by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഛത്തീസ്ഗഢില്‍ അറസ്റ്റിലായതോടെ മതപരിവര്‍ത്തന നിരോധന നിയമവും ഏറെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യുന്നതാണ് മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍. വ്യക്തികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനും, മതവിഭാഗങ്ങള്‍ മറ്റ് മതങ്ങളില്‍ നിന്ന് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനുമാണ് ഈ നിയമങ്ങള്‍ രൂപീകരിച്ചിട്ടുള്ളത്.
മതപരിവര്‍ത്തന നിരോധന നിയമങ്ങളിലെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം, മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് ക്രിമിനല്‍ അല്ലെങ്കില്‍ സിവില്‍ നിയമപ്രകാരമുള്ള ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരു പൗരന് സ്വന്തം മനസ്സാക്ഷി അനുസരിച്ച് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, അതനുസരിച്ച് ജീവിക്കാനും അനുവാദമുണ്ട്. മതപരിവര്‍ത്തനത്തിനെതിരെ നിലവില്‍ കേന്ദ്ര നിയമങ്ങളില്ല. 1954 ലും 1960 ലുമായി രണ്ട് സ്വകാര്യ ബില്ലുകള്‍ കൊണ്ടു വന്നെങ്കിലും പാര്‍ലമെന്റില്‍ പാസ്സായിരുന്നില്ല.
അതേസമയം ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലനില്‍ക്കുന്നുണ്ട്. ഒഡീഷ (1967), മധ്യപ്രദേശ് (1968) , അരുണാചല്‍ പ്രദേശ് (1978), ഛത്തീസ് ഗഡ് (2000, 2006), ഗുജറാത്ത് (2003), ഹിമാചല്‍ പ്രദേശ് (2006, 2019) , ഝാര്‍ഖണ്ഡ് (2017), ഉത്തരാഖണ്ഡ് (2018)എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവിലുള്ളത്. മതപരിവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് വിവാഹമെങ്കില്‍, ആ വിവാഹം അസാധുവാണെന്ന് ഹിമാചല്‍ പ്രദേശിലും (2019) ഉത്തരാഖണ്ഡിലും പാസാക്കിയ നിയമങ്ങളില്‍ വ്യക്തമാക്കുന്നു.
തമിഴ്നാട് 2002ല്‍ സമാനമായ ഒരു നിയമം പാസാക്കിയെങ്കിലും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 2006-ല്‍ അത് റദ്ദാക്കി. 2006-ലും 2008-ലും രാജസ്ഥാനും സമാനമായ ഒരു നിയമം പാസാക്കിയിരുന്നു. എന്നാല്‍ ബില്ലുകള്‍ക്ക് സംസ്ഥാന ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിച്ചില്ല. മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിനായി ഒരു പുതിയ നിയമം നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്‍ 2019 ല്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 ല്‍ യുപി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇതിന്റെ ചുവടുപിടിച്ച് 2021 ല്‍ മധ്യപ്രദേശ് സര്‍ക്കാരും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ ഛത്തീസ് ഗഡില്‍ 2000 ലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമം വരുന്നത്. ( 2000 നവംബറിലാണ് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിക്കുന്നത്. ) അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്, മാതൃസംസ്ഥാനമായ മധ്യപ്രദേശിലെ നിയമത്തിന്റെ ചുവടുപിടിച്ച് ഛത്തീസ്ഗഡ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് നടപ്പാക്കുന്നത്. പിന്നീട് വന്ന രമണ്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2006 ല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കി ഭേദഗതി നടപ്പിലാക്കി. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം, 2006 പ്രകാരം കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയും ശിക്ഷ ലഭിക്കാവുന്നതാണ്.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: വിസയ്ക്ക് വേണ്ടി അപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ അധികൃതർ. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. ഇതിലൂടെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ ) അറിയിച്ചു.
വിസ സേവനങ്ങൾക്കായി അപേക്ഷ നൽകുന്നവർ അവ്യക്തമായ വിവരങ്ങൾ നൽകുന്നത് കാരണം നടപടി ക്രമങ്ങളിൽ കാലതാമസം വരും. ഇത് ഒഴിവാക്കാനായി കൃത്യമായ വിവരങ്ങൾ മാത്രം അപേക്ഷയ്‌ക്കൊപ്പം നൽകുക. ഇതിലൂടെ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. വ്യക്തി വിവരങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പേരുകളിലെ സ്പെല്ലിങ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമർപ്പിക്കുക.
