79-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

79-ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ‘നവ ഭാരതം’ എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കും.

പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് നടക്കുക. 2014 മുതല്‍ കഴിഞ്ഞവര്‍ഷം വരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോദി ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ അയ്യായിരത്തോളം വിശിഷ്ടാതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത സേനകളുടെ ആഭിമുഖ്യത്തിൽ ബാന്റുകൾ നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിൽ മാത്രമായി ഇരുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. 9 മണിക്ക് നടക്കുന്ന പരിപാടിയിൽ വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ തുടങ്ങിയവയും ചടങ്ങിൽ സമ്മാനിക്കും.

ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ഇനി അക്കൗണ്ടില്‍ പണമെത്താന്‍ കാത്തിരിക്കേണ്ട, മണിക്കൂറുകള്‍ക്കകം ചെക്ക് ക്ലിയറിങ്; ഒക്ടോബര്‍ നാലുമുതല്‍ പുതിയ പരിഷ്‌കാരം

ഡല്‍ഹി: ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുന്ന പലരുടെയും പ്രശ്‌നമായിരുന്ന ചെക്ക് മാറിയെടുക്കലിന് വേണ്ടി വരുന്ന സമയത്തിന് പരിഹാരമാകുന്നു. സാധാരണയായി ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്താന്‍ രണ്ടു ദിവസം വരെയാണ് സമയം വേണ്ടി വരുന്നത്. എന്നാല്‍ ഇനി മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാം. ഇതിനായുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുകയാണ് റിസര്‍ബ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ 4 മുതല്‍ പുതിയ പരിഷ്‌കാരം നടപ്പില്‍ വരുത്തണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം.

ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം വഴിയാണ് ബാങ്ക് ശാഖകകള്‍ ചെക്ക് ക്ലിയറിങ് ചെയ്തിരുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് നിശ്ചിത സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുകയാണ് പതിവ്. ഇനി മുതല്‍ ഓരോ ചെക്കും ബ്രാഞ്ചില്‍ ലഭിക്കുന്ന മുറയ്ക്ക് സിടിഎസ് സംവിധാനം വഴി സ്‌കാന്‍ ചെയ്ത് അയയ്ക്കാനാണ് നിര്‍ദ്ദേശം. പുതിയ രീതി വരുന്നതോടെ ചെക്ക് മാറി അക്കൗണ്ടില്‍ പണമെത്തുന്നതിനുള്ള കാത്തിരിപ്പ് അവസാനിക്കും. ചെക്കുമായി ബന്ധപ്പെട്ട് ഉപയോക്താക്കളും ബാങ്ക് ജീവനക്കാരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പരിഷ്‌കാരം വഴി സഹായിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.

രണ്ടു ഘട്ടമായിട്ടായിരിക്കും ചെക്ക് പരിഷ്‌കാരം നടപ്പിലാക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 4 മുതല്‍ നടപ്പിലാക്കും. രണ്ടാംഘട്ടം 2026 ജനുവരി 3 മുതലും. ആദ്യ ഘട്ടത്തില്‍ ഓരോ ദിവസവും ലഭിക്കുന്ന ചെക്കുകള്‍ സാധുവാണോ അല്ലെങ്കില്‍ അസാധുവാണോ എന്ന കാര്യം അന്നേദിവസം രാത്രി 7ന് മുമ്പ് ഇടപാടുകാരെ അറിയിക്കണം. രണ്ടാംഘട്ടത്തില്‍ ചെക്കിന്റെ കാര്യത്തില്‍ തീരുമാനം മൂന്നു മണിക്കൂറിനുള്ളില്‍ ഉപയോക്താവിനെ അറിയിക്കണം. ഉദാഹരണത്തിന് രാവിലെ 10 മണിക്കും 11നും ഇടയില്‍ ലഭിക്കുന്ന ചെക്കുകള്‍ മൂന്നു മണിക്കൂറിനകം, അതായത് ഉച്ചയ്ക്ക് രണ്ടിനകം ക്ലിയര്‍ ചെയ്തിരിക്കണം. ഇതിനായി ബാങ്കുകള്‍ ആവശ്യമായ ക്രമീകരണം നടത്തണം.

കശ്മീരില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം; പത്തിലധികം പേര്‍ മരിച്ചതായി സംശയം

കശ്മീരില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം; പത്തിലധികം പേര്‍ മരിച്ചതായി സംശയം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം. പത്തിലധികം ആളുകള്‍ മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും സംസ്ഥാന ദുരന്തപ്രതികരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് തീര്‍ഥാടകരെ ഒഴിപ്പിക്കുകയാണ്. കിഷ്ത്വാറിലെ പ്രസിദ്ധമായ ചണ്ഡി മാതാ മച്ചൈല്‍ യാത്ര ആരംഭിക്കുന്നത് ചോസ്തിയില്‍ നിന്നാണ്. മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് പത്തു പേരെങ്കിലും മരിച്ചതായി സംശയിക്കുന്നതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

‘മച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റായ കിഷ്ത്വാറിലെ ചോസ്തിപ്രദേശത്ത് പെട്ടെന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്,’- ഡെപ്യൂട്ടി കമ്മീഷണര്‍ കിഷ്ത്വാര്‍ പങ്കജ് ശര്‍മ്മ പറഞ്ഞു.’ചോസ്തി പ്രദേശത്ത് വന്‍ മേഘവിസ്‌ഫോടനം ഉണ്ടായി, ഇത് ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. അധികൃതര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു, രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടം വിലയിരുത്തലും ആവശ്യമായ രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ മാനേജ്‌മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്. സാധ്യമായ എല്ലാ സഹായവും നല്‍കും’- കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കുറിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമമായി നടത്താന്‍ പൊലീസ്, സൈന്യം, ദുരന്ത നിവാരണ ഏജന്‍സികള്‍ എന്നിവയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദേശിച്ചു.

‘കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊലീസ്, സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു,’- മനോജ് സിന്‍ഹ പറഞ്ഞു.

പാലിയേക്കര കേസില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പാലിയേക്കര കേസില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹി: പാലിയേക്കര ടോള്‍പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ടോള്‍ പിരിച്ചിട്ട് റോഡ് നന്നാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. ആംബുലന്‍സിന് പോലും പോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കാണ് ഉള്ളതെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നാലാഴ്ചക്ക് നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്. ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ സഞ്ചരിച്ചപ്പോള്‍ നേരിട്ട് അനുഭവിച്ച ബുദ്ധിമുട്ട് ചീഫ് ജസ്റ്റിസ് ഗവായ് കോടതിയില്‍ വിശദീകരിച്ചു. ഒരു തവണ മാത്രമാണ് ആ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളത്. അന്ന് എസ്‌കോര്‍ട്ട് അകമ്പടി ഉണ്ടായിട്ടും പാലിയേക്കര ടോള്‍ പ്ലാസ കടക്കാന്‍ തന്റെ വാഹനം ബുദ്ധിമുട്ടിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ടോള്‍ പിരിച്ച ശേഷം എന്ത് കൊണ്ടാണ് റോഡ് നന്നാക്കാത്തത് എന്നും റോഡ് പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് എന്തിന് ടോള്‍ പിരിവ് തുടങ്ങിയെന്നും സുപ്രീം കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. നാല് ആഴ്ചത്തേയ്ക്ക് അല്ലേ ഹൈക്കോടതി ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്? അതിനിടയില്‍ ഗതാഗത കുരുക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ച് കൂടെയെന്നും ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറലിനോട് സുപ്രീം കോടതി ആരാഞ്ഞു. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള പ്രശ്‌നത്തില്‍ എന്തിന് പൊതുജനം ബുദ്ധിമുട്ടണമെന്നും കോടതി ചോദിച്ചു.

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിന് കാരണം ആമ്പല്ലൂര്‍, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിലെ ബ്ലാക് സ്‌പോട്ടുകള്‍ കാരണമാണെന്ന് ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഇവിടങ്ങളിലെ സര്‍വ്വീസ് റോഡിലെ ഗതാഗത കുരുക്കും അടിപ്പാത, ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണങ്ങളും വൈകുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട് എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറയുന്ന സ്ഥലങ്ങളെല്ലാം ടാള്‍ പ്ലാസയില്‍ നിന്ന് കിലോമീറ്ററുകളോളം അകലെയാണെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിനോദ് ചന്ദ്രന് വ്യക്തിപരമായിത്തന്നെ ഇവിടത്തെ വിഷയങ്ങള്‍ അറിയാവുന്ന ആളാണെന്നും, കേരളത്തില്‍ നിന്നുള്ള വ്യക്തിയാണെന്നും ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് വന്ന വ്യക്തിയാണെന്ന് സോളിസിറ്റര്‍ ജനറലും അഭിപ്രായപ്പെട്ടു.

