കേരളത്തിൽ പുതിയൊരു ജില്ല; മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ ഭീമഹർജിയെത്തി

കേരളത്തിൽ പുതിയൊരു ജില്ല; മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ ഭീമഹർജിയെത്തി

കേരളത്തിൽ പുതിയൊരു ജില്ല വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ ഭീമഹർജി. തിരുവനന്തപുരം ജില്ല വിഭജിച്ച് നെയ്യാറ്റിൻകര ആസ്ഥാനമായി പുതിയൊരു ജില്ല വേണമെന്നാണ് ആവശ്യം.

നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഭീമഹർജിയാണ് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. അരലക്ഷം ആളുകൾ ഒപ്പിട്ട ഭീമഹർജിസമിതി ചെയർമാൻ ജി ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി.

സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീ‍‍‍തർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് നെയ്യാറ്റിൻകരയും കാട്ടാക്കടയും ഉൾപ്പെടെയുള്ള പ്രദേശങ്ങളെന്നാണ് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചൂണ്ടിക്കാട്ടുന്നത്. അവി​ടെ മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും സമിതി വാദിക്കുന്നു.പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടനയുടെ അവകാശ വാദം.

1984 ൽ കാസർഗോഡ് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകൾ രൂപീകരിക്കാത്തതിനാൽ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന വ്യക്തമാക്കി. തമിഴ്നാടും കർണാടകയും ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വർധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കിയെന്നും സംഘടന പറയുന്നു.

നെയ്യാറ്റിൻകര ലത്തീൻ രൂപത മോൺസിങ്ങർ ഫാദർ ജി ക്രിസ്തുദാസ്, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ, കെ ആൻസലൻ എംഎൽഎ, സിഎസ്ഐ സഭ മുൻ സെക്രട്ടറി ഡി ലോറൻസ്, കാരോട് എസ് അയ്യപ്പൻ നായർ, കൈരളി ജി ശശിധരൻ, അഡ്വ. എം മുഹീനുദ്ദീൻ, കാരോട് പത്മകുമാർ, കാരോട് സുധാകരൻ നായർ, ആർ ജയകുമാർ, കെ ശശിധരൻ നായർ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിൽ ശില്പശാലയും ഡ്രോണുകളുടെ പ്രദർശനവും നടന്നു

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിൽ ശില്പശാലയും ഡ്രോണുകളുടെ പ്രദർശനവും നടന്നു

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെയും പ്ലേസ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ട്രാവൻകൂർ ഏവിയേഷനുമായി സഹകരിച്ച് ഡ്രോൺ അസംബ്ലിംഗ്, ഡ്രോൺ സർവേയിംഗ്, ഡ്രോൺ അഗ്രികൾച്ചറൽ പർപ്പസ് എന്നീ വിഷയങ്ങളിൽ ശില്പശാലയും വിവിധ തരം ഡ്രോണുകളുടെ പ്രദർശനവും ഡ്രോൺ എയർ ഷോയും നടത്തി.

ഡ്രോൺ ടെക്നീഷ്യൻ മേഖലയിലെ തൊഴിലവസരങ്ങൾ, ഡിജിറ്റൽ സർവേയിംഗിന്റെ വിവിധ തരത്തിലുള്ള ഉപയോഗങ്ങൾ കാർഷിക ആവശ്യങ്ങൾക്ക് ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ കുട്ടികൾക്ക് അവബോധം നൽകാൻ ശില്പശാല കൊണ്ട് കഴിഞ്ഞു. ഡ്രോൺ സർവേയിംഗ് നൈപുണ്യ വികസന കോഴ്സായി കുട്ടികൾക്കു തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിനുവേണ്ടി സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ റ്റി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്ലേസ്മെന്റ് കോർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ. അദ്ധ്യക്ഷത വഹിച്ചു.

പ്ലേസ്മെന്റ് ഓഫീസർ ആദർശ് സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ സുനിൽ.ബി. കൃതഞ്ജതയും രേഖപ്പെടുത്തി. ട്രാവൻകൂർ ഏവിയേഷൻ കമ്പനി ഡയക്ടർ ആർ.എസ്. അനൂപ്, ഡ്രോൺ പൈലറ്റുമാരായ കിരൺ. ജെ.പ്രകാശ്, അഖിൽ.എം, സൂരജ് കൃഷ്ണ, എ.അരവിന്ദ് രാഹുൽ തോമസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

28 മണിക്കൂർ പിന്നിട്ടു; ജോയിയെ കണ്ടെത്താനായില്ല: തെരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക്

28 മണിക്കൂർ പിന്നിട്ടു; ജോയിയെ കണ്ടെത്താനായില്ല: തെരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു. 28 മണിക്കൂർ കഴിഞ്ഞിട്ടും ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ നാവിക സേനാ സംഘവും രക്ഷാദൌത്യത്തില്‍ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയില്‍ നിന്ന് തലസ്ഥാനത്തേക്ക് വൈകീട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

