കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു. നവംബർ 25 തിങ്കളാഴ്‌ച രാവിലെ 9.30 മണിക്ക് പള്ളിക്കൽ സുമിയ ആഡിറ്റോറിയത്തിൽ നടക്കുന്ന കിസാൻമേളയുടെ ഉദ്ഘാടനം അഡ്വ.എം.ജോയി എം.എൽ.എ നിർവഹിക്കും. പ്രദർശന സ്റ്റാളുകളുടെ ഉദ്‌ഘാടനം ആറ്റിങ്ങൽ എം.എൽ.എ.ഒ.എസ്. അംബിക, ആദ്യവില്പന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി എന്നിവർ നിർവഹിക്കും. തുടർന്ന് കാർഷിക സെമിനാർ, കാർഷിക പ്രദർശനവും വിപണനവും, മികച്ച ജൈവകർഷകരുടെ അനുഭവം പങ്കുവെക്കൽ തുടങ്ങിയവ സംഘടിപ്പിക്കും.