വിദേശത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍; നോര്‍ക്ക രജിസ്ട്രേഷന് തുടക്കമായി

വിദേശത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍; നോര്‍ക്ക രജിസ്ട്രേഷന് തുടക്കമായി

തിരുവനന്തപുരം: വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി.

നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുകെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍. www.nifl.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബയോഡാറ്റ അപ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനം അതീവ ദുഃഖത്തില്‍; നമുക്ക് അതിജീവിക്കേണ്ടതുണ്ട് : മുഖ്യമന്ത്രി

സംസ്ഥാനം അതീവ ദുഃഖത്തില്‍; നമുക്ക് അതിജീവിക്കേണ്ടതുണ്ട് : മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഃഖത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വിഷമിച്ചിരുന്നാല്‍ മതിയാകില്ല. നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ദുരന്തഘട്ടത്തിൽ ഒപ്പം നിന്നവർക്കെല്ലാം നന്ദിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല.

മുന്നറിയിപ്പുകളല്ലാതെ കൃത്യമായ പ്രചവനം ഉണ്ടെങ്കിലെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൊലീസ് പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്.

വയനാട്ടിലെ കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മന്ത്രി ഒആര്‍ കേളു പതാക ഉയര്‍ത്തി.ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.

ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. നേരത്തെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും പത്തനംതിട്ട ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ചക്രവാതച്ചുഴിയ്ക്ക് പുറമേ റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 m ഉയരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയും മഴയെ സ്വാധീനിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോരാണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കോരാണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: കോരാണിയിൽ രണ്ടു സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം. കോരാണി എൽ പി എസ്സിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.45നാണ് സംഭവം. ഇവിടേയ്ക്ക് വരുകയായിരുന്ന ഐ ജി നാഗരാജ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ചാലിയാറില്‍ വെള്ളിയാഴ്ച വരെ തിരച്ചില്‍

ചാലിയാറില്‍ വെള്ളിയാഴ്ച വരെ തിരച്ചില്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി.

തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഡിഎന്‍എ പരിശോധനയ്ക്ക് 115 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്. ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തില്‍ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ചൂരല്‍മല പാലത്തിന് താഴ്ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും നിലമ്പൂര്‍ വയനാട് മേഖലകളിലും തിരച്ചില്‍ ഊര്‍ജ്ജിതമാണ്. ഏഴു മേഖലകളായി തിരിച്ച് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലില്‍ നടത്തുന്നുണ്ട്. ജനകീയ തിരച്ചിലില്‍ ഒറ്റ ദിവസം തന്നെ 2000 ത്തോളം പേര്‍ പങ്കെടുത്തു. പരിശോധന ഇന്നും തുടരുന്നുണ്ട്. വെള്ളിയാഴ്ചവരെ ചാലിയാറില്‍ തിരച്ചില്‍ നടത്തും.

വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയ സംഭവം,നിർണായക മൊഴി പോലീസിന് ലഭിച്ചു

വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയ സംഭവം,നിർണായക മൊഴി പോലീസിന് ലഭിച്ചു

തിരുവനന്തപുരം. വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയെന്ന് പരാതി. വിമാനത്താവളത്തിന് സമീപം ഓട്ടോയിൽ കയറിയ ആളെയാണ് തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായക മൊഴി പോലീസിന് ലഭിച്ചു. വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് നിന്ന് പുലർച്ചെ 12.30 മണിക്കാണ് യുവാവ് ഓട്ടോയിൽ കയറിയത്. തമ്പാനൂർ ബസ് സ്റ്റാർഡിൽ കൊണ്ടു വിടണമെന്ന് ഡ്രൈവർ വൈശാഖിനോട് ആവശ്യപ്പെട്ടു. തിരുനെൽവേലിക്ക് പോകാനാണെന്നും ഇയാൾ പറഞ്ഞു. ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴിക്ക് തകരപ്പറമ്പ് ഭാഗത്ത് വച്ച് ഓട്ടോ തടഞ്ഞുനിർത്തി രണ്ടു കാറുകളിലായി വന്ന സംഘം ബലം പ്രയോഗിച്ച് ഇയാളെ പുറത്തിറക്കി..മർദ്ദിച്ച് കാറിൽ കയറ്റി. ചോദിക്കാനെത്തിയ ഡ്രൈവറെയും സംഘം മർദിച്ചു.

വെള്ളയും, ചാരയും നിറത്തിലുള്ള കേരള രജിസ്ട്രേഷനിലുള്ള രണ്ടു വണ്ടികളിലായാണ് സംഘമെത്തിയതെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഓട്ടോ സ്റ്റാൻഡിന് സമീപം ഈ വാഹനങ്ങൾ നേരത്തെ പാർക്ക് ചെയ്തതയി ശ്രദ്ധയിൽ പെട്ടതായി ഓട്ടോ റിക്ഷാ തൊഴിലാളികൾ പറഞ്ഞു. തട്ടിക്കൊണ്ടു പോയത് ആരെയാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.പ്രതികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ നോക്കി കാർ പോയ ദിശ കണ്ടെത്താനാണ് ശ്രമം. കാർ പ്രതികൾ വാടകക്കെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. ഡ്രൈവറുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.