by Midhun HP News | Jul 28, 2025 | Latest News, ദേശീയ വാർത്ത
ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല. കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം അപേക്ഷ നൽകും. പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം.കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ചോദ്യം ചെയ്യും.
കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്.
അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ്ഐ പ്രകാരം കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായി സിസ്റ്റര്‍ വന്ദനയെയാണ് ഉൾപ്പെടുത്തിയത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.
by Midhun HP News | Jul 27, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി യു എ ഇയിൽ 10 കോടി കണ്ടൽച്ചെടികൾ നട്ടു പിടിപ്പിക്കാൻ ഒരുങ്ങുന്നു. പൊതുജനങ്ങളുടെയും സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുക. 2030 ൽ പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദാഹക് പറഞ്ഞു. ലോക കണ്ടൽ സംരക്ഷണ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
കണ്ടൽച്ചെടി സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രകൃതിയുടെ ഈ അമൂല്യ സമ്പത്തിനെ സംരക്ഷിക്കാനായി വലിയ പ്രവർത്തനമാണ് രാജ്യം നടത്തുന്നത് എന്നും അവർ പറഞ്ഞു.
തീരമേഖലകളിൽ കണ്ടൽച്ചെടികൾ വളർത്തുന്നത് വഴി കടൽ കയറ്റവും മണ്ണൊലിപ്പും തടയാനും കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി. മഴക്കാടുകൾക്ക് കഴിയുന്നതിനെക്കാൾ നാല് മടങ്ങ് അധികം കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ കണ്ടൽച്ചെടികൾക്കു കഴിയും. അത് കൊണ്ട് കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കാൻ പൊതു ജനങ്ങൾ മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.
2050 ആകുമ്പോൾ രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ സൂചിക പൂജ്യത്തിലെത്തിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. അതിൽ നിർണായക പങ്ക് വഹിക്കുന്നത് കണ്ടൽച്ചെടികളാണ്. അത് കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു.
by Midhun HP News | Jul 27, 2025 | Latest News, ദേശീയ വാർത്ത
ജനീവ: മഹാമാരികളായ കോവിഡ് 19, എബോള, പക്ഷിപ്പനി തുടങ്ങിയവയെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു. 75 വയസ്സായിരുന്നു. ലോകാരോഗ്യ സംഘടന ( ഡബ്ല്യുഎച്ച്ഒ ) തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയെസോസാണ്, ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ് നബാരോയുടെ മരണ വിവരം പുറത്തു വിട്ടത്.
ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്കെതിരേയുള്ള പോരാട്ടവും കണക്കിലെടുത്ത് 2018-ല്‍ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ആറ് പ്രത്യേക ദൂതന്മാരിൽ ഒരാളായരുന്നു ഡോക്ടർ നബാരോ. കോവിഡ് മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളെ മാനിച്ച് 2023-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഡോക്ടർ നബാരോയെ ആദരിച്ചിരുന്നു.
2017-ല്‍ ലോകാരോഗ്യ സംഘടന മേധാവി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ടെഡ്രോസിനോട് പരാജയപ്പെടുകയായിരുന്നു. 2003-ല്‍ ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തിൽ ഡോക്ടർ നബാരോ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്ഫോടനത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ആഗോള ആരോഗ്യ രംഗത്തിന്റെയും ആരോഗ്യ സമത്വത്തിന്റെയും മികച്ച വക്താവായിരുന്നു ഡോക്ടർ നബാരോയെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ അനുസ്മരിച്ചു.
by Midhun HP News | Jul 26, 2025 | Latest News, ദേശീയ വാർത്ത
കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.
കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.വര്‍ഷത്തില്‍ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻമാറുകയാണ് പതിവ്. ശേഷം തണുപ്പ് കുറയുമ്പോൾ തിരിച്ചുവരികയും ചെയ്യും. എന്നാൽ 1999ൽ പാക് സൈന്യം സാധാരണയിലും നേരത്തെ തിരിച്ചുവന്നു. ഏറെ വൈകി മെയ് മാസത്തിലാണ് പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്.. പ്രദേശത്ത് ആട് മേയ്ക്കുന്നവർ നൽകിയ വിവരം നിർണായകമായി. പിന്നീടുള്ള സൈന്യത്തിന്റെ നീക്കം ചടുലമായിരുന്നു. ആദ്യം പട്രോൾ സംഘങ്ങൾ പാക് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു. തുടർന്ന് നടത്തിയ ശക്തമായ ഏറ്റുമുട്ടൽ 72 ദിവസമാണ് നീണ്ടത്. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. ഒടുവിൽ പാക്കിസ്താന് പരാജയം സമ്മതിക്കേണ്ടിവന്നു.ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായ്ക്ക് സജി കുമാർ, ലെഫ്. കേണൽ ആർ വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു.
by Midhun HP News | Jul 24, 2025 | Latest News, ദേശീയ വാർത്ത
ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചത്. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈൽസ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നൽകുന്നതാണ് വ്യാപാരക്കരാര്‍. ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാറാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി വ്യക്തമാക്കി.
യുകെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങൾ, ആപ്പിൾ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നല്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. യുകെയിൽ നിന്നുള്ള ചില കാർഷിക ഉത്പന്നങ്ങൾക്കും വാഹനങ്ങൾക്കും ഇന്ത്യൻ വിപണിയും കരാറിലൂടെ തുറന്നു കിട്ടും. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് യുകെയിൽ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂജ്യമാക്കി.
ഇന്ത്യയിൽ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യുകെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.
കേരളത്തിനും ഈ തീരുമാനം ഗുണം ചെയ്തേക്കാം. പാക്കറ്റിലാക്കിയ ഭക്ഷണത്തിന് എഴുപത് ശതമാനം വരെ തീരുവ ഉണ്ടായിരുന്നതും യുകെ എടുത്തു കളയും. ഇന്ത്യൻ തുണിത്തരങ്ങൾക്ക് 12 ശതമാനവും കെമിക്കലുകൾക്ക് 8 ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാർട്ട് ഫോണുകൾ, എഞ്ചിനീയറിംഗ് ഉത്പനങ്ങൾ, പാവകൾ, സ്പോർട്ട്സ് ഉപകരണങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ളാസ്റ്റിക്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യുകെ സമ്മതിച്ചു.
ഇന്ത്യൻ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ സാമൂഹ്യസുരക്ഷ നിധി അടയ്ക്കുന്നതിലും ഇളവുണ്ടാകും. യുകെ ഉത്പന്നങ്ങൾക്ക് ഇന്ത്യയിലുണ്ടായിരുന്ന ശരാശരി 15 ശതമാനം തീരുവ 3 ശതമാനമായി കുറയ്ക്കും. വാഹനങ്ങൾ, സ്കോച്ച് വിസ്കി എന്നിവയുടെയെല്ലാം തീരുവ കുറയും.
അതേ സമയം ക്ഷീരോത്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, ആപ്പിൾ തുടങ്ങവയ്ക്കുള്ള സംരക്ഷണം തുടരും എന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.
by Midhun HP News | Jul 23, 2025 | Latest News, ദേശീയ വാർത്ത
മസ്കത്ത്: ഒമാനിലെ ലോജിസ്റ്റിക്സ് തസ്തികകളിൽ ജോലി ചെയ്യുവർക്ക് ഇനി മുതൽ പ്രൊഫഷണൽ ലൈസൻസ് നിർബന്ധമായും വേണമെന്ന് തൊഴിൽ മന്ത്രാലയം. ഭക്ഷ്യ വിതരണ തൊഴിലാളികൾ മുതൽ ചരക്ക് നീക്കത്തിന് സഹായിക്കുന്ന ഡ്രൈവർമാർക്ക് വരെ ലൈസൻസ് ആവശ്യമാണ്.
2025 സെപ്റ്റംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. വർക്ക് പെർമിറ്റുകൾ പുതുക്കുമ്പോൾ ഈ ലൈസൻസ് നിർബന്ധമായും രേഖകൾക്കൊപ്പം സമർപ്പിക്കണം. ഇല്ലെങ്കിൽ പെർമിറ്റ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദേശികൾക്കും സ്വദേശികൾക്കും നിയമം ബാധകമാണ്. ഇനി ഇതേ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളും പ്രൊഫഷണൽ ലൈസൻസ് എടുത്തിരിക്കണം എന്നും അധികൃതർ അറിയിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും,തൊഴിലാളികൾക്ക് സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി കഴിവുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
https://lssu.ola.om/sign-up എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലൈസൻസ് നേടാനുള്ള അപേക്ഷ സമർപ്പിക്കാം.
പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കിയ തസ്തികകൾ ചുവടെ ചേർക്കുന്നു.
1.റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ – ട്രെയ്ലർ )
2.വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ – ട്രെയ്ലർ )
3.ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയ്ലർ )
4. വേസ്റ്റ് ട്രാൻസ്‌പോർട്ട് ട്രക്ക് ഡ്രൈവർ
5.ഫുഡ് ഡെലിവറി റെപ്രെസെന്ററ്റീവ്
6. ഫുഡ് ഡെലിവറി സൂപ്പർവൈസർ
Recent Comments