തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സമയത്ത് ഇയാള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെ ഉഗ്രസ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്നു ഉടമയെ പുറത്തെത്തിച്ചത്.സാരമായി പൊള്ളലേറ്റ ഷിബുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്റെ കാരണം വ്യക്തമല്ല.

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പ്രതികൂല കാലാവസ്ഥയും വൈദ്യുതി, ജല ലഭ്യതയുടെയും കുറവ് കാരണം. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെനിർദേശനുസരണം ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസത്തിൻ്റെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു.

കഠിനംകുളം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

കഠിനംകുളം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

കഠിനംകുളം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ
അലോഷ്യസ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് അപകടം. അലോഷ്യസ് ഉൾപ്പടെ ആറ് പേരാണ് വള്ളത്തിൽ മത്സ്യബന്ധനത്തിനായി പോയത്. തിരകടക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് എന്നിവർ നീന്തിക്കയറി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇന്ന് മൂന്നു മരണം; അണക്കെട്ടുകൾ നിറയുന്നു; അതീവ ജാ​ഗ്രത

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇന്ന് മൂന്നു മരണം; അണക്കെട്ടുകൾ നിറയുന്നു; അതീവ ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടു മരണം. ഇടുക്കി മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി തിരയില്‍പ്പെട്ട് മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്.

മര്യനാട് മത്സ്യബന്ധനത്തിന് പോയപ്പോള്‍ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞായിരുന്നു അപകടം. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. അലോഷ്യസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടുക്കി താളുംകണ്ടത്ത് സനീഷ് പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയായതിനാല്‍ പുഴയുടെ അതിര് കാണാന്‍ കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആറാട്ടുവഴി സ്വദേശി ഉനൈസ് (30) ആണ് മരിച്ചത്. തിങ്കളാഴ്ച മട്ടാഞ്ചേരിയില്‍ വെച്ചാണ് മരം വീണ് പരിക്കേറ്റത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കനത്തമഴയില്‍ എറണാകുളം ജില്ലയില്‍ 31 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കുട്ടനാട്ടില്‍ എന്‍ഡിആര്‍എഫിനെ വിന്യസിച്ചു. കല്ലാര്‍പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചാക്കോച്ചന്‍പടി ഭാഗത്ത് അഞ്ചു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കുറ്റ്യാടി മെയ്‌ലോത്രയില്‍ ബാബുവിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീടു തകര്‍ന്നു.

കനത്ത മഴയെത്തുടർന്ന് പമ്പ അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാർ, മൂവാറ്റുപുഴ ആറുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല, പമ്പ നദികളിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ചെറുകിട അണക്കെട്ടുകളിലെല്ലാം നിറയുന്ന സ്ഥിതിയിലേക്ക് ജലനിരപ്പ് ഉയർന്നു. പാലക്കാട് മം​ഗലം ഡാമിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂതത്താൻ കെട്ടിന്റെ 15 ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.

ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം ഇന്ന് പ്രഖ്യാപിക്കും

ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഈ മാസം 27ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളുണ്ട്. ഹാര്‍ദിക് പണ്ഡ്യ ഏകദിനങ്ങളില്‍ കളിച്ചേക്കില്ലന്നാണ് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഹാര്‍ദിക് വിട്ടുനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ കെ.എല്‍.രാഹുലാകും ഏകദിനങ്ങളില്‍ ടീമിന്റെ നായകന്‍.

മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് ഫോര്‍മാറ്റിനുള്ള ടീമിലും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പമുള്ള ടീമിന്റെ ആദ്യ പര്യടനമാണിത്. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന പരമ്പരയില്‍ നിന്നും വിട്ടു നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ടി20യില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ സ്വാഭാവിക പിന്‍ഗാമിയാകുമെന്നാണ് കരുതുന്നത്.

ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു പേരും ഇപ്പോള്‍ ബിസിസിഐയുടെയോ സെലക്ടര്‍മാരുടെയോ മുന്നിലില്ല.അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് ആറ് ഏകദിനങ്ങള്‍ മാത്രമെ കളിക്കാനുള്ളു. അതില്‍ ശ്രീലങ്കക്കെതിരായ മൂന്നെണ്ണം കഴിഞ്ഞാല്‍ പിന്നെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടനെതിരെ ആണ് മൂന്ന് മത്സരങ്ങള്‍.

ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെയായിരിക്കും ഇന്ത്യന്‍ നായകനെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിലും മൂന്ന് ടി20യിലും ഇന്ത്യ കളിക്കും. പിന്നാലെ ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണുള്ളത്. നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്ന ഇന്ത്യ ഡിസംബറില്‍അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കും.

ശ്രീരതി (72) അന്തരിച്ചു

ശ്രീരതി (72) അന്തരിച്ചു

ആറ്റിങ്ങൽ: പൂവണത്തുംമൂട് ചാവടിമുക്ക് മണികണ്ഠ വിലാസത്തിൽ ശ്രീരതി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻകുട്ടി.
മക്കൾ: നിർമ്മലൻ, തങ്ക, സിന്ധു, മുരുകൻ, മണികണ്ഠൻ(2 (രണ്ടാം വാർഡ് മെമ്പർ മുദാക്കൽ ഗ്രാമ പഞ്ചായത്ത്‌).
മരുമക്കൾ: ലീന, മണികണ്ഠൻ, പ്രകാശൻ, ജയ, രമ്യ.
സഞ്ചയനം: വെള്ളി 8 ന്