‘വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്’; ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്

‘വിഴിഞ്ഞം കേരള വികസന അധ്യായത്തില്‍ പുതിയ ഏട്’; ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്

തിരുവനന്തപുരം: കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീർഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്.

തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്‍റെ ഫലമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

വിഴിഞ്ഞം മദർ പോർട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി മാറും. 2028ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാർ ഒപ്പിടാൻ പോവുകയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. അദാനി ഗ്രൂപ്പ് പൂർണ സഹകരണത്തിന് തയാറാണ്.

അയൽ രാജ്യങ്ങൾക്കും അഭിമാനിക്കാൻ സാധിക്കും. വിഴിഞ്ഞം ചരിത്രപ്രസിദ്ധമാണെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള സർക്കാർ വിഴിഞ്ഞത്തിനായി പ്രയത്നിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരാണ് വിഴിഞ്ഞം തുറമുഖ അനുമതിക്കായി ശ്രമിച്ചത്. 2007ൽ വിഐഎസ്എല്ലിനെ നോഡൽ ഏജൻസിയാക്കി. 2010ൽ ടെൻഡർ നടപടികൾക്ക് ശ്രമിച്ചു. അപ്പോൾ ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് ചിലർ ആക്ഷേപം ഉയർത്തി. അന്ന് മൻമോഹൻ സർക്കാരാണ് അനുമതി നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മൻമോഹൻ സിങ് സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നെന്നും പിന്നീട് 212 ദിവസം നീണ്ട ജനകീയ സമരം എൽഡിഎഫ് നടത്തി. തുടർന്ന് 2013 ലാണ് വീണ്ടും പദ്ധതി വരുന്നത്. നാടിന്റെ കൂട്ടായ ഇച്ഛാശക്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. നാം ഒറ്റകെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് ഈ ദിനം. ഇന്ത്യയുടെ അന്താരാഷ്ട്ര പ്രാധാന്യം വിഴിഞ്ഞം തുറമുഖത്തോടെ വർദ്ധിക്കും.

വിഴിഞ്ഞം പദ്ധതിയെ ആദ്യം എതിര്‍ത്തതിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എൽഡിഎഫിന് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതിന്റെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയത്. തുറമുഖത്തിനായി അർപ്പണബോധത്തോടെ അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ ആയിരുന്നു അധ്യക്ഷൻ.. ഇന്നത്തെ ഔദ്യോ​ഗിക ചടങ്ങുകൾ പൂർത്തിയാക്കി കണ്ടെയ്നറുകൾ ഇറക്കിയതിന് ശേഷം നാളെയാണ് സാൻ ഫർണാണ്ടോ തീരം വിടുക.

പ്രി സ്കൂൾ വിത്ത്‌  ഡേ കെയറിന്റെ ഉദ്ഘാടനം നടന്നു

പ്രി സ്കൂൾ വിത്ത്‌ ഡേ കെയറിന്റെ ഉദ്ഘാടനം നടന്നു

വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥാപിതമായ ഒളിമ്പിക് അക്കാദമിയുടെ ഭാഗമായി ഒളിമ്പിക് പബ്ലിക് സ്കൂൾ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രി സ്കൂൾ വിത്ത്‌
ഡേ കെയറിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സിന്ധു സുരേഷ് നിർവഹിച്ചു. സീതി, റിയാസ്, സുധീർ, ബാജി തുടങ്ങിയ ഭാരവാഹികളും സ്റ്റാഫുകളായ അഖില, ശരണ്യ, സീന, നീതു, തുഷാര തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി: അഞ്ചുതെങ്ങിൽ സംഘാടക സമിതി യോഗം സംഘടിപ്പിച്ചു

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി: അഞ്ചുതെങ്ങിൽ സംഘാടക സമിതി യോഗം സംഘടിപ്പിച്ചു

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി യോഗം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷനായി. ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജബോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ്‌ മെമ്പർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ശബരിമല തന്ത്രി മുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠം, ബ്രഹ്മശ്രീ കണ്ഠര് രാജീവര് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു

ശബരിമല തന്ത്രി മുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠം, ബ്രഹ്മശ്രീ കണ്ഠര് രാജീവര് അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു

ശബരിമല തന്ത്രി മുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠം, ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ഇന്നും നാളെയും അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകുന്നു.
അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഇന്നലെ മുതൽ ആരംഭിച്ച, അഷ്ഠബന്ധ കലശത്തിനും, നാളെ നടക്കുന്ന മഹാകുംഭാഭിഷേകത്തിനും മുഖ്യകാർമ്മികത്വം വഹിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രതന്ത്രി കൂടിയായ താഴമൺ മഠത്തിലെ തന്ത്രി മുഖ്യൻ, അവനവൻചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ഇന്നും നാളെയും ക്ഷേത്രത്തിൽ തന്നെ തങ്ങുന്ന അദ്ദേഹം കലശാഭിഷേകത്തിൽ പങ്ക് ചേരുന്ന ഭക്തജനങ്ങൾക്ക് പ്രസാദ വിതരണവും നടത്തുന്നു.

എൽഡിഎഫ് സ്ഥാനാർഥി ജി. ലേഖ നാമനിർദ്ദേശ പത്രിക നൽകി

എൽഡിഎഫ് സ്ഥാനാർഥി ജി. ലേഖ നാമനിർദ്ദേശ പത്രിക നൽകി

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് 28 തോട്ടവാരം എൽഡിഎഫ് സ്ഥാനാർഥി ജി. ലേഖ നാമനിർദ്ദേശ പത്രിക അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർക്ക് നൽകുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, മുൻ ചെയർമാൻ എം പ്രദീപ്, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, മുൻ വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം മുരളീധരൻ, അനൂപ്, ആർ രാജു, സി ദേവരാജൻ, സി.ജി വിഷ്ണു ചന്ദ്രൻ, എൽ.സി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, എൽ.സി അംഗങ്ങളായ എസ് സതീഷ് കുമാർ, സുഖിൽ, സന്തോഷ് എന്നിവർ പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർഥി എം.എസ് മഞ്ജു നാമനിർദ്ദേശ പത്രിക നൽകി

എൽഡിഎഫ് സ്ഥാനാർഥി എം.എസ് മഞ്ജു നാമനിർദ്ദേശ പത്രിക നൽകി

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡ് 22 ലെ എൽഡിഎഫ് സ്ഥാനാർഥി എം.എസ് മഞ്ജു നാമനിർദ്ദേശ പത്രിക അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർക്ക് നൽകുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, മുൻ ചെയർമാൻ എം പ്രദീപ്, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, മുൻ വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ ഏരിയാ കമ്മിറ്റി അംഗങ്ങളായ എം മുരളീധരൻ, അനൂപ്,ആർ രാജു,സി ദേവരാജൻ,സി.ജി വിഷ്ണു ചന്ദ്രൻ,എൽ.സി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ,എൽ.സി അംഗങ്ങളായ എസ് സതീഷ് കുമാർ,സുഖിൽ, സന്തോഷ് എന്നിവർ പങ്കെടുത്തു.