‘നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും’; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍

‘നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും’; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസില്‍ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകള്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തലാലിന്റെ കുടുബത്തിന്റെ എതിര്‍പ്പ് മറികടന്ന് വടക്കന്‍ യെമന്‍ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്

മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും ഇന്ന് നേടിയെടുക്കുന്നതും കേള്‍ക്കുന്നതും പുതിയതോ ആശ്ചര്യകരമോ അല്ല…

മധ്യസ്ഥത വഹിക്കാനുള്ള എല്ലാ പരിശ്രമങ്ങളും വലിയ ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിക്കാവുന്നതുമാണ്.

ഞങ്ങള്‍ കടന്നുപോയ സമ്മര്‍ദം ഞങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഞങ്ങളുടെ ആവശ്യം നഷ്ടപരിഹാരമാണ്.

വധശിക്ഷ ഇപ്പോള്‍ മാറ്റിവെച്ചു. നിര്‍ഭാഗ്യവശാല്‍. വധശിക്ഷാ തിയതി നിശ്ചയിച്ചതിന് ശേഷം മുമ്പത്തേക്കാള്‍ ബുദ്ധിമുട്ടാണ്. വധശിക്ഷ വരെ ഞങ്ങള്‍ പിന്തുടരും.

കാലതാമസം സ്വാധീനിക്കില്ല, സമ്മര്‍ദ്ദം ചലനങ്ങള്‍ ഉണ്ടാക്കില്ല. രക്തം വാങ്ങാന്‍ കഴിയില്ല… സത്യം മറക്കില്ല. എത്ര സമയമെടുത്താലും പ്രതികാരം വരും. അത് സമയത്തിന്റെ കാര്യമാണ്. ദൈവത്തിന്റെ സഹായത്താല്‍.

കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

കീം : സര്‍ക്കാര്‍ അപ്പീലിന് ഇല്ല; വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ അറിയിക്കും

ഡല്‍ഹി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. നിലപാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

പ്രവേശന നടപടികള്‍ ആരംഭിച്ച ഘട്ടമായതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവേശന നടപടികള്‍ തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. എഐസിടിഇ നിശ്ചയിച്ച സമയപരിധി കര്‍ശനമായി പാലിക്കണമെന്നതും അപ്പീലിന് പോകാത്തതിന് പിന്നിലെ കാരണമാണ്. പ്രവേശന നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കും. റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെ, റാങ്ക് പുനഃക്രമീകരിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അലോട്ട്‌മെന്റു നടപടികളുടെ ഭാഗമായി ഓപ്ഷന്‍ നല്‍കുന്നതിലേക്ക് അടക്കം കടക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കിയ നിയമപോരാട്ടം നീളുന്നത് പ്രതിസന്ധിയായേക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആ ബിന്ദു വ്യക്തമാക്കിയിരുന്നു.

അവസാന നിമിഷം പ്രോസ്പെക്ടസില്‍ മാറ്റം വരുത്തിയത് എന്തിനെന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷാ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. 14 വര്‍ഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്തത്. സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പഴയ പ്രൊസ്പെക്ടസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്നാവശ്യപ്പെട്ട് സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.

ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി

ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി

ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും

കഴിഞ്ഞ 26-നാണ് ആക്സിയം 4 ദൗത്യസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു.

വെര്‍ച്വല്‍ ഹിയറിങ്ങിനു ഹാജരായത് ടോയ്‌ലറ്റിലിരുന്ന്; ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

വെര്‍ച്വല്‍ ഹിയറിങ്ങിനു ഹാജരായത് ടോയ്‌ലറ്റിലിരുന്ന്; ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി

അഹമ്മദാബാദ്: ടോയ്‌ലറ്റിലിരുന്നു വെര്‍ച്വല്‍ കോടതിയില്‍ ഹാജരായ വ്യക്തിക്ക് ഒരു ലക്ഷം രൂപ പിഴ കെട്ടിവെക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യത്തിന് നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് നിസാര്‍ എസ് ദേശായി ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. വിഡിയോ വൈറലായതോടെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തു.

