ബെവ്കോ ജീവനക്കാർക്ക് 95,000 രൂപ ബോണസ്, പുത്തൻ റെക്കോർഡ്

ബെവ്കോ ജീവനക്കാർക്ക് 95,000 രൂപ ബോണസ്, പുത്തൻ റെക്കോർഡ്

തിരുവനന്തപുരം: ബോണസിൽ പുത്തൻ റെക്കോർഡിട്ട് ബെവ്കോ ജീവനക്കാർ. 95,000 രൂപവരെയാണ് ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ബോണസായി ലഭിക്കുക. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇത്.

കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബെവ്കോ ജീവനക്കാർക്ക് ബോണസായി നൽകിയിരുന്നത്. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്നായിരുന്നു ശുപാർശ. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.

സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ബോണസ്. കൊച്ചിൻ ദേവസ്വം ബോർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് അനുവദിച്ചു. 4500 രൂപ ബോണസും 3250 രൂപ ഉത്സവബത്തയുമാണ് അനുവദിച്ചത്. അഡ്വാൻസ് 12000 രൂപയായി വർധിപ്പിച്ചു.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടി എൽ കെ ജി വിദ്യാർത്ഥി

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടി എൽ കെ ജി വിദ്യാർത്ഥി

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടി എൽ കെ ജി വിദ്യാർത്ഥി. തിരുവനന്തപുരം ഉള്ളൂർ ഭാസി നഗർ കൃഷ്ണശ്രീയിൽ ധ്രുവ് കൃഷ്ണയാണ് ഈ നേട്ടത്തിനർഹനായത്. 3 വയസ്സും 11 മാസം പ്രായമുള്ളപ്പോൾ, 45 ദിനോസർ, 45 വാട്ടർ അനിമൽസ്, 45 മറ്റു മൃഗങ്ങൾ എന്നിവയെയെല്ലാം ഐഡന്റിഫൈ ചെയ്തതിനാണ് റെക്കോർഡ്സ് കിട്ടിയത്. 7 മിനിറ്റും 15 സെക്കൻഡും കൊണ്ടാണ് ഇത്രയും മൃഗങ്ങളെ ഐഡന്റിഫൈ ചെയ്തത്. ഡോ.അഖിൽ കൃഷ്ണയുടെയും ഡോ.നന്ദിനി മോഹൻലാലിന്റെയും മകനാണു ഈ കൊച്ചു മിടുക്കൻ. ഇപ്പോൾ ശ്രീകാര്യം ലയോള സ്കൂളിലെ എൽ കെ ജി വിദ്യാർഥിയാണ്.

ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്; ഹോട്ടൽ അടപ്പിച്ചു

ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം വെൺപാലവട്ടത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി.വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.

പാലോട് സ്വദേശിയായ അനീഷും മകൾ സനുഷയും ഇന്ന് രാവിലെയാണ് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെൻററിൽ കയറിയത്. തുടർന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്.മകൾ സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയം സനുഷയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു.

തുടർന്ന് ടിഫിൻ സെന്റർ അധികൃതരെ വിവരമറിയിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭയിലെ ആരോഗ്യവിഭാഗവും കടയിൽ പരിശോധന നടത്തി. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ബ്ലേഡിൽ പകുതി മറ്റൊരാൾക്കും വടയിൽ നിന്ന് കിട്ടിയെന്ന പരാതി കൗൺസിലർക്ക് ലഭിച്ചു. ഭക്ഷണപദാർത്ഥത്തിൽ ബ്ലേഡ് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

‘മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്’; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകളും അവര്‍ നല്‍കിയ വിവരങ്ങളും പുറത്തു വരാന്‍ പാടില്ലെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടി രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴികളും തെളിവുകളും അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ എന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ബെഞ്ച് ചോദിച്ചു. മുദ്ര വെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; മരിച്ച നിലയില്‍

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്.പരിക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്.

മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

‘സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം’; ഉത്തരവിറക്കി ഡിജിപി

‘സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം’; ഉത്തരവിറക്കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാം. ഡിജിപി ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പറ്റുന്നില്ലെന്ന പരാതി പൊലീസുകാര്‍ക്കിടയില്‍ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് . പൊലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു.കഴിഞ്ഞ 7 വര്‍ഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ മാനസിക സമ്മര്‍ദത്തിനു ചികിത്സ തേടിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 5 വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു.

തിരുവോണത്തിന് ഇനി നാലു ദിസവമാണ് ശേഷിക്കുന്നത്. വരുംദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കും.