കുട്ടികളെ വലയിലാക്കാന്‍ പാക് ചാരസംഘടന; പഞ്ചാബില്‍ 15കാരന്‍ ചാരവൃത്തി കേസില്‍ അറസ്റ്റില്‍, ജാഗ്രത

കുട്ടികളെ വലയിലാക്കാന്‍ പാക് ചാരസംഘടന; പഞ്ചാബില്‍ 15കാരന്‍ ചാരവൃത്തി കേസില്‍ അറസ്റ്റില്‍, ജാഗ്രത

ഡല്‍ഹി: ഇന്ത്യയെ ലക്ഷ്യംവെച്ച് രാജ്യത്തെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ അടക്കം റിക്രൂട്ട് ചെയ്ത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ വല വിപുലീകരിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ ആശങ്കകള്‍ ഉയരുന്നതിനിടെ, ചാരവൃത്തി ആരോപിച്ച് പഞ്ചാബ് പൊലീസ് 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പഞ്ചാബില്‍ ഉടനീളം ജാഗ്രത വര്‍ധിപ്പിച്ചു.

ഐഎസ്ഐ ബന്ധമുള്ളവരുമായി കുട്ടി ഒരു വര്‍ഷത്തോളമായി ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി കുട്ടി പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന കുട്ടി പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്തിയതായി നിരീക്ഷണത്തിലൂടെയും സാങ്കേതിക വിശകലനത്തിലൂടെയുമാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 15കാരന്‍ ഒറ്റയ്ക്കല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത മറ്റു ചില കുട്ടികളും ഐഎസ്‌ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയെ കസ്്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ പഞ്ചാബിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നെറ്റ്വര്‍ക്കുകളില്‍ കുടുങ്ങാന്‍ സാധ്യതയുള്ള മറ്റ് കുട്ടികളെ തിരിച്ചറിയാനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.

‘പിടിക്കപ്പെട്ട കുട്ടിക്ക് 15 വയസ്സ് ആണ് പ്രായം. പാകിസ്ഥാനിലെ ഐഎസ്‌ഐ പ്രവര്‍ത്തകരുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അന്വേഷണത്തിനിടെ, ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചാബിലെ മറ്റ് ചില പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും ഞങ്ങള്‍ കണ്ടെത്തി. സംസ്ഥാനത്തുടനീളമുള്ള പൊലീസ് യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും’- പത്താന്‍കോട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ദല്‍ജീന്ദര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരുന്നത് തടയുന്നതിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ശത്രു ഏജന്‍സികള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നരയ്ക്ക്.

ദീര്‍ഘനാള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

1965ല്‍ വ്യോമസേനയില്‍ പൈലറ്റായി ഔദ്യോഗക ജീവിതം ആരംഭിച്ച കല്‍മാഡി 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ എട്ടു സേനാ മെഡലുകള്‍ ലഭിച്ചു. 1978ല്‍ മഹാരാഷ്ട്രാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അദ്ദേഹം 1982ല്‍ രാജ്യസഭാംഗമായി. 1996ല്‍ പൂനെയില്‍ നിന്നു ലോക്സഭയിലെത്തി. 1995 സെപ്റ്റംബര്‍ 16 മുതല്‍ 1996 ജൂണ്‍ 15 വരെ പിവി നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ റയില്‍വേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയും കല്‍മാഡി ആയിരുന്നു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1996ല്‍ ഐഒഎ പ്രസിഡന്റായ കല്‍മാഡി, 2004ലും 2008ലും പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’; സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’; സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’ എന്ന നിരീക്ഷണം നടത്തിക്കൊണ്ടാണ്, സുപ്രീംകോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഇത്തരമൊരു പരാമര്‍ശം നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നാണ് ശങ്കരദാസിന്റെ വാദം.

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ടെന്നും, അങ്ങനെ ഒപ്പിട്ടയാള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആവശ്യവുമായി വന്നാല്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാമും ജയിലില്‍ തുടരും; ജാമ്യമില്ല

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാമും ജയിലില്‍ തുടരും; ജാമ്യമില്ല

ഡല്‍ഹി: 2020ലെ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്നും യുഎപിഎ നിയമപ്രകാരമുള്ള കര്‍ശന വ്യവസ്ഥകള്‍ ഈ സാഹചര്യത്തില്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

2020 മുതല്‍ തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും വിചാരണ നടപടികള്‍ നീണ്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഏഴുപേരും ജാമ്യത്തിന് അപേക്ഷിച്ചത്. ഇത്രയും കാലം തടവില്‍ കഴിഞ്ഞതിനാല്‍ തങ്ങള്‍ക്ക് ജാമ്യത്തിന് ന്യായമായ അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പ്രത്യേകം പരിശോധിച്ച ശേഷമാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നല്‍കേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തില്‍ കോടതി എത്തിയത്. കലാപം ആസൂത്രണം ചെയ്തതിലും അതിനായി ആളുകളെ കൂട്ടിയതിലും ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവകരമാണെന്നും സുപ്രീം കോടതി അറിയിച്ചു.

2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതല്‍ കോടതിയിലാണ്. ഡല്‍ഹി കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്.

മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ പിന്‍വലിക്കും?; വിശദീകരണവുമായി കേന്ദ്രം

മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ പിന്‍വലിക്കും?; വിശദീകരണവുമായി കേന്ദ്രം

ഡല്‍ഹി: മാര്‍ച്ചോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. മാര്‍ച്ചോടെ എടിഎമ്മുകളില്‍ 500 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്തലാക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകളിലെ ഉള്ളടക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വാദം തള്ളി. ഇത് തെറ്റായ പ്രചാരണമാണെന്ന്് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് മാര്‍ച്ചോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുത്തത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പിഐബി ഫാക്ട് ചെക്ക്് രംഗത്തുവന്നത്. ആര്‍ബിഐ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റാണെന്നുമാണ് പിഐബി ഫാക്ട് ചെക്ക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കിയിട്ടില്ലാത്തതിനാല്‍ അവയുടെ നിയമസാധുത ഇപ്പോഴും തുടരും. ഇത്തരം തെറ്റായ വിവരങ്ങളില്‍ വീഴരുതെന്നും വാര്‍ത്തകള്‍ വിശ്വസിക്കുകയോ സോഷ്യല്‍മീഡിയയില്‍ പങ്കിടുകയോ ചെയ്യരുതെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി.

സോണിയയുമായി കൂടിക്കാഴ്ച ഒരുക്കിയത് ഞാനല്ല: അടൂര്‍ പ്രകാശ്

ഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നേക്കാള്‍ നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. ഇരുവരും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ മണ്ഡലത്തിലെ താമസക്കാരനാണ്. അയാള്‍ കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ല. പോറ്റി ഡല്‍ഹിയിലെത്തിയപ്പോള്‍ വിളിച്ചു. അപ്പോയിന്റ്‌മെന്റ് ലഭിച്ചശേഷമാണ് തന്നെ വിളിച്ചത്. സോണിയയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുണ്ടെന്നും, കൂടെ വരണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് എംപി എന്ന നിലയില്‍ കൂടെ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പലരും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്.

സ്വര്‍ണ്ണക്കൊള്ളയിലെ സ്വര്‍ണം എവിടേക്ക് പോയി എന്നു കണ്ടെത്താന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നത്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതില്‍ കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കുന്നത്. എനിക്കെതിരെ അന്വേഷണമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തായാലും അന്വേഷണവുമായി സഹകരിക്കും. എസ്‌ഐടി വിളിച്ചാല്‍ അറിയാവുന്ന, കൃത്യമായ കാര്യങ്ങള്‍ പറയുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും. മുന്നണി സംവിധാനം എന്ന നിലയില്‍ പാര്‍ട്ടികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ വിട്ടുവീഴ്ചകള്‍ ചെയത് മുന്നോട്ടു പോകും. യുഡിഎഫില്‍ പാര്‍ട്ടികളുടെ സീറ്റുമായി ബന്ധപ്പെട്ട കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിം ലീഗ് മുന്നണിയിലെ പ്രധാന കക്ഷിയാണ്. അവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ കേള്‍ക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.