16-ാം വയസില്‍ സ്തനത്തില്‍ ട്യൂമര്‍, ലോകസുന്ദരിപ്പട്ടം നേടിയ ഒപാല്‍ സുചാതയുടെ അതിജീവന കഥ

16-ാം വയസില്‍ സ്തനത്തില്‍ ട്യൂമര്‍, ലോകസുന്ദരിപ്പട്ടം നേടിയ ഒപാല്‍ സുചാതയുടെ അതിജീവന കഥ

ഒട്ടും എളുപ്പമായിരുന്നില്ല, തയ്‌ലൻഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചൊങ്സ്രി എന്ന 21കാരിക്ക് ലോകസുന്ദരി കിരീടം നേടുകയെന്നത്. പതിനാറാം വയസിൽ സ്തനത്തിൽ ബാധിച്ച ട്യൂമര്‍ എടുത്തു നീക്കുമ്പോള്‍ ഇനി അങ്ങോട്ടുള്ള തന്‍റെ ജീവിതം സ്തനാർബുദ അവബോധത്തിനായി നീക്കിവെക്കുമെന്ന് അവള്‍ അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇന്ന് ലോകസുന്ദരി കിരീടം ചൂടാന്‍ പ്രചോദനമായതും ആ തീരുമാനമായിരുന്നുവെന്ന് ഒപാല്‍ പറയുന്നു.

ലോകസുന്ദരിപ്പട്ടം നേടുന്ന ആദ്യ തയ്‌ലൻഡ് സ്വദേശിയാണ് ഒപാല്‍. ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ എന്ന തന്റെ ലക്ഷ്യം വ്യക്തിപരമായ ഒരു അനുഭവത്തിൽ നിന്നാണ് ഉണ്ടായതെന്നും ഒപ്പൽ പറഞ്ഞു. പതിനാറാം വയസ്സിലാണ് ഒപാലിന് മാരകമല്ലാത്ത സ്തനാർബുദം സ്ഥിരീകരിക്കുന്നത്. സ്തനാർബുദത്തേക്കുറിച്ച് അവബോധം പകരാനും രോഗം നേരത്തേ കണ്ടുപിടിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് പങ്കുവെക്കാനുമൊക്കെയായാണ് ‘ഒപാൽ ഫോർ ഹെർ’ എന്ന ക്യാംപയിൻ ആരംഭിച്ചത്.

സ്തനാർബുദത്തെക്കുറിച്ച് അവബോധം ഇല്ലാത്തതുകൊണ്ടും സാമ്പത്തിക പരാധീനതകളാലുമൊക്കെ നിരവധി സ്ത്രീകൾ ദുരിതം അനുഭവിക്കുന്നത് കണ്ടതുകൊണ്ടാണ് രംഗത്തിറങ്ങാന്‍ ഒപാൽ തീരുമാനച്ചത്. സ്തനാർബുദം കൗമാരക്കാരേയും ബാധിക്കാമെന്നും നേരത്തേ കണ്ടെത്തലാണ് രോ​ഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനമെന്നും ഒപാൽ വ്യക്തമാക്കുന്നു.

രോ​ഗത്തേക്കുറിച്ച് അറിവ് പകരാനുള്ള പോഡ്കാസ്റ്റുകൾ ആരംഭിക്കുക, ആശുപത്രികളുമായി സഹകരിച്ച് സ്തനാർബുദ പരിശോധനകൾക്ക് തുടക്കമിടുക, ആരോ​ഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുക തുടങ്ങിയവയൊക്കെയാണ് ഒപാലിന്റെ മുന്നോട്ടുള്ള തീരുമാനങ്ങൾ. ലോകസുന്ദരിപ്പട്ടം കൂടി ലഭിച്ചതോടെ ഭാവിയിൽ തനിക്ക് ഇത്തരം ആരോ​ഗ്യമേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളുടെ ഭാ​ഗമാകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒപാൽ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലാൻറ് ആയ ഒപാൽ സുചാത കിരീടം ചൂടിയത്. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് ശനിയാഴ്ച വൈകുന്നേരം ആറരയോടെ എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.

അയ്യര്‍ ദ ഗ്രേറ്റ്, മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഐപിഎല്‍ ഫൈനലില്‍, കിരീടത്തിന് ഇത്തവണ പുതിയ അവകാശികള്‍

അയ്യര്‍ ദ ഗ്രേറ്റ്, മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഐപിഎല്‍ ഫൈനലില്‍, കിരീടത്തിന് ഇത്തവണ പുതിയ അവകാശികള്‍

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിന് ജയം. ആവേശകരമായ മത്സരത്തിലൂടെയായിരുന്നു ആറാം കിരീടം ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീര്‍ത്തത്. ഒന്നാം ക്വാളിഫയറില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തിയ പഞ്ചാബ് പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഐപിഎല്‍ (IPL 2025) ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകള്‍. മഴമൂലം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനല്‍ സാധ്യതകള്‍ നഷ്ടമാകുമായിരുന്നു. പിന്നാലെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നില്‍ മുംബൈ ഉയര്‍ത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അര്‍ധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യര്‍ 41 പന്തില്‍ അഞ്ച് ഫോറും എട്ടു പടുകൂറ്റന്‍ സിക്‌സറും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടര്‍ച്ചായായി വിക്കറ്റുകള്‍ വീണപ്പോഴും ശ്രേയസ് അയ്യര്‍ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.

ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും (6) ശശാങ്ക് സിങ്ങ് (2) എന്നിവര്‍ മാത്രമായിരുന്നു പഞ്ചാബ് നിരയില്‍ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജത്തിന്റെ ഭാരത്തോടെയായിരുന്നു പഞ്ചാബ് രണ്ടാം ക്വാളിഫയറിന് ഇറങ്ങിയത്. ഈ തോല്‍വിക്ക് ആര്‍സിബിയോട് പകരം ചോദിക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണ് പഞ്ചാബിന് ചൊവ്വാഴ്ചത്തെ ഫൈനല്‍. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം ചൂടാത്ത ടീമുകളാണ് ബെംഗളൂരുവും പഞ്ചാബും. ഇതോടെ ഇത്തവണ ഐപിഎല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്നും ഉറപ്പായി.

മിസ് തായ്‌ലൻഡ് ലോകസുന്ദരി

മിസ് തായ്‌ലൻഡ് ലോകസുന്ദരി

ഹൈദരാബാദ്: എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലൻഡിൽ നിന്നുള്ള ഒപാൽ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ അവസാന എട്ടിൽ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത പുറത്തായി. മിസ് വേൾഡായി ഇന്ത്യയിൽ നിന്ന് മാനുഷി ചില്ലർ തെരഞ്ഞെടുക്കപ്പെട്ടത് എട്ട് വർഷം മുൻപാണ്. ഇന്ത്യയിൽ നിന്ന് മിസ്സ് വേൾഡ് പട്ടം അതിന് ശേഷം ആരും നേടിയിട്ടില്ല. ഹൈദരാബാദിലാണ് ഇത്തവണ മിസ് വേൾഡ് മത്സരങ്ങൾ നടന്നത്. ബ്രസീൽ, മാർട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അവസാന എട്ടിൽ എത്തിയത്.

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപി പരാതി നൽകി

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപി പരാതി നൽകി

ന്യൂഡൽഹി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി കുസാറ്റ് ബിടെക് അലുമിനി അസോസിയേഷൻ ദുബായിൽ വെച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തതിനെതിരെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി. കുസാറ്റ് ബിടെക് അലുമിനി അസോസിയേഷനെതിരെ എബിവിപിയാണ് പരാതി നൽകിയത്.

അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിലാണ് ഷാഹിദ് അഫ്രീദി എത്തിയത്. പഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കെയാണ് ഷാഹിദ് അഫ്രീദി, മലയാളികൾ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയത്. ദുബായ് പാകിസ്ഥാൻ അസോസിയേഷൻ ഓഡിറ്ററിയത്തിൽ ആയിരുന്നു പരിപാടി. നേരത്തെതന്നെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ ഉള്ളയാളാണ് അഫ്രീദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാൻ ഇന്ത്യക്ക് മേൽ ഐതിഹാസിക ജയം നേടിയെന്നവകാശപ്പെട്ട് പാകിസ്ഥാനിൽ റോഡ്ഷോ വരെ അഫ്രീദി നടത്തിയിരുന്നു.

ദുബായിലെ പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായി. ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണം എന്ന പേരിൽ പാക് മാധ്യമങ്ങളും ഇത് വാർത്തയാക്കി. ഇതോടെയാണ് രൂക്ഷമായ വിമർശനം സംഘാടകർക്കെതിരെ ഉയർന്നത്. സംഭവം വിവാദമായതോടെ മറ്റു പരിപാടികൾക്കായി എത്തിയ അഫ്രീദി അപ്രതീക്ഷിതമായി വേദിയിലേക്ക് എത്തുകയായിരുന്നു എന്ന വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. എന്നാൽ അതിരൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം സംഘാടകർക്കെതിരെ നടക്കുന്നത്.

രാജ്യത്ത് കോവിഡ് ജാഗ്രത; 2,710 പേര്‍ രോഗബാധിതര്‍, കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കോവിഡ് ജാഗ്രത; 2,710 പേര്‍ രോഗബാധിതര്‍, കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നിലവില്‍ രാജ്യത്ത് 2,710 പേര്‍ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളില്‍ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള കോവിഡ് റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് തൊട്ടുപിന്നില്‍.

1147 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 424 പേര്‍ക്കും ഡല്‍ഹിയില്‍ 294 പേര്‍ക്കും ഗുജറാത്തില്‍ 223 പേര്‍ക്കും തമിഴ്‌നാട്ടിലും കര്‍ണാടകയിലും 148 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 116 പേര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2025 ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഏഴ് പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തില്‍ അഞ്ചു പേരും ഡല്‍ഹിയില്‍ രണ്ടുപേരും കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. മണ്ണ് പരിശോധന അടക്കം ഫലപ്രദമായി നടത്തിയില്ല. ആവശ്യമായ സാങ്കേതിക പരിശോധനയുണ്ടായില്ല. കമ്പനികള്‍ക്ക് ഡിസൈനില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി.

കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തി അടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂരിയാട് മേഖലയിലെ നെല്‍പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ല. ഡിസൈനില്‍ വന്‍ തകരാറ് സംഭവിച്ചു. നിര്‍മാണ കമ്പനി അടക്കമുള്ള ഏജന്‍സികള്‍ക്ക് വന്‍വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അവലോകനം നടത്തി. സാങ്കേതിക കാര്യങ്ങള്‍, കരാറുകാര്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയതില്‍ ഭരണപരമായി എന്തു തുടര്‍നടപടികള്‍ സ്വീകരിക്കണം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ചയായത്. പ്രശ്‌നമേഖലകളില്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി, എത്ര വേഗത്തില്‍ റോഡ് പുനര്‍നിര്‍മ്മാണം നടത്താനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധരോട് ആരാഞ്ഞതായാണ് സൂചന. വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതിനിടെ, നിര്‍മാണത്തിലിരുന്ന മലപ്പുറം കൂരിയാട് ദേശീയപാതയില്‍(NH66) വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനും മീറ്ററുകള്‍ക്ക് സമീപമാണ് വീണ്ടും തകര്‍ച്ചയുണ്ടായിരിക്കുന്നത്.

ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കാണ് വീണത്. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് തകര്‍ന്നു വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിനു വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ സമീപത്തെ വയലുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.

മഴക്കാലത്ത് നിറയെ വെള്ളം നില്‍ക്കുന്ന വയലില്‍ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിച്ചത് വലിയ പിഴവാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകള്‍ സ്ഥാപിച്ച് പാലം നിര്‍മിക്കണമെന്നാണ് ജനപ്രതിനിധികള്‍, സമരസമിതി, നാട്ടുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത്.