തോക്കുമായി സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു

തോക്കുമായി സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു

ആലപ്പുഴ: തോക്കുമായി സ്കൂളിൽ എത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടാ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വെടിവെപ്പിൽ ആർക്കും സാരമായ പരിക്കില്ല.

ചൊവ്വാഴ്ച ഉച്ചയോടെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ വച്ചായിരുന്നു വെടിവെപ്പ്. വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിലെത്തിയത്. ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തിറങ്ങിയ കുട്ടികൾ തമ്മിൽ തർക്കമുണ്ടാവുകയും വെടിയുതിർക്കുകയുമായിരുന്നു.

സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു. തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ കോടതിക്കു റിപ്പോർട്ട് നൽകി. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം.

മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം.

തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; മുതലപ്പൊഴിയിലും അപകടം

തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; മുതലപ്പൊഴിയിലും അപകടം

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം.

വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരില്‍ നാലുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ നീന്തി കരയില്‍ക്കയറുകയായിരുന്നു. തിരയില്‍പ്പെട്ട സെബാസ്റ്റ്യന്‍ ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.

കോസ്റ്റല്‍ പൊലീസ് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിലും രാവിലെ അപകടമുണ്ടായി. തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആറ്റിങ്ങലിൽ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും മകളുടെ ഭർത്താവ് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ആറ്റിങ്ങൽ കരിച്ചയിൽ രേണുക അപ്പാർട്ട്മെൻ്റിൽ താമസിക്കുകയായിരുന്നു പ്രീതയും ഭർത്താവ് ബാബുവും. മരുമകൻ അനിൽ കുമാറും ഭാര്യയുമായി വിവാഹ മോചനകേസ് നടക്കുകയാണ്. പ്രതി അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപ്രത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രീതയുടെ ഭർത്താവ് ബാബു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സ്പീക്കറോട് മോശമായി പെരുമാറി; വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇയെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

സ്പീക്കറോട് മോശമായി പെരുമാറി; വന്ദേഭാരത് എക്‌സ്പ്രസിലെ ടിടിഇയെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു. ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇമാരുടെ യൂണിയന്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ വരുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ടിടിഇആയ ഇഎസ് പത്മകുമാര്‍ മോശമായി പെരുമാറിയെന്ന് സ്പീക്കര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടസ്ഥാനത്തിലാണ് വന്ദേഭാരതിലെ ഡ്യൂട്ടിയില്‍ നിന്നും ഇഎസ് പത്മകുമാറിനെ ഒഴിവാക്കിയത്.

എന്നാല്‍ സ്പീക്കറോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ടിടിഇമാരുടെ യൂണിയന്‍ പറയുന്നത്. താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് എടുത്ത സുഹൃത്ത് ഉയര്‍ന്ന ക്ലാസില്‍ സ്പീക്കര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അതിനെ ചോദ്യം ചെയ്യുകയും മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഒരു തര്‍ക്കത്തിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ സ്പീക്കര്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ടിടിഇ സ്പിക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റും; മന്ത്രി ശിവന്‍കുട്ടി

കുട്ടികളെ മേപ്പാടി സ്കൂളിലേക്ക് മാറ്റും; മന്ത്രി ശിവന്‍കുട്ടി

മേപ്പാടി (വയനാട്): മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. 20 ദിവസത്തിനകം സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കാന്‍ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പ് മാറുന്ന മുറയ്ക്ക് മേപ്പാടി സ്‌കൂളില്‍ പഠനം പുനഃരാരംഭിക്കും. വെള്ളാര്‍മല, മുണ്ടക്കൈ ഈ രണ്ടു സ്‌കൂളുകളിലെയും കുട്ടികളെ ഇവിടെ ചേര്‍ക്കാനാണ് തീരുമാനം. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി വയനാട് ഡെപ്യൂട്ടി ഡയറക്ടറെ നിയമിച്ചു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐഎഎസിനെയും ചുമതലപ്പെടുത്തിയതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ദുരന്തബാധിതരായ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ദുരന്തം ബാധിച്ച രണ്ട് സ്‌കൂളുകളിലെ സെപ്റ്റംബര്‍ മാസത്തിലെ ആദ്യപാദ പരീക്ഷ മാറ്റിവെച്ചു.

സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക്, തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഉദ്യോഗസ്ഥര്‍ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കുട്ടികളുടെ ഗതാഗതം കെഎസ്ആര്‍ടിസിയുമായി ആലോചിക്കും. അല്ലെങ്കില്‍ ബദല്‍ സംവിധാനം സജ്ജമാക്കും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനും സംവിധാനമൊരുക്കും. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും. അത് എവിടെ വേണമെന്ന് തീരുമാനിച്ചിട്ടില്ല.

ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അതിനോടു ചേര്‍ന്ന് പൊതുവായ ഫണ്ട് ഉപയോഗിച്ചോ, അല്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പോ സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും. തകര്‍ന്ന മുണ്ടക്കൈ സ്‌കൂള്‍ പുനര്‍നിര്‍മിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അദ്ദേഹവുമായും സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ സജി ചെറിയാന്‍, ഒ ആര്‍ കേളു എന്നിവരും ടി സിദ്ദിഖ് എംഎല്‍എയും യോഗത്തില്‍ സംബന്ധിച്ചു. സ്‌കൂള്‍ അധ്യാപകരുമായും മന്ത്രി ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു.