പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ഡിവിഷൻ തല ഉദ്ഘാടനം നടന്നു

പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ഡിവിഷൻ തല ഉദ്ഘാടനം നടന്നു

നിയമ സേവന പ്രവർത്തങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ ഫലപ്രദമായി ലഭിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനുകളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ഡിവിഷൻ തല ഉദ്ഘാടനം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജനമൈത്രി ഹാളിൽ സബ് ജഡ്ജ് ഷംനാദ് എസ് നിർവഹിച്ചു.

ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി ജയകുമാർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം റൂറൽ അഡിഷണൽ എസ് പി പ്രതാപൻ നായർ മുനിസിപ്പൽ കൗൺസിലർ ജീവൻ ലാൽ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നിർവഹക സമിതി അംഗം ഷാനവാസ്‌, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. വി വിനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജിത്കുമാർ, ലിബിൻ എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ സബ് ഇൻസ്‌പെക്ടർ ഷിജു പി. സാം കൃതജ്ഞ രേഖപ്പെടുത്തി.

ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്‍ജുന്‍ രാധാകൃഷ്ണന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു.

പിന്നീട് വാട്‌സ്ആപ്പ് അഡ്മിന്‍ സ്ഥാനത്തു നിന്നും അര്‍ജുന്‍ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്.

അര്‍ജുന്‍ രാധാകൃഷ്ണന് നേരിട്ട് നോട്ടീസ് നല്‍കാനാണ് ഇന്നലെ ക്രൈംബ്രാഞ്ച് ശ്രമിച്ചത്. എന്നാല്‍ തനിക്ക് ബാര്‍ ബിസിനസ് ഇല്ലെന്ന് പറഞ്ഞ് അര്‍ജിന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇമെയിലായിട്ടാണ് അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാര്‍കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അത് തള്ളിയിരുന്നു.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി : വാട്ടർ ടാങ്കിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി : വാട്ടർ ടാങ്കിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള വാട്ടർ ടാങ്കിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് കോമ്പൗണ്ടിൽ നാല് ലക്ഷത്തിന്റെയും, ഒരു ലക്ഷത്തിന്റെയും ശേഖരണ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് മുകളുടെ നിർമ്മാണ പ്രവർത്തികളാണ് ആരംഭിച്ചിരിക്കുന്നത്.

നാല് ലക്ഷം കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്കും, ഒരു ലക്ഷം ശേഖരണ കപ്പാസിറ്റിയുള്ള സാമ്പ് ടാങ്കിന്റെയും നിർമ്മാണ പ്രവർത്തികളാണ് ആരംഭിച്ചിട്ടുള്ളത്. വാട്ടർ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്.

വാട്ടർ അതോറിട്ടിയിൽ നിന്നും പൈപ്പ് ലൈനിലൂടെ നേരിട്ട് വെള്ളം താഴെ നിർമ്മിക്കുന്ന ടാങ്കിൽ ശേഖരിച്ച് പമ്പ് ചെയ്ത് മുകളിലെ ടാങ്കിൽ എത്തിച്ച് പഞ്ചായത്ത് മേഖലകളിൽ വിതരണം ചെയ്യാനാണ് പദ്ധതി. കൂടാതെ പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കലും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്.

ത്രിതലപഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ 2.75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുതെങ്ങ് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 29 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചിരുന്നു. പദ്ധതി പൂർത്തീകരണത്തോടെ എല്ലാ ദിവസവും പഞ്ചായത്ത് പ്രദേശങ്ങളിൽ പൂർണ്ണമായും കുടിവെള്ളമെത്തുമെന്നാണ് പ്രതീക്ഷ.

ദേശീയ പാതയിൽ ചാത്തൻപാറ ജംഗ്ഷനിൽ വാഹനാപകടം; നാലു പേർക്ക് പരിക്ക്

ദേശീയ പാതയിൽ ചാത്തൻപാറ ജംഗ്ഷനിൽ വാഹനാപകടം; നാലു പേർക്ക് പരിക്ക്

ആറ്റിങ്ങൽ: ദേശീയ പാതയിൽ ചാത്തൻപാറ ജംഗ്ഷനിൽ വാഹനാപകടം. അപകടത്തിൽ നാലു പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് വന്ന ഹ്യുണ്ടായി കാറും എതിർ ദിശയിൽ വന്ന ഫോർച്യൂണർ കാറുമാണ് അപകടത്തിൽ പെട്ടത്.

