പരിസ്ഥിതി ദിനം; ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷം നട്ട് പ്രധാനമന്ത്രി

പരിസ്ഥിതി ദിനം; ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷം നട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി. ന്യൂഡല്‍ഹി 7, ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടത്. 1971 ലെ ഇന്ത്യ പാക് യുദ്ധകാലത്ത് ‘അസാമാന്യ പോരാട്ടവീര്യം കാഴ്ചവച്ച’ കച്ചിലെ സ്ത്രീകള്‍ മോദിക്ക് സമ്മാനിച്ച വൃക്ഷത്തൈ ആണ് ഔദ്യോഗിക വസതിയില്‍ നട്ടത്. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഈ സ്ത്രീകളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഗോള കാലാവസ്ഥയുടെ സംരക്ഷണത്തിനായി ഓരോ രാജ്യവും സ്വാര്‍ത്ഥതാല്‍പ്പര്യത്തിന് അതീതമായി ഉയരണമെന്നും മോദി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മോദി പരിസ്ഥിതി ദിന സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കത്തെ കുടിയാണ് സിന്ദൂര വൃക്ഷം നട്ടതിലൂടെ പ്രധാനമന്ത്രി അടയാളപ്പെടുത്തുന്നത്. വൃക്ഷത്തൈ നട്ട ശേഷം പങ്കുവച്ച കുറിപ്പിലും പ്രധാനമന്ത്രി സിന്ദുര വൃക്ഷത്തൈ സമ്മാനിച്ച കച്ചിലെ സ്ത്രീകളെ കുറിച്ച് പരാമര്‍ശിച്ചു. കച്ചിലെ ധീരകളായ അമ്മമാരും സഹോദരിമാരും അടുത്തിടെ എനിക്ക് സമ്മാനിച്ചതാണ് ഈ സിന്ദുര വൃക്ഷത്തിന്റെ തൈ. ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ ഈ വൃക്ഷത്തൈ നടനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകമാണ് ഈ സിന്ദൂര വൃക്ഷം എന്നും പോസ്റ്റില്‍ വ്യക്തമാക്കി.

‘കെസി വേണുഗോപാല്‍ എന്‍എച്ച് 66ന്റെ കാലന്‍; സര്‍ക്കാരിനെതിരെ ആനന്ദനൃത്തമാടുന്നു’

‘കെസി വേണുഗോപാല്‍ എന്‍എച്ച് 66ന്റെ കാലന്‍; സര്‍ക്കാരിനെതിരെ ആനന്ദനൃത്തമാടുന്നു’

ന്യൂഡല്‍ഹി: കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലനാകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സര്‍ക്കാരിനെ അടിക്കാന്‍ ഒരുവടികിട്ടി എന്ന രൂപത്തില്‍ ആനന്ദനൃത്ത മാടുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെ ചൊല്ലി യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുന്നുവെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത നിര്‍മാണത്തിനിടെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് കെസി വേണുഗോപാല്‍. നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുപോകണം. അല്ലാതെ പ്രവൃത്തി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനമെടുക്കരുത്. എന്‍എച്ച് 66ന്റെ കാലനാകാനാണ് കെസി വേണുഗോപാല്‍ ശ്രമിക്കുന്നത്. കാലന്റെ പണിയെടുക്കാന്‍ നോക്കിയാലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാനാണ് ശ്രമമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂരില്‍ സ്വരാജ് സ്ഥാനാര്‍ഥിയായതോടെ യുഡിഎഫ് ക്യാംപ് ആകെ വാടിയിരിക്കുകയാണ്. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സ്വരാജ് നിയമസഭയിലെത്തുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുകയാണെന്നും റിയാസ് പറഞ്ഞു.

ഹജ്ജ്: ഇന്ന് അറഫ സംഗമം; പ്രഭാഷണത്തിന് മലയാളം തര്‍ജ്ജമയും

ഹജ്ജ്: ഇന്ന് അറഫ സംഗമം; പ്രഭാഷണത്തിന് മലയാളം തര്‍ജ്ജമയും

റിയാദ്: ഹജ്ജ് തീത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും. ബുധന്‍ പകലോടെ മഴുവന്‍ തീര്‍ഥാടകരും മിനായില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് തുടക്കമായിരുന്നു. ഇവിടെനിന്ന് സുബ്ഹി നമസ്‌കാരത്തിനുശേഷം വ്യാഴം പുലര്‍ച്ചെ അറഫ സംഗമത്തിനായി നീങ്ങും. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും.

