സ്കൂൾ കുട്ടികളുടെ ആരോ​ഗ്യവിവരങ്ങൾ ഇനി ഹെൽത്ത് കാർഡിൽ; വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലായി സൂക്ഷിക്കും

സ്കൂൾ കുട്ടികളുടെ ആരോ​ഗ്യവിവരങ്ങൾ ഇനി ഹെൽത്ത് കാർഡിൽ; വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലായി സൂക്ഷിക്കും

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ആരോ​ഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയിലൂടെ ഒരു കുട്ടി സ്കൂളിൽ ചേരുന്നതു മുതൽ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള ആരോ​ഗ്യവിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിജിറ്റലായി സൂക്ഷിക്കാനാകും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐഎംഎ) ചേർന്ന് നടത്തുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് സാങ്കേതിക സഹായം നൽകും. സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വർക് ഷോപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകാരെ പ്രൈമറി, ആറ് മുതൽ എട്ടുവരെ അപ്പർ പ്രൈമറി, ഒൻപതും മുതൽ 12 വരെ ക്ലാസുകാരെ സെക്കൻഡറി എന്നിങ്ങനെ തിരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുക. ‌‌വൈദ്യപരിശോധന, ദന്തപരിശോധന, നേത്രപരിശോധന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. കൗമാരത്തിൽ നേരിടുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും.

നാളെ ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

നാളെ ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.

പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്; സുരേഷ് ഗേ‍ാപി ഫ്ലാ​ഗ് ഓഫ് ചെയ്യും

പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്; സുരേഷ് ഗേ‍ാപി ഫ്ലാ​ഗ് ഓഫ് ചെയ്യും

പാലക്കാട് : പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്. തൂത്തുക്കുടിയിലേക്കുള്ള സർവീസിന്റെ ഫ്ലാ​ഗ് ഓഫ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നാളെ വൈകീട്ട് 3.45ന് കേന്ദ്രമന്ത്രി സുരേഷ് ഗേ‍ാപി നിർവഹിക്കും.

എറണാകുളം – ഹൗറ അന്ത്യേ‍ാദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റേ‍ാപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.05നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. തുടക്കത്തിൽ പുനലൂർ വരെയായിരുന്ന സർവീസ് പിന്നീട് ചെങ്കേ‍ാട്ടയിലേക്കും രണ്ടു വർഷം മുമ്പ് തിരുനൽവേലിയിലേക്കും നീട്ടുകയായിരുന്നു.

തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെ നിന്നും തിരുനെൽവേലിയിലേക്ക് പാലരുവി നീട്ടണമെന്ന ആവശ്യത്തെത്തുടർന്നാണ് സർവീസ് നീട്ടിയത്. തൂത്തുക്കുടിയിൽ നിന്നു കൂടുതൽ ചരക്കുകളും ലഭിക്കുമെന്നതിനാൽ വരുമാന വർധനയും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്.

ദുബായിലെ റേഡിയോ കേരളം അവതാരക ആർ ജെ ലാവണ്യ അന്തരിച്ചു

ദുബായിലെ റേഡിയോ കേരളം അവതാരക ആർ ജെ ലാവണ്യ അന്തരിച്ചു

മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവിൽ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ. നേരത്തെ ക്ലബ്ബ് എഫ് എമ്മിലും റെഡ് എഫ്എമ്മിലും യു എഫ് എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ: പരേതനായ സോമസുന്ദരം. അമ്മ: ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻ്റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തൃശ്ശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീനിവാസനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതിൽ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി.

രാഷ്ട്രീയവും സാമൂഹികവുമായി പ്രശസ്തരായ സുന്ദർ മേനോൻ, സി എസ് ശ്രീനിവാസൻ എന്നിവരെ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലും നിക്ഷേപിച്ചത്. എന്നാൽ മുതലോ പലിശയോ നൽകാൻ കമ്പനി തയ്യാറായില്ല. മാരക രോഗം ബാധിച്ചവർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നും നിക്ഷേപകർ പറയുന്നു.

റൂഫിംഗ് ഷിംഗിൾസിൻ്റെ ഏജൻസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ

റൂഫിംഗ് ഷിംഗിൾസിൻ്റെ ഏജൻസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ

റൂഫിംഗ് ഷിംഗിൾസിൻ്റെ ഫ്രാഞ്ചൈസിയും ഏജൻസിയും നൽകാമെന്നും അതിനായി സാധന സാമഗ്രികൾ ഇറക്കി നൽകാമെന്നും വാഗ്ദാനം നൽകി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ ആൾക്കാരിൽ നിന്നായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ജില്ലയിൽ പൂയപ്പള്ളി കൊട്ടറ മീയ്യണ്ണൂർ ലാലു ഹൗസിൽ അജി തോമസ് (47)നെയാണ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ് ഐമാരായ സജിത്ത്. എസ്, ജിഷ്ണു എം.എസ്, ജി എസ് ഐ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ മണമ്പൂർ സ്വദേശിയായ മുഹമ്മദ് അഷറഫ്, കൊല്ലം പുനലൂർ സ്വദേശിയായ അനീഫ് വർഗീസ്, വർക്കല വടശ്ശേരിക്കോണം സ്വദേശി തോമസ് പത്രോസ് എന്നിവരിൽ നിന്നായി ഇല്ലാത്ത ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. 2023 ൽ ആറ്റിങ്ങൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.