‘നായ കടിയേറ്റ് കുഞ്ഞുങ്ങള്‍ പേയിളകി മരിക്കുന്നു, അതൊരു പ്രശ്നമല്ലേ? ഉത്തരവില്‍ എതിര്‍ക്കാന്‍ എന്താണുള്ളത്?’

‘നായ കടിയേറ്റ് കുഞ്ഞുങ്ങള്‍ പേയിളകി മരിക്കുന്നു, അതൊരു പ്രശ്നമല്ലേ? ഉത്തരവില്‍ എതിര്‍ക്കാന്‍ എന്താണുള്ളത്?’

ഡല്‍ഹി: തെരുവുനായയുടെ കടി മൂലമുള്ള പേവിഷബാധയേറ്റ് നിരവധി കുട്ടികളാണ് മരിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതി യില്‍. അതിനാല്‍ തെരുവുനായ ശല്യം പരിഹരിക്കപ്പെടേണ്ടതുണ്ട്. തങ്ങളാരും മൃഗവിരോധികളല്ല. അതേസമയം തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി വിധിയില്‍ എതിര്‍ക്കാനായി എന്താണുള്ളതെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

തെരുവുനായകളെ വന്ധ്യംകരിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടും പ്രത്യുത്പാദനം വര്‍ധിക്കുന്നത് തടയാനാകുന്നില്ല. അവയ്ക്ക് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നതുകൊണ്ട് പേവിഷബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. 2024 ല്‍ രാജ്യത്ത് 37 ലക്ഷം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 305 പേവിഷബാധ മരണങ്ങളാണ് ഉണ്ടായതെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

തെരുവുനായകള്‍ മൂലം കുട്ടികള്‍ക്ക് പൊതുസ്ഥലത്ത് കളിക്കാന്‍ പോലുമാകുന്നില്ല. കോടതി ഇതിന് പരിഹാരം കാണണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയിലെയും പരിസര മേഖലകളിലെയും തെരുവുനായകളെ പൂര്‍ണമായി പിടികൂടി ഷെല്‍റ്ററുകളിലാക്കണമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എതിര്‍ത്തു. ഗുരുതരമായ വിഷയമാണിത്. കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ട്. അതുവരെ സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നും സന്നദ്ധ സംഘടനയ്ക്കു വേണ്ടി ഹാജരായ സിബല്‍ ആവശ്യപ്പെട്ടു.

കേസില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ് വിയും സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ എതിര്‍ത്തു. ഡല്‍ഹിയില്‍ ഈ വര്‍ഷം പേവിഷ ബാധമൂലമുള്ള മരണം ഉണ്ടായിട്ടില്ല. നായകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. നായ കടിയേല്‍ക്കുന്നത് തീര്‍ച്ചയായും നല്ല കാര്യമല്ല. പക്ഷെ അതിന്റെ പേരില്‍ ഇത്തരത്തില്‍ ഭീതിദമായ സാഹചര്യം സൃഷ്ടിക്കാന്‍ പാടുള്ളതല്ലെന്ന് മനു അഭിഷേക് സിങ് വി അഭിപ്രായപ്പെട്ടു.

വാദം കേള്‍ക്കുന്നതിനിടെ, മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികാരികള്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നതാണ് മുഴുവന്‍ പ്രശ്നത്തിനും കാരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും പാര്‍ലമെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവ കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നില്ല. ഇതുമൂലം ഒരു വശത്ത്, മനുഷ്യര്‍ കഷ്ടപ്പെടുന്നു. മറുവശത്ത്, മൃഗങ്ങളും കഷ്ടപ്പെടുന്നുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിധി പറയാനായി കോടതി മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്ന സുപ്രീംകോടതി രണ്ടം​ഗ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതു കണക്കിലെടുത്താണ് വിഷയത്തിൽ മുൻ ഉത്തരവ് പുനഃപരിശോധിക്കാനായി ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിൽ മൂന്നം​ഗ ബെഞ്ച് രൂപീകരിച്ചത്.

ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് വേര്‍പ്പെടുത്തിയ കോച്ചില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം

ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് വേര്‍പ്പെടുത്തിയ കോച്ചില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച ആലപ്പുഴ എക്‌സ്പ്രസിന്റെ കോച്ചില്‍ അജ്ഞാതസ്ത്രീയുടെ അഴുകിയ മൃതദേഹം. ഫാന്‍ പ്രവര്‍ത്തിക്കാതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി നിര്‍ത്തിയിട്ടിരുന്ന കോച്ചില്‍ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 7 ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലായിരുന്നെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.

കോച്ചില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പൊലീസ്. സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.