റോയിട്ടേഴ്‌സിനും വാള്‍സ്ട്രീറ്റ് ജേണലിനും പൈലറ്റ്‌സ് ഫെഡറേഷന്‍റെ നോട്ടീസ്

റോയിട്ടേഴ്‌സിനും വാള്‍സ്ട്രീറ്റ് ജേണലിനും പൈലറ്റ്‌സ് ഫെഡറേഷന്‍റെ നോട്ടീസ്

ഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ തെറ്റിദ്ധാരാണ പടര്‍ത്തുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടിക്ക് നീക്കം. ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ (എഫ്ഐപി) ആണ് വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഒരു വിഭാഗം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നിഗമനങ്ങള്‍ നടത്തി വാര്‍ത്തകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്റെ ആരോപണം. അപകടം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് നിരുത്തരവാദിത്തപരമാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പങ്കുവച്ച വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാപ്പ് പറയണം എന്നാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്റെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി സംഘടന മാധ്യമ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നോട്ടീസ് അയച്ചു. വിമാനാപകടം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ വസ്തുതകളുടെ വാര്‍ത്തകള്‍ നല്‍കുന്നത് തെറ്റായ പ്രതീതി സൃഷ്ടിക്കും. ഇന്ത്യന്‍ വ്യോമയാന മേഖലയുടെ സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ ഉത്കണ്ഠസൃഷ്ടിക്കേണ്ട സമയമല്ല ഇതെന്നും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നടത്തിയ അന്വേഷണത്തെ പരാമര്‍ശിച്ച് അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി തെറ്റാണ്. ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണം. പൈലറ്റുമാരുടെ വ്യക്ത്വത്തെ കളങ്കപ്പെടുത്തുന്നതും കുടുംബങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്നും റോയിട്ടേഴ്‌സിനെ പരാമര്‍ശിച്ച് ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന 2025 ജൂലൈ 17 ലെ റോയിട്ടേഴ്‌സ് ലേഖനം ഉടനടി തിരുത്തുകയെ പിന്‍വലിക്കുകയോ ചെയ്യണം എന്നും നോട്ടീസ് വ്യക്തമാക്കുന്നു.

വിമാനാപകടം സംബന്ധിച്ച് അന്തിമ നിഗമനങ്ങള്‍ പുറത്തിറക്കിയിട്ടില്ലെന്നും ലേഖനം ദ്വിതീയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അംഗീകരിച്ച് വിശദീകരണം നല്‍കാനും എഫ്ഐപി റോയിട്ടേഴ്‌സിനോട് ആവശ്യപ്പെടുന്നു. നിര്‍ദേശം പാലിക്കാത്ത പക്ഷം നിയമപരമായ വഴികള്‍ തേടുമെന്നും ഇന്ത്യന്‍ പൈലറ്റ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നു.

ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപയില്ല, മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപയില്ല, മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

ബലാസോര്‍: സൈക്കിള്‍ റിക്ഷയില്‍ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്. ഒഡീഷയില്‍ നിന്നാണ് നെഞ്ചുലയ്ക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ആംബുലന്‍സിന് നല്‍കാന്‍ വേണ്ട 1200 രൂപ പോലും കയ്യിലില്ലാത്ത സാഹചര്യത്തിലാണ് പിതാവ് മകളുടെ മൃതദേഹം വഹിക്കാന്‍ സൈക്കിള്‍ റിക്ഷയെ ആശ്രയിച്ചത്. ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്.

ബലിയാപാല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡ്യൂല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മധു ബിന്ധാനി എന്നയാളുടെ മകളായ ആശ ബിന്ധാനിയാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് അറിയിച്ചു. ഇതിനായി ബലിയാപാല്‍ സിഎച്ച്സിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു.

എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവിന്റെ പക്കല്‍ ഈ പണം ഇല്ലായിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സ് സര്‍വീസിനെ ബന്ധപ്പെട്ടെങ്കിലും മൃതദേഹം എത്തിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് അറിയിക്കുകയായിരുന്നു.

ആംബുലന്‍സിനുള്ള തുക കണ്ടെത്താന്‍ നാട്ടുകാരോട് ഉള്‍പ്പെടെ സഹായം തേടിയെങ്കിലും പണം ലഭിച്ചില്ല. ഒടുവില്‍ പ്രദേശത്തെ സൈക്കിള്‍ റിക്ഷാക്കാരന്‍ തന്റെ വാഹനം നല്‍കുകയായിരുന്നു. സൈക്കിള്‍ ട്രോളിയില്‍ മകളുടെ മൃതദേഹം സിഎച്ച്‌സിയിലേക്ക് എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി അതേ റിക്ഷയില്‍ തന്നെ മൃതദേഹം ഡ്യൂല ഗ്രാമത്തിലേക്ക് അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയി. മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ദുരിതം പുറത്തറിഞ്ഞത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

‘ചര്‍ച്ചയില്‍ നിമിഷപ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം മതി, മറ്റുള്ളവരുടെ ഇടപെടല്‍ ഫലം ചെയ്യില്ല’; കേന്ദ്രം സുപ്രീംകോടതിയില്‍

‘ചര്‍ച്ചയില്‍ നിമിഷപ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം മതി, മറ്റുള്ളവരുടെ ഇടപെടല്‍ ഫലം ചെയ്യില്ല’; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ന്‌ഴ്‌സ് നിമിഷ പ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം കൊല്ലപ്പെട്ട തലാലിന്‍റെ ബന്ധുക്കളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പുറത്തു നിന്നുള്ള മറ്റേതൊരു സംഘടനയുടെയും ഇടപെടല്‍ ഫലം ചെയ്യുമെന്നു കരുതുന്നില്ലന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയില്‍ പറഞ്ഞു.

‘കുടുംബം മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്. മറ്റാരെങ്കിലും അതില്‍ പങ്കെടുക്കുന്നത് ഫലം നല്‍കാനിടയില്ല- ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അധ്യക്ഷരായ സുപ്രീം കോടതി ബെഞ്ചിനോട് വെങ്കട്ടരമണി പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, പുറത്തുനിന്നുള്ളവര്‍ക്ക് ഈ വിഷയത്തില്‍ ഇടപെടുക എളുപ്പമല്ലെന്ന് എജി പറഞ്ഞു.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചിരിക്കുകയാണെന്നും വിഷയത്തില്‍ ‘ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും’ എജി സുപ്രീംകോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചിരിക്കുകയാണെന്നും വിഷയത്തില്‍ ‘ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും’ എജി സുപ്രീംകോടതിയെ അറിയിച്ചു.

ഒരു സംഘടനയെ ഇടപെടാന്‍ അനുവദിച്ചാല്‍, സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ആഖ്യാനമുണ്ടാകാന്‍ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നല്ല ഉദ്ദേശ്യത്തോടെ ഒരു സംഘടന ഇടപെടുന്നതില്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്ന മട്ടില്‍ വാര്‍ത്തയാവുകയാണ്. സര്‍ക്കാര്‍ എല്ലാ രീതിയിലും ശ്രമിക്കുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ കഴിയുമോ എന്നറിയില്ല, അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് ആണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായത്. യെമനിലേയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ അനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ തലാലിന്റെ കുടുംബം മാപ്പ് നല്‍കുകയാണ് വേണ്ടതെന്നും രണ്ടാമതാണ് ബ്ലഡ് മണിയെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ബസന്ത് കോടതിയില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ യെമനിലേയ്ക്ക് ഇന്ത്യയില്‍ നിന്നും യാത്രാവിലക്കുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടി തലാലിന്റെ കുടുംബത്തെ കാണാന്‍ പ്രത്യേക അനുമതി നല്‍കാനും ഒരു പ്രതിനിധി സംഘത്തിന്റെ യാത്രയ്ക്ക് ക്രമീകരണം ചെയ്യാനും ബസന്ത് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

വധശിക്ഷ മാറ്റിവയ്ക്കുന്നതില്‍ ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെക്കുറിച്ചും ബസന്ത് കോടതിയില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള വളരെ ആദരണീയനായ ഒരു മതപണ്ഡിതനും വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് ബസന്ത് കോടതിയില്‍ പറഞ്ഞു.

ഇസ്ലാമിക ബാങ്കുകളിൽ പണം അടയ്ക്കാൻ വൈകിയാൽ പലിശ ഈടാക്കരുത്

ഇസ്ലാമിക ബാങ്കുകളിൽ പണം അടയ്ക്കാൻ വൈകിയാൽ പലിശ ഈടാക്കരുത്

ദുബൈ: ശ​രീ​അ​ത്ത്​ നിയമങ്ങൾ അ​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കു​ക​ളും ത​കാ​ഫു​ൽ സ്ഥാ​പ​ന​ങ്ങ​ളും പണമിടപാടുകളുമായി ബന്ധപ്പെട്ട് പ​ലി​ശ ഈടാക്കാൻ പാടില്ലെന്ന് കോടതി വിധി. പണം അടയ്ക്കാൻ വൈകുന്നതിന് ​ ന​ഷ്ട​പ​രി​ഹാ​രം എ​ന്ന ​നി​ല​യി​ൽ ഫീ​സ്​ ഈ​ടാ​ക്കാ​ൻ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നി​യ​മ​പ​ര​മാ​യ അനുമതിയില്ലെന്ന് ദുബൈ പരമോന്നത കോടതി പുറത്തിറക്കിയ വിധിയിൽ പറയുന്നു.