രക്ഷാ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നല്‍കുകയായിരുന്നു. 5 മുതല്‍ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. പുതിയതായി പുതിയ 2 സ്‌കൂബെ ഡൈവേഴ്സിനെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ട്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഒരേ സമയമാണ് തെരച്ചില്‍ നടക്കുക. ഡൈവിങ് ടീമിന് പോകാന്‍ കഴിയാത്ത വിധത്തില്‍ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഹൈ പവര്‍ ക്യാമറ വെച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിന്നില്‍ നിന്നുള്ള തെരച്ചില്‍ നടക്കുന്നത്. വാട്ടര്‍ ലെവല്‍ ആര്‍ട്ടിഫിഷ്യലായി കൂട്ടിയാല്‍ സഹായകരമാകും. ശാസ്ത്രീയമായ രീതിയില്‍ ആലോചിച്ചാണ് ഈ നടപടിയെന്നും മന്ത്രി രാജന്‍ വിശദീകരിച്ചു.

നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അറുപതിലധികം സിനിമകൾ നിർമിച്ചിട്ടുണ്ട്. മധു നായകനായ ധീരസമീരേ യമുനാ തീരെ എന്ന ചിത്രമായിരുന്നു ആദ്യമായി നിർമിച്ചത്.

ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, കോട്ടയം കുഞ്ഞച്ചൻ, സൗഹൃദം, സൂര്യഗായത്രി, ധ്രുവം, കമ്മിഷണർ, ജനാധിപത്യം, എഫ്ഐആർ, പല്ലാവൂർ ദേവനാരായണൻ, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15 എന്നിവയെല്ലാം അരോമ മണി നിർമിച്ച ചിത്രങ്ങളാണ്. അദ്ദേഹം നിർമിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്നീ സിനിമകൾക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ആർട്ടിസ്റ്റാണ് ഏറ്റവും ഒടുവിൽ നിർമിച്ച ചിത്രം.

മുദാക്കൽ പൊയ്കമുക്ക് സ്വദേശിയെ കാണ്മാനില്ല

മുദാക്കൽ പൊയ്കമുക്ക് സ്വദേശിയെ കാണ്മാനില്ല

മുദാക്കൽ പൊയ്കമുക്ക് കൺസ്യൂമർഫെഡിന് സമീപം താമസിക്കുന്ന സോമശേഖരൻനായർ (79) എന്ന വ്യക്തിയെ രണ്ടുദിവസമായി കാണ്മാനില്ല. ഏതെങ്കിലും ഭാഗത്ത് വച്ച് ആരെങ്കിലും ഇദ്ദേഹത്തെ കാണുവാൻ ഇടയായാൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ +91 94964 90145, 9946747383 ഈ നമ്പറുകളിലോ അറിയിക്കുവാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു.

മത്സ്യകച്ചവടം നടത്തിവന്ന സ്ത്രീയെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

മത്സ്യകച്ചവടം നടത്തിവന്ന സ്ത്രീയെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

ആറ്റിങ്ങൽ: മത്സ്യകച്ചവടം നടത്തിവന്ന സ്ത്രീയെ ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിന് പുറകുവശം സൗപർണികയിൽ വാടകയ്ക്ക് താമസിച്ചുവരുന്ന രഞ്ജു(32), പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ മനു (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി 9മണിയോട് കൂടിയാണ് സംഭവം നടന്നത്. ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് മത്സ്യക്കച്ചവടം നടത്തിവന്ന അഞ്ചുതെങ്ങ് കായിക്കര പുത്തൻമണ്ണ് വാടയിൽ വീട്ടിൽ ബിയാട്രിസി(50)നെ ആക്രമിച്ച് പണം കവർന്ന കേസിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി രഞ്ജു കയ്യിൽ കരുതിയ പാറക്കഷണം ഉപയോഗിച്ച് ബിയാട്രിസിൻ്റെ നെറ്റിയിൽ ഇടിച്ച് മുറിവേൽപ്പിക്കുകയും ഇവരുടെ പക്കൽ പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് കവർച്ച ചെയ്തെടുക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ബിയാട്രിസിനെ പ്രതികൾ അസഭ്യം പറയുകയും തുടർന്ന് രണ്ടാംപ്രതി മനു ഇവരെ ചവിട്ടി താഴെ തള്ളി ഇടുകയും വീണ്ടും ദേഹോദ്രപമേൽപ്പിക്കുകയും ചെയ്തു.

അതിനു ശേഷം പണമടങ്ങിയ ബക്കറ്റുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പോലീസ് പിടികൂടി. ഫിംഗർ പ്രിന്റ് വിദഗ്ധരും സയന്റിഫിക് വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പ്രതികളുമായി സംഭവസ്ഥലത്ത് എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതികൾ ഇതിന് മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.