ജൂലൈ 22നകം ഒരു ലക്ഷം രൂപ കെട്ടിവെക്കാനാണ് അബ്ദുള്‍ റഹ്മാന്‍ ഷാ എന്ന വ്യക്തിയോട്ജസ്റ്റിസ് എ എസ് സുപേഹിയസ ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലൈവ് സ്ട്രീമിങ് നടപടികള്‍ക്കിടെയുണ്ടായ തന്റെ പെരുമാറ്റം കുറ്റകരമാണെന്ന് സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. ജൂണ്‍ 20ന് വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. 74 മിനിറ്റ് വാദം നീണ്ടു നിന്നു. കോവിഡ് 19 മുതല്‍ മിക്ക കോടതികളും വിചാരണ നടപടികളില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

കോടതിയുടെ തന്നെ യൂ ട്യൂബ് ചാനല്‍ വഴിയാണ് നടപടിക്രമങ്ങള്‍ സംപ്രേഷണം ചെയ്തത്. ടോയ്‌ലറ്റില്‍ നിന്നും ഇയാള്‍ പിന്നീട് റൂമിലേയ്ക്ക് പോവുകയും വീണ്ടും ലോഗിന്‍ ചെയ്ത് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതും എല്ലാം വിഡിയോയിലുണ്ട്. രണ്ട് വ്യക്തികള്‍ക്കെതിരെ അബ്ദുള്‍ റഹ്മാന്‍ ഷാ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പാകുകയും എഫ്‌ഐആര്‍ റദ്ദാക്കുകയും ചെയ്തു.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; കേസെടുത്ത് അന്വേഷണം

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; കേസെടുത്ത് അന്വേഷണം

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച എക്‌സ്‌ചേഞ്ചിന് അവധി ആയതിനാല്‍ തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫിറോസ് ടവര്‍ കെട്ടിടത്തില്‍ നാലു ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടുമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം. ഭാരതീയ ന്യായ സംഹിതയുടെ 351(1)(b), 353(2), 351(3), 351(4) എന്നി വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതൊരു വ്യാജ മെയിലാണെന്നാണ് പൊലീസ് പറയുന്നത്. മുന്‍പും സമാനമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ബഹിരാകാശവാസത്തിന് വിട; ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിൽ തിരിച്ചെത്തും

ബഹിരാകാശവാസത്തിന് വിട; ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിൽ തിരിച്ചെത്തും

ഫ്‌ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും. വൈകിട്ട് മൂന്നുമണിയോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാ​ഗൺ പേടകം വന്നിറങ്ങും. ​യു.​എ​സ് ​നാ​വി​ക​സേ​ന​ ​പേ​ട​കം​ ​വീ​ണ്ടെ​ടു​ത്ത് ​ക​പ്പ​ലി​ൽ​ ​ക​ര​യി​ലെ​ത്തി​ക്കും. തുടർന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.

ഇതിനുശേഷമാകും ബരിഹാരാകാശ യാത്രികരെ പുറത്തേക്ക് വിടൂ. ഇതിനുശേഷമാകും ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തുക. ആക്സിയം 4 പേടകത്തിൽ ശുഭാംശുവിന്റെ സഹയാത്രികരായ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും കൂടെയുണ്ട്. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശനിലയത്തിൽനിന്ന് അൺഡോക്ക് ചെയ്തു. ആശയവിനിമയത്തിലെ തകരാർ കാരണം 10 മിനിറ്റ് താമസിച്ചാണ് പ്രക്രിയ പൂർത്തിയാക്കിയത്.

പൂർണമായും സ്വയംനിയന്ത്രിതമായാണ് ഡ്രാഗണിന്റെ തുടർന്നുള്ള സഞ്ചാരം. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമാകും പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുക. ശുഭാംശുവിന്റെ ബഹിരാകാശ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗൻയാൻ (2027), ഭാരതീയ അന്തരീക്ഷ് ഭവൻ സ്പേസ് സ്റ്റേഷൻ എന്നിവയിൽ ശുഭാംശുവിന്റെ അനുഭവങ്ങൾ നിർണായകമാകും.

ജൂൺ 26നാണ് ആക്സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുപി സ്വദേശിയായ ശുഭാംശു. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തീകരിച്ചു. ഏഴെണ്ണം ഐഎസ്ആര്‍ഒയുടേതാണ്. വിത്തുമുളപ്പിക്കൽ, അസ്ഥികളുടെയും പേശികളുടെയും ബഹിരാകാശത്തെ പ്രവർത്തനം, മൈക്രോആൽഗകൾ ഗുരുത്വാകർഷണമില്ലായ്മയോട്‌ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി ഐഎസ്ആർഒയ്ക്കുവേണ്ടി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു ബഹിരാകാശ നിലയത്തിൽ പൂർത്തിയാക്കിയെന്ന് ഐഎസ്‌ആർഎ അറിയിച്ചു.