റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ അമേരിക്ക; ഇന്ത്യയ്ക്കും ഭീഷണി

റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ അമേരിക്ക; ഇന്ത്യയ്ക്കും ഭീഷണി

വാഷിങ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്താന്‍ നീക്കവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട്, റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയുന്ന റഷ്യ സാങ്ഷന്‍സ് ബില്ലിന് ട്രംപ് അനുമതി നല്‍കിയെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഈ ബില്ലിലൂടെ ശിക്ഷിക്കാന്‍ ട്രംപിന് കഴിയുമെന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.

അടുത്ത ആഴ്ച തന്നെ ഇതുസംബന്ധിച്ച തീരുമാനം നടപ്പിലായേക്കും. ബില്‍ വഴി റഷ്യന്‍ എണ്ണ വാങ്ങുന്ന, ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തിരിപ്പിക്കാനാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍, പുടിന്റെ യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണ് ചെയ്യുന്നത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുക്രൈന്‍- റഷ്യ യുദ്ധം അവസാനിക്കുമെന്നും യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു.

റഷ്യന്‍ യുറേനിയം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണവും ട്രംപ് പാസ്സാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ആദ്യം തന്നെ ഇത് വോട്ടിനിടാന്‍ കഴിയുമെന്നും ലിന്‍ഡ്‌സേ ഗ്രഹാം കൂട്ടിച്ചേര്‍ത്തു. റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടു പോകുകയാണ്. അതിന്റെ ഭാഗമായി കൂടെയാണ് റഷ്യന്‍ സാമ്പത്തികമേഖലയെ തളര്‍ത്താനുള്ള ഉപരോധം കൊണ്ടുവരാനും നീക്കം നടത്തുന്നത്. അടുത്തിടെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

30 കോടി വേണം; ചിരഞ്ജീവി ചിത്രത്തിൽ നിന്ന് പിന്മാറി മോഹൻലാൽ ?

30 കോടി വേണം; ചിരഞ്ജീവി ചിത്രത്തിൽ നിന്ന് പിന്മാറി മോഹൻലാൽ ?

ചിരഞ്ജീവി ചിത്രത്തിൽ മോഹൻലാൽ വരുന്നുണ്ടെന്ന വാർത്ത ഏറെ നാളുകളായി സിനിമാ ലോകത്ത് പരക്കാൻ തുടങ്ങിയിട്ട്. ചിത്രത്തിന്റെ എന്തെങ്കിലും ഒരു അപ്ഡേറ്റിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിരഞ്ജീവി ചിത്രത്തിൽ മോഹൻലാൽ ഉണ്ടായേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് മോഹൻലാൽ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. സംവിധായകൻ ബോബി ഒരുക്കുന്ന ‘മെഗാ 158’ എന്ന ചിത്രത്തിൽ നിന്നാണ് മോഹൻലാൽ പിന്മാറിയിരിക്കുന്നത്. ഡെക്കാൻ ക്രോണിക്കിൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രതിഫലം വാങ്ങാതെ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുമെന്നായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ. സംവിധായകൻ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവർത്തകർക്ക് ഈ പ്രതീക്ഷ നൽകിയത്. എന്നാൽ, മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ താരം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ചിത്രത്തിൽ സ്പെഷ്യൽ കാമിയോ ആയി മോഹൻലാൽ അഭിനയിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.

ചിരഞ്ജീവിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ആദ്യ ചിത്രമായി മെഗാ 158 മാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ, ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

കടിക്കാതിരിക്കാന്‍ ഇനി കൗണ്‍സലിങ് നല്‍കാം; തെരുവുനായകള്‍ക്ക് ഏത് മൂഡ് എന്ന് എങ്ങനെ അറിയും?, പരിഹാസവുമായി സുപ്രീം കോടതി

കടിക്കാതിരിക്കാന്‍ ഇനി കൗണ്‍സലിങ് നല്‍കാം; തെരുവുനായകള്‍ക്ക് ഏത് മൂഡ് എന്ന് എങ്ങനെ അറിയും?, പരിഹാസവുമായി സുപ്രീം കോടതി

ഡല്‍ഹി: രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്്നേഹികള്‍ക്കെതിരെ പരിഹാസവുമായി സുപ്രീംകോടതി. കടിക്കാതിരിക്കാന്‍ ഇനി നായകള്‍ക്ക് കൗണ്‍സലിങ് നല്‍കുക മാത്രമാണ് ബാക്കിയുള്ളതെന്ന് പറഞ്ഞ സുപ്രീം കോടതി തെരുവുനായകള്‍ക്ക് ഏത് മൂഡ് ആണെന്ന് എങ്ങനെ അറിയുമെന്നും ചോദിച്ചു. സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദത്തിനിടെയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യങ്ങള്‍ ഉണ്ടായത്.

സ്വമേധയാ എടുത്ത കേസിലാണ് ജസ്സ്റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് വാദം കേട്ടത്. തെരുവുനായ്ക്കളോട് നിലവില്‍ കാണിക്കുന്നത് ‘വളരെ ക്രൂരമായ’ പെരുമാറ്റമാണെന്നും അതിനാല്‍ കേസ് എത്രയും വേഗം പരിഗണിക്കണമെന്നും കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച ജസ്റ്റിസ് മേത്ത, അടുത്ത വാദത്തിനിടെ കോടതി ഒരു ‘വീഡിയോ പ്രദര്‍ശിപ്പിക്കുമെന്നും എന്നിട്ട് മനുഷ്യത്വം എന്നാല്‍ എന്താണെന്ന് ചോദിക്കുമെന്നും’ അഭിപ്രായപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും.

നായ്ക്കളെ പരിപാലിക്കുന്ന എന്‍ജിഒയ്ക്ക് വേണ്ടി കപില്‍ സിബല്‍, കെകെ വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകകരാണ് ഹാജരായത്. കപില്‍ സിബലിന്റെ വാദം കേള്‍ക്കുന്നതിനിടെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്തയുടെ ഭാഗത്ത് നിന്ന് ചില പരിഹാസരൂപേണെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. അപകടകാരികളായ തെരുവുനായകളെ എബിസി സെന്ററില്‍ കൊണ്ടുപോയി വന്ധ്യംകരണം നടത്തിയാല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലന്ന് കപില്‍ സിബല്‍ പറഞ്ഞപ്പോള്‍, നായയകള്‍ക്ക് ഒരു കൗണ്‍സലിങ് കൂടി നടത്തുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് കോടതി പരിഹസിച്ചു. കപില്‍ സിബല്‍ സ്‌കൂട്ടര്‍ ഓടിക്കാറുണ്ടോയെന്നും കോടതി ചോദിച്ചു. ഇരുചക്രയാത്രികര്‍ക്ക് തെരുവുനായകള്‍ കാരണം പല അപകടങ്ങളും ഉണ്ടാകാറുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു

രാവിലെ തെരുവുനായക്ക് ഏത് മൂഡാണെന്ന് എങ്ങനെ അറിയുമെന്ന് ജസ്്റ്റിസ് വിക്രംനാഥ് ചോദിച്ചു. ചട്ടങ്ങളും നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, കേസുമായി ബന്ധപ്പെട്ട് മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

‘ഇന്ത്യന്‍ ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല’; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍

‘ഇന്ത്യന്‍ ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി ഇപ്പോള്‍ ആവശ്യമില്ല’; ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറില്‍ നിന്ന് ടെസ്റ്റ് പരിശീലക സ്ഥാനം എടുത്തു മാറ്റേണ്ടതില്ലെന്ന് ഹര്‍ഭജന്‍ സിങ്. ടീമിന് സ്പ്ലിറ്റ്-കോച്ചിങ് രീതി സ്വീകരിക്കുന്നതില്‍ ദോഷമില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്നും പറഞ്ഞു.

ഗംഭീറിന്റെ പരിശീലനത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം മോശം പ്രകടനം കാഴച്‌വെക്കുമ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതിനിടെയാണ് ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍ എത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നവരോട് കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ റെഡ്-ബോള്‍ പ്രകടനം മോശമാണെങ്കിലും, വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍, പ്രത്യേകിച്ച് ടി20ഐ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2024 ലെ ടി20 ലോകകപ്പിന് ശേഷം ഗംഭീര്‍ ചുമതലയേറ്റതിനുശേഷം ഇന്ത്യ ഒരു ടി20ഐ പരമ്പര പോലും തോറ്റിട്ടില്ല.

‘ഇന്ത്യയില്‍, ടീം നന്നായി കളിച്ചാല്‍ എല്ലാവരും നിശബ്ദരായിരിക്കും, പക്ഷേ ടീം മോശമായി കളിച്ചാല്‍ ഉടന്‍ തന്നെ പരിശീലകനെതിരെ തിരിയും’ഹര്‍ഭജന്‍ പറഞ്ഞു. ‘ഗൗതം ഗംഭീര്‍ ഇന്ത്യയ്ക്കുവേണ്ടി വളരെ നന്നായി പ്രയത്‌നിച്ചു.എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം. ഒരു വൈറ്റ്-ബോള്‍ പരിശീലകനും ഒരു റെഡ്-ബോള്‍ പരിശീലകനും എന്ന നയം ഇപ്പോള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍ കാലക്രമേണ, ആവശ്യമെങ്കില്‍, തീര്‍ച്ചയായും ചെയ്യണം. അതില്‍ തെറ്റൊന്നുമില്ല, ‘ ഹര്‍ഭജന്‍ പറഞ്ഞു.

ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന ടി20 ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ ഒന്നാണ് ഇന്ത്യ. യുഎസ്എ, നമീബിയ, നെതര്‍ലാന്‍ഡ്സ്, പാകിസ്ഥാന്‍ എന്നി ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ലോകകപ്പിന് മുമ്പ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ എട്ട് വൈറ്റ്-ബോള്‍ മത്സരങ്ങളും കളിക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തില്‍; റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സിദ്ധരാമയ്യ

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തില്‍; റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സിദ്ധരാമയ്യ

ബംഗലൂരു: കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്. ദേവരാജ് അരസിന്റെ റെക്കോര്‍ഡാണ് ബുധനാഴ്ച സിദ്ധരാമയ്യ മറികടന്നത്. മുഖ്യമന്ത്രി പദത്തില്‍ 2793 ദിവസം ആയതോടെയാണ് 77 കാരനായ സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

2792 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ദേവരാജ് അരശിന്റെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ്. ജനുവരി ആറിനാണ് സിദ്ധരാമയ്യ അരസിനൊപ്പമെത്തിയത്. സംസ്ഥാനത്ത് സാമൂഹ്യനീതിയുടേയും ഭൂപരിഷ്‌കരണത്തിന്റെയും നായകനായി കരുതപ്പെടുന്ന അരസ് രണ്ടു തവണ കര്‍ണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.

1972 മാര്‍ച്ച് 20 മുതല്‍ 1977 ഡിസംബര്‍ 31 വരെ 2113 ദിവസവും, പിന്നീട് 1978 ഫെബ്രുവരി 28 മുതല്‍ 1980 ജനുവരി ഏഴു വരെ 679 ദിവസവുമാണ് അരസ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത്. സിദ്ധരാമയ്യയും രണ്ടാം തവണയാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഡി കെ ശിവകുമാറുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യയ്ക്ക് ഗുഡ് ലക്ക് ആശംസകള്‍ നേരിട്ടുണ്ട്.

യുപിയിൽ അഞ്ചിലൊന്ന് വോട്ടര്‍മാര്‍ എസ്‌ഐആറില്‍ പുറത്ത്, 2.89 കോടി പേര്‍ കരടു പട്ടികയില്‍ ഇല്ല

യുപിയിൽ അഞ്ചിലൊന്ന് വോട്ടര്‍മാര്‍ എസ്‌ഐആറില്‍ പുറത്ത്, 2.89 കോടി പേര്‍ കരടു പട്ടികയില്‍ ഇല്ല

ഡല്‍ഹി : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ( എസ്‌ഐആര്‍ ) കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുറത്തായത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍, 2.89 കോടി വോട്ടര്‍മാര്‍, അതായത് ഉത്തര്‍പ്രദേശിലെ മൊത്തം വോട്ടര്‍മാരുടെ 18.70 ശതമാനമാണ് ഒഴിവാക്കപ്പെട്ടത്. മരണം, സ്ഥിരമായ താമസമാറ്റം, ഇരട്ട വോട്ട് തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും വോട്ടുകള്‍ ഒഴിവാക്കപ്പെട്ടതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ വ്യക്തമാക്കി.

ഇതോടെ, SIR ന്റെ പ്രാരംഭ ഘട്ടത്തിന് ശേഷം രാജ്യത്ത് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാമതെത്തി. കരട് വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ 12.55 കോടി വോട്ടര്‍മാരുണ്ട്. അതായത് നേരത്തെ പട്ടികയിലുണ്ടായിരുന്ന ആകെ 15.44 കോടി വോട്ടര്‍മാരില്‍, 12.55 കോടി വോട്ടര്‍മാരും കരട് വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ 75 ജില്ലകളിലെയും 403 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ പറഞ്ഞു.

ഒഴിവാക്കപ്പെട്ടവരില്‍ 46.23 ലക്ഷം വോട്ടര്‍മാര്‍ (2.99 ശതമാനം) മരിച്ചതായി കണ്ടെത്തി. 2.57 കോടി വോട്ടര്‍മാര്‍ (14.06 ശതമാനം) സ്ഥിരമായി താമസം മാറിയവരോ, പരിശോധനാ പ്രക്രിയയില്‍ ലഭ്യമല്ലാത്തതോ ആണ്. 25.47 ലക്ഷം വോട്ടര്‍മാര്‍ (1.65 ശതമാനം) ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും നവ്ദീപ് റിന്‍വ പറഞ്ഞു. കരടു പട്ടികയില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജനുവരി ആറു മുതല്‍ ഫെബ്രുവരി ആറു വരെ പരാതി ഉന്നയിക്കാം. ഈ കാലയളവില്‍ വോട്ടര്‍മാര്‍ക്ക് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തല്‍, തിരുത്തല്‍ തുടങ്ങിയവയ്ക്കായി അപേക്ഷിക്കാവുന്നതാണെന്നും നവ്ദീപ് റിന്‍വ പറഞ്ഞു.