അഞ്ച് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി, കേരളത്തില്‍ 23 ന് കരട് പട്ടിക

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി, കേരളത്തില്‍ 23 ന് കരട് പട്ടിക

ഡല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18 വരെയും ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26 വരെയുമാണ് നീട്ടിയത്.

എസ്‌ഐആര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പടെ ഗുരുതര പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി 6 ഇടങ്ങളില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. കേരളത്തില്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 18വരെയാണ് നീട്ടിയത്. ഡിസംബര്‍ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. ബംഗാളില്‍ എസ്‌ഐആര്‍ കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെസിക്കൊപ്പം 15 മിനിറ്റ്, ഫീസ് പത്തു ലക്ഷം രൂപ!

മെസിക്കൊപ്പം 15 മിനിറ്റ്, ഫീസ് പത്തു ലക്ഷം രൂപ!

ഹൈദരാബാദ്: ആരാധകരുടെ ആകാംക്ഷകള്‍ക്കൊടുവില്‍ അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസി നാളെ കൊല്‍ക്കത്തയില്‍ എത്തുകയാണ്. താരത്തെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. മെസിയുമായി സംസാരിക്കാനും ആരാധകര്‍ക്ക് അവസരമുണ്ട്, 10 ലക്ഷം രൂപ നല്‍കിയാല്‍ 15 മിനിറ്റ് ഇതിഹാസവുമായി സംസാരിക്കാനും ആശംസകള്‍ നേരാനും കഴിയും.

നാളെ വൈകീട്ട് ഏഴ് മുതലാണ് ഹൈദരാബാദ് ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ മെസി പങ്കെടുക്കുന്ന സെവന്‍സ് ഫുട്ബോള്‍ മത്സരം. മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ മത്സരത്തില്‍ കളിക്കുന്നുണ്ട്. 38,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. 2250 രൂപ മുതല്‍ 9000 രൂപ വരെയായിരുന്നു ടിക്കറ്റ് വില. തെലങ്കാന സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌കാരിക, കായിക വകുപ്പുകളുടെ സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ മെസിയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.

ഈ മാസം 13, 14, 15 തീയതികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി നാളെ പുലര്‍ച്ചെ 1.30നാണ് മെസി കൊല്‍ക്കത്തിയില്‍ വിമാനം ഇറങ്ങുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലാണ് ഇതിഹാസ താരത്തിന്റെ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം.

അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് സംസ്ഥാന മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ച ശേഷം 1980-ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴു തവണ ലോക്‌സഭാംഗമായിരുന്നു. 1980 മുതല്‍ 1989 വരെ കേന്ദ്രമന്ത്രി പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1996 വരെ ലോക്‌സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീല്‍. 2004-ലെ തെരഞ്ഞെടുപ്പില്‍ ലാത്തൂരില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടര്‍ന്ന് 2004-ല്‍ തന്നെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാംഗമായി. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.

2008 നവംബര്‍ 26 ന് മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. മുംബൈ ഭീകരാക്രമണ സമയത്തെ അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വിവാദമായി. പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

എന്റേയും ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല: അഭിഷേക് ബച്ചന്‍

എന്റേയും ഐശ്വര്യയുടേയും വിവാഹമോചന വാര്‍ത്തകള്‍ ആരാധ്യയ്ക്കറിയില്ല, അവള്‍ക്ക് ഫോണില്ല: അഭിഷേക് ബച്ചന്‍

ആരാധകരുടെ പ്രിയ താരജോഡിയാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടേയും മകള്‍ ആരാധ്യയും ആരാധകര്‍ക്ക് സുപരിചിതയാണ്. ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് സജീവമായിരുന്നു. ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകും ഒരുമിച്ച് വേദികളിലെത്തിയതോടെയാണ് വിവാഹ മോചന വാര്‍ത്ത കെട്ടടങ്ങിയത്.

അതേസമയം ഇത്തരം വാര്‍ത്തകളില്‍ നിന്നും മകള്‍ ആരാധ്യയെ എങ്ങനെയാണ് അകറ്റി നിര്‍ത്തിയതെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍. 14 കാരിയായ ആരാധ്യയ്ക്ക് സ്വന്തമായി ഫോണില്ലെന്നും തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കുന്ന ശീലമില്ല ആരാധ്യയ്‌ക്കെന്നുമാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

”ഫിലിം ഇന്‍ഡസ്ട്രിയെക്കുറിച്ചും ഞങ്ങളുടെ തൊഴിലിനെക്കുറിച്ചും മകളില്‍ ആദരവുണ്ടാക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയും പ്രേക്ഷകരുമാണ് ഞങ്ങളെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന് ഐശ്വര്യ അവളെ പഠിപ്പിച്ചിട്ടുണ്ട്. അവള്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ട്. എല്ലാ ടീനേജേഴ്‌സിനേയും പോലെ തന്നെയാണ്. ഞങ്ങളുടെ സ്വകാര്യതയില്‍ എല്ലാത്തിനെക്കുറിച്ചും സംസാരിക്കും. എല്ലാം നന്നായി പറഞ്ഞ് ഫലിപ്പിക്കാന്‍ അവള്‍ക്ക് സാധിക്കും” അഭിഷേക് പറയുന്നു.

”അവള്‍ക്ക് പതിനാല് വയസാണ്. സ്വന്തമായി ഫോണില്ല. സുഹൃത്തുക്കള്‍ക്ക് സംസാരിക്കണമെങ്കില്‍ പോലും അമ്മയുടെ ഫോണിലേക്ക് വിളിക്കണം. അത് ഞങ്ങള്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചതാണ്. ഇന്റര്‍നെറ്റ് ആക്‌സസുണ്ട്. പക്ഷെ അവള്‍ അത് ഉപയോഗിക്കുന്നത് ഹോം വര്‍ക്ക് ചെയ്യാനും റിസര്‍ച്ചിനുമാണ്. പഠിത്തത്തില്‍ വലിയ താല്‍പര്യമാണ്” അഭിഷേക് പറയുന്നു. അച്ഛനേയും അമ്മേയും കുറിച്ചുള്ള വാര്‍ത്തകള്‍ മകളിലേക്ക് എത്താറില്ലെന്നും അഭിഷേക് പറയുന്നു.

”അതിലൊന്നും അവള്‍ക്ക് താല്‍പര്യമില്ല. വായിക്കുന്നതെന്തും വിശ്വസിക്കില്ല. വായിക്കുന്നത് എന്തും വിശ്വസിക്കരുതെന്ന് അമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും എന്നോട് എന്നതുപോലെ, ഞങ്ങളും പരസ്പരം സത്യസന്ധമായി സംസാരിക്കുന്നവരാണ്. അതിനാല്‍ ആര്‍ക്കും ആരേയും ചോദ്യം ചെയ്യേണ്ടി വരില്ല” എന്നാണ് താരം പറയുന്നത്.

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് (IIBF) ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 10 ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികൾക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 13-12-2025.

1. വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.(വിഷയങ്ങൾ – ഐ ഐ ബി എഫിൽ നിന്ന് ബാങ്കിംഗ് & ഫിനാൻസ് ഡിപ്ലോമ,എം.കോം, എം.എ ഇക്കണോമിക്സ്, എം.ബി.എ ,സി.എ, സി.എം.എ, സി.എസ്, സി.ഇഫ്.എ )

2. പ്രായപരിധി

പരമാവധി പ്രായം: 01/11/2025 അനുസരിച്ച് 28 വയസ്സ്.സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

3.ശമ്പളം: പ്രതിമാസം 40,400 – 1,30,400 രൂപ (ഏകദേശം 8.7 ലക്ഷം രൂപ പ്രതിവർഷം)

തെരഞ്ഞെടുപ്പ് പ്രക്രിയ

ചെന്നൈ, കൊൽക്കത്ത, ഡൽഹി/എൻസിആർ, മുംബൈ/നവി മുംബൈ/താനെ എംഎംആർ, ലഖ്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്/ഗാന്ധിനഗർ എന്നിവിടങ്ങളിൽ 2025 ഡിസംബർ 28 ഞായറാഴ്ച ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കും. തുടർന്ന് വ്യക്തിഗത അഭിമുഖവും നടത്തും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ ഓൺലൈൻ പരീക്ഷയ്ക്കും വ്യക്തിഗത അഭിമുഖത്തിനും ക്ഷണിക്കൂ.

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും, ആദ്യ സന്ദര്‍ശനം, കനത്ത സുരക്ഷ

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും, ആദ്യ സന്ദര്‍ശനം, കനത്ത സുരക്ഷ

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാഷ്ട്രപതിയെ സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇംഫാലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാല്‍ വിമാനത്താവള റോഡില്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തി. കൂടാതെ രാഷ്ട്രപതിയെ നഗരത്തിലുടനീളം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും വെച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്.

ഇംഫാലില്‍ എത്തുമ്പോള്‍ രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. തുടര്‍ന്ന്, പോളോ പ്രദര്‍ശന മത്സരം കാണാന്‍ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങ് സന്ദര്‍ശിക്കും. വൈകുന്നേരം ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍മണിപ്പൂര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 12ന് രാഷ്ട്രപതി ഇംഫാലിലെ നുപി ലാല്‍ സ്മാരക സമുച്ചയം സന്ദര്‍ശിക്കും. മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.