സുകുമാർ അനുസ്മരണം നടന്നു

സുകുമാർ അനുസ്മരണം നടന്നു

സുകുമാർ അനുസ്മരണം സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ടൗൺ യുപിഎസിൽ നടന്നു. അനുസ്മരണയോഗം ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ എസ് കുമാരി ഉദ്ഘാടനം ചെയ്തു. സർഗ്ഗ പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷനായി. ഡോക്ടർ രാധാകൃഷ്ണൻ നായർ, സി ജെ രാജേഷ് കുമാർ, എം എം പുരവൂർ മലയാ പ്രസ് ഹരി, അഡ്വക്കേറ്റ് മുഹ്സിൻ, കെ മോഹന്‍ലാല്‍, കരവാരം രാമചന്ദ്രൻ, സന്തോഷ് ആറ്റിങ്ങൽ, രാമചന്ദ്രൻ നായർ, പത്മനാഭ റാവു, പി എസ് രാജൻ, മാനസ് തുടങ്ങിയവർ സംസാരിച്ചു സർഗ്ഗ സെക്രട്ടറി കെ സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.

സുകുമാർ പുരസ്കാരം:

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുകുമാർ പുരസ്കാരത്തിന് ഹാസ്യകഥകൾ ക്ഷണിക്കുന്നു. 08/10/2024 വൈകുന്നേരം 5 മണിക്ക് മുൻപ് ശശിധരൻ നായർ, പ്രസിഡന്റ്(സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ), കൃഷ്ണകൃപ, കോയിക്കൽ പാലസിനു സമീപം ആറ്റിങ്ങൽ പി ഒ എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
ഫോൺ നമ്പർ: 8907146877

വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതി

വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതി

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ നിര്‍ദേശം. ലൈസന്‍സിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കാം.

പരിവാഹന്‍ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം. ആര്‍സിയും ഭാവിയില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതിനായി ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ലൈസന്‍സ് പ്രിന്റിങ്ങിന് അപേക്ഷകരില്‍ നിന്നു പണം വാങ്ങുന്നത് ഒഴിവാക്കുന്ന കാര്യത്തില്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ട്രഷറിയിൽ ഇന്ന് ഉച്ചവരെ പണം പിൻവലിക്കാൻ തടസ്സം

ട്രഷറിയിൽ ഇന്ന് ഉച്ചവരെ പണം പിൻവലിക്കാൻ തടസ്സം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ പണം തിരിച്ചെടുത്ത ശേഷമേ ട്രഷറികളിൽ പണം വിതരണം ചെയ്യാനാകൂ.

ഇതനുസരിച്ച് ഇടപാടുകൾ വൈകും. ഈ മാസത്തെ സർവീസ് പെൻഷൻ വിതരണം ഇന്നാണ് ആരംഭിക്കുന്നത്. രാവിലെ പതിനൊന്നിനെങ്കിലും പെൻഷൻ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

പ്രൊഫഷണല്‍ ടാക്സ് കൂട്ടി; പരിഷ്‌കരണം ഇന്നുമുതല്‍

പ്രൊഫഷണല്‍ ടാക്സ് കൂട്ടി; പരിഷ്‌കരണം ഇന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സ് ( തൊഴില്‍ നികുതി) പരിഷ്‌കരണം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം.ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ ശമ്പളം 12000-17999 പരിധിയിലാണെങ്കില്‍ നിലവില്‍ 120 രൂപയാണ് പ്രൊഫഷണല്‍ ടാക്സ് ആയി ഈടാക്കിയിരുന്നത്. ഇത് 320 രൂപയായി ഉയര്‍ത്തിയാണ് പരിഷ്‌കരണം നടപ്പാക്കിയത്. സമാനമായ രീതിയില്‍ 18,000- 29,999, 30,000- 44,999 ശമ്പള പരിധിയിലും വര്‍ധന വരുത്തിയിട്ടുണ്ട്.

ഓരോ സാമ്പത്തിക വര്‍ഷത്തിലും രണ്ടുതവണയായാണ് തദ്ദേശസ്ഥാപനങ്ങള്‍ നികുതി സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അംഗീകൃത തൊഴിലാളികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് നികുതി പിരിക്കുന്നത്. ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവര്‍ക്ക് തൊഴില്‍നികുതിയില്ല.

ഭരണഘടനാ വ്യവസ്ഥപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം പിരിക്കാവുന്ന പരമാവധി തുക 2,500 രൂപ ആണ്. വരുമാനം അനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത്. നിലവിലെ സ്ലാബ് ഗ്രാമപഞ്ചായത്തുകളില്‍ 1997ലും നഗരസഭകളില്‍ 2006ലുമാണ് നടപ്പാക്കിയത്. നികുതി സ്ലാബ് വര്‍ധിപ്പിക്കണമെന്ന് ധനകാര്യ കമീഷനുകള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ടുകളിലും തനത് വരുമാന വര്‍ധനക്കായി നികുതി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം വന്നു. തുടര്‍ന്നാണ് ആറാം ധനകാര്യ കമീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ച് നികുതി പരിഷ്‌കരിച്ചത്.

ആറുമാസത്തെ ശമ്പളം 18,000- 29,999 പരിധിയില്‍ വരുന്നവര്‍ക്ക് നിലവില്‍ 180 രൂപയാണ് പ്രൊഫഷണല്‍ ടാക്സ്. ഇത് 450 രൂപയാണ് ഉയര്‍ത്തിയത്. 30,000- 44,999 പരിധിയില്‍ 300 രൂപയായിരുന്നു പ്രൊഫഷണല്‍ ടാക്‌സ്. ഇത് 600 രൂപയായാണ് വര്‍ധിപ്പിച്ചത്. അതേസമയം 45,000-99,999 പരിധിയില്‍ 750 രൂപയായി തുടരും. 1,00,000- 1,24,999 രൂപ വരെയുള്ള ശമ്പള പരിധിയിലും നികുതി വര്‍ധനയില്ല. ആയിരം രൂപയായി തന്നെ തുടരും.

പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി, ഉത്തരവ് ഉടന്‍

പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി, ഉത്തരവ് ഉടന്‍

തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങും. സാധാരണ ദുഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുന്നത്. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്. ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ആറ്റിങ്ങല്‍ സ്വദേശിക്ക് 1.40 കോടിയുടെ ഓവര്‍സീസ് എക്‌സലന്റ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്

ആറ്റിങ്ങല്‍ സ്വദേശിക്ക് 1.40 കോടിയുടെ ഓവര്‍സീസ് എക്‌സലന്റ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്

ആറ്റിങ്ങല്‍: അവനവഞ്ചേരി സ്വദേശി എസ്.എസ്.ശരത്തിന് 1.40 കോടി രൂപയുടെ ഓവര്‍സീസ് എക്‌സലന്റ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്. ദക്ഷിണകൊറിയയിലെ സിയോളിലുള്ള കൂക്മിന്‍ സര്‍വ്വകലാശാലയിലേയ്ക്കാണ് ശരത്തിന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഗവേഷണത്തിന് പ്രവേശനം ലഭിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തെ കോഴ്‌സ് ഫീസ്, ഹോസ്റ്റല്‍ച്ചെലവ്, ഭക്ഷണം, സ്‌റ്റൈഫന്റ് എന്നിവയുള്‍പ്പെടെയാണ് 1.40 കോടി രൂപ ലഭിക്കുന്നത്. കൊല്ലം ടി.കെ.എം.എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിജയിച്ച ശരത്ത് ഗാന്ധിനഗര്‍ ഐ.ഐ.ടി.യില്‍ നിന്ന് സമ്മര്‍ റിസര്‍ച്ച് എക്‌സലന്റ് പുരസ്‌കാരം നേടിയതാണ് ഗവേഷണരംഗത്തെ വിദേശസ്‌കോളര്‍ഷിപ്പിന് വഴി തുറന്നത്. അവനവഞ്ചേരി ടോള്‍മുക്ക് ശാലീനത്തില്‍ ശശിധരന്‍നായര്‍-ഷെര്‍ലി ദമ്പതിമാരുടെ മകനാണ്.