നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാന്‍ ബിജെപി; രണ്ടാഴ്ച നീളുന്ന പരിപാടികള്‍

നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാന്‍ ബിജെപി; രണ്ടാഴ്ച നീളുന്ന പരിപാടികള്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം. ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നി രണ്ടാഴ്ച നീളുന്ന പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. 17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി നടത്തുക. കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍ മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലും അറിയിച്ചു.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം സെപ്റ്റംബര്‍ 25-നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടല്‍, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകള്‍, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പൂരിലേക്ക്; സംസ്ഥാനത്ത് വന്‍ സുരക്ഷാ വിന്യാസം

പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പൂരിലേക്ക്; സംസ്ഥാനത്ത് വന്‍ സുരക്ഷാ വിന്യാസം

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്.

ഇംഫാലിലെ കാംഗ്‌ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍ നടക്കുകയെന്നാണ് വിവരം. മിസോറാം സന്ദര്‍ശനത്തിന് പിന്നാലെ മോദി മണിപ്പൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്ക യോഗങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്.

ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കുക്കി ഗോത്രവിഭാഗക്കാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതോടെയാണ് കലാപം ആരംഭിക്കുന്നത്. പിന്നീട് ഇങ്ങോട്ട് രാജ്യം കണ്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെത് അടക്കം വീടുകള്‍ അഗ്‌നിക്കിരയായി. വാഹനങ്ങള്‍ കത്തിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 260ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. 60,000 പേര്‍ പലായനം ചെയ്തു. കലാപത്തിന് പിന്നാലെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വന്നു. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്‌ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

ഇരട്ടി വിലയല്ല എന്ത് വേണമെങ്കിലും തരാം; പക്ഷെ ഐ ഫോൺ 17 ആദ്യം കയ്യിലെത്തണം

ഇരട്ടി വിലയല്ല എന്ത് വേണമെങ്കിലും തരാം; പക്ഷെ ഐ ഫോൺ 17 ആദ്യം കയ്യിലെത്തണം

ദുബൈ: ഐ ഫോൺ 17 ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചതിന് പിന്നാലെ യു എ ഇ മാർക്കറ്റിൽ അനൗദ്യോഗിക പ്രീ-ബുക്കിങ് പൊടിപൊടിക്കുകയാണ്. പുതിയ മോഡൽ ഫോണിന്റെ വിലയുടെ ഇരട്ടി വരെ നൽകാൻ പലരും തയ്യാറാകുന്നതായി കടയുടമകൾ പറയുന്നു. ഇരട്ടിയല്ല, എത്രതുക വേണമെങ്കിലും തരാം ഫോൺ ആദ്യം ലഭിക്കണമെന്ന വാശിയിലാണ് ചിലർ. യു എ ഇയിലെ പല ആളുകൾക്കും ഇപ്പോൾ ഐ ഫോൺ 17 സ്വന്തമാക്കുക എന്നത് അഭിമാന പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കടയുടമകൾ പറയുന്നു.

1ടി ബി ഐ ഫോൺ എയർ 5999 ദിർഹത്തിന് ആണ് വിൽക്കുന്നത് എന്നാൽ ചില ഉപഭോക്താക്കൾ 12,000 ദിർഹം വരെ നൽകാൻ തയ്യാറാണ് എന്ന് എക്സ്റ്റെൽ മൊബൈൽസിന്റെ ഉടമ മുഹമ്മദ് ഷരീഫ് പറയുന്നു. മറ്റു ചിലർ ആദ്യ ദിവസം തന്നെ ഫോൺ ലഭിക്കാൻ എന്ത് വിലയും നൽകാൻ തയ്യാറാണെന്നും അത് അവർക്ക് അഭിമാനത്തിന്റെ പ്രശ്നമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ഐ ഫോൺ എയർ മോഡലിന് വൻ ഡിമാൻഡ് ആണെന്നും സെപ്റ്റംബർ 12 വെള്ളിയാഴ്ച മുതൽ പ്രീ-ബുക്കിംഗുകൾ ആരംഭിക്കുമെന്നും ജാക്കിസ് ബ്രാൻഡ്‌ഷോപ്പിന്റെ സിഒഒ ആശിഷ് പഞ്ചാബി പറയുന്നു. മിക്ക ഇലക്ട്രിക്ക് സാധനങ്ങളുടെയും ലോഞ്ചുകൾക്കും യു എ ഇ ഒരു ഫേസ് 1 മാർക്കറ്റാണ്, അതിനാൽ രണ്ടാം ഘട്ടത്തിൽ ഐഫോൺ 17 ലഭ്യമാകുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ വരെ ഫോൺ വാങ്ങാനായി യു എ ഇയിൽ എത്തിയിട്ടുണ്ട്. വ്യാപാരികൾക്ക് അല്ല, യഥാർത്ഥ ഉപഭോക്താക്കൾക്ക് മാത്രമേ ഫോൺ വിൽക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.

