കഞ്ചാവു ബീഡി കത്തിക്കാൻ തീ ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നത് എക്‌സൈസ് ഓഫീസില്‍, കുടുങ്ങി

കഞ്ചാവു ബീഡി കത്തിക്കാൻ തീ ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നത് എക്‌സൈസ് ഓഫീസില്‍, കുടുങ്ങി

അടിമാലി: വിനോദയാത്രക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി വലിക്കാന്‍ തീ തേടി ചെന്നത് എക്‌സൈസ് ഓഫീസില്‍. തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ ചില വിദ്യാര്‍ത്ഥികളാണ് കഞ്ചാവ് ബീഡി വലിക്കാന്‍ തീ അന്വേഷിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്.

പിന്‍വശത്തു കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഓഫീസിലെത്തിയത്. അതിനാല്‍ എക്‌സൈസ് ഓഫീസിന്റെ ബോര്‍ഡ് കുട്ടികള്‍ കണ്ടില്ല. മുറിയില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ തടിതപ്പാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കഞ്ചാവു ബീഡി കത്തിക്കാന്‍ തീ തേടിയെത്തിയതാണെന്ന് വ്യക്തമായത്.

ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കല്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കേസില്‍ പിടിച്ച വാഹനങ്ങള്‍ ഓഫിസിന്റെ പിന്‍വശത്തു കിടക്കുന്നതുകണ്ട് വര്‍ക്ഷോപ്പാണെന്ന് കരുതിയാണ് കയറിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിനോദയാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു കൗണ്‍സലിങ്ങും നല്‍കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എക്‌സൈസ് കേസുമെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി; വന്‍ സ്വീകരണം ഒരുക്കി നേവി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി; വന്‍ സ്വീകരണം ഒരുക്കി നേവി

കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ നീക്കമാണിത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ‘അചഞ്ചലമായ സൗഹൃദം’, പ്രത്യേകിച്ച് നാവിക സഹകരണ മേഖലയില്‍ എടുത്തുകാണിക്കുന്നതായി എക്‌സ് ഹാന്‍ഡിലായ കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. ‘റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു. ഇന്ത്യന്‍ നാവികസേനയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്റെ പ്രതീകമാണ്, സമുദ്രസഹകരണം ശക്തമായി തുടരുന്നു,’ നാവികസേന എക്‌സ് പോസ്റ്റില്‍ പറഞ്ഞു

നവീന്‍ബാബു അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58 ന്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നവീന്‍ബാബു അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58 ന്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് നവീന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പര്‍ അയച്ചത്. നവീന്‍ബാബു മരിച്ചിട്ട് ഇന്ന് ഒരാഴ്ചയായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം നവീന്‍ ബാബുവിന്റെത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. എന്നാല്‍ മരണസമയം കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. എന്നാല്‍ ബന്ധുക്കള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

യാത്രയയപ്പു യോഗത്തിനു ശേഷം മുനിശ്വരന്‍ കോവില്‍ ഭാഗത്തേക്കാണ് നവീന്‍ബാബു പോയതെന്നാണ് ഡ്രൈവറുടെ മൊഴി. നേരെ ക്വാര്‍ട്ടേഴ്‌സിലേക്കല്ല പോയത്. സുഹൃത്ത് വരുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മുനിശ്വരന്‍ കോവില്‍ ഭാഗത്ത് എഡിഎമ്മിനെ ഇറക്കിവിടുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി വസതിയിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍; ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍

പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍; ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍ കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തിക്കും. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും.

അടൂര്‍ ജനറല്‍ ആശുപത്രിയി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയില്‍ 4 എമര്‍ജന്‍സി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ആയുഷ് മേഖലയില്‍ അധിക തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനമൊരുക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എന്‍ എസ് അജയകുമാറിന് പോലീസ് സേന ആദരവ് അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു. പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നായി രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 216 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ജീവിതത്തിനിടെ വീരചരമം പ്രാപിച്ചത്. 1959ലെ ഇന്ത്യാചൈന തര്‍ക്കത്തില്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗില്‍ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ തിരഞ്ഞ് പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ചെറുത്തുനിന്ന പത്തു പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നു. ഇവരുടെ സ്മരണാര്‍ത്ഥമാണ് ഒക്ടോബര്‍ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിലവിൽ നടന്ന പ്രവർത്തനങ്ങളുടെ അവലോകനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ അധ്യക്ഷതയിൽ ചേർന്നു. ക്യാമ്പയിൻ സെക്രട്ടറിയേറ്റ് ജില്ലാ കോർഡിനേറ്റർ ഹരികൃഷ്ണൻ വിഷയാവതരണം നടത്തി. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ എസ് കുമാരി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, പഞ്ചായത്ത് പ്രസിഡന്റ്മാരായ
എ നഹാസ്, ബീന എസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത ഓഫീസുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ, ശുചിത്വ സൗന്ദര്യ ടൗണുകൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, നീർച്ചാലുകളുടെ നവീകരണം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകൾ, ജനകീയ ക്യാമ്പയിൻ വാർഡ് തല നിർവഹണ സമിതികൾ ചേർന്നവ, നവംബർ ഒന്നിന് പൂർത്തീകരിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. നവംബർ മാസത്തിലെ അവലോകന യോഗത്തിൽ കൃത്യമായ റിപ്പോർട്ടുകൾ തയ്യാറാക്കി പങ്കെടുക്കണമെന്ന് അറിയിച്ചു.