വളരെ വേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കി നൽകാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അപേക്ഷകർ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം ചില സമയങ്ങളിൽ തുടർ നടപടികൾക്ക് വലിയ കാലതാമസം വരുന്നുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജി ഡി ആർ എഫ് എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
പാട്‌ന: ‘ഡോഗ് ബാബു’ എന്ന നായയ്ക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ബിഹാര്‍. ഇത്തവണ വരുമാന സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷകന്റെയും മാതാപിതാക്കളുടെ പേരുമാണ് വൈറല്‍ ആയിരിക്കുന്നത്. അപേക്ഷകന്റെ പേര് ‘സാംസങ്’ എന്നും മാതാപിതാക്കളുടെ പേര് ഐഫോണ്‍ എന്നും ‘സ്മാര്‍ട്ട് ഫോണ്‍’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാന സര്‍ട്ടിഫിക്കറ്റ് ഫോമില്‍ കുടുംബത്തിന്റെ മേല്‍വിലാസം ‘ഗദ്ദ’എ്‌നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മോദന്‍ഗഞ്ച് ഓഫീസില്‍ അപേക്ഷയെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ആകെ അമ്പരന്നു. ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഫോം പരിശോധിച്ചപ്പോള്‍ ഒരു തമാശയായി തോന്നി. എന്നാല്‍ ഇത്തരം തമാശകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് മോദന്‍ഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അതിനാല്‍ ഫോം നിരസിച്ചു. ഇത്തരം തമാശകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജെഹനാബാദിലെ സൈബര്‍ പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ നിന്ന് സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഭോജ്പുരി നടി മോണാലിസയുടെ ഫോട്ടോ ഉപയോഗിച്ച് സോണാലിക ട്രാക്ടര്‍ എന്ന പേരില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ ഫോം സമര്‍പ്പിച്ചു. അമ്മയുടെ പേര് കാര്‍ ദേവി എന്നുമാണ് രേഖപ്പെടുത്തിയത്. പിതാവിന്റെ പേര് സ്വരാജ് ട്രാക്ടര്‍ എന്നും രേഖപ്പെടുത്തി. ഇതില്‍ അജ്ഞാതനായ അപേക്ഷകനെതിരെ എഫ്‌ഐഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ പങ്ക് അന്വേഷിച്ച് വരികയാണെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ഗാസാസിറ്റി: ഗാസയിലെ വിവിധയിടങ്ങളിലെ ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 24 മണിക്കൂറിനിടെയുണ്ടായ ഇസ്രയേല്‍ വെടിവെപ്പിലും ആക്രമണങ്ങളിലും 91 പേര്‍ കൊല്ലപ്പെട്ടു. 600-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസയിലെ സികിം അതിര്‍ത്തിയില്‍ സഹായട്രക്കിനരികിലേക്കോടിയവര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിലാണ് 54 പേര്‍ മരിച്ചത്. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മുനമ്പില്‍ 154 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അതില്‍ 89 പേര്‍ കുട്ടികളാണ്.
22 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 60,000 കടന്നു. അതിനിടെ, വെടിനിര്‍ത്തല്‍ ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
സഹായവിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ ഇസ്രയേല്‍ ലഘൂകരിച്ചതിന് പിന്നാലെയാണ് ഈ ആക്രമണങ്ങളുണ്ടായത്. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഈ ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, തങ്ങള്‍ തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരുടെ മരണത്തിന് കാരണം ഹമാസാണെന്നും അവര്‍ ആരോപിക്കുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സാധാരണക്കാര്‍ മരിക്കുന്നതെന്നും ഇസ്രായേല്‍ ന്യായീകരിക്കുന്നു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലിരുന്ന് മൊബൈലില്‍ റമ്മി കളിച്ച കൃഷിമന്ത്രിയെ വകുപ്പില്‍ നിന്നും മാറ്റി. മന്ത്രി മണിക് റാവു കോക്കാട്ടെയെ സ്‌പോര്‍ട്‌സ് വകുപ്പിലേക്കാണ് മാറ്റിയത്. നിയമസഭയില്‍ ചര്‍ച്ചകള്‍ നടക്കവെ അതിലൊന്നും ശ്രദ്ധിക്കാതെ മന്ത്രി മൊബൈലില്‍ റമ്മി കളിച്ചുകൊണ്ടിരുന്നതിന്റെ വീഡിയോ പുറത്തു വന്നത് സംസ്ഥാനത്ത് വിവാദമായിരുന്നു.
ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മില്‍ കൂടിയാലോചിച്ച ശേഷമാണ്, മണിക് റാവു കോക്കാട്ടെയെ കൃഷി വകുപ്പില്‍ നിന്നും കായിക-യുവജന വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി മൊബൈലില്‍ ഗെയിം കളിക്കുന്ന വിഡിയോ എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ പുറത്തുവിട്ടിരുന്നു. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാന്‍ സമയം കിട്ടുന്നതെന്ന് രോഹിത് പവാര്‍ ആരോപിച്ചിരുന്നു.
മണിക് റാവു കോക്കാട്ടെയ്ക്ക് പകരം ദത്താത്രേയ ഭരാനെയെ പുതിയ കൃഷിമന്ത്രിയായി നിയമിച്ചിട്ടുണ്ട്. അതേസമയം, മൊബൈലില്‍ റമ്മി കളിച്ചെന്ന ആരോപണം മന്ത്രി മണിക് റാവു കോക്കാട്ടെ നിഷേധിച്ചിട്ടുണ്ട്. മൊബൈലില്‍ വന്ന പോപ്-അപ്പ് ക്ലോസ് ചെയ്യാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. റമ്മി കളിച്ചെന്ന ആരോപണം തെളിയിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നും മണിക് റാവു കോക്കാട്ടെ പറഞ്ഞു.
നേരത്തെ വിള ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് മന്ത്രി മണിക് റാവു കോക്കാട്ടെ നടത്തിയ പ്രസ്താവന വിവാദത്തിലായിരുന്നു. ഇന്നത്തെക്കാലത്ത് യാചകര്‍ പോലും ഒരു രൂപ സ്വീകരിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ വെറും ഒരു രൂപയ്ക്ക് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി. എന്നാൽ ചിലര്‍ ഇത് ദുരുപയോഗം ചെയ്തുവെന്നും മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു. കര്‍ഷകരെ അപമാനിച്ചെന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മണിക് റാവു കോക്കാട്ടെ അഭിപ്രായപ്പെട്ടു.
by Midhun HP News | Jul 30, 2025 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2008-ല്‍ മേഘ്നാഥ് ദേശായിയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ഗുജറാത്തില്‍ ജനിച്ച മേഘ്നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വംശജരില്‍ ഒരാളാണ്. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ്. 1965 മുതല്‍ 2003 വരെ ദേശായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍എസ്ഇ) സാമ്പത്തികശാസ്ത്രം അധ്യാപകനായിരുന്നു.
പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസര്‍ ഓഫ് ഇക്കണോമിക്‌സ് ആകുകയും ചെയ്തു. 1992-ല്‍ അദ്ദേഹം എല്‍എസ്ഇയില്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവര്‍ണന്‍സ് സ്ഥാപിച്ചു. എല്‍എസ്ഇയുടെ ഡവലപ്മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു. പിന്നീട് പ്രഭുസഭയില്‍ ഒരു ക്രോസ്‌ബെഞ്ച് പിയര്‍ ആയി.
1971-ല്‍ ലേബര്‍പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തെ 1991 ജൂണില്‍ യുകെ പ്രഭുപദവി നല്‍കുകയും ലോര്‍ഡ് ദേശായി ഓഫ് സെന്റ് ക്ലെമന്റ് ഡേന്‍സ് എന്നപേരില്‍ പ്രഭുസഭയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1986 മുതല്‍ 1992 വരെ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. ഗാന്ധിപ്രതിമാ സ്മാരകട്രസ്റ്റിന്റെ സ്ഥാപകട്രസ്റ്റി എന്നനിലയില്‍ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു.
1970-കളുടെ തുടക്കം ദേശായി മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചുള്ള രചനകള്‍ പ്രസിദ്ധീകരിച്ചു. ‘മാര്‍ക്‌സിയന്‍ ഇക്കോണമിക് തിയറി’, ‘ദി റീ ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഹൂ റോട്ട് ദി ഭഗവദ്ഗീത’, ‘നെഹ്‌റുസ് ഹീറോ ദിലീപ്കുമാര്‍’ തുടങ്ങിയവ മേഘ്‌നാഥ് ദേശായിയുടെ ശ്രദ്ധേയ കൃതികളാണ്. 200-ലധികം അക്കാദമിക് ലേഖനങ്ങളും രചിച്ചിട്ടുണ്ട്. മേഘ്നാഥ് ദേശായിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
Recent Comments