കൈ ജനലിൽ കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കൈ ജനലിൽ കെട്ടിയ നിലയിൽ; തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

തിരുവനന്തപുരം വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അരുളാനന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാറി(13)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈ ജനലിൽ കെട്ടിയ നിലയിലാണ്. കൂടാതെ കാൽപാ​ദങ്ങൾ തറയിൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ഉൾപ്പെടെ ആരോപിക്കുന്നു. വീടിന്റെ രണ്ടാം നിലയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ മൂന്നു പേരാണ് ഉള്ളത്. കുട്ടിയുടെ അമ്മ, അച്ഛൻ, മുത്തച്ഛൻ എന്നിവരാണ് വീട്ടിലുള്ളത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ ജോലിക്കും, അമ്മ പള്ളിയിലും പോയിരുന്നു. മുത്തച്ഛൻ പറയുന്നത് മീൻ മേടിക്കുന്നതിനായി മാർക്കറ്റിൽ പോയി എന്നാണ്.

കുട്ടിയുടെ മുറിക്കുള്ളിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കം സംഭവസ്ഥലത്ത് എത്തി. ജനൽ കമ്പിയിൽ ഷാളിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്.

ആറ്റിങ്ങൽ നഗരത്തിൽ തെരുവ് നായ്ക്കൾക്കിടയിൽ അപൂർവ്വ ചെള്ള് രോഗം പടർന്നു പിടിക്കുന്നു; രക്ഷകർത്താക്കൾ ആശങ്കയിൽ

ആറ്റിങ്ങൽ നഗരത്തിൽ തെരുവ് നായ്ക്കൾക്കിടയിൽ അപൂർവ്വ ചെള്ള് രോഗം പടർന്നു പിടിക്കുന്നു; രക്ഷകർത്താക്കൾ ആശങ്കയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിൽ തെരുവ് നായ്ക്കൾക്കിടയിൽ അപൂർവ്വ ചെള്ള് രോഗം പടർന്നു പിടിക്കുന്നു. നായ്ക്കളുടെ ശരീരത്തിലെ രോമങ്ങൾ മുഴുവൻ പൊഴിഞ്ഞു തൊലിമാത്രമാകുന്ന അവസ്ഥയിൽ എത്തുന്ന അപൂർവ്വ ചെള്ള് രോഗമാണ് പടർന്നു പിടിക്കുന്നത്. ആറ്റിങ്ങൽ പട്ടണത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ചെള്ളുകടിയേറ്റു.

കടിയേറ്റ കുട്ടികൾക്ക് ശാരീരിക ആസ്വാസ്ഥ്യവും ചൊറിച്ചിലും മൂലം കുട്ടികൾക്ക് ആറ്റിങ്ങലിലെ പീഡിയാട്രീഷ്യന്റെ സേവനം തേടേണ്ടി വന്നു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ യു പി വിഭാഗത്തിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്കും ചെള്ള് കടിയേറ്റു. ചെള്ള് രോഗമുള്ള തെരുവ് നായ്ക്കൾ രാത്രി കാലങ്ങളിൽ സ്കൂൾ കോമ്പോണ്ടിൽ പ്രവേശിക്കുകയും ക്ലാസ്സ്‌ മുറികളിലും, സ്കൂൾ വരാന്തകളിലും കിടക്കുന്നതുമൂലം രാവിലെ ക്ലാസ്സുകളിൽ എത്തുന്ന കുട്ടികൾക്ക് ചെള്ള് കടി ഏൽക്കുന്നു.

കടി ഏൽക്കുന്ന കുട്ടികൾക്ക് ചെള്ള് പനി അടക്കമുള്ള രോഗങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾ. അപൂർവ്വ ചെള്ള് രോഗം പടരുമ്പോൾ ആറ്റിങ്ങൽ നഗരസഭയും, ആരോഗ്യവിഭാഗവും യാതൊരു നടപടിയും എടുക്കുന്നില്ല എന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. സ്കൂളുകളിൽ തെരുവുനായ്ക്കൾ കയറാതെ നോക്കുന്നതിനും, ക്ലാസ്സ്‌ മുറികൾ കഴുകി വൃത്തിയാക്കുന്നതിലും, രോഗം പിടിപെട്ട നായ്ക്കളെ പരിശോധിച്ച് രോഗം പടരുന്നത് തടയുന്നതിലും യാതൊരു നടപടിയും നഗരസഭ ഇതുവരെ കൈകൊണ്ടിട്ടില്ല എന്ന പരാതിയും ഉണ്ട്.

കായിക യുവജന കാര്യാലയത്തിന് കീഴില്‍ സംസ്ഥാനത്തെ വിവിധ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ നിരവധി തൊഴിലവസരങ്ങള്‍

കായിക യുവജന കാര്യാലയത്തിന് കീഴില്‍ സംസ്ഥാനത്തെ വിവിധ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ നിരവധി തൊഴിലവസരങ്ങള്‍

ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കണ്ണൂര്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍ കുന്നംകുളം എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്. 2024-25 അധ്യായന വര്‍ഷത്തേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. 

ഗ്രൗണ്ട് മെയിന്റൈനര്‍ കം ഗാര്‍ഡിങ് സ്റ്റാഫ്, വാര്‍ഡന്‍ കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി എന്നീ തസ്തികകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 22 ന് വൈകീട്ട് 5നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 

തസ്തിക& ഒഴിവ്

കായിക യുവജന കാര്യാലയം (DSYA) വിവിധ ജില്ലകളില്‍ നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ 74 ഒഴിവുകളാണുള്ളത്.

ഗ്രൗണ്ട് മെയിന്റൈനര്‍ കം ഗാര്‍ഡിങ് സ്റ്റാഫ് = 4

വാര്‍ഡന്‍ കം ട്യൂട്ടര്‍ = 12 

കെയര്‍ടേക്കര്‍ = 6

ധോബി = 2

സ്‌പോര്‍ട്‌സ് സ്‌റ്റോര്‍ കീപ്പര്‍ = 1

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് = 1

റീഹാബിലിറ്റേഷന്‍ നഴ്‌സിങ് അസിസ്റ്റന്റ് = 1

ലൈബ്രേറിയന്‍ = 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി

ഗ്രൗണ്ട് മെയിന്റൈനര്‍ കം ഗാര്‍ഡിങ് സ്റ്റാഫ് = 50 വയസ് വരെ. 

വാര്‍ഡന്‍ കം ട്യൂട്ടര്‍ = 40-55 വയസ് വരെ.  

കെയര്‍ടേക്കര്‍ = 30-50 വയസ് വരെ. 

ധോബി = 50 വയസ് വരെ. 

സ്‌പോര്‍ട്‌സ് സ്‌റ്റോര്‍ കീപ്പര്‍ = 40 വയസ് വരെ. 

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് = 50 വയസ് വരെ. 

റീഹാബിലിറ്റേഷന്‍ നഴ്‌സിങ് അസിസ്റ്റന്റ് =  60 വയസ് വരെ. 

ലൈബ്രേറിയന്‍ = 50 വയസ് വരെ. 

യോഗ്യത

1. ഗ്രൗണ്ട് മെയിന്റൈനര്‍ കം ഗാര്‍ഡിങ് സ്റ്റാഫ് 

സര്‍ട്ടിഫിക്കറ്റ് ഇന്‍ CPed/ VHSE ഫിസിക്കല്‍ എജ്യുക്കേഷന്‍ VHSE ട്രെയിനര്‍ / തത്തുല്യം. 

സംസ്ഥാന / യൂണിവേഴ്‌സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ്. 

2. വാര്‍ഡന്‍ കം ട്യൂട്ടര്‍ 

Bed/ BPed/ BPE/ MSW. 

അധ്യാപക/ ഹോസ്റ്റല്‍ വാര്‍ഡനായി 2 വര്‍ഷത്തെ പരിചയം. 

3. കെയര്‍ടേക്കര്‍ 

CPEd/ VHSE ഫിസിക്കല്‍ എജ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് / VHSE ഫിറ്റ്‌നസ് ട്രെയിനര്‍/ ഫിസിക്കല്‍ എജ്യുക്കേഷനില്‍ തത്തുല്യ യോഗ്യത. 

സംസ്ഥാന / യൂണിവേഴ്‌സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ്. 

4. ധോബി 

എട്ടാം ക്ലാസ് പാസായിരിക്കണം. 

ഹെവി ഡ്യൂട്ടി വാഷിങ് മെഷീനില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.  

5. സ്‌പോര്‍ട്‌സ് സ്‌റ്റോര്‍ കീപ്പര്‍

CPEd/ VHSE ഫിസിക്കല്‍ എജ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് / VHSE ഫിറ്റ്‌നസ് ട്രെയിനര്‍/ ഫിസിക്കല്‍ എജ്യുക്കേഷനില്‍ തത്തുല്യ യോഗ്യത. 

സംസ്ഥാന / യൂണിവേഴ്‌സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ്. 

6. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ- MS Office, MSExell, Power point and malayalam typing

7. ലൈബ്രേറിയന്‍ 

SSLC- ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ ഏതെങ്കിലും ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് (ഡിപ്ലോമ ധാരികള്‍ക്ക് പ്രാമുഖ്യം). അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും, അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു റെഗുലര്‍ പഠനത്തിന് ശേഷം ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദവും വേണം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18,390 രൂപ മുതല്‍ 32,560 രൂപ വരെ ശമ്പളം ലഭിക്കും. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കാന്‍ ഫീസ് നല്‍കേണ്ടതില്ല. സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും, എഴുത്ത് പരീക്ഷയുടെയും, വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. 

ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ ഫോം dsyagok@gmail.com എന്ന മെയില്‍ ഐഡിയിലോ 

ഡയറക്ടര്‍, 
ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേയ്‌സ്, 
ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം
വെള്ളയമ്പലം
തിരുവനന്തപുരം-33
പിന്‍: 695033 

എന്ന വിലാസത്തില്‍ അയക്കണം. 

സംശയങ്ങള്‍ക്ക്: 0471- 232 6644.

ഗവ. എച്ച്.എസ് അവനവഞ്ചേരിയിൽ വായന മാസാചരണ പ്രവർത്തനങ്ങൾ നടന്നു

ഗവ. എച്ച്.എസ് അവനവഞ്ചേരിയിൽ വായന മാസാചരണ പ്രവർത്തനങ്ങൾ നടന്നു

ഗവ. എച്ച്.എസ് അവനവഞ്ചേരിയിൽ വായന മാസാചരണ പ്രവർത്തനങ്ങൾ നടന്നു. വായന മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്ത കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഗവ. എച്ച് എസ്. അവനവഞ്ചേരിയിലെ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലക്ഷ്മി, സ്റ്റാഫ്‌ സെക്രട്ടറി ലിജിൻ, അധ്യാപകരായ അനിൽകുമാർ, സുജാറാണി, ഷിനു എന്നിവർ പങ്കെടുത്തു.

നല്ല വായനക്കാരായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വായന ഓരോ വ്യക്തിയിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും മാറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രശസ്തരായ പലരുടെയും ഉദാഹരണങ്ങളും പുസ്തകങ്ങൾ അവരെ സ്വാധീനിച്ച കാര്യവും വിശദമാക്കിയത് കുട്ടികളിൽ വായനയോടുള്ള താല്പര്യം ജനിപ്പിക്കാൻ സഹായകമായി. പുസ്തക ചങ്ങാതിമാരെ ആജീവനാന്തം കൂടെ കൂട്ടേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് കഥകളും പാട്ടുകളുമായി അദ്ദേഹം കുട്ടികൾക്കൊപ്പം കൂടി. വിജ്ഞാനപ്രദവും രസകരവും ആസ്വാദ്യകരവുമായിരുന്നു ഈ സാഹിത്യ സല്ലാപം. പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ സമ്മാനദാനം കൂടികഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 12: 30ന് പരിപാടി അവസാനിച്ചു.

ഇരട്ട പീഡനം: പ്രതിയ്ക്കു ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ചു

ഇരട്ട പീഡനം: പ്രതിയ്ക്കു ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ചു

ആറ്റിങ്ങൽ: ബന്ധുവായ യുവതിക്ക് ഒപ്പം താമസിച്ച് അവരുടെ രണ്ടു പെൺമക്കളെയും ലൈംഗികാതിക്രമത്തിന് വിധേയമാക്കി വന്ന പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ വിധിച്ചു. രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ പൂർത്തിയാക്കിയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി.ആർ പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ഇരു കേസുകളിലും ശിക്ഷ വിധിച്ചത്. പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ തടവും, 14 ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ശിക്ഷയുമാണ് ശിക്ഷ വിധിച്ചത്.

കുട്ടികളുടെ മൊഴിയിൽ ലൈംഗിക അതിക്രമം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പെൺകുട്ടികളിൽ മുതിർന്ന ആളെ അതിക്രമിച്ചത് സംബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 26 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ പ്രോസിക്യൂഷൻ ആസ്പദമാക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയാക്കിയത് സംബന്ധിച്ച കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ആധാരമാക്കുകയും ചെയ്തു.

അച്ചൻകോവിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പ്രകാശ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ കുറ്റകൃത്യം സംഭവിച്ചത് പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ട് പള്ളിക്കൽ പോലീസ് സ്റ്റേഷ്ന് കൈമാറി. പള്ളിക്കൽ സബ്ഇൻസ്പെക്ടർ എം.സഹില്‍ എഫ്.ഐ.ആർ റീരജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്.പി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസുകളിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിൻ ഹാജരായി.

ഇരകളായ പെൺകുട്ടികൾ ആരെന്ന് വ്യക്തം ആകും എന്നതിനാൽ പ്രതിയുടെ ചിത്രവും പേരും വാർത്തയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരം ഇരകൾ ആരെന്ന് വാർത്തയിലൂടെ വ്യക്തമാക്കപ്പെടാൻ പാടില്ല.

യോഗാ ദിനം ആഘോഷിച്ച് കുന്നുവാരം യു.പി. സ്കൂൾ

യോഗാ ദിനം ആഘോഷിച്ച് കുന്നുവാരം യു.പി. സ്കൂൾ

ശരീരത്തിനും, മനസ്സിനും ഉൻമേഷം നൽകുന്ന യോഗാ ദിനം കുന്നുവാരം യു.പി. സ്കൂളിൽ നടന്നു. യോഗാ ക്ലാസ്സിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ എ.ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. യോഗാദ്ധ്യാപിക ബിനിശ്രീ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഹെഡ് മാസ്റ്റർ മധു ജി. ആർ യോഗയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.