പിഎഫില്‍ മാതാപിതാക്കള്‍ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

പിഎഫില്‍ മാതാപിതാക്കള്‍ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി. ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പ് ജീവനക്കാരന്‍ മരിച്ചപ്പോള്‍ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2000ലാണ് ജീവനക്കാരന്‍ ജോലിക്കുചേര്‍ന്നത്. അന്ന് അമ്മ ആയിരുന്നു നോമിനി. 2003ല്‍ വിവാഹിതനായപ്പോള്‍ കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ഗ്രാറ്റ്വിറ്റി എന്നിവയില്‍ നിന്ന് അമ്മയുടെ പേരുമാറ്റി ഭാര്യയെ നോമിനിയാക്കി. പക്ഷേ, പിഎഫിലെ നോമിനിയെ മാറ്റിയിരുന്നില്ല. 2021 ല്‍ ജീവനക്കാരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.

ഭാര്യക്കും അമ്മയ്ക്കും തുല്യമായി പിഎഫ് തുക നല്‍കാനാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചത്. എന്നാല്‍, അമ്മയുടെ പേര് നോമിനിയില്‍നിന്ന് മാറ്റിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഭാര്യക്ക് പിഎഫ് നല്‍കാനാവില്ലെന്ന് ഉത്തരവിട്ടു. എന്നാല്‍ ജീവനക്കാരന്‍ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിയുന്നതോടെ അത് അസാധുവാകുമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി.

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനലില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് ജര്‍മ്മനിയെ നേരിടും. ചെന്നൈയില്‍ രാത്രി എട്ടിനാണ് മത്സരം. നിലവിലെ ജേതാക്കളാണ് ജര്‍മ്മനി. പി ആര്‍ ശ്രീജേഷാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍.

കഴിഞ്ഞദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. മത്സരം 2-2 ല്‍ കലാശിച്ചതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. 4-3 നായിരുന്നു ഇന്ത്യയുടെ വിജയം.

പ്രാഥമിക റൗണ്ടിലെ മൂന്നു വന്‍ വിജയങ്ങളുമായാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഫ്രാന്‍സിനെയാണ് ജര്‍മ്മനി ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. അര്‍ജന്റീന, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, ന്യൂസിലന്‍ഡ് എന്നിവയാണ് അവസാന നാലിലെത്തിയത്. ആദ്യ സെമിയില്‍ വൈകീട്ട് സ്‌പെയിന്‍ അര്‍ജന്റീനയെ നേരിടും.

ജാമിയ മിലിയ യൂണിവേഴ്സിറ്റി; അനധ്യാപക തസ്തികകളിൽ 70 ഒഴിവുകൾ

ജാമിയ മിലിയ യൂണിവേഴ്സിറ്റി; അനധ്യാപക തസ്തികകളിൽ 70 ഒഴിവുകൾ

ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ (JMI) യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ജൂനിയർ എഞ്ചിനീയർ, പേഴ്‌സണൽ അസിസ്റ്റന്റ് മുതൽ സ്റ്റെനോഗ്രാഫർമാർ, ലൈബ്രറി അറ്റൻഡന്റുകൾ വരെയുള്ള ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 70 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 26.

തസ്തികകൾ & ഒഴിവുകളുടെ എണ്ണം
പ്രൈവറ്റ് സെക്രട്ടറി – 01 ഒഴിവ്

പേഴ്സണൽ അസിസ്റ്റന്റ് – 15 ഒഴിവുകൾ (12 ഇംഗ്ലീഷ് + 3 ഹിന്ദി)

സ്റ്റെനോഗ്രാഫർ – 10 ഒഴിവുകൾ (8 ഇംഗ്ലീഷ് + 2 ഹിന്ദി)

ലാൻഡ് റെക്കോർഡ് സൂപ്രണ്ട് – 01 ഒഴിവ്

ലാൻഡ് റെക്കോർഡ് കീപ്പർ – 01 ഒഴിവ്

ഇന്റേണൽ ഓഡിറ്റ് ഓഫീസർ – 02 ഒഴിവുകൾ (1 ഡെപ്യൂട്ടേഷൻ + 1 ഡയറക്ട്)

സുപീരിയടെന്റ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ് (ഡെപ്യൂട്ടേഷൻ)

അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ) – 02 ഒഴിവുകൾ (1 സിവിൽ + 1 ഇലക്ട്രിക്കൽ)

ജൂനിയർ എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ) – 15 ഒഴിവുകൾ (10 സിവിൽ + 3 ഇലക്ട്രിക്കൽ + 2 മെക്കാനിക്കൽ)

സെമി പ്രൊഫഷണൽ അസിസ്റ്റന്റ് – 04 ഒഴിവുകൾ

ലൈബ്രറി അറ്റൻഡന്റ് – 06 ഒഴിവുകൾ

സെക്യൂരിറ്റി അസിസ്റ്റന്റ് – 09 ഒഴിവുകൾ

പ്രോഗ്രാം ഓഫീസർ – 01 ഒഴിവ്

കുക്ക് – 01 ഒഴിവ്

വിദ്യാഭ്യാസ യോഗ്യത
പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ: ബിരുദം + സ്റ്റെനോഗ്രാഫി & ടൈപ്പിംഗിൽ പ്രാവീണ്യം (ഇംഗ്ലീഷ്/ഹിന്ദി) + കമ്പ്യൂട്ടറുകളിലെ പരിജ്ഞാനം.

ജൂനിയർ എഞ്ചിനീയർ: എഞ്ചിനീയറിങിൽ ബിരുദം ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ 3 വർഷത്തെ പരിചയം.

ലൈബ്രറി അറ്റൻഡന്റ്: 10+2 പാസ് + ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് + 1 വർഷത്തെ പരിചയം.

സെക്യൂരിറ്റി അസിസ്റ്റന്റ്: ഇന്റർമീഡിയറ്റ് (10+2) പാസ് + ഹിന്ദി/ഉറുദു/ഇംഗ്ലീഷ് പരിജ്ഞാനം. മുൻ ആർമി/പാരാ മിലിട്ടറി ഉദ്യോഗസ്ഥർ അഭികാമ്യം.

കുക്ക്: പത്താം ക്ലാസ് പാസായ + ഐടിഐ (ബേക്കറി) അല്ലെങ്കിൽ പാചകത്തിൽ ഡിപ്ലോമ + 3 വർഷത്തെ പരിചയം.

ലാൻഡ് റെക്കോർഡ് തസ്തികകൾ: ബിരുദം + റവന്യൂ/ലാൻഡ് റെക്കോർഡുകളിൽ പ്രത്യേക പരിചയം.

കൂടുതൽ വിവരങ്ങൾക്ക് https://www.jmi.ac.in/ സന്ദർശിക്കുക.

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,സിവിൽ, കെമിക്കൽ വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. താത്കാലിക നിയമനം ആണ് നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16-12-2025.

വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമയും ഓട്ടോകാഡ്/സിഎഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡ്രാഫ്റ്റിംഗ് ജോലികൾ ചെയ്യാനും അറിഞ്ഞിക്കണം.

കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

മതിയായ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ഒരു വർഷത്തെ പരിചയമോ,മുൻ പരിചയം ഇല്ലാത്തവരെയും പരിഗണിക്കും.

പ്രായപരിധി
പരമാവധി പ്രായം: 01.12.2025 ന് 35 വയസ്സ്.

സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. എഞ്ചിനീയറിങ് ഡ്രാഫ്റ്റിംഗ് സോഫ്റ്റ്‌വെയറിലെ പ്രായോഗിക നൈപുണ്യ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ആയിരിക്കും അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുക. നിയമനം ലഭിക്കുന്നവർക്ക് 25,000 – 26,530 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.fact.co.in/ സന്ദർശിക്കുക.

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ഡല്‍ഹി: വിമാന സര്‍വീസുകള്‍ അവതാളത്തിലായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച സാഹചര്യത്തില്‍ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാരുടെ ബാഗേജുകള്‍ രണ്ടു ദിവസത്തിനകം മടക്കിനല്‍കിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ 1,000ലധികം വിമാന സര്‍വീസുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ശനിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു ദിവസം കഴിഞ്ഞ് ഞായറാഴ്ച റീഫണ്ട് പ്രക്രിയയില്‍ എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിര്‍ദേശം പാലിക്കാതെ വരികയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാന സര്‍വീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി 8 മണിയോടെ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

റദ്ദാക്കല്‍ മൂലം യാത്രയെ ബാധിച്ച യാത്രക്കാരില്‍ നിന്ന് റീഷെഡ്യൂളിങ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മാത്രം വിവിധ വിമാനത്താവളങ്ങളില്‍ 400ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പ്രത്യേക പാസഞ്ചര്‍ സപ്പോര്‍ട്ടും റീഫണ്ട് ഫെസിലിറ്റേഷന്‍ സെല്ലുകളും രൂപീകരിക്കാനും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ യാത്രക്കാരെ മുന്‍കൂട്ടി ബന്ധപ്പെടുന്നുണ്ടെന്നും റീഫണ്ടുകളും ബദല്‍ യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സെല്ലുകള്‍ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍വീസുകള്‍ സാധാരണ പോലെയാകുന്നത് വരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം സജീവമായി തുടരും. യാത്രക്കാരില്‍ നിന്ന് സ്വീകരിച്ച ബാഗേജ് കണ്ടെത്തി അടുത്ത 48 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് തിരികെ നല്‍കുന്നുണ്ടന്ന് വിമാന കമ്പനി ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫീസ് കോളുകള്‍ എടുക്കേണ്ട, മെയില്‍ നോക്കേണ്ട; ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍’ പാര്‍ലമെന്റില്‍

ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫീസ് കോളുകള്‍ എടുക്കേണ്ട, മെയില്‍ നോക്കേണ്ട; ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍’ പാര്‍ലമെന്റില്‍

ഡല്‍ഹി: ഓഫീസ് സമയത്തിനപ്പുറം ഏതെങ്കിലും ജോലി സംബന്ധമായ കോളുകള്‍ എടുക്കുന്നതില്‍ നിന്നും ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കാന്‍ അനുവദിക്കുന്ന സ്വകാര്യ ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍, 2025’ എന്‍സിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കഴിയും. മിക്ക കേസുകളിലും, നിര്‍ദ്ദിഷ്ട നിയമത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം അംഗം സ്വകാര്യ ബില്‍ പിന്‍വലിക്കുന്നതാണ് പതിവ്.

ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ കോളുകളില്‍ നിന്നും ഇ-മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓരോ ജീവനക്കാരനും അവകാശം നല്‍കുന്നതാണ് ബില്‍. അത്തരം ആശയവിനിമയങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാരെ അനുവദിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. സമാനമായ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് എന്‍ ജയരാജ് എംഎല്‍എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് എംപി കഡിയം കാവ്യ മറ്റൊരു സ്വകാര്യ ബില്ലും അവതരിപ്പിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും പിന്തുണ നല്‍കാനും ലക്ഷ്യമിടുന്ന ആര്‍ത്തവ ആനുകൂല്യ ബില്‍, 2024 ആണ് രണ്ടാമത്തെ സ്വകാര്യ ബില്‍. ആര്‍ത്തവ സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഒരു നിയമ ചട്ടക്കൂടിന് രൂപം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബില്‍.