ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ ഹ്യുണ്ടായിയും; കാറുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ ഹ്യുണ്ടായിയും; കാറുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

മുംബൈ: യാത്രാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ തുടങ്ങിയവയുടെ നിരയിലേക്കാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളും എത്തുന്നത്. പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് സെപ്റ്റംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് യാഥാര്‍ഥ്യമായാല്‍ ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 60,640 മുതല്‍ 2.4 ലക്ഷം രൂപ വരെയാണ് വില കുറയുക. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപയും ഓറയ്ക്കും വെര്‍ണയ്ക്കും യഥാക്രമം 78,465 രൂപയും 60,640 രൂപയും കുറവുണ്ടാകും. ഐ20 യുടെ വില 98,000 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എസ്യുവി വിഭാഗത്തില്‍, എക്സ്റ്ററിന്റെ വില 89,209 രൂപ വരെ കുറയും. വെന്യു, വെന്യു എന്‍ ലൈന്‍ എന്നിവയുടെ വില 1.19 ലക്ഷം മുതല്‍ 1.23 ലക്ഷം രൂപ വരെ കുറയും. ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് 72,145 രൂപ വരെ വിലക്കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍കാസറിന് 75,376 രൂപ വരെ വിലക്കുറയും. ട്യൂസണിന് 2.40 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും.

‘യാത്രാ വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരോഗമനപരവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ നീക്കത്തെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഈ പരിഷ്‌കാരം ഓട്ടോമോട്ടീവ് വ്യവസായത്തിന് ഒരു ഉത്തേജനം മാത്രമല്ല, വ്യക്തിഗത യാത്ര കൂടുതല്‍ താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമാക്കി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ ഒരു ചുവടുവയ്പ്പു കൂടിയാണ്.”- ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അന്‍സൂ കിം പറഞ്ഞു.

ജിഎസ്ടി കൗണ്‍സില്‍ ചെറുകാറുകളുടെ ജിഎസ്ടി 28% ല്‍ നിന്ന് 18% ആയി കുറച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്യുവികള്‍) ഉള്‍പ്പെടെയുള്ള പ്രീമിയം കാറുകള്‍ക്ക് 40 ശതമാനം ജിഎസ്ടി ആണ് ചുമത്താന്‍ പോവുന്നത്. നേരത്തെ ജിഎസ്ടി പ്ലസ് സെസ് അടക്കം 48% വരെ ചുമത്തിയിരുന്നു.

മഹീന്ദ്ര എസ്യുവികളുടെ വിലയില്‍ 1.01 ലക്ഷം രൂപ വരെ (താര്‍ 4WD) വില കുറയും. ടൊയോട്ട 3.49 ലക്ഷം രൂപ വരെയും (ഫോര്‍ച്യൂണര്‍) വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 1.55 ലക്ഷം രൂപ വരെയും (നെക്സോണ്‍) വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാളെ പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം

നാളെ പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം

സെപ്റ്റംബ‌ർ ഏഴിന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും.

അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണ പ്രക്രിയ. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും.

രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുന്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.

പലചരക്കിന്റെയും ചെരുപ്പുകളുടെയും തുണിത്തരങ്ങളുടെയും മരുന്നുകളുടെയും വില കുറയും; പട്ടിക ഇങ്ങനെ

പലചരക്കിന്റെയും ചെരുപ്പുകളുടെയും തുണിത്തരങ്ങളുടെയും മരുന്നുകളുടെയും വില കുറയും; പട്ടിക ഇങ്ങനെ

ഡല്‍ഹി: ചരക്ക് സേവന നികുതി സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പരിഷ്‌കരിക്കണമെന്ന കേന്ദ്ര ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെ, ഒട്ടനവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യം. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിര്‍ണായക കേന്ദ്രശുപാര്‍ശയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. നിലവില്‍ 12%, 28% എന്നീ നിരക്കുകള്‍ ബാധകമായിരുന്ന ഒട്ടേറെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നി സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്തു.

വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യവും അംഗീകരിച്ചതാണ് ഇതില്‍ പ്രധാനം. പലചരക്ക്, വളം, പാദരക്ഷ, തുണിത്തരങ്ങള്‍ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂടുതല്‍ താങ്ങാനാവുന്നതിലേക്ക് മാറാന്‍ പോകുന്നു. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങള്‍ ഇപ്പോള്‍ മറ്റ് രണ്ട് സ്ലാബുകളിലേക്ക് മാറും. ഇത് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കും. സെപ്റ്റംബര്‍ 22ന് മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. സാധാരണക്കാരുടെ നികുതിഭാരം വന്‍തോതില്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പൊളിച്ചെഴുത്തിലൂടെ നിരവധി നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. പാൻ മസാല, സിഗരറ്റ്, കാർബണേറ്റഡ് പാനീയങ്ങൾ, ലോട്ടറി മുതലായവയ്ക്ക് മാത്രം ബാധകമായ 40 ശതമാനം പ്രത്യേക നിരക്കുമുണ്ട്.

വില കുറയാന്‍ സാധ്യത

ഹെയര്‍ ഓയില്‍, ഷാമ്പൂ, ടൂത്ത് പേസ്റ്റ്, സോപ്പ് ബാര്‍, ടൂത്ത് ബ്രഷ്, ഷേവിങ് ക്രീം, ബ്രെഡ്, പനീര്‍, നെയ്യ്, ചീസ്, പിസ്ത, ഈന്തപ്പഴം, നൂഡില്‍സ് തുടങ്ങിയവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി

33 ജീവന്‍രക്ഷാ മരുന്നുകളുടെ 12 ശതമാനം നികുതി പൂര്‍ണമായി ഒഴിവാക്കി

പെന്‍സില്‍, നോട്ട്ബുക്ക്, മാപ്പ്, ചാര്‍ട്ട് അടക്കം വിദ്യാഭ്യാസ ആവശ്യത്തിനുള്ള നിരവധി പഠനോപകരണങ്ങളുടെ നികുതി പൂര്‍ണമായി ഒഴിവാക്കി

വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യവും അംഗീകരിച്ചു

നിലവില്‍ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങള്‍ക്കും 5% എന്ന കുറഞ്ഞ നികുതി മാത്രമേ ചുമത്തൂ.

28% നികുതി ബാധകമാകുന്നവയില്‍ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും. പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങള്‍ (ഉദാ: കോള), പാന്‍ മസാല അടക്കമുള്ള ഏഴിനങ്ങള്‍ക്ക് 40% നികുതി ഈടാക്കും.

ജീവന്‍ രക്ഷാ മരുന്നുകള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, ചില മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിരക്ക് 12 ശതമാനം / 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി. ചിലതിനെ പൂർണമായി നികുതിയില്‍ നിന്ന് ഒഴിവാക്കി.

ചെറുകാറുകള്‍ക്കും 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്കും വില കുറയും. നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറഞ്ഞു.

എസി, ടെലിവിഷന്‍ (32 ഇഞ്ചിനു മുകളില്‍) എന്നിവയുടെ വില കുറയും

സിമന്റിന്റെ ജിഎസ്ടി 28% ആയിരുന്നത് 18 ശതമാനമായി കുറയും

മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെയും വില കുറയും

21 കോടി രൂപയുടെ ലഹരിമരുന്നുകള്‍, മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം ബംഗളൂരുവില്‍ പിടിയില്‍

21 കോടി രൂപയുടെ ലഹരിമരുന്നുകള്‍, മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈല്‍ (31), കെഎസ്. സുജിന്‍ (32), ബംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.ഇവരില്‍ നിന്ന് ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (മെത്ത്) പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ പൗരനാണ് തങ്ങളുടെ ഉറവിടമെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നായി പ്രതികള്‍ പിടിയിലായത്. മലയാളികളില്‍ സുഹൈല്‍ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു . ദുബായില്‍ ജോലിചെയ്തിരുന്ന ഇയാള്‍ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു. ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വില്‍പ്പന നടത്തിയസംഘം കേരളത്തിലും ലഹരി എത്തിച്ചിരുന്നു. സുഹൈലിന്റെ പേരില്‍ കേരളത്തിലും ലഹരിക്കടത്ത് കേസുണ്ട്.

വര്‍ഷങ്ങളായി ബംഗളൂരുവില്‍ താമസിക്കുന്നതായും സുഹൈലിന് മെത്തുകള്‍ വിതരണം ചെയ്യുന്നതായും കേസില്‍ പിടിയിലായ പ്രതി ഡെക്കോ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാര്‍ക്കെതിരായ നടപടിയെത്തുടര്‍ന്ന് ഇയാള്‍ അടുത്തിടെ ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു. മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണി നൈജീരിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ പൗരന്മാര്‍ വഴിയാണ് ചരക്കുകള്‍ എത്തിച്ചിരുന്നതെന്നും ഡെക്കോ വെളിപ്പെടുത്തി.

ബിആര്‍എസില്‍ പൊട്ടിത്തെറി; കെ കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ബിആര്‍എസില്‍ പൊട്ടിത്തെറി; കെ കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസില്‍ (ഭാരത് രാഷ്ട്ര സമിതി) പൊട്ടിത്തെറി. പാര്‍ട്ടി നേതാവും മകളുമായ കെ കവിതയെ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവു സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയെന്നതിന്റെ പേരിലാണ് നടപടി.

കെ കവിതയുടെ ഭാഗത്തു നിന്നും അടുത്തിടെയുണ്ടായ പ്രസ്താവനകളും പ്രവൃത്തിയും പാര്‍ട്ടി നയത്തിനും തത്വങ്ങള്‍ക്കും വിരുദ്ധമായതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നാണ് വിശദീകരണം. നടപടി ഉടന്‍ പ്രാബല്യത്തില്‍ വന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി രവീന്ദര്‍ റാവു അറിയിച്ചു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് കെ കവിത.

കവിതയുടെ സമീപകാലത്തെ പെരുമാറ്റവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിനെ വേദനിപ്പിച്ചിരുന്നു. നേതൃത്വം ഇത് ഗൗരവമായിട്ടാണ് കണ്ടിരുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അച്ചടക്ക സമിതി അധ്യക്ഷനുമായ സോമ ഭാരത് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ അദികാര വടംവലിയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നാണ് സൂചന. അടുത്തിടെ മുന്‍മന്ത്രിയും അടുത്ത ബന്ധുവുമായ ടി ഹരീഷ് റാവുവിനെതിരെ കവിത പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

കാളക്കുതിപ്പില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി; രൂപ റെക്കോര്‍ഡ് താഴ്ചയില്‍

കാളക്കുതിപ്പില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി; രൂപ റെക്കോര്‍ഡ് താഴ്ചയില്‍

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ഓളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപകര്‍ സ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടുന്നതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സെക്ടര്‍ അടിസ്ഥാനമാക്കി നോക്കിയാല്‍ സമ്മിശ്ര പ്രതികരണമാണ്. ഐടി, ബാങ്ക് ഓഹരികള്‍ നഷ്ടം നേരിടുമ്പോള്‍ ഓട്ടോ ഓഹരികള്‍ നേരിയ നേട്ടത്തിന്റെ പാതയിലാണ്. റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി, ഡോ. റെഡ്ഡീസ് ലാബ്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ആറു പൈസയുടെ നഷ്ടത്തോടെ 88.16 എന്ന നിലയിലാണ് രൂപയുടെ വിനിമയം. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ആവശ്യകത വര്‍ധിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്നലെ 88.10 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്. എണ്ണവിലയും ഉയരത്തിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.44 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 68.45 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന.