‘ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു’; വിഎസിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു’; വിഎസിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഡല്‍ഹി: കേരള മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പൊതുജീവിതം ഉഴിഞ്ഞുവച്ച നേതാവ് ആണ് വിഎസ് അച്യുതാനന്ദനെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുസ്മരിച്ചു. അദ്ദേഹം കേരളത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ജീവിതം പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും സമര്‍പ്പിച്ച നേതാവാണ് വിഎസ് എന്നും മോദി പറഞ്ഞു. തങ്ങള്‍ ഇരുവരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു. വിഎസിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ടായ വേദനയില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.

ഇന്ന് വൈകിട്ടോടെ വിഎസിന്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് എത്തിക്കും. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.

നാളെ രാവിലെ ഒന്‍പതിന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തലകറക്കത്തെ തുടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തലകറക്കത്തെ തുടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ സർവീസസ് ഡയറക്ടർ ഡോ. അനില്‍ ബി.ജി. പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നിമിഷപ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍

നിമിഷപ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ തലാലിന്റെ സഹോദരന്‍

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോ പണം പിരിക്കുകയാണ്, ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മെഹ്ദി ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മഹ്ദിയുടെ ആരോപണം.

അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും മഹ്ദി ആരോപിക്കുന്നു. പല വേദികളില്‍ നിന്നും സാമുവല്‍ ജെറോം പണം പിരിക്കുന്നു. നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയില്‍ വച്ച് കണ്ടിരുന്നു. അന്ന് സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്. പിന്നീട് വാര്‍ത്തകളില്‍ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളര്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരില്‍ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവല്‍ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരില്‍ ഇദ്ദേഹം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.

ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റിന് പിന്നാലെ ഈ വിഷയത്തില്‍ കേരളത്തിലും ചര്‍ച്ചകള്‍ സജീവമായി. പോസ്റ്റ് പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തി. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാല്‍ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു എന്ന ആശങ്കയാണ് അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ പങ്കുവയ്ക്കുന്നത്.

മരണത്തിന്റെ വ്യാപാരികള്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യജീവന്‍ വെച്ചുള്ള കച്ചവടമാണ് നടന്നതെന്ന ചോദ്യമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ പൂര്‍ണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു; തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു എന്നും അദ്ദേഹം പറയുന്നു.

സാമുവല്‍ ജെറോം നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് നേരത്തെയും അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. നിമിഷ പ്രിയ മോചിപ്പിക്കപ്പെട്ടാല്‍ സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാം. എന്നാല്‍ മോചന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുത് എന്നായിരുന്നു മുന്‍പ് നടത്തിയ പ്രതികരണം. മോചനത്തിനായി സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’ എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും വിജയം, ഭീകരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും വിജയം, ഭീകരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഓപ്പറേഷന്‍ സിന്ദൂറിലെ സൈനികരുടെ വിജയത്തിന്റെ ആഘോഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവന്‍ ഇന്ത്യയുടെ ശക്തി കണ്ടതായും ഈ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും ഐക്യത്തിന് ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. വര്‍ഷ കാല സമ്മേളനത്തിന് മുന്‍പ് പതിവു പോലെ മാധ്യമങ്ങളെ കാണുകയായിരുന്നു മോദി.

പ്രസംഗത്തില്‍ ബഹിരാകാശ നിലയത്തില്‍ ഇന്ത്യ കാലുകുത്തുന്നത് മുതല്‍ 2026 ഓടെ ‘നക്‌സലിസ രഹിത’ രാജ്യം എന്ന സര്‍ക്കാരിന്റെ ലക്ഷ്യം വരെയുള്ള നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനവും വിജയമായിരുന്നുവെന്ന് പറഞ്ഞ മോദി, ഇതിന് വേണ്ടി പരിശ്രമിച്ച സായുധ സേനയെ പ്രശംസിച്ചു. ‘ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രാജ്യത്ത് ഐക്യം കണ്ടുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ പാര്‍ലമെന്റിലും നേതാക്കള്‍ ഒന്നിക്കണം. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ സൈനിക ആക്രമണം നടത്തി. ഇന്ത്യയുടെ സൈനിക ശക്തി ലോകം മുഴുവന്‍ കണ്ടു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം 100 ശതമാനവും വിജയം കൈവരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് കീഴില്‍, ഭീകരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി,’- മോദി പറഞ്ഞു.