ഹജ്ജിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് അറഫ സംഗമം. നമിറാ പള്ളിയില്‍ വ്യാഴം പകല്‍ നടക്കുന്ന പ്രഭാഷണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഹജ്ജ് വേളയില്‍ പ്രവാചകന്‍ മുഹമ്മദ് നബി നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ചാണ് അറഫ പ്രഭാഷണം. മലയാളമുള്‍പ്പടെ നിരവധി ഭാഷകളില്‍ തത്സമയ വിവര്‍ത്തനം ലഭ്യമാകും. ഉച്ചമുതല്‍ സൂര്യാസ്തമയം വരെയാണ് സംഗമം.

അറഫയില്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ സൂര്യാസ്തമയശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളി പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തും. അവിടെ ജംറയില്‍ കല്ലേറു കര്‍മം നിര്‍വഹിച്ച് മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ധവിരാമമാകും. വെള്ളിയാഴ്ച ഗള്‍ഫില്‍ ബലിപെരുന്നാളാണ്. തീര്‍ഥാടകര്‍ തുടര്‍ന്നുള്ള രണ്ടു ദിവസംകൂടി മിനായില്‍ ചെലവിട്ട് ബാക്കി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ചയാണ് കേരളത്തില്‍ ബലി പെരുന്നാള്‍.

മലയാളികളടക്കം ഇന്ത്യയില്‍നിന്നെത്തിയ 1,22,422 തീര്‍ഥാടകരെ ബുധന്‍ രാവിലെ മിനായില്‍ എത്തിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ 16,341 തീര്‍ഥാടകരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ആയിരത്തോളം പേരും ഹജ്ജിനെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 107 ഹജ്ജ് ഇന്‍സ്പെക്ടര്‍മാരും തീര്‍ഥാടകരെ അനുഗമിക്കുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മലയാളികളായ ഇരുപതോളംപേരെ നേരിട്ട് അറഫയില്‍ എത്തിക്കും. മൂന്നുപേര്‍ മരിച്ചു.

തത്കാല്‍ ബുക്കിങ്ങ്; ആധാറുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്ക് ആദ്യ പത്ത് മിനിറ്റ് മുന്‍ഗണന

തത്കാല്‍ ബുക്കിങ്ങ്; ആധാറുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്ക് ആദ്യ പത്ത് മിനിറ്റ് മുന്‍ഗണന

ന്യൂഡല്‍ഹി: റെയില്‍വെ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാര്‍ കാര്‍ഡുകളുമായി ഐആര്‍സിടിസി അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണന. തത്കാല്‍ ടിക്കറ്റ് വില്‍പ്പന സമയ സ്ലോട്ടുകളുടെ ആദ്യ 10 മിനിറ്റുകളിലാണ് ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് മുന്‍ഗണന ലഭിക്കുക. ടിക്കറ്റ് ബുക്കിങ്ങില്‍ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് പുതിയ നീക്കമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.

നിലവില്‍, തത്കാല്‍ വിന്‍ഡോ തുറക്കുന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ അംഗീകൃത ഐആര്‍സിടിസി ഏജന്റുമാര്‍ക്ക് പോലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമില്ല. എന്നാല്‍ ഇനിമുതല്‍ തത്കാല്‍ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ബുക്കിങ്ങില്‍ മുന്‍ഗണന ലഭിക്കും. ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പ്രത്യേക പരിശോധന നടത്താനും ഐആര്‍സിടിസി തീരുമാനിച്ചതായി റെയില്‍വേ അറിയിച്ചു. സംശയാസ്പദമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനം തടയാനാണ് നീക്കം.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോവുകള്‍ വഴി പ്രതിദിനം 2,25,000 യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മെയ് 24 നും ജൂണ്‍ 2 നും ഇടയില്‍ ബുക്കിങ്ങ് വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റില്‍ ശരാശരി 1,08,000 എസി ക്ലാസ് ടിക്കറ്റുകളില്‍ 5,615 എണ്ണം മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ. രണ്ടാം മിനിറ്റില്‍ 22,827 ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. എസി ക്ലാസില്‍, വിന്‍ഡോ തുറന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ ശരാശരി 67,159 ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ഓണ്‍ലൈനായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെ കണക്കുകളില്‍ 62.5 ശതമാനം വരുന്നതാണ് ഈ കണക്കുകള്‍.

ബാക്കിവന്ന 37.5 ശതമാനം ടിക്കറ്റുകളും ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പുള്ള 10 മിനിറ്റുകള്‍ക്കിടയില്‍ ബുക്ക് ചെയ്യപ്പെട്ടു. അതില്‍ 3.01 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ വിന്‍ഡോ തുറന്ന് 10 മണിക്കൂറിലധികം കഴിഞ്ഞാണ് ബുക്ക് ചെയ്തതെന്നും റെയില്‍വേ അവകാശപ്പെട്ടു.

നോണ്‍-എസി വിഭാഗത്തില്‍ മെയ് 24 മുതല്‍ ജൂണ്‍ 2 വരെ പ്രതിദിനം ശരാശരി 1,18,567 ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ഇതില്‍ ഏകദേശം 4 ശതമാനം വരുന്ന 4,724 ടിക്കറ്റുകള്‍ ആദ്യ മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്തു, അതേസമയം 20,786 ടിക്കറ്റുകള്‍ (ഏകദേശം 17.5% ) രണ്ടാം മിനിറ്റിലും ബുക്ക് ചെയ്തു. വിന്‍ഡോ തുറന്നതിന് ശേഷമുള്ള ആദ്യ 10 മിനിറ്റിനുള്ളില്‍ ഏകദേശം 66.4 ശതമാനം ടിക്കറ്റുകള്‍ വിറ്റു. കൂടാതെ, വിന്‍ഡോ തുറന്നതിന്റെ ആദ്യ മണിക്കൂറിനുള്ളില്‍ ഏകദേശം 84.02 ശതമാമനം ടിക്കറ്റുകള്‍ വില്‍പന നടത്താനായി. ബാക്കിയുള്ള ടിക്കറ്റുകള്‍ അടുത്ത 10 മണിക്കൂറിനുള്ളില്‍ വിറ്റുപോയതായും കണക്കുകള്‍ പറയുന്നു.

തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് കണക്കുകള്‍ എന്നാണ് റെയില്‍വെ പറയുന്നത്. വിന്‍ഡോ തുറന്നതിന് 8 മുതല്‍ 10 മണിക്കൂര്‍ ശേഷവും ഏകദേശം 12 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണെന്നാണ് ഐആര്‍സിടിസിയുടെ വിലയിരുത്തല്‍.

നവംബ‍ർ 1 മുതൽ നിരോധനം; പുതിയഉത്തരവ് ഈ വാഹനങ്ങൾക്ക്,നി‍‍ർണായക നീക്കവുമായി ദില്ലി സ‍ർക്കാർ

നവംബ‍ർ 1 മുതൽ നിരോധനം; പുതിയഉത്തരവ് ഈ വാഹനങ്ങൾക്ക്,നി‍‍ർണായക നീക്കവുമായി ദില്ലി സ‍ർക്കാർ

ഡൽഹിയിലെ മലിനീകരണ പ്രശ്‍നം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി സർക്കാർ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ നടപടികളുടെ ഭാഗമായി നവംബർ 1 മുതൽ ഇലക്ട്രിക്, സിഎൻജി, ബിഎസ്6 വാണിജ്യ വാഹനങ്ങൾ മാത്രമേ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കൂ എന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. പുതുതായി ആരംഭിച്ച വായു മലിനീകരണ ലഘൂകരണ പദ്ധതി 2025 ന്റെ ഭാഗമായി പ്രധാന ഡൽഹി മെട്രോ സ്റ്റേഷനുകളിൽ 2,299 ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിന്യസിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി രേഖ ഗുപ്‍ത പ്രഖ്യാപിച്ച ഈ പദ്ധതി തലസ്ഥാനത്തിന്റെ വായു മലിനീകരണത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വൈദ്യുത ഗതാഗതത്തെ പ്രതിഷ്ഠിക്കുന്നു.

ജീവിതചക്രത്തിന്റെ അവസാനത്തിലെത്തിയ വാഹനങ്ങളെ തിരിച്ചറിയുന്നതിനും അവ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി എല്ലാ പ്രവേശന കവാടങ്ങളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് രജിസ്ട്രേഷൻ (ANPR) തിരിച്ചറിയൽ ക്യാമറകൾ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നു. ഇതിനായി എല്ലാ പെട്രോൾ പമ്പുകളിലും ഈ ക്യാമറകൾ സ്ഥാപിക്കും എന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം, ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് വഴി ആദ്യത്തെ കൃത്രിമ മഴ പെയ്യിക്കും. കാൺപൂർ ഐഐടിയുടെ സഹായത്തോടെ നടത്തുന്ന ഒരു പൈലറ്റ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. കൂടാതെ, മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളിൽ മിസ്റ്റ് സ്‌പ്രേയറുകൾ വിന്യസിക്കും. എല്ലാ ബഹുനില കെട്ടിടങ്ങളിലും പുകമഞ്ഞിനെതിരെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കും.