അതെ സമയം, ഐ ഫോൺ 16 ഇറങ്ങിയപ്പോൾ ഇത്രയും തിരക്ക് മാർക്കറ്റിൽ ഉണ്ടായില്ല. പഴയ മോഡലുകളും ഐ ഫോൺ 16 ഉം തമ്മിൽ വലിയ വ്യത്യാസമില്ലാത്ത കൊണ്ട് ജനങ്ങൾക്ക് വലിയ താൽപ്പര്യമില്ലായിരുന്നു. എന്നാൽ പുതിയ മോഡലിന്റെ ഭംഗിയും സവിശേഷതകളുമാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. അതാണ് മാർക്കറ്റിൽ ഇത്ര ഡിമാൻഡ് ഉണ്ടാകാൻ കാരണമെന്നും വിൽപ്പനക്കാർ പറയുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് മരണം, 5 ഹമാസ് പ്രവര്‍ത്തകരും സൈനികനും കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് മരണം, 5 ഹമാസ് പ്രവര്‍ത്തകരും സൈനികനും കൊല്ലപ്പെട്ടു

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഖത്തറിന്റെ സുരക്ഷാ സേനാംഗമാണ് കൊല്ലപ്പെട്ട ആറാമത്തെ വ്യക്തി.

ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ‘ഭീരുത്വം നിറഞ്ഞ’ ഇടപെടല്‍ എന്നാണ് ആക്രമണത്തോട് ഖത്തര്‍ പ്രതികരിച്ചത്. ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന അമേരിക്കയുടെ വാദത്തെയും ഖത്തര്‍ തള്ളി. അമേരിക്കയില്‍ നിന്ന് മുന്‍കൂര്‍ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആക്രമണം ആരംഭിച്ച് 10 മിനിറ്റിനുശേഷമാണ് വാഷിങ്ടണില്‍ നിന്ന് കോള്‍ വന്നതായും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ വ്യക്തമാക്കി.

ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചും സൗദി അറേബ്യ, യുഎഇ തുടങ്ങി രാഷ്ട്രങ്ങളും രംഗത്തെത്തി. ഇസ്രായേല്‍ അതിന്റെ ക്രിമിനല്‍ നടപടികള്‍ തുടരുന്നത് അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണം ഇത് നഗ്‌നവും ഭീരുത്വവുമായ പ്രവൃത്തിയാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രതികരിച്ചു.

പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ സ്വന്തം നിലയില്‍ കൈക്കൊണ്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. ആക്രമണം നടത്താനുളള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണ്, തന്റേതായിരുന്നില്ലെന്നും ട്രംപ് സമൂഹമാധ്യമം ആയ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ബി സുദര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്റെ വിജയം.

767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ 452 വോട്ട് നേടി. മറുവശത്ത് 300 വോട്ടുകളാണ് സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് രാവിലെ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ഝാർഖണ്ഡ്‌ ഗവർണർ സ്ഥാനത്തു നിന്നാണ് സിപി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്.

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും യുവാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കലാപമായ നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ വീട് പ്രക്ഷോഭകര്‍ കത്തിക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബെ, മന്ത്രിമാരായ ദീപക് കഡ്ക, പൃഥ്വി സുബ്ബ ഗുര്‍ഗ എന്നിവരുടെ വീടുകളും കത്തിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രിമാരുടെ വീടുകള്‍ക്കും നേരെ തീവയ്പ്പും കല്ലേറുമുണ്ടായി. സമരക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. പ്രധാനമന്ത്രി കെപി ശര്‍മ ഒലി ദുബായിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേപ്പാള്‍ സര്‍ക്കാരിനുനേരേ ‘ജെന്‍ സീ വിപ്ലവം’ എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. തിങ്കളാഴ്ച സുരക്ഷാ സേന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ അക്രമാസക്തമായി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട പൊലീസ് വെടിവെപ്പില്‍ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു.