by Midhun HP News | Aug 27, 2024 | Latest News, ജില്ലാ വാർത്ത
റാസൽഖൈമയിൽ ജോലിക്കിടെ ട്രക്ക് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.
കോഴിക്കോട് ബാലുശേരി സ്വദേശി അതുലാണ് മരിച്ചത്. 27 വയസായിരുന്നു.ഇന്നലെ
റാസൽഖൈമ സ്‌റ്റീവൻ റോക്കിലാണ് അപകടം ഉണ്ടായത്.
ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയാരുന്നു. അതുലാണ് ട്രക്ക് ഓടിച്ചിരുന്നത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുന്ന അതുൽ അവിവാഹിതനാണ്. അതുൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനാണ്.
by Midhun HP News | Aug 27, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതിൽ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടൻ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഇന്ന് നടത്താനിരുന്ന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡൻറുമായ മോഹൻലാലിന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹൻലാൽ നിലവിൽ ചെന്നൈയിലാണെന്നാണ് വിവരം. മോഹൻലാലിന് നേരിട്ട് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടൻ അറിയിക്കാമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചിരുന്നു. അതിനിടയിലാണ് കൂട്ടരാജിയുണ്ടായത്.
മോഹൻലാലിൻ്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. .
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.
by Midhun HP News | Aug 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് നടി ഗായത്രി വര്‍ഷ. അധികാര സ്ഥാനങ്ങളില്‍ മുകേഷ് തുടരുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തെ ബാധിക്കുമെന്നും ഗായത്രി വര്‍ഷ പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.
ടാലന്റഡ് ആയിട്ടുള്ള ആളുകള്‍ വളരെ തൃഷ്ണയോടെ, അതു ചെയ്യണമെന്ന പാഷനോടെ ആളുകള്‍ സിനിമയില്‍ വരും. മറ്റൊന്ന് മറ്റൊരു ജോലിയും ചെയ്യാതിരിക്കുമ്പോള്‍ അവനവന്റെ മെരിറ്റ്‌സിലുള്ള ആത്മവിശ്വാസത്തില്‍ വരുന്നവരുമുണ്ട്. സൗന്ദര്യത്തിലും കഴിവിലുമുള്ള ആത്മവിശ്വാസത്തിലാണ് വരുന്നത്. ഈ രണ്ടിടത്തെയും അവസ്ഥ ചൂഷണം ചെയ്യുന്നത് ഗുരുതരമായ തെറ്റാണ്. അതിന്റേതായ അര്‍ത്ഥത്തിലുള്ള നടപടി വേണം.
നിയമത്തിന്റെ യാതൊരു ആനുകൂല്യവും പറ്റി മറുവശത്ത് പോകാതിരിക്കാനുള്ള ജാഗ്രതയും, ആ പ്രിവിലേജും സ്ത്രീക്ക് ഉണ്ടാകണം. സ്ത്രീകള്‍ പരാതിയുമായി മുമ്പോട്ടു വരിക തന്നെ വേണം. പരാതി നല്‍കുന്നില്ല എന്നത് മുമ്പത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. പരാതി കൊടുക്കുന്നവര്‍ മോശക്കാരാകുന്ന അവസ്ഥ ഒത്തിരിപ്പേര്‍ക്കുണ്ടായിട്ടുണ്ട്.
വളരെ മുമ്പ്, വിവാഹത്തിനൊക്കെ മുമ്പ് തനിക്ക് സിനിമാ സെറ്റില്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ലൊക്കേഷനിലെത്തി, പ്രമുഖര്‍ക്ക് അനുകൂലമായി പരാതി ലഘൂകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നിങ്ങളും സ്റ്റാറല്ലേ, നാണക്കേടല്ലേ പൊതുജനം അറിഞ്ഞാല്‍ എന്നെല്ലാമാണ് പറഞ്ഞത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റും ഒരു വനിതയാണ്. പക്ഷെ അവരുടെ പവര്‍ എന്താണ് എന്നതും ചിന്തിക്കേണ്ടതാണ്. റബര്‍ സ്റ്റാമ്പ് പോലെ അമ്മ തലപ്പത്ത് വനിത വന്നിട്ടു കാര്യമില്ല. സ്ത്രീകളുടെ കാര്യങ്ങളില്‍ ധൈര്യത്തോടെ അഭിപ്രായം പറയാന്‍ കഴിയുന്നവര്‍ വന്നാലേ കാര്യമുള്ളൂ എന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Aug 27, 2024 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ സായിഗ്രാമത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശോഭായാത്ര നടത്തി. സായി ഗ്രാമം അനാഥാലയത്തിലെ കുട്ടികളും സ്കൂൾ കുട്ടികളും ചേർന്ന് കൃഷ്ണവേഷത്തിലും, രാധ വേഷത്തിലും അണിനിരന്ന ഘോഷയാത്ര സായിഗ്രാമത്തിൽ നിന്നും ആരംഭിച്ച് മങ്കാട്ടുമൂല ജംഗ്ഷൻ വഴി തിരികെ സായിഗ്രാമത്തിൽ എത്തിച്ചേർന്നു.
by Midhun HP News | Aug 27, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ യു പി, എച്ച് എസ് ക്ലാസ് റൂമുകളിലും സ്പീക്കർ സിസ്റ്റം നിലവിൽ വന്നു. ഇതിന്റെ ഉദ്ഘാടനം റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. വി മണികണ്ഠൻ നായർ നിർവഹിച്ചു.
ചടങ്ങിൽ എച്ച് എം ഗീത ടീച്ചർ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 27, 2024 | Latest News, ജില്ലാ വാർത്ത
വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ്, വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പ്രസിഡന്റ് പൂജ ഇക്ബാൽ, സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ്, ട്രഷറർ അനിൽകുമാർ എന്നിവർ ചേർന്ന് ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസുവിനു കൈമാറി. മേഖല ട്രഷറർ റാഫി കല്ലമ്പലം, വ്യാപാരി വ്യവസായി ഏകോപനസമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Recent Comments