by Midhun HP News | Jun 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ജൂണ്‍ 2025 സെഷനുള്ള കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് യുജിസി നെറ്റ് പരീക്ഷയുടെ രജിസ്ട്രേഷന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആരംഭിച്ചു. പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 3 ന് ആരംഭിച്ച് ജൂണ്‍ 23 വരെ തുടരും. csirnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിജ്ഞാപന പ്രകാരം, അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 23 ആണ്. പരീക്ഷ ജൂലൈ 26 മുതല്‍ ജൂലൈ 28 വരെ നടക്കും. ആപ്ലിക്കേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 24ന് രാത്രി 11.59 വരെയാണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ജൂണ്‍ 25 മുതല്‍ 26 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരം നല്‍കും.
പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. അക്കാദമിക യോഗ്യതകളുടെ കാര്യത്തില്‍, ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള യോഗ്യതകള്‍ നേടിയിരിക്കണം. കൂടാതെ, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിശ്ചിത പ്രായപരിധിയിലുള്ളവരായിരിക്കണം.
അപേക്ഷ നല്കുന്ന വിധം:
ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in സന്ദര്‍ശിക്കുക.
ഹോംപേജില്‍ ‘Joint CSIR-UGC-NET ജൂണ്‍ 2025: രജിസ്റ്റര്‍ ചെയ്യാന്‍/ലോഗിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ വിന്‍ഡോയിലേക്ക് നയിക്കും
ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക
ആവശ്യമായ വിശദാംശങ്ങള്‍ക്കൊപ്പം അപേക്ഷാ ഫോം പൂരിപ്പിക്കുക
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക
ഫോം സമര്‍പ്പിച്ച് സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുക
ഭാവി റഫറന്‍സിനായി ഒരു പകര്‍പ്പ് സൂക്ഷിക്കുക
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് (CBT) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത്. പരീക്ഷ 180 മിനിറ്റ് (3 മണിക്കൂര്‍) നീണ്ടുനില്‍ക്കും. ചോദ്യപേപ്പറുകളില്‍ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും. കൂടാതെ പേപ്പറുകളുടെ മീഡിയം ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരിക്കും.
ആകെ അഞ്ച് ടെസ്റ്റ് പേപ്പറുകള്‍:
കെമിക്കല്‍ സയന്‍സസ്
ഭൂമി, അന്തരീക്ഷം, സമുദ്രം, ഗ്രഹ ശാസ്ത്രം
ജീവ ശാസ്ത്രം
ഗണിതശാസ്ത്രം
ഭൗതിക ശാസ്ത്രം
by Midhun HP News | Jun 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരവൃത്തിയുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. പഞ്ചാബ് റൂപ്നഗര്‍ സ്വദേശിയായ ജസ്ബീര്‍ സിങ്ങിനെയാണ് പൊലീസ് പിടികൂടിയത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ജസ്ബീര്‍ സിങിനെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട് ഒരു ചാരശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. ജന്‍മഹല്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങിന് പതിനൊന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
അടുത്തിടെ അറസ്റ്റിലായ വനിതാ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ജസ്ബീര്‍ സിങിന് ബന്ധമുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം. ഭീകരവാദ പിന്തുണയുള്ള ചാരവൃത്തി സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ഷാക്കിര്‍ അഥവാ ജട്ട് രണ്‍ധാവയുമായും ജസ്ബീറിന് അടുപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്യോതി മല്‍ഹോത്രയ്ക്ക് പുറമെ ഡല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനുമായ എഹ്സാന്‍-ഉര്-റഹീം എന്നറിയപ്പെടുന്ന ഡാനിഷ് എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നെന്നും വിവരങ്ങളുണ്ട്.
പാക് ഹൈക്കമീഷന് ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിന്റെ ക്ഷണപ്രകാരം ഡല്‍ഹിയില്‍ നടന്ന പാകിസ്ഥാന് ദേശീയ ദിന പരിപാടിയില്‍ ജസ്ബീര്‍ സിങ് പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ വച്ച് പാകിസ്ഥാന് ആര്‍മി ഉദ്യോഗസ്ഥര്‍ വ്ളോഗര്‍മാര്‍ എന്നിവരുമായി ജസ്ബീര്‍ സിങ് കൂടിക്കാഴ്ച നടത്തി. 2020, 2021, 2024 വര്‍ഷങ്ങളില്‍ ഇയാള്‍ പലതവണ പാകിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജസ്ബീര്‍ സിങില്‍ നിന്നും കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ പാകിസ്ഥാന് ബന്ധം വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഇയാളുടെ പ്രവര്‍ത്തനങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ നല്കുന്നു. അതേസമയം, ജ്യോതി മല്‍ഹോത്ര അറസ്റ്റിലായതിന് പിന്നാലെ പാക് ബന്ധങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ നശിപ്പിക്കാന്‍ ജസ്ബീര്‍ സിങ് ശ്രമം നടത്തിയിരുന്നു എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
by Midhun HP News | Jun 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നഷ്ടത്തോടെ 85.80ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്, എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയൂടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്.
കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. അതിനിടെ കഴിഞ്ഞ മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്സ് 230 പോയിന്റ് ആണ് മുന്നേറിയത്. 81000 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലാണ് സെന്‍സെക്സ്.