ഡൽഹിയിൽ വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജനങ്ങൾക്ക് സബ്‌സിഡി നൽകുമെന്നും മുഖ്യമന്ത്രി രേഖ ഗുപ്‍ത പറഞ്ഞു. വ്യക്തിഗത വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളാക്കി മാറ്റുന്നത് വലിയൊരു ദർശനമാണെന്നും അതിനായി ഡൽഹി സർക്കാർ പുതിയ വൈദ്യുത വാഹന നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും അതിനായി അവർക്ക് സബ്‌സിഡി നൽകും എന്നും മുഖ്യമന്ത്രി പറഞ്ഞു. വായു മലിനീകരണം വർഷം മുഴുവനും നിലനിൽക്കുന്ന ഒരു പ്രശ്നമാണെന്നും തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്നും റോഡുകളിലെ പൊടി നിയന്ത്രിക്കാൻ വർഷം മുഴുവനും 1000 വാട്ടർ സ്പ്രിംഗളറുകൾ അവരുടെ സർക്കാർ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ പ്രധാന മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി, സർക്കാർ നഗരത്തിലുടനീളം 18,000 പൊതു, അർദ്ധ-പൊതു വൈദ്യുത വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും . മാളുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ, ബസ് സ്റ്റേഷനുകൾ, മുനിസിപ്പൽ സ്ഥാപനങ്ങളും സ്വകാര്യ ഓപ്പറേറ്റർമാരും പരിപാലിക്കുന്ന വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. നിലവിലുള്ള വൈദ്യുത വാഹന അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ഓഡിറ്റും പരിഗണനയിലുണ്ട്, വരും മാസങ്ങളിൽ നവീകരണങ്ങളും വിപുലീകരണങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ദില്ലിയിലെ ഖരമാലിന്യവുമായി ബന്ധപ്പെട്ട മലിനീകരണം തടയാനുള്ള ശ്രമങ്ങളും പദ്ധതിയുടെ കേന്ദ്രബിന്ദുവാണ്. 2027 മാർച്ചോടെ ഓഖ്‌ല, 2027 ഡിസംബറോടെ ഭൽസ്വ, 2028 സെപ്റ്റംബറോടെ ഗാസിപൂർ എന്നീ പ്രധാന മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഓഖ്‌ലയിലെ മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് പ്രതിദിനം 2,950 ടൺ ശേഷിയുള്ളതായി നവീകരിക്കും, കൂടാതെ നരേല-ബവാനയിൽ 3,000 ടൺ ശേഷിയുള്ള ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കും.

വായുവിന്റെ ഗുണനിലവാരം കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കുന്നതിനായി, നഗരത്തിൽ ആറ് പുതിയ മോണിറ്ററിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും, ഇലക്ട്രോണിക് മാലിന്യങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനായി ഒരു ഇ-വേസ്റ്റ് ഇക്കോ പാർക്ക് സ്ഥാപിക്കും. നിർമ്മാണ മേഖലകളിൽ അനുസരണം വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ വ്യാവസായിക നയവും പ്രവർത്തിക്കുന്നുണ്ട് എന്നും റിപ്പോ‍ട്ടുകൾ പറയുന്നു.

ദേശീയപാത മലയാളികളുടെ സ്വപ്‌നപദ്ധതി, പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം എല്ലാ പിന്തുണയും നല്‍കും : മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത മലയാളികളുടെ സ്വപ്‌നപദ്ധതി, പൂര്‍ത്തിയാക്കാന്‍ സംസ്ഥാനം എല്ലാ പിന്തുണയും നല്‍കും : മന്ത്രി മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: ദേശീയപാത സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കേരളത്തിലെ ഒരു ആശ്വാസ പദ്ധതിയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ ആറുവരിയെന്ന് മന്ത്രി റിയാസ് പറഞ്ഞു.

ലോകത്തെവിടെയുമുള്ള മലയാളികളുടെ കാലങ്ങളായുള്ള സ്വപ്‌ന പദ്ധതിയാണിത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. ദേശീയപാതയുമായി ബന്ധപ്പെട്ട നാള്‍വഴികളൊന്നും ഇപ്പോള്‍ പറയുന്നില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ടു മാത്രമാണ് ഈ പദ്ധതി ഇത്ര വലിയ ശതമാനം പൂര്‍ത്തീകരിക്കുന്ന സ്ഥിതിയുണ്ടായത്. അത് പരിപൂര്‍ണമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കുക എന്നത് ലോകത്തെവിയെയുമുള്ള മലയാളികള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് എപ്പോള്‍ പൂര്‍ത്തിയാകും, എങ്ങനെ പൂര്‍ത്തീകരിക്കാനാകും ഇവ കേന്ദ്രവുമായി ചര്‍ച്ച ചെയ്യും.

ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കര്‍ക്കശ സമീപനവും, മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ ഇടപെടലിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. അതോടൊപ്പം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിലയുണ്ടാകണം. അതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.