by liji HP News | Nov 22, 2024 | Latest News, ദേശീയ വാർത്ത
മരിച്ചുവെന്ന് ഉറപ്പിച്ചയാള്‍ ചിതയിലേക്ക് വച്ചപ്പോള്‍ ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന അന്ധനും ബധിരനുമായ രോഹിതാഷ് കുമാറാണ് ശവസംസ്‌കാരത്തിന് തൊട്ടുമുന്നേ ഉണര്‍ന്നത്. ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രോഹിതാഷിനെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരിച്ചതായി അറിയിച്ച ഡോക്ടര്‍മാര്‍ ഇയാളെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ഇയാള്‍ ഉണര്‍ന്നു. ശ്വാസം മുട്ടിയപ്പോഴാണ് കണ്ണു തുറന്നതെന്നാണ് രോഹിതാഷ് പറയുന്നത്.
ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ രൂപീകരിക്കാന്‍ മെഡിക്കല്‍ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ.മീണ പറഞ്ഞു.
by Midhun HP News | Nov 22, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി.
1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍ എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകള്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.
by Midhun HP News | Nov 21, 2024 | Latest News, ദേശീയ വാർത്ത
മംഗലൂരു: ഉഡുപ്പിയില്‍ വെച്ച് ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്.
അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ ഫസില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് ഐസിയുവിലുള്ളത്.
മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡിക ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം ദേശീയപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലേക്ക് പോകാനായി മലയാളികൾ സഞ്ചരിച്ച ഇന്നോവ കാർ പിറകോട്ട് എടുക്കുന്നതിനിടെ മീൻലോറി ഇടിക്കുകയായിരുന്നു. മംഗലൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തിൽ ഇടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ലോറിയുടെ മുൻവശത്തെ ടയർപൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.
by Midhun HP News | Nov 11, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ബംഗാര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിന് ശേഷം ‘അനായ ബംഗാര്‍’ എന്ന പേരും സ്വീകരിച്ചു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനം ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍ എപ്രകാരമാണ് ക്രിക്കറ്റ് കൈവിട്ടുകളയേണ്ടി വന്നതെന്ന കുറിപ്പും താരം സോഷല്‍മീഡിയയില്‍ പങ്കുവെച്ചു.
‘തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വളര്‍ന്നപ്പോള്‍, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കി. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെയാണ് ക്രിക്കറ്റിനോട് കടുത്ത ഇഷ്ടത്തിലായത്. എന്റെ മോഹവും ഭാവിയുമെല്ലാം ക്രിക്കറ്റായി മാറി. അച്ഛനേപ്പോലെ ഒരു കാലത്ത് ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് കാര്യമായിട്ടെടുത്ത് പരിശീലിച്ചു തുടങ്ങി. എന്റെ ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോള്‍ ആ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യത്തിനു മുന്നിലാണ് ഞാന്‍.’
ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍, എന്റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാന്‍ ദീര്‍ഘകാലം ചേര്‍ത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നില്‍നിന്ന് വഴുതിപ്പോകുന്നു’ അനായ കുറിച്ചു.
by Midhun HP News | Nov 11, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിച്ച ഒഴിവിലാണ് സഞ്ജീവ് ഖന്ന അധികാരമേറ്റടുത്തത്.
രാഷ്‌ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 2025 മെയ് 13 വരെയായാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും സന്നിഹിതരായിരുന്നു. 2019ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ഖന്ന ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതടക്കമുള്ള പല നിർണായ തീരുമാനങ്ങളും കൈക്കൊണ്ട ന്യായാധിപനാണ്. കള്ളപ്പണ നിരോധന നിയമം പകരമുള്ള കേസുകളിൽ അന്വേഷണം വൈകുന്നത് ജാമ്യം നൽകാൻ കാരണമാകുമെന്ന സുപ്രധാന നിരീക്ഷണവും ഖന്ന നടത്തിയിരുന്നു.
by Midhun HP News | Nov 11, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബലാത്സംഗക്കേസില്‍ പൊലീസിനും സർക്കാരിനുമെതിരെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
തനിക്കെതിരെ ഇല്ലാക്കഥകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മെനയുന്നത്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എട്ടര വര്‍ഷം കാലതാമസമുണ്ടായതില്‍ പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് പൊലീസ് നടത്തുന്നതെന്നും സിദ്ദിഖ് ആരോപിക്കുന്നു. കേസില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സിദ്ദിഖിന്റെ ആരോപണം. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.
Recent Comments