പ്രധാനമായി ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ടിസിഎസ്, അള്‍ട്രാടെക് സിമന്റ്, ടൈറ്റന്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണി ഉയര്‍ന്നു നില്ക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് ഒരു കാരണമാണ്. ഇന്നലെ അമേരിക്കന്‍ വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. ഇതാണ് ഏഷ്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.
by Midhun HP News | Jun 2, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന അപൂര്‍വ ബാക്ടീരിയയെ(bacteria) കണ്ടെത്തി ശാസ്ത്രജ്ഞര്‍. ശ്വസന പ്രക്രിയയ്ക്കിടെ ഇവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതായാണ് കണ്ടെത്തല്‍. റൈസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. മിക്ക ജീവജാലങ്ങളും ഭക്ഷണത്തിന്റെ ഉപാപചയ പ്രക്രിയക്കും ഊര്‍ജ ഉത്പാദനത്തിനുമായി ഓക്സിജനെ ആശ്രയിക്കുമ്പോള്‍, ചില ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറംതള്ളുന്നതിനായി നാഫ്തോക്വിനോണ്‍സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ഈ പ്രക്രിയയെ എക്സ്ട്രാ സെല്ലുലാര്‍ ശ്വസനം എന്നാണ് വിളിക്കുന്നത്. ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് തുല്യമാണിത്. ഇതുവഴി ഓക്സിജന്‍ ഇല്ലാതെ തന്നെ ബാക്ടീരിയകള്‍ക്ക് വളരാന്‍ സാധിക്കുമെന്ന് പഠനം കണ്ടെത്തി. വളരെ മുമ്പ് തന്നെ ബയോടെക്നോളജിയിലെ ഈ അസാധാരണ ശ്വസന രീതി ശാസ്ത്രജ്ഞര്‍ക്ക് പരിചിതമായിരുന്നുവെങ്കിലും അതിന് പിന്നിലെ പ്രവര്‍ത്തന ഘടന എന്താണെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണ്.
പുതിയ കണ്ടെത്തലിന് യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി പുറന്തള്ളുന്ന ബാക്ടീരിയകള്‍ മലിനജല സംസ്കരണം, ബയോമാനുഫാക്ചറിംഗ് തുടങ്ങിയ ബയോടെക്നോളജി പ്രക്രിയകളിലെ ഇലക്ട്രോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗ നിര്‍ണയം, മലിനീകരണ നിരീക്ഷണം, ശൂന്യാകാശ പര്യവേക്ഷണം ഉള്‍പ്പടെയുള്ള മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനാവും. ബയോടെക്നോളജിയില്‍ ഈ അസാധാരണ ശ്വസനരീതി ശാസ്ത്രജ്ഞര്‍ വളരെക്കാലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിന് പിന്നിലെ സംവിധാനം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നത് ഇതാദ്യമാണ്.
ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കൂടുതല്‍ സുസ്ഥിരവും സ്മാര്‍ട്ടുമായ സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്നതിനുള്ള വാതിലുകള്‍ തുറക്കുമെന്ന് റൈസ് സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം നല്കിയ ബയോസയന്‍സസ് പ്രൊഫസര്‍ കരോലിന് അജോ ഫ്രാങ്ക്ലിന് പറഞ്ഞു.
by Midhun HP News | Jun 2, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ(kohli)ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പൊലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയില്‍ ബംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെയാണ് കേസ്.
സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്ന നിയമ ലംഘനങ്ങളുടെ പേരില്‍ ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. റസ്റ്റോറന്റുകളിലും ബാറുകളിലും പുകവലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി ബംഗളൂരു പൊലീസ് കഴിഞ്ഞ മാസം ആരംഭിച്ച പ്രത്യേക ഡ്രൈവിലാണ് നടപടി. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവര്‍ത്തിക്കുന്നത്.
ഇതാദ്യമായല്ല കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബ് വിവാദത്തില്‍പ്പെടുന്നത്. നേരത്തേ സ്ഥാപനത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. അനുവദിച്ചിരുന്ന പ്രവര്‍ത്തന സമയത്തെക്കാള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിന് പബ്ബിനെതിരെ ബംഗളൂരു പൊലീസ് 2024 ല്‍ കേസെടുത്തിരുന്നു. പുലര്‍ച്ചെ 1 മണി വരെ മാത്രമെ പബ്ബിന് പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നു.
by Midhun HP News | Jun 2, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിയ്ക്കെതിരെ 11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായും ഇയാളെ 30 വര്‍ഷം കഴിയാതെ പുറത്തുവിടരുതെന്നും ജഡ്ജി എം. രാജലക്ഷ്മി വിധിയില്‍ വ്യക്തമാക്കുന്നു.
2024 ഡിസംബര്‍ 23 ന് നടന്ന സംഭവത്തില്‍ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ക്യാംപസിന് സമീപം ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും കടുത്ത ശിക്ഷ നല്‍കരുത് എന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദത്തെ എതിര്‍ത്ത പ്രോസിക്യൂഷന് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദത്തിന് വഴി തുറന്ന കേസ് കൂടിയാണിത്. പ്രതി ജ്ഞാനശേഖരന് ഡിഎംകെ യുവജന വിഭാഗം പ്രവര്‍ത്തകനാണെന്നും ഡിഎംകെ നേതാക്കളില്‍ ചിലര്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദമായി. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ, കോട്ടൂര്‍പുരത്തെ ജ്ഞാനശേഖരന്റെ വീട് സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഭാഗം കോര്പറേഷന് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.
Recent Comments