by Midhun HP News | Jul 23, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തെ അമ്പരപ്പിച്ച് രാജി പ്രഖ്യാപിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തീരുമാനം പ്രഖ്യാപിക്കും മുന്‍പ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ചയായിരുന്നു ഇരുവരുടേതുമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രപതിയെ നേരിട്ട് കണ്ട് ജഗ്ദീപ് ധന്‍കര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. അരമണിക്കൂറിനകം ഇതിന്റെ പകര്‍പ്പ് സോഷ്യല്‍മീഡിയ വഴി പുറത്തുവിടുകയും ചെയ്തു. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നായിരുന്നു രാജിയെ കുറിച്ചുള്ള ധന്‍കറിന്റെ വിശദീകരണം.
ഭരണഘടനയുടെ 67 എ പ്രകാരമാണ് തന്റെ രാജിയെന്നും അഭിമാനത്തോടെയാണ് പടിയിറക്കമെന്നുമായിരുന്നു ജഗദീപ് ധന്‍കര്‍ കത്തില്‍ പറഞ്ഞത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോട് കൃതജ്ഞത അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. 74 കാരനായിരുന്ന ജഗ്ദീപ് ധന്‍കര്‍ 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.
by Midhun HP News | Jul 23, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ലോകത്തിൽ ഏറ്റവം വലിയ എയർലൈൻ കമ്പനികളിൽ ഒന്നായ എമിറേറ്റ്സും എയർപോർട്ട് ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് വൻ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് 17,300 പേർക്ക് ജോലി നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിലവിൽ 1.21 ലക്ഷത്തിലധികം ജീവനക്കാരാണ് എമിറേറ്റ്സ് ഗ്രൂപ്പിലുള്ളത്.
കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ് ടീമംഗങ്ങൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് പ്രവർത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലായിരിക്കും എമിറേറ്റ്സ് നിയമനം നൽകുക.കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കായി ഡനാറ്റ 4,000 പേർക്കും നിയമനം നൽകും.
ലോകത്തെ 150 നഗരങ്ങളിൽ ഇതിനായി റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലി ലഭിച്ചാൽ വലിയ ആനുകൂല്യങ്ങളാണ് ജീവനക്കരെ കാത്തിരിക്കുന്നത്. കമ്പനിയുടെ ലാഭവിഹിതം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ,വാർഷിക അവധി, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ കിഴിവുകൾ നൽകുന്ന അംഗത്വ കാർഡുകൾ എന്നിവ ജീവനക്കാർക്ക് ലഭിക്കും.
യു എ ഇയിലെ വിദ്യാർഥികളെയും ബിരുദദാരികളെയും ലക്ഷ്യം വെച്ച് ദുബൈയിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുമെന്നും അധികൃതർ അറിയിച്ചു. വിശദമായ വിവരങ്ങൾക്ക് https://www.emiratesgroupcareers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
by Midhun HP News | Jul 23, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെ എ പോൾ അവകാശപ്പെട്ടിരുന്നു. കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിരുന്നു.
ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. മറ്റ് റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം പുറത്തുവന്നിരുന്നു. യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അതേസമയം, നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും രംഗത്തെത്തി. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്നും സമൂഹ മാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു
by Midhun HP News | Jul 22, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഉഷ്ണക്കാറ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച ഉയർന്ന താപനില 49 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞത് 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ആഴ്ചയുടെ അവസാനം താപനില വീണ്ടും ഉയരും. ജനങ്ങൾ മതിയായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പൊടിക്കാറ്റ് വീശുന്നതോടെ കാഴ്ചാ പരിധി 1,000 മീറ്ററിൽ താഴെയാകും. അത് കൊണ്ട് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആരംഭിക്കണമെന്നും കുവൈത്ത് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ശക്തിയായായ ഉഷ്ണക്കാറ്റ് വീശുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ ആറ് അടിക്ക് മുകളിൽ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു മാത്രമേ കടലിൽ ഇറങ്ങാൻ പാടുള്ളു എന്നും കാലവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
by Midhun HP News | Jul 22, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.
ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തമിഴ്നാട് ഗവർണർക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീം കോടതി മൂന്ന് മാസം സമയപരിധി നിശ്ചയിച്ചത്. സമയപരിധി ലംഘിച്ചാൽ സംസ്ഥാന സർക്കാരിനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങൾ. വിധിയിൽ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.
ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധിയില്ലെന്നു സുപ്രീം കോടതിക്കു കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചനാധികാരം ഉപയോഗിക്കുന്നത്.
ബില്ലുകളിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വ്യത്യസ്ത വിധികൾ പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാലാണ് ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ച് ഇക്കാര്യങ്ങളിൽ വ്യക്തത തേടുന്നത് എന്നും റഫറൻസിൽ രാഷ്ട്രപതി വ്യക്തമാക്കുന്നു.
by Midhun HP News | Jul 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് യുദ്ധാഭ്യാസ പ്രകടനങ്ങള്‍.
മുന്നറിയിപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നും നാളെയും യുദ്ധാഭ്യാസം നടത്താന്‍ പാകിസ്ഥാന്‍ വ്യോമസേനയും നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നുവെങ്കിലും അതിര്‍ത്തി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇു രാജ്യങ്ങളിലെയും വ്യോമസേനകള്‍ യുദ്ധാഭ്യാസം നടത്തുന്നതെന്നാണ് സൂചന.
നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയില്‍ മറ്റ് യാത്രാ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ഉണ്ടായിരിക്കില്ല.വ്യോമസേനയുടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. രാജ്യാന്തര അതിര്‍ത്തിയില്‍ ബാര്‍മര്‍ മുതല്‍ ജോധ്പുര്‍ വരെയുള്ള മേഖലയില്‍ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തില്‍ റഫാല്‍, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.
Recent Comments