‘മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ആശയം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സായുധ സേന അവരുടെ ശക്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ സൈനിക ശക്തിയുടെ ഒരു പുതിയ വശത്തെ പ്രതിനിധീകരിക്കുന്ന ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന ആശയം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ ഞാന്‍ കാണുമ്പോഴെല്ലാം, ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിച്ചുവരുന്നത് ഞാന്‍ കണ്ടു,’- അദ്ദേഹം പറഞ്ഞു.

നക്‌സലിസം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. ‘ഇന്ന് പല ജില്ലകളും നക്‌സലിസത്തില്‍ നിന്ന് മുക്തമാണ്. ‘ചുവന്ന ഇടനാഴികള്‍’ ‘പച്ച വളര്‍ച്ചാ മേഖലകളായി’ മാറുകയാണ്. ഇന്ത്യ ഇപ്പോള്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ‘ദുര്‍ബലമായ അഞ്ച്’ രാജ്യങ്ങളില്‍ ഒന്നായി രാജ്യത്തെ കണക്കാക്കിയിരുന്ന കാലം കഴിഞ്ഞുപോയി. 2014 ന് മുമ്പ് പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, നിരക്ക് ഏകദേശം രണ്ടു ശതമാനം ആയി കുറഞ്ഞതോടെ, സാധാരണക്കാര്‍ക്ക് ആശ്വാസമായി മാറിയിരിക്കുന്നു,’- പ്രധാനമന്ത്രി പറഞ്ഞു.

‘അതേ ഫാനില്‍ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചു, മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത’

‘അതേ ഫാനില്‍ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചു, മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത’

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് ദുരൂഹത ഉണ്ടെന്നും ഒന്നുകില്‍ കൊലപാതകമാകുമെന്നും അല്ലെങ്കില്‍ തന്നെ പേടിപ്പിക്കാന്‍ ചെയ്തതാവാമെന്നും പറഞ്ഞു.

അതുല്യ മരിച്ച മുറിയില്‍ ബെഡ് മാറി കിടക്കുന്നതും മുറിയില്‍ കത്തിയും മാസ്‌കും കണ്ടെത്തിയതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് സതീശ് പറഞ്ഞു. അതുല്യ മരിച്ചതിന് ശേഷം താനും അതേ ഫാനില്‍ തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും തൂങ്ങിനിന്നാല്‍ കാല്‍ കിടക്കയില്‍ തട്ടുമെന്നും സതീഷ് പറഞ്ഞു. ‘അവളുടെ കൈയില്‍ ഒരു ബട്ടന്‍സും ഉണ്ടായിരുന്നു. അത് എന്റേതല്ല. ഇക്കാര്യങ്ങളെല്ലാം തെളിയണം. കാമറ പരിശോധിക്കണം. എന്റെ പ്രശ്നങ്ങളെ തുടര്‍ന്നാണ് അവള്‍ ആത്മഹത്യ ചെയ്തതെങ്കില്‍ ഇത് ദുബായി ആണ് അവള്‍ക്ക് ഇട്ടിട്ട് പോകാമായിരുന്നുവെന്നും സതീശ് പറഞ്ഞു.

‘രണ്ട് മൂന്ന് കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് കഴിഞ്ഞ നവംബറില്‍ അതുല്യ ഗര്‍ഭിണിയായി. അവള്‍ നാട്ടിലേക്ക് പോയി എന്റെ അനുവാദമില്ലാതെ ഗര്‍ഭം അലസിപ്പിച്ചു. അതിനു ശേഷം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, നിങ്ങള്‍ക്ക് 40 വയസ്സായി. നിങ്ങള്‍ ഒരു ഷുഗര്‍ രോഗിയാണ്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാന്‍ എനിക്കാകില്ല. കുഞ്ഞായി കഴിഞ്ഞാല്‍ മറ്റൊന്നിനും സാധിക്കില്ല എന്ന്. ഇക്കാര്യം ഞാന്‍ അവളോട് നിരന്തം ചോദിക്കാറുണ്ടായിരുന്നു. കൃത്യമായ മറുപടി അവള്‍ ഇതുവരെ നല്‍കിയിട്ടില്ല’ സതീഷ് പറഞ്ഞു.

