അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി ഡ്രൈവറുടെയും സംഘത്തിന്റെയും ആംബുലന്‍സ് യാത്ര; അപകടം

അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി ഡ്രൈവറുടെയും സംഘത്തിന്റെയും ആംബുലന്‍സ് യാത്ര; അപകടം

കൊല്ലം: ഓച്ചിറയില്‍ ആംബുലന്‍സ് വൈദ്യതി തൂണില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം വടിമുക്ക് ജങ്ഷന് പടിഞ്ഞാറെ വശത്തുവച്ചായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മൂന്ന് തവണ കരണം മറിഞ്ഞ ശേഷം റോഡരികിലെ മാവില്‍ തട്ടി നില്‍ക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ആംബുലന്‍സില്‍ രോഗി ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ഡ്രൈവറുടെ സുഹൃത്തുക്കളാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവറെ ഉള്‍പ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇവരുടെ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നതുള്‍പ്പടെ മനസിലാക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കുന്നുണ്ട്. പരിക്കേറ്റ മൂന്ന് പേരെ കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരുടെയും നില ഗുരുതരമല്ല.

49 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍; മഷി പുരട്ടുക നടുവിരലില്‍

49 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍; മഷി പുരട്ടുക നടുവിരലില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ ഉപയോഗിക്കാം.

ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 76 പേര്‍ സ്ത്രീകളാണ്. വോട്ടെടുപ്പിന് 211 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

കുപ്രസിദ്ധ കള്ളന്‍ ‘അമ്പിളി’ പിടിയില്‍

കുപ്രസിദ്ധ കള്ളന്‍ ‘അമ്പിളി’ പിടിയില്‍

തിരുവനന്തപുരം: മോഷണ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാല മോഷണ കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പാറശ്ശാല പൊലീസ് പിടികൂടിയത്.

പാപ്പനംകോട് അരുവാക്കോട് മിനി ഹൗസില്‍ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57)നെയാണ് പിടികൂടിയത്. 1988 ല്‍ ഉദിയന്‍കുളങ്ങര സ്റ്റാന്‍ലി ആശുപത്രിയിലെ ജീവനക്കാരിയായ ലളിതാഭായിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ മാല പൊട്ടിച്ചെടുത്ത കേസില്‍ റിമാന്റിലായിരുന്ന പ്രതി ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷം നാട് വിട്ടു. പാറശ്ശാല പൊലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി അന്‍പതോളം മോഷണ കേസ്സില്‍ ഈയാള്‍ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാറശ്ശാല എസ് എച്ച് ഓ സജി എസ്എസ് ന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കെ. ബാബു (63) അന്തരിച്ചു

കെ. ബാബു (63) അന്തരിച്ചു

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം ചാത്തമ്പറക്കോണത്ത് ചിറവരമ്പത്ത് വീട്ടിൽ
കെ. ബാബു(63) അന്തരിച്ചു.

ഭാര്യ: ബി ഗിരിജ.
മക്കൾ: ബി മഞ്ജു, ബി രഞ്ജു.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്

പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; പൊലീസുകാർ രക്ഷപ്പെട്ടു

പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; പൊലീസുകാർ രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് പൊലീസ് ജീപ്പ് ആറിലേക്ക് മറിഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാർവതി പുത്തനാറിലേക്കാണ് ജീപ്പ് മറിഞ്ഞത്.ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും റോഡരികിലെ സംരക്ഷണഭിത്തിയും തകർത്താണ് ജീപ്പ് പുത്തനാറിലേക്ക് മറിഞ്ഞത്. ഫയർഫോഴ്സ് എത്തിയാണ് ക്രെയിൻ ഉപയോ​ഗിച്ച് ജീപ്പ് പുറത്തെടുത്തത്.

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബുള്ളറ്റ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. ദേശീയപാതയിൽ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്.

സ്കൂട്ടറിൽ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായർ (73) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് ചന്ദ്രനെ പോലീസെത്തിയാണ് മെഡി.കോളേജിലെത്തിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ടെക്നോപാർക്കിന് സമീപത്തായിരുന്നു അപകടം. വൺവേ ആയ ഈ റോഡിലായിരുന്നു സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചത്. ബുള്ളറ്റിൽ സഞ്ചരിച്ചയാൾക്കും പരിക്കുണ്ട്. കഴക്കൂട്ടം പോലീസ് കേസെടുത്തു