‘തമസ്സോമ’യ്ക്ക് സർഗ്ഗചിത്ര പുരസ്കാരം

‘തമസ്സോമ’യ്ക്ക് സർഗ്ഗചിത്ര പുരസ്കാരം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചലച്ചിത്രത്തിനുള്ള സർഗ്ഗചിത്ര പുരസ്കാരം ‘തമസ്സോമ’ക്ക് ലഭിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വേണ്ടി ഗ്രാസ്ഹോപ്പർ ക്രീയേഷൻസ് ആണ് ‘തമസ്സോമ’ നിർമിച്ചത്. സജിത്ത്ലാൽ നന്ദനം കഥയെഴുതിയ ‘തമസ്സോമ’ ബൈജു അനശ്വരയാണ് സംവിധാനം ചെയ്തത്.

പണത്തിനും ലഹരിക്കും വേണ്ടി, എന്തും ചെയ്യാൻ തയ്യാറാകുന്ന ഇന്നത്തെ യുവതലമുറയുടെ ചെയ്തികൾ കുടുംബങ്ങളെ തന്നെ ഇല്ലാതാക്കുന്ന കാഴ്ചയാണ് ‘തമസ്സോമ’യിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ അവനവഞ്ചേരി സ്കൂൾ നിർമ്മിച്ച് സുനിൽ കൊടുവഴന്നൂർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘ആകാശം’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ ഡി.എസ്. അമൽ ഫെസ്റ്റിവലിലെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും നേടി.

നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ‘തമസ്സോമ’ പുരസ്കാരം നേടിയിട്ടുണ്ട്. ഭാരത്‌ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ രാകേഷ് രാമൻ, ‘തമസ്സോമ’യുടെ നിർമാണ നിർവഹണം നടത്തിയ അധ്യാപകൻ സാബു നീലകണ്ഠൻ നായർക്ക് പുരസ്കാരം സമ്മാനിച്ചു. മുൻ മന്ത്രി കെ. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ വി.ജെ. ജെയിംസ്, സംവിധായകൻ വി.സി. അഭിലാഷ്, വിഷൻ ഫിലിം സൊസൈറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഛത്രപതി കൂട്ടായ്മ ഭവനനിർമ്മാണ സഹായ ധനം കൈമാറി

ഛത്രപതി കൂട്ടായ്മ ഭവനനിർമ്മാണ സഹായ ധനം കൈമാറി

ഛത്രപതി കൂട്ടായ്മ ഭവനനിർമ്മാണ സഹായ ധനം കൈമാറി. ഛത്രപതി വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഭവനനിർമ്മാണ സഹായ ധനമാണ് അഞ്ചുതെങ്ങ് സ്വദേശിനിക്ക് കൈമാറിയത്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശിനി പ്രസന്നയുടെ ഭവനനിർമ്മാണം പൂർത്തിയാക്കുവാനായ്‌ ഛത്രപതി കൂട്ടായ്മയുടെയുടെ നേതൃത്വത്തിൽ അംഗങ്ങളിൽനിന്ന് സ്വരൂപ്പിച്ച ഒരു ലക്ഷം രൂപയാണ് കൈമാറിയത്.
സഹായ ധന കൈമാറൽ ചടങ്ങിൽ ചത്രപതി കൂട്ടായ്മ അംഗങ്ങളായ ശശാങ്കൻ, സജീവ്, അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ മൂന്നു മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ മൂന്നു മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ മൂന്നു മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാർ മാക്സ് എന്ന വസ്ത്ര സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ രണ്ട് യുവാക്കൾ സഞ്ചരിച്ച പൾസർ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രികരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

ഇരുചക്ര വാഹനത്തിൽ എത്തിയവർ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിറയിൻകീഴ് മുടപുരം സ്വദേശികൾകളായ നെബിൻ പ്രശോഭു, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ആറ്റിങ്ങൽ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

സിപിഐ (എം) ലോക്കൽ സമ്മേളനം സ്വാഗത സംഘം രൂപികരിച്ചു

സിപിഐ (എം) ലോക്കൽ സമ്മേളനം സ്വാഗത സംഘം രൂപികരിച്ചു

സിപിഐ (എം) ലോക്കൽ സമ്മേളനം സ്വാഗത സംഘം രൂപികരിച്ചു. സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ഒക്ടോബർ 20നു കായിക്കരയിൽ നടക്കും.

കായിക്കര ആശാൻ സ്മാരകത്തിൽ ചേർന്ന രൂപികരണ യോഗം സിപിഐഎം ഏരിയ സെക്രട്ടറി അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ലൈജു ആദ്യക്ഷനായിരുന്നു. എസ്. സുരേന്ദ്രൻ, സി. പയസ്, ആർ. ജെറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ബി എൻ സൈജു രാജ് എന്നിവർ സംസാരിച്ചു.

വി. ലൈജു (ചെയർമാൻ)
എസ് പ്രവീൺ ചന്ദ്ര (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സബ് കമ്മിറ്റികൾ
ഫിനാൻസ് ചെയർമാൻ: ആർ. ജെറാൾഡ്
കൺവീനർ: എസ്. പ്രവീൺ ചന്ദ്ര

ഭക്ഷണം ചെയർമാൻ: ലിജാ ബോസ്, കൺവീനർ: ശ്യാമ പ്രകാശ്

പബ്ലിസിറ്റി ചെയർമാൻ: ബി എൻ സൈജു രാജ്, കൺവീനർ: സജി സുന്ദർ

മീഡിയ & കായിക മത്സരങ്ങൾ ചെയർമാൻ: വിഷ്ണു മോഹൻ കൺവീനർ വിജയ് വിമൽ

അനുബന്ധ പരിപാടികൾ ചെയർമാൻ: കെ ബാബു കൺവീനർ: തോബിയാസ്

കലാ പരിപാടികൾ ചെയർമാൻ: കിരൺ ജോസഫ്, കൺവീനർ: ബിപിൻ ചന്ദ്ര പാൽ

ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും, ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ പുതിയ തട്ടിപ്പ്

ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും, ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ പുതിയ തട്ടിപ്പ്. കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നു. 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാര്‍ ചെയ്യുന്നത്. തുടര്‍ന്നുള്ള ഓരോ ബുക്കിങ്ങിനും ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുക എന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ നടത്തുന്ന പുതിയ തരത്തിലുള്ള തട്ടിപ്പിനെതിരെ നമുക്ക് ജാഗ്രത പാലിക്കാം.

കമ്പനിയുടെ പേരില്‍ വരുന്ന SMS ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നു. 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാര്‍ ചെയ്യുന്നത്. തുടര്‍ന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുക.

വ്യാജ വെബ്സൈറ്റ് മുഖാന്തിരം അക്കൌണ്ട് ആരംഭിക്കാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്‌സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവര്‍ നിങ്ങളെ ധരിപ്പിക്കും. നിങ്ങള്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനു പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കണമെന്നും ഇത്തരത്തില്‍ ചേര്‍ക്കുന്ന ഓരോരുത്തരും ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവര്‍ പറയുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുക.

അമിതലാഭം ഉറപ്പുനല്‍കുന്ന ജോലിവാഗ്ദാനങ്ങളിലോ ഓണ്‍ലൈന്‍ നിക്ഷേപങ്ങളിലോ ഇടപാടുകള്‍ നടത്താതിരിക്കുക.

ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണം.

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക്…’; ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക്…’; ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി

നടി കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി. കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത്. “പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ…” എന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിട്ടുണ്ട്. തനിയാവർത്തനം, വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി നിരവധി സിനിമകളിൽ മമ്മൂട്ടിയും കവിയൂർ പൊന്നമ്മയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ അമ്മയായി പൊന്നമ്മ വേഷമിട്ടു. സിനിമയ്ക്ക് പുറത്തും ഹൃദ്യമായ ആത്മബന്ധം ഇരുവരും സൂക്ഷിച്ചിരുന്നു. പൊതുവേദികളിലടക്കം മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ പങ്കുവച്ചിട്ടുണ്ട്.

മമ്മൂസ് എന്നാണ് മമ്മൂട്ടിയെ കവിയൂർ പൊന്നമ്മ വിളിക്കാറ്. എനിക്ക് ലാലുവും മമ്മൂസും ഒരുപോലെയാണ്. ഒരു വ്യത്യാസവുമില്ല. ലാലിന്റെ അമ്മയാകുന്നതിന് മുന്നേ തന്നെ താൻ മമ്മൂസിന്റെ അമ്മയായാണ് വേഷമിട്ടതെന്നും കവിയൂർ പൊന്നമ്മ മുൻപ് പല വേദികളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.