ഇ​ട​പാ​ടു​കാ​ർ മ​ന​പ്പൂ​ർ​വം തി​രി​ച്ച​ട​വ്​ മു​ട​ക്കി​യാ​ലും ഈ വിധി ബാധകമാണ് എന്നും കോടതി അറിയിച്ചു. പണമിടപാടുകളിൽ വീഴ്ച്ച വരുത്തിയാൽ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കു​ക​ൾ ന​ഷ്ട​പ​രി​ഹാ​രം എ​ന്ന​ പേ​രി​ൽ ഫീ​സ്​ ഈ​ടാ​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇത് സംബന്ധിച്ച് മുൻപ് ചില കോടതി വിധികൾ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫീസ് ഈടാക്കായിരുന്നത്.

വിവിധ കോടതി വിധികൾ നിലനിൽകുന്ന സാഹചര്യത്തിൽ നിയമത്തിൽ വ്യക്തത വരുത്തണമെന്ന് ​ആവ​ശ്യ​പ്പെ​ട്ട്​ പ​ര​മോ​ന്ന​ത കോ​ട​തി​യിൽ പരാതികൾ ലഭിച്ചിരുന്നു.

ഇത് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്. അതെ സമയം ഈ നി​യ​മം വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​നാ​യി രാജ്യത്ത് നിലനിൽക്കുന്ന നിയമപ്രകാരം (ആർട്ടിക്കിൾ -20/13/2016) പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലേ​ക്ക്​ കൈമാറിയിട്ടുണ്ട്.

ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കനത്ത സുരക്ഷ

ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കനത്ത സുരക്ഷ

ബംഗളൂരു: ഡല്‍ഹിയിലെ 50 ഓളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം. ഇ-മെയില്‍ വഴിയാണ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സ്‌കൂളുകളില്‍ പരിശോധന കര്‍ശനമാക്കി.

ഇന്ന് (വെള്ളിയാഴ്ച) രാവിലെ, സിവില്‍ ലൈനിലെ സെന്റ് സേവ്യേഴ്‌സ്, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്‌കൂള്‍, രോഹിണിയിലെ അഭിനവ് പബ്ലിക് സ്‌കൂള്‍, രോഹിണിയിലെ ദി സോവറിന്‍ സ്‌കൂള്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലെ 50 ഓളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. രാജരാജേശ്വരി നഗര്‍, കെങ്കേരി എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു.

ഭീഷണി ലഭിച്ച ബംഗളൂരുവിലെ സ്‌കൂളുകളില്‍ ഒന്നിലധികം പൊലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. roadkill 333@atomicmail.io എന്ന ഇ മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ”സ്‌കൂളുകളില്‍ സ്‌ഫോടനാത്മകമായ ടിഎന്‍ടി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എന്ത് സംഭവിക്കുമെന്നറിയില്ല. നിങ്ങളെല്ലാവരും കഷ്ടപ്പെടാന്‍ അര്‍ഹരാണ്. എന്റെ ജീവിതം എനിക്ക് ശരിക്ക് വെറുപ്പാണ്”, എന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഈ ആഴ്ച രാജ്യത്ത് ഏകദേശം 100 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇതില്‍ 60 സ്‌കൂളുകള്‍ ഡല്‍ഹിയിലാണ്.

ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹമോചനത്തിന് കാരണമാവാം: ബോംബെ ഹൈക്കോടതി

ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹമോചനത്തിന് കാരണമാവാം: ബോംബെ ഹൈക്കോടതി

മുംബൈ: ഭര്‍ത്താവുമായി ശാരീരിക ബന്ധം നിഷേധിക്കുന്നതും അയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ക്രൂരതയ്ക്ക് തുല്യമാണെന്നും വിവാഹമോചനത്തിന് കാരണമാണെന്നും ബോംബെ ഹൈക്കോടതി. കുടുംബക്കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി അനുവദിച്ച കുടുംബക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഒരു ലക്ഷം രൂപ മാസം ജീവനാംശം ലഭിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. 2013ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2015ല്‍ ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭര്‍ത്താവ് പൂന കുടുംബ കോടതിയെ സമീപിച്ചു. കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്നും അതിനാല്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കല്‍, വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കല്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും മുന്നില്‍ തന്നെ അപമാനിച്ചുകൊണ്ട് മാനസികമായി പീഡിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും അംഗ വൈകല്യമുള്ള സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റം വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.