by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ഗാസാസിറ്റി: ഗാസയിലെ വിവിധയിടങ്ങളിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര്‍ കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായട്രക്കിനരികിലേക്കോടിയവര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര്‍ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര്‍ കുട്ടികളാണ്.
22 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 60,000 കടന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
സഹായവിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ ലഘൂകരിച്ചതിന് പിന്നാലെയാണ് ഈ ആക്രമണങ്ങളുണ്ടായത്. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, തങ്ങള്‍ തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരുടെ മരണത്തിന് കാരണം ഹമാസാണെന്നും അവര്‍ ആരോപിക്കുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സാധാരണക്കാര്‍ മരിക്കുന്നതെന്നും ഇസ്രായേല്‍ ന്യായീകരിക്കുന്നു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലിരുന്ന് മൊബൈലില്‍ റമ്മി കളിച്ച കൃഷിമന്ത്രിയെ വകുപ്പില്‍ നിന്നും മാറ്റി. മന്ത്രി മണിക് റാവു കോക്കാട്ടെയെ സ്‌പോര്‍ട്‌സ് വകുപ്പിലേക്കാണ് മാറ്റിയത്. നിയമസഭയില്‍ ചര്‍ച്ചകള്‍ നടക്കവെ അതിലൊന്നും ശ്രദ്ധിക്കാതെ മന്ത്രി മൊബൈലില്‍ റമ്മി കളിച്ചുകൊണ്ടിരുന്നതിന്റെ വീഡിയോ പുറത്തു വന്നത് സംസ്ഥാനത്ത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ കൂടിയാലോചിച്ച ശേഷമാണ്, മണിക് റാവു കോക്കാട്ടെയെ കൃഷി വകുപ്പില്‍ നിന്നും കായിക-യുവജന വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി മൊബൈലില്‍ ഗെയിം കളിക്കുന്ന വിഡിയോ എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാന്‍ സമയം കിട്ടുന്നതെന്ന് രോഹിത് പവാര്‍ ആരോപിച്ചിരുന്നു.
മണിക് റാവു കോക്കാട്ടെയ്ക്ക് പകരം ദത്താത്രേയ ഭരാനെയെ പുതിയ കൃഷിമന്ത്രിയായി നിയമിച്ചിട്ടുണ്ട്. അതേസമയം, മൊബൈലില്‍ റമ്മി കളിച്ചെന്ന ആരോപണം മന്ത്രി മണിക് റാവു കോക്കാട്ടെ നിഷേധിച്ചിട്ടുണ്ട്. മൊബൈലില്‍ വന്ന പോപ്-അപ്പ് ക്ലോസ് ചെയ്യാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. റമ്മി കളിച്ചെന്ന ആരോപണം തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും മണിക് റാവു കോക്കാട്ടെ പറഞ്ഞു.
നേരത്തെ വിള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് മന്ത്രി മണിക് റാവു കോക്കാട്ടെ നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. ഇന്നത്തെക്കാലത്ത് യാചകര്‍ പോലും ഒരു രൂപ സ്വീകരിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ വെറും ഒരു രൂപയ്ക്ക് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. എന്നാൽ ചിലര്‍ ഇത് ദുരുപയോഗം ചെയ്തുവെന്നും മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു. കര്‍ഷകരെ അപമാനിച്ചെന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു.
by Midhun HP News | Jul 30, 2025 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2008-ല്‍ മേഘ്നാഥ് ദേശായിയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ഗുജറാത്തില്‍ ജനിച്ച മേഘ്നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജരില്‍ ഒരാളാണ്. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. 1965 മുതല്‍ 2003 വരെ ദേശായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു.
പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആകുകയും ചെയ്തു. 1992-ല്‍ അദ്ദേഹം എല്‍എസ്ഇയില്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവര്‍ണന്‍സ് സ്ഥാപിച്ചു. എല്‍എസ്ഇയുടെ ഡവലപ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു. പിന്നീട് പ്രഭുസഭയില്‍ ഒരു ക്രോസ്‌ബെഞ്ച് പിയര്‍ ആയി.
1971-ല്‍ ലേബര്‍പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തെ 1991 ജൂണില്‍ യുകെ പ്രഭുപദവി നല്‍കുകയും ലോര്‍ഡ് ദേശായി ഓഫ് സെന്റ് ക്ലെമന്റ് ഡേന്‍സ് എന്നപേരില്‍ പ്രഭുസഭയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1986 മുതല്‍ 1992 വരെ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. ഗാന്ധിപ്രതിമാ സ്മാരകട്രസ്റ്റിന്റെ സ്ഥാപകട്രസ്റ്റി എന്നനിലയില്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.
1970-കളുടെ തുടക്കം ദേശായി മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു. ‘മാര്‍ക്‌സിയന്‍ ഇക്കോണമിക് തിയറി’, ‘ദി റീ ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഹൂ റോട്ട് ദി ഭഗവദ്ഗീത’, ‘നെഹ്‌റുസ് ഹീറോ ദിലീപ്കുമാര്‍’ തുടങ്ങിയവ മേഘ്‌നാഥ് ദേശായിയുടെ ശ്രദ്ധേയ കൃതികളാണ്. 200-ലധികം അക്കാദമിക് ലേഖനങ്ങളും രചിച്ചിട്ടുണ്ട്. മേഘ്നാഥ് ദേശായിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
by Midhun HP News | Jul 29, 2025 | Latest News, ദേശീയ വാർത്ത
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ടെന്നാണ് വിവരം. 6.82 ച അക്ഷാംശത്തിലും 93.37 ഇ രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂലൈ 22-ന് രാവിലെ ദില്ലിയിലും രാജ്യതലസ്ഥാന മേഖലയിലും നേരിയ ഭൂകമ്പം അനുഭവപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടാകുന്നത്. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദില്ലിയിൽ ഉണ്ടായത്. കാര്യമായ നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് അന്ന് ചെയ്തിരുന്നില്ല.
by Midhun HP News | Jul 29, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഇന്ന് ചര്‍ച്ച നടക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനെതിരായ സൈനികനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെട്ടെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി ഇന്ന് വിശദീകരണം നല്‍കിയേക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും. ഇന്നലെ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ ഇടപെട്ട് സംസാരിക്കാന്‍ ശ്രമിച്ചതില്‍ അമിത് ഷാ പ്രകോപിതനായിരുന്നു.
പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസിലാകും. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്. അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഇന്ന് വ്യക്തമാക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തത്. ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗങ്ങളിൽ പാക്കിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.
പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് രണ്ടു തവണ ഏറ്റെടുത്തതാണ്. എന്നാൽ പാക്കിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാക്കിസ്ഥാന്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്ക്മെയ്‌ലിങ്ങിനു മുന്നിൽ തലകുനിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.
by Midhun HP News | Jul 28, 2025 | Latest News, ദേശീയ വാർത്ത
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.
ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് ” ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്.
Recent Comments