തിരുവനന്തപുരത്ത് എയര്‍ഗൺ ഉപയോഗിച്ച് ആക്രമണം: ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ

തിരുവനന്തപുരത്ത് എയര്‍ഗൺ ഉപയോഗിച്ച് ആക്രമണം: ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. എൻആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷിനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. ഷിനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

സിവിആര്‍എയുടെ ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു

സിവിആര്‍എയുടെ ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴി ക്യാപ്റ്റന്‍ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ (സിവിആര്‍എ) ആഭിമുഖ്യത്തില്‍ സല്യൂട്ട് കാര്‍ഗില്‍ വിജയ്ദിവസ് ആചരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ ജവാന്‍മാര്‍ക്കും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കിയാണ് ആദരവ് പ്രകടിപ്പിച്ചത്.

പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കേണല്‍. അനില്‍കുമാര്‍. എസ്. നിര്‍വഹിച്ചു. റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഴൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. അനില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ഷാജഹാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍. കെ.എസ്., എസ്. വി. അനിലാല്‍, കെ. ഓമന, ബി.ജയകുമാര്‍, എഡിഎസ് ചെയര്‍പേഴ്‌സണ്‍ ജീന അനില്‍, അസോസിയേഷന്‍ ഭാരവാഹികളായ എസ്. വിജയന്‍, ബി. വിജയകുമാര്‍, പി. സുഗതകുമാര്‍, എം. ഉമ്മര്‍, എ.കെ. സലിം എന്നിവര്‍ പങ്കെടുത്തു.

ഷാനി ഷാനവാസ് യോഗത്തില്‍ സ്വാഗതം പറഞ്ഞു. വിമുക്തഭടന്‍മാരും നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ സല്യൂട്ട് നല്‍കി ആദരവ് പ്രകടിപ്പിക്കാന്‍ എത്തിയിരുന്നു. ക്യാപ്റ്റന്‍ വിക്രം ഉള്‍പ്പെടെയുള്ളവരെ അനുസ്മരിച്ച് അവരുടെ ചിത്രത്തിന് മുന്‍പില്‍ പുഷ്പചക്രം സമര്‍പ്പിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് സല്യൂട്ട് നല്‍കുകയായിരുന്നു.

1971 ല്‍ നടന്ന ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ട സേവനം കാഴ്ചവച്ചതിന് രാഷ്ട്രപതിയില്‍ നിന്നും പരംവീര്‍ ചക്രം ബഹുമതി നേടിയ രാമസ്വാമി ചെട്ടിയാരെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ഭാര്യയെ പൊന്നാടയണിയിച്ച് ആദരിച്ചു.

നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി

തിരുവനന്തപുരത്ത് നട തുറന്നിരിക്കെ ക്ഷേത്രത്തില്‍ കയറി പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തതായി പരാതി. മണക്കാട് മുത്തുമാരി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണിനെയാണ് പൂന്തുറ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത് ശേഷം പൂജാരിയെ തിരികെ കൊണ്ടുവന്ന് വിട്ടു.

ഇന്നലെ വൈകിട്ട് 5.45ഓടെയാണ് അരുണ്‍ പോറ്റിയെ പൂന്തുറ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 25ന് പൂന്തുറ ദേവീ ക്ഷേത്രത്തില്‍ നടന്ന പഞ്ചലോഹവിഗ്രഹ കവര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് നടപടി. മുന്‍പ് അരുണ്‍ ഈ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എട്ടു മണിയോടെ അരുണിനെ പൊലീസ് തന്നെ തിരികെ കൊണ്ടു വിട്ടു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാലാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൂന്തുറ പൊലീസിന്റെ വിശദീകരണം. ക്ഷേത്രം തുറന്നിരിക്കെ പൂജാരിയെ ബലമായി കസ്റ്റഡിയില്‍ എടുത്തതിനെതിരെ മുത്തുമാരി അമ്മന്‍ ക്ഷേത്ര ഭാരവാഹികള്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

‘രായന്‍’ മൊബൈലില്‍ പകര്‍ത്തി; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

‘രായന്‍’ മൊബൈലില്‍ പകര്‍ത്തി; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: തിയേറ്ററില്‍ നിന്ന് മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററില്‍ നിന്നാണ് ഉടമയുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്.

തമിഴ് ചിത്രം രായന്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാക്കനാട് ഇര്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന്റെ ഒപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പ് സംഘം പിടിയിലാകുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതില്‍ നിര്‍മ്മാതക്കളില്‍ ഒരാളായ സുപ്രിയ മേനോന്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചുവെന്ന് സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള തിയേറ്ററില്‍ നിന്നാണ് സംഘം സിനിമ പകര്‍ത്തുന്നതെന്നും വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുമായി ചേര്‍ന്ന് പൊലീസ് പ്രതികളെ പിടികൂടാന്‍ നീക്കം നടത്തി. മൊബൈലില്‍ സിനിമ പകര്‍ത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ ഉള്‍പ്പെടെ പ്രമുഖ സിനിമകളുടെ വ്യാജ പതിപ്പുകള്‍ സംഘം പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐ.യിൽ ഈ വർഷത്തെ പ്രവേശനത്തിനായുള്ള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഐടിഐ നോട്ടീസ് ബോർഡിലും iti admissions.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകർക്ക് ലിസ്റ്റ് പരിശോധിച്ച് അപാകതകൾ ഉണ്ടെങ്കിൽ ജൂലൈ 29 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ഐ.ടി.ഐ.ൽ നേരിട്ട് എത്തി പരിഹരിക്കാവുന്നതാണ്. ഭിന്നശേഷി, സ്പോർട്സ്, ടി.എച്ച്.എൽ.സി, സ്കൗട്ട് ഓർഫൻ ആംഗ്ലോ ഇന്ത്യൻ ലേബർ വെൽഫെയർ തുടങ്ങിയ സ്പെഷ്യൽ കാറ്റഗറികളിലേക്ക് ഉള്ള പ്രവേശനം ജൂലൈ 30 നും വനിത സംവരണ സീറ്റുകളിലേക്ക് 240 ഇൻഡക്സ് മാർക്ക് വരെയുള്ളവരുടെ കൗൺസിലിംഗ് ജൂലൈ 31നും നടക്കും. അർഹത നേടിയവരെ എസ്.എം.എസിലൂടെയും അറിയിക്കുന്നതാണ്. ഫോൺ 0470 2622391

ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ

ഒളിവിൽ ആയിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. കിഴുവിലം വില്ലേജിൽ പമ്മനംകോട് ചരുവിള വീട്ടിൽ സജീവ് (ബീഡി സജീവ്) (45) ആണ് അറസ്റ്റിൽ ആയത്. 2010 മെയ് മാസം 13നു ആയിരുന്നു കേസിനു ആസ്പദമായ സംഭവം. കിഴുവിലം കുറക്കട നൈനാംകോണം ഉദയാഭവനിൽ 24 വയസ്സുള്ള വിനയകുമാറിനെയാണ് സജീവും സുഹൃത്തായ ആയിരം പല്ലൻ എന്നറിയപ്പെടുന്ന ഷിബുവും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് റിമാൻഡിൽ ആയിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ് ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.