വാരാന്ത്യം ആയതുകൊണ്ട് ഇന്നലെ അജ്മാനിലുള്ള ഒരു സുഹൃത്ത് പാര്‍ട്ടിക്കായി വിളിച്ചു. ഞാന്‍ പുറത്ത് പോയി. ഈ സമയത്ത് അവള്‍ ഒരുപാട് വിളിച്ചിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറുണ്ട്. പുറത്ത് പോകുമ്പോഴെല്ലാം ഒരുപാട് തവണ വിളിച്ചുകൊണ്ടിരിക്കും. ഇന്നലെ ഇതുപോലെ കോളുകള്‍ വന്നപ്പോള്‍ ഞാന്‍ കട്ടാക്കി. ഒടുവില്‍ വിഡിയോകോളില്‍ ഫാനൊക്കെ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. അതോടെ ഞാന്‍ പെട്ടെന്ന് ഓടി ഇവിടേക്കെത്തി. അപ്പോള്‍ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഫാനില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഉടന്‍ പൊലീസിനെയും മറ്റുള്ളവരെയും വിവരം അറിയിച്ചെന്നും സതീശ് പറയുന്നു. താന്‍ മദ്യപിക്കാറുണ്ടെന്നും അതുല്യയെ മര്‍ദിക്കാറുണ്ടെന്നും വിശദീകരണത്തിനിടെ സതീശ് പറഞ്ഞു. സാമ്പത്തികമാണ് തന്റെ പ്രശ്നമെന്ന് പറയുന്നവരുണ്ട്. 9500 ദിര്‍ഹം ശമ്പളമുണ്ട്. അതുകൊണ്ട് സാമ്പത്തിക കാര്യത്തിന് അതുല്യയെ ഉപദ്രവിച്ചിട്ടില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിന് ശരിവെക്കുന്ന വാട്സാപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സതീശ് വിശദീകരണവുമായി രംഗത്തെത്തിയത്.

മധുരം കൂടിയാൽ ഇനി നികുതിയും കൂടും; ആരോഗ്യ സംരക്ഷണത്തിന് യുഎഇയുടെ പുതിയ മാർഗം

മധുരം കൂടിയാൽ ഇനി നികുതിയും കൂടും; ആരോഗ്യ സംരക്ഷണത്തിന് യുഎഇയുടെ പുതിയ മാർഗം

ദുബൈ: യുഎയിൽ നമ്മൾ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ് അടക്കമുള്ള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചാകും ഇനി പണം നൽകേണ്ടി വരുക. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് 50% നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇതോടെ പല പാനീയങ്ങളുടെയും വിലയിൽ വൻ വർദ്ധനവ് ഉണ്ടാകും. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ നികുതി രീതി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഫെഡറൽ ടാക്സ് അതോറിറ്റി വെള്ളിയാഴ്ച പുറത്തിറക്കി.

പുതിയ നികുതി 2026 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. നിലവിൽ, സോഡ, എനർജി ഡ്രിങ്ക്, പൗഡർ മിക്സ് ഉൾപ്പെടെയുള്ള മധുര പാനീയങ്ങൾക്ക് 50% നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ ഓരോ 100 മില്ലി ലിറ്ററിലും എത്ര പഞ്ചസാര അടങ്ങിയിരിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാകും നികുതി നിശ്ചയിക്കുക. കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കൂടുതൽ നികുതിയും, കുറഞ്ഞ പഞ്ചസാര അടങ്ങിയിട്ടുള്ളവയ്ക്ക് കുറഞ്ഞ നികുതിയുമാകും ഇനി ഏർപ്പെടുത്തുക.

പുതിയ നികുതി 2026 മുതൽ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. നിലവിൽ, സോഡ, എനർജി ഡ്രിങ്ക്, പൗഡർ മിക്സ് ഉൾപ്പെടെയുള്ള മധുര പാനീയങ്ങൾക്ക് 50% നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ ഓരോ 100 മില്ലി ലിറ്ററിലും എത്ര പഞ്ചസാര അടങ്ങിയിരിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാകും നികുതി നിശ്ചയിക്കുക. കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കൂടുതൽ നികുതിയും, കുറഞ്ഞ പഞ്ചസാര അടങ്ങിയിട്ടുള്ളവയ്ക്ക് കുറഞ്ഞ നികുതിയുമാകും ഇനി ഏർപ്പെടുത്തുക.