by Midhun HP News | Sep 5, 2024 | Latest News, ജില്ലാ വാർത്ത
ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് പരിശോധന. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് പരിശോധന നടക്കുന്നത്. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നായിരുന്നു. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി രഹസ്യമൊഴി നൽകിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്‌മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. ഇതിന്റെ എഫ്ഐആർ തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. നേരത്തേ, സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.
by Midhun HP News | Sep 5, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ബി.ജെ.പി ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചു. അഞ്ചുതെങ്ങ് സജനെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആണ് അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയിൽ കൂട്ടരാജി ഉണ്ടായത്. മുതലപ്പൊഴി ഉൾപ്പെടെയുള്ള തീരദേശ ജനതയുടെ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ സജീവമായി നിൽക്കുന്ന സജനെ പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ കയ്യിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിൻ്റെ ഭാരവാഹി ആയി നിശ്ചയിച്ചു.
ഇതിൽ പ്രകോപിതരായാണ് ജില്ലാ നേതൃത്വം സജനെ അയോഗ്യത കൽപ്പിച്ചു പ്രസ്താവന ഇറക്കിയത്. ജില്ലാ നേതൃത്വത്തിൻ്റെ ഏക പക്ഷീയ നടപടിക്ക് എതിരെ പ്രതിഷേധിച്ചു നിലവിലെ പ്രവർത്തകരും ഭാരവാഹികളും അഞ്ചുതെങ്ങിൽ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തകർ രാജി വെയ്ക്കുന്നതിന് തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഭാവി പരിപാടികൾ തീരുമാനിക്കാൻ വീണ്ടും യോഗം ചേരുമെന്ന് ഇവർ പറഞ്ഞു.
by Midhun HP News | Sep 5, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. സജിമോൻ പാറയിലിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.
കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വെളിപ്പെടുത്തലും പൊലീസ് കേസുകളും ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കെയാണ് കോടതിയുടെ ഭാഗത്തുനിന്നും പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പുറത്തുവിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനിയിലുണ്ട്. ഇത്തരത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എല്ലാം പുതിയ ബെഞ്ചിലേക്ക് കൈമാറുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
by Midhun HP News | Sep 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
പുതിയ നിരക്ക് ബ്രാക്കറ്റിൽ
കുറുവ അരി (kg) – 30 ( 33)
തുവരപ്പരിപ്പ് (kg) – 111 (115)
മട്ട അരി (kg) – 30 ( 33)
പഞ്ചസാര (kg) – 27 (33)
വില കുറഞ്ഞത്
ചെറുപയർ (kg) – 92 (90)
നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.
സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.
ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.
by Midhun HP News | Sep 5, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന നീതി പലവ്യഞ്ജന ഡിപ്പോ 2024 സെപ്തംബർ 7നു പകൽ 11 മണിക്ക് സൊസൈറ്റിയുടെ താഴത്തെ ഹാളിൽ പ്രവർത്തനം ആരംഭിക്കുന്നു. പ്രഥമ വിൽപ്പന സൊസൈറ്റി പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ, വൈസ് പ്രസിഡന്റ് ആർ.മണികണ്ഠൻപിള്ളയ്ക്ക് കിറ്റ് നൽകി നിർവ്വഹിക്കും. വിപണന സൗകര്യത്തിന് വേണ്ടി സബ്‌സിഡി സാധനങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു കിറ്റ് ആയിട്ടാണ് നൽകുന്നത്.
by Midhun HP News | Sep 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരിഫിന്റെ മുന്‍ഗാമിയായ ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ പദവിയില്‍ അഞ്ചു വര്‍ഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു.
ഗവർണർക്ക് കാലാവധി നീട്ടിക്കൊടുക്കാനോ, പുതിയ ഗവർണറെ നിയമിക്കാനോ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാം. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ നിലവിലെ ഗവർണർക്ക് തൽസ്ഥാനത്ത് തുടരാനാകും. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, കേരള ഗവർണർ സ്ഥാനത്ത് ആറുമാസം തികയും മുമ്പേ ഷീല ദീക്ഷിത്തിനെ മാറ്റിയിരുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാന സർക്കാരുമായി ഇടഞ്ഞും ഇണങ്ങിയും ആരിഫ് മുഹമ്മദ് ഖാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി, പലപ്പോഴും മുഖ്യമന്ത്രി- ഗവർണർ പിണക്കങ്ങൾ നേരിട്ടുള്ള ഏറ്റുമുട്ടലുകളുടെ വക്കത്തേക്ക് പോയിരുന്നു. ഇരുവരും പരസ്പരം മിണ്ടാത്ത സ്ഥിതിയുമുണ്ടായിരുന്നു.
പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ ഗവർണർ- സർക്കാർ പോര് മൂർധന്യത്തിലെത്തി. ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങി. ഇതിന് ഒൻപതു വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ തിരിച്ചടിച്ചു.
വൈസ് ചാൻസലർമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചും, താൽപ്പര്യമുള്ളവരെ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തും ഗവർണർ അധികാരം കാണിച്ചു. ഗവർണർക്കെതിരെ സിപിഎം എസ്എഫ്ഐയെ സമരരംഗത്തിറക്കി. ഇതിനു പിന്നാലെ ഗവർണർ സ്വന്തം സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിച്ചു. ഏറ്റവുമൊടുവിൽ നിയമസഭ പാസ്സാക്കിയ ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.
ഏറ്റവുമൊടുവിൽ വയനാട് ഉരുൾപൊട്ടലുണ്ടായപ്പോൾ സർക്കാരിനൊപ്പം സഹകരിച്ചാണ് ഗവർണറുടെ പ്രവർത്തനം. ദുരന്തം നേരിട്ട സർക്കാരിന്റെ നടപടികളെ പൂർണമായും പിന്തുണച്ച ഗവർണർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല സംസ്ഥാനങ്ങളിൽ നിന്നും തുക നേടിയെടുത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ കൈപിടിച്ചു. 73 കാരനായ, മുൻ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ ബുലന്ദ് ഷഹർ സ്വദേശിയാണ്.
Recent Comments