ഹ്യുണ്ടായ് കാർ ഓവർടേക് ചെയ്യു വന്ന് എതിർദിശയിൽ വന്ന ഫോർചൂണർ കാറിലേക്ക് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഇരു കാറുകളിലെയും ഡ്രൈവർമാർക്ക് പരിക്കുകളില്ലെന്ന് വിവരം. എന്നാൽ കാറുകളിൽ ഉണ്ടായിരുന്ന രണ്ട് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കും പരിക്കേറ്റതായും വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി.

പേ വിഷബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പേ വിഷബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങന്‍ തുടങ്ങിയവയാല്‍ മുറിവോ മാന്തലോ ഏറ്റാല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുതെന്നും പേ വിഷബാധയ് ക്കെതിരെ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കടിയോ മാന്തലോ ഏറ്റ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ സോപ്പുപയോഗിച്ച് നന്നായി തേച്ച് 20 മിനിറ്റ് നേരം കഴുകിയതിനുശേഷം ഉടനടി ചികിത്സ തേടണം. ഐ.ഡി.ആര്‍.വിക്കൊപ്പം മുറിവിന്റെ തീവ്രതയനുസരിച്ച് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പ് കൂടി എടുക്കണം.

ഐ.ഡി.ആര്‍.വി.എല്ലാ സര്‍ക്കാര്‍ ജനറല്‍ -ജില്ലാ – താലുക്ക് – സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ചിറയിന്‍കീഴ് താലുക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.

ശ്രദ്ധിക്കേണ്ടവ

*വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകള്‍ നടത്തുന്നവരും പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമായും എടുക്കണം.
*മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകണം.
പട്ടിക്കുഞ്ഞുങ്ങളും പൂച്ചക്കുഞ്ഞുങ്ങളും പരിപാലിച്ചു കഴിഞ്ഞാലും ഉടന്‍തന്നെ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. അവ മാന്തിയാലും കടിച്ചാലും പേ വിഷബാധ സാദ്ധ്യ തയുണ്ട്
*മുറിവുകളിലോ കാലിലെ വിണ്ടുകീറലിലോ മൃഗങ്ങളുടെ ഉമിനീര്‍, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം.
*വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക
*കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാന്‍ അനുവദിക്കരുത്.
*അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടി, പൂച്ച തുടങ്ങിയവയുമായി അടുത്ത്
ഇടപഴകാതിരിക്കുക. ഇത്തരം മൃഗങ്ങള്‍ വീട്ടുവരാന്തയില്‍ വിശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആ സ്ഥലം കഴുകി വൃത്തിയാക്കുക.

പേ വിഷബാധയുള്ള മൃഗങ്ങളുടെ ലക്ഷണങ്ങള്‍:

വെള്ളം കുടിയ്ക്കാന്‍ ബുദ്ധിമുട്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉമിനീര്‍, ആക്രമണ സ്വഭാവം, സാങ്കല്‍പ്പിക വസ്തുക്കളില്‍ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ

വളര്‍ത്തുമൃഗങ്ങളോ വീട്ടില്‍ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാല്‍ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാല്‍, അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

റോബോട്ടിക്‌സില്‍ പരിശീലനം; എട്ടാം ക്ലാസുകാര്‍ക്ക് ലിറ്റില്‍ കൈറ്റ്‌സില്‍ അംഗമാകാം, അഭിരുചി പരീക്ഷ 15ന്

റോബോട്ടിക്‌സില്‍ പരിശീലനം; എട്ടാം ക്ലാസുകാര്‍ക്ക് ലിറ്റില്‍ കൈറ്റ്‌സില്‍ അംഗമാകാം, അഭിരുചി പരീക്ഷ 15ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ -എയിഡഡ് ഹൈസ്‌കൂളുകളിലെ ‘ലിറ്റില്‍ കൈറ്റ്‌സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ചൊവ്വാഴ്ചവരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 15ന്.

സ്‌കൂളുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂര്‍ അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍- ഗണിതം, പ്രോഗ്രാമിങ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍നിന്നാണ് ചോദ്യങ്ങള്‍.

അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്കായി തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഏഴിന് പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് റോബോട്ടിക്‌സ്, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, മൊബൈല്‍ആപ് നിര്‍മാണം, പ്രോഗ്രാമിങ്, ഇ- ഗവേണന്‍സ്, ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും.

ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്‌സ് പ്രവര്‍ത്തനങ്ങളും ബ്ലെന്‍ഡര്‍ സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തിയുള്ള ത്രിഡി അനിമേഷന്‍ തയ്യാറാക്കലും ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. സ്‌കൂള്‍പ്രവര്‍ത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക്: www.kite.